തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സംവരണരാഷ്ട്രീയം ചൂടുപിടിക്കുകയാണു കേരളത്തില്‍. സര്‍ക്കാര്‍ ജോലിയ്ക്കു മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരായ വാദപ്രതിവാദങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ശബരിമല യുവതീപ്രവേശനത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയ സിപിഎമ്മിന് മുന്നോക്കവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുമോ? അതോ സാമ്പത്തിക സംവരണത്തെച്ചൊല്ലി പിന്നോക്ക-ന്യൂനപക്ഷ-മതേതര വിഭാഗങ്ങള്‍ കൈവിടുമോ? ഈ രണ്ട് ചോദ്യങ്ങളാണ് സിപിഎമ്മും ഇടതുമുന്നണിയും അഭിമുഖീകരിക്കുന്നത്. പുതിയ തീരുമാനത്തിലൂടെ, സാമ്പത്തിക സംവരണത്തിനുവേണ്ടി ആവശ്യമുയര്‍ത്തുന്ന മുന്നോക്കവിഭാഗങ്ങളുടെ വിശാല പിന്തുണ നേടുകയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണമെന്ന നിലപാട് മുന്‍പേ തന്നെയുള്ള പാര്‍ട്ടിയാണു സിപിഎം. നേരത്തെ, ദേവസ്വം ബോര്‍ഡില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയിരുന്നു. തുടര്‍ന്ന് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറുണ്ടോയെന്ന ചോദ്യം സിപിഎം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണു കേന്ദ്രം സാമ്പത്തിക സംവരണം നടപ്പാക്കിയത്. സാമ്പത്തിക സംവരണത്തിലൂടെ ഹിന്ദു മുന്നോക്കവിഭാഗങ്ങള്‍ക്കൊപ്പം കൃസ്ത്യന്‍ വിഭാഗങ്ങളെയും ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടലിലാണു സിപിഎം. അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സമരപാതയിലേക്കു നീങ്ങുകയാണു മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘടനകള്‍.

എന്താണ് സാമ്പത്തിക സംവരണം?

2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ ചുവട് പിടിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ മറ്റു സംവരണങ്ങള്‍ അര്‍ഹതയില്ലാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലിയ്ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പിഎസ്‌സി മുഖേനെയുള്ള നിയമനങ്ങളില്‍ കുടുംബ വരുമാനം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവ കണക്കിലെടുത്താണ് സംവരണം അനുവദിക്കുക.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷനല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ പ്രവേശനം, ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ എന്നിവയില്‍ സാമ്പത്തിക സംവരണം നേരത്തെ നടപ്പാക്കിയിരുന്നു.

Also Read: ‘രാഷ്ട്രീയലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതി’; സാമ്പത്തിക സംവരണത്തിനെതിരെ കാന്തപുരം വിഭാഗം

ഭരണഘടനാ ഭേഗദതിയെുടെ ചുവടുപിടിച്ച് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കു സാമ്പത്തിക സംവരണം കൊണ്ടുവന്നത്. റിട്ട. ജഡ്ജി കെ ശശിധരന്‍ നായര്‍ ചെയര്‍മാനും അഡ്വ കെ. രാജഗോപാലന്‍ നായര്‍ അംഗവുമായുള്ള കമ്മിഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണു സര്‍വീസസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

നിലവില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണവും ബാക്കി ഓപ്പണ്‍ ക്വാട്ടയുമാണ്. 50 ശതമാനം ഓപ്പണ്‍ ക്വാട്ടയില്‍നിന്നാണ് 10 ശതമാനം സാമ്പത്തിക സംവരണത്തിനായി നീക്കിവച്ചിരിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച ഒക്ടോബര്‍ 23 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക സംവരണം പ്രാബല്യത്തില്‍ വന്നു. അതേസമയം, പിഎസ്‌സി പുതുതായി വിജ്ഞാപനം ചെയ്യുന്ന പരീക്ഷകളിലായിരിക്കും സാമ്പത്തിക സംവരണം ബാധമാകുക. നിലവിലുള്ള റാങ്ക് പട്ടികയിലും വിജ്ഞാപനം ചെയ്തുകഴിഞ്ഞ പരീക്ഷകളിലും ഈ സംവരണം ബാധകമാകാന്‍ ഇടയില്ല.

സംവരണം ആര്‍ക്കൊക്കെ?

നിലവില്‍ സംവരണമില്ലാത്ത, നാലു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സംവരണത്തിന് അര്‍ഹത. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളില്‍ 2.5 ഏക്കറിലും നഗരസഭകളില്‍ 75 സെന്റിലും കോര്‍പറേഷനില്‍ 50 സെന്റിലും കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ മൊത്തം വിസ്തൃതി നഗരസഭകളില്‍ 20 സെന്റിലും കോര്‍പറേഷനില്‍ 15 സെന്റിലും താഴെയാവണം. അന്ത്യോദയ, അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ മറ്റു മാനദണ്ഡങ്ങള്‍ നോക്കാതെ സംവരണത്തിന് അര്‍ഹരാണ്.

പിന്നോക്ക സംവരണത്തിന് അര്‍ഹരായവരില്ലെങ്കില്‍ ഒഴിവ് ആ വിഭാഗത്തിന് മാത്രമായി മാറ്റിവക്കുന്നതാണ് രീതി. എന്നാല്‍ സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ ഒഴിവ് കുടിശികയായി നീക്കിവക്കില്ല. പകരം പൊതുവിഭാഗത്തിലേക്ക് മാറ്റും.

എതിര്‍ത്തും അനുകൂലിച്ചും സംഘടനകള്‍

മുന്നോക്ക സംവരണത്തിനെതിരെ മുസ്ലിം ലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് സിപിഎം ആരോപണം. സിപിഎമ്മിനും ഇടതുമുന്നണിക്കുമൊപ്പം ബിജെപിയും കോണ്‍ഗ്രസും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുകയാണ്. അതേസമയം, പ്രതിപക്ഷത്തെ മറ്റൊരു പ്രധാന കക്ഷിയായ മുസ്ലിം ലീഗും മറ്റു മുസ്ലിം സംഘടനകളും എസ്എന്‍ഡിപിയും മറ്റു സാമൂഹ്യ സംഘടനകളും എതിരാണ്. സാമ്പത്തിക സംവരണം സാമൂഹികനീതി അട്ടിമറിക്കുന്നതാണെന്നാണ് ഈ സംഘടനകളുടെ നിലപാട്.

സിപിഎം

ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് 2011 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോക്ക സംവരണം ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം സാമ്പത്തിക സംവരണം മൂലം ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നും വ്യക്തമാക്കി.

Also Read: പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് കേരളം; രാജ്യത്ത് ആദ്യം

‘നിലവിലുള്ള സംവരണ ആനുകൂല്യങ്ങളില്‍ കുറവ് വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പാക്കുന്നത്. ഭരണഘടനാ ഭേദഗതിയോടെ സംവരണം 60 ശതമാനമായി. പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവലുള്ള സംവരണാനുകൂല്യത്തില്‍ ഒരു കുറവും ഇല്ലാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തും,’ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സംവരണ പ്രശ്നത്തില്‍ പാര്‍ട്ടിക്കു സുവിദിതമായ നിലപാടുണ്ട്. പിന്നോക്കക്കാരിലെ സംവരണത്തിനു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു മുന്‍ഗണന നല്‍കണമെന്ന നിലപാട് തങ്ങള്‍ ആദ്യമേ സ്വീകരിച്ചിരുന്നതായും സിപിഎം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നും എന്നാലത് പിന്നോക്കവിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുതെന്നുമാണു കോണ്‍ഗ്രസ് നിലപാട്. അതേസമയം, വിഷയത്തില്‍ യുഡിഎഫില്‍ വ്യത്യസ്ത നിലപാട് ഉയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടിന് രൂപംനല്‍കാനായി കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്നു യോഗം ചേരും.

മുസ്ലിം ലീഗ്

10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരുന്ന ബില്ലിനെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും സിപിഎമ്മും അനുകൂലിച്ചപ്പോള്‍ മുസ്ലിം ലീഗ് എതിര്‍ക്കുകയായിരുന്നു. ബില്ല് പാസായതിനു പിന്നാലെ ഇതിനെതിരെ ലീഗ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സംവരണവിഷയത്തില്‍ സര്‍ക്കാരിനെതിരെ എസ്എന്‍ഡിപി അടക്കമുള്ള സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറത്തു ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്നു കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

മലപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന കാന്തപുരം സുന്നി വിഭാഗവും പങ്കെടുത്തിരുന്നു. സുന്നി ഇകെ വിഭാഗം, കെപിഎംഎസ്, ശ്രീനാരായണ സേവാസംഘം ഡയറക്ടര്‍ ബോര്‍ഡ്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.

സിറോ മലബാര്‍ സഭ

വിഷയത്തില്‍ ലീഗിനെതിരെ സിറോ മലബാര്‍ സഭ രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തിക സംവരണത്തില്‍ അസ്വസ്ഥതയെന്തിനെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. സ്വന്തം പാത്രത്തില്‍ കുറവുണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്ന് അദ്ദേഹം ചോദിക്കുന്നു. നിലപാട് പ്രഖ്യാപിക്കാനാകാത്ത വിധം ദുര്‍ബലമായോ യുഡിഎഫ് എന്ന്  ചോദിച്ച അദ്ദേഹം ഇക്കാര്യത്തില്‍ ബിജെപിയെ പുകഴ്ത്തുകയും ചെയ്തു.

