ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്സണ് ആന്‍ഡ് ജോണ്സണ് (ജെ ആന്‍ഡ് ജെ) ടാല്‍ക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ ആഗോളതലത്തിലെ വില്‍പ്പന 2023-ല്‍ നിര്‍ത്തുമെന്ന് ഓഗസ്റ്റ് 11നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഉല്‍പ്പന്നം അണ്ഡാശയ കാന്‍സറിനു കാരണമായെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സ്ത്രീകളുടെ പതിനായിരക്കണക്കിനു വ്യവഹാരങ്ങള്‍ക്കിടയിലാണു കമ്പനിയുടെ പ്രഖ്യാപനം. പൗഡറില്‍ കാന്‍സറിനു കാരണമാണുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യമുണ്ടെന്നാണ് ആരോപണം.
യു എസിലും കാനഡയിലും ഈ ഉല്‍പ്പന്നത്തിന്റെ വില്‍പ്പന രണ്ടു വര്‍ഷം മുന്‍പ് ജെ ആന്‍ഡ് ജെ നിര്‍ത്തിയിരുന്നു. ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിലേക്കു മാറാനുള്ള ‘വാണിജ്യപരമായ തീരