ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്സിൻ കാൻഡിഡേറ്റിന്റെ ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്പനി പ്രസിദ്ധീകരിച്ചത്. യുഎസിൽ നടത്തിയ ട്രയലിൽ തങ്ങളുടെ സിംഗിൾ-ഷോട്ട് വാക്സിൻ കാൻഡിഡേറ്റ് 72% ഫലപ്രദമാണെന്ന് കമ്പനി പറയുന്നു. “മിതമായതും കഠിനവുമായ” കോവിഡ് -19 തടയുന്നതിന് മൊത്തത്തിൽ 66 ശതമാനവും ഗുരുതരമായ രോഗം തടയുന്നതിൽ 85 ശതമാനവും ഫലപ്രദമാണെന്ന് പഠിച്ച എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ഫലം തെളിയിക്കുന്നതായി കമ്പനി പറയുന്നു. 18 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ കാൻഡിഡേറ്റ് നൽകിയത്. വാക്സിൻ നൽകി 28 ദിവസത്തിനു ശേഷമാണ് പഠനം നടത്തിയത്.
ജോൺസൺ ആൻഡ് ജോൺസന്റെ ജാൻസെൻ ഫാർമസ്യൂട്ടിക്കൽ കമ്പനീസ് വികസിപ്പിച്ചെടുത്ത വാക്സിന് അടിയന്തിര ഉപയോഗത്തിനായി അനുമതി ലഭിച്ചാൽ അത് വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിച്ച ആദ്യത്തെ സിംഗിൾ-ഡോസ് വാക്സിൻ ആയി മാറും. നിലവിൽ അംഗീകാരം ലഭിച്ച മറ്റെല്ലാ വാക്സിനുകൾക്കും ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിന് രണ്ടാമത്തെ ഒരു ബൂസ്റ്റർ വാക്സിൻ ഡോസ് ആവശ്യമാണ്. ഫെബ്രുവരി ആദ്യം തന്നെ യുഎസ് എമർജൻസി ഓതറൈസേഷനായി വാക്സിൻ സമർപിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ പദ്ധതിയിടുന്നു. അംഗീകാരം ലഭിച്ചാൽ ഉടൻ ഈ ഉൽപ്പന്നം ഉടൻ തന്നെ കയറ്റി അയയ്ക്കാൻ സജ്ജമാക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
Read More: ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് 66 ശതമാനം ഫലപ്രദം
ജെ ആൻഡ് ജെ അവരുടെ മുൻനിര ആഡ്വാക് വാക്സിൻ പ്ലാറ്റ്ഫോം ആണ് കോവിഡ് വാക്സിനുവേണ്ടി ഉപയോഗിക്കുന്നത്. ജാൻസന്റെ, യൂറോപ്യൻ കമ്മീഷൻ അംഗീകരിച്ച എബോള വാക്സിൻ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും സിക്ക, ആർഎസ്വി, എച്ച്ഐവി പരീക്ഷണ വാക്സിൻ കാൻഡിഡേറ്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിച്ചത് ആഡ്വാക് ആണ്.
ജനിതകമാറ്റം വരുത്തിയതും മനുഷ്യരിൽ രോഗത്തിനു കാരണമാവാത്തതും ഇരട്ടിക്കാത്തതുമായ ഒരു പ്രത്യേക തരം അഡെനോവൈറസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ജാൻസന്റെ അഡ്വാക് വെക്റ്ററുകൾ.
മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് രാജ്യങ്ങളിലാണ് ജെ ആൻഡ് ജെയുടെ മൂന്നാം ഘട്ട ട്രയൽ നടക്കുന്നത് – യുഎസിൽ 44 ശതമാനം (19,302 പേർ), മധ്യ- തെക്കേ അമേരിക്കയിൽ (അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, പെറു) 41 ശതമാനം (17,905) ദക്ഷിണാഫ്രിക്കയിൽ 15 ശതമാനം എന്നിങ്ങനെ. ഇതിൽ മൂന്നിലൊന്ന് (14,672) പേർ 60 വയസ്സിനു മുകളിലുള്ളവരാണ്.
“വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ രോഗത്തിനെതിരേ വാക്സിന്റെ കാര്യക്ഷമത കാലക്രമേണ വർധിച്ചിരുന്നു. 49- ദിവസത്തിന് ശേഷം അവരിൽ ഗുരുതരമായ രോഗം ഒന്നും കണ്ടെത്തിയിരുന്നില്ല. ”ജെ ആൻഡ് ജെ പറഞ്ഞു. വാക്സിൻ സ്വീകരിച്ച് 28 ദിവസത്തിനു ശേഷം ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.
മൊത്തത്തിലെ പനി നിരക്ക് 9 ശതമാനം ആണെന്നും ഗ്രേഡ് 3 പനി 0.2 ശതമാനം മാത്രമാണെന്നുെം ജെ ആൻഡ് ജെ പറഞ്ഞു. “ആക്ടീവ് വാക്സിൻ കാൻഡിഡേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ലേസിബോ ലഭിച്ചവരിൽ മൊത്തത്തിലുള്ള ഗുരുതരമായ പ്രതികൂല സംഭവങ്ങൾ (എസ്എഇ) കൂടുതലാണ്. അനാഫൈലക്സിസ് ഒന്നും കണ്ടെത്തിയില്ല, ” ജെ ആൻഡ് ജെ പറയുന്നു.