യാക്കോബായ സഭ 

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത യാക്കോബായ സഭ വര്‍ക്കിങ് കമ്മിറ്റി മുന്‍കാല പ്രാബല്യത്തോടെ നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിനെതിരായ എതിര്‍പ്പില്‍നിന്ന് പിന്മാറണമെന്ന് യുനൈറ്റഡ് നായര്‍ സൊസൈറ്റി ആവശ്യപ്പെട്ടു.

എന്‍എസ്എസ്

സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന എന്‍എസ്എസ് പുതിയ വിജ്ഞാപനത്തെ എതിര്‍ക്കുകയാണ്. എന്നാലത് ന്യൂനപക്ഷ-പിന്നോക്ക സംഘടനകളുടെ എതിര്‍പ്പിന്റെ മാതൃകയിലല്ല. 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ വ്യവസ്ഥകള്‍ തുല്യനീതിക്കു നിരക്കാത്തതാണെന്നാണ് എന്‍എസ്എസിന്റെ നിലപാട്. ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നും അന്നുതൊട്ടുള്ള നിയമനങ്ങളില്‍ പുനക്രമീകരണം വേണമെന്നും ആവശ്യമുണ്ട്.

Also Read: വായ്പകള്‍ക്കു പലിശ ഇളവുമായി കേന്ദ്രം; ആർക്കൊക്കെ പണം തിരിച്ചുകിട്ടും?

അര്‍ഹായവരില്ലെങ്കില്‍ സാമ്പത്തിക സംവരണ ഒഴിവുകളും മാറ്റിവയ്ക്കണം. വീണ്ടും രണ്ടു തവണയെങ്കിലും പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ച് ഇതേ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കണം. ഇതിനുശേഷവും ഈ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ഥികളെ കിട്ടാതെ വന്നാല്‍ പൊതുവിഭാഗത്തിലെ സംവരണേതര വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം നല്‍കണമെന്നും എന്‍എസ്എസ് ആവശ്യപ്പെടുന്നു.

എസ്എന്‍ഡിപി

മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് എതിരല്ലെന്നും അനര്‍ഹക്കു കിട്ടരുതെന്നും പിന്നോക്ക വിഭാഗങ്ങളില്‍നിന്നു പിടിച്ചുവാങ്ങരുതെന്നുമാണ് എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട്.

എതിര്‍പ്പുകള്‍ എന്തൊക്കെ?

സാമൂഹിക നീതി അട്ടിമറിക്കുന്നുവെന്നതാണ് സാമ്പത്തിക സംവരണത്തിനെതിരായ എതിര്‍പ്പിനു പ്രധാന കാരണം. സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും പൊതു മെറിറ്റ് 40 ശതമാനമായി കുറയുമെന്നും എതിര്‍പ്പുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതു മെറിറ്റില്‍ മുമ്പ് പിന്നോക്കക്കാരിലെ ക്രീമിലെയറുകാര്‍ക്ക് നിയമനം കിട്ടിയിരുന്നു. ഇത്തരം അവസരങ്ങള്‍ക്കു 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം തിരിച്ചടിയാകും.

50 ശതമാനം പൊതു മെറ്റില്‍നിന്നാകും 10 ശതമാനം സാമ്പത്തിക സംവരണം എന്നാണു പറയുന്നതെങ്കിലും ആകെ ഒഴിവിന്റെ 10 ശതമാനമാണോ കണക്കാക്കുകയെന്ന ആശങ്ക എതിര്‍പ്പുയര്‍ത്തുന്നവര്‍ക്ക് ഉണ്ട്. ആകെ സീറ്റിന്റെ പത്ത് ശതമാനം സാമ്പത്തിക സംവരണമാകുമ്പോള്‍ പൊതുമെറിറ്റില്‍ വരുന്ന പിന്നാക്ക വിഭാഗത്തിലുള്ളവരുടെ സാധ്യത കുറയുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം കൊണ്ടുവന്ന കേന്ദ്ര നിയമത്തിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി തീര്‍പ്പാക്കും മുമ്പ് സംസ്ഥാനത്ത് വിജ്ഞാപനം കൊണ്ടുവന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അനുകൂല വാദങ്ങള്‍ ഇങ്ങനെ

ഭരണഘടന ഭേദഗതിയിലൂടെ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കുകയാണു ചെയ്യുന്നതെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം. മുന്നോക്ക സാമ്പത്തിക സംവരണം നിലവിലുള്ള സംവരണവിഭാഗങ്ങളെ ബാധിക്കില്ലെന്നാണു മുഖ്യമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയത്. പൊതുവിഭാഗത്തില്‍നിന്നാണ് സംവരണം നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയില്‍ പുറപ്പെടുവിച്ചതാണു 10 മുന്നോക്ക സംവരണമെന്നും ഇനിയും നടപ്പാക്കാതിരിക്കുന്നത് നീതിനിഷേധമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംവരണം നടപ്പാക്കാന്‍ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് എന്‍എസ്എസ് ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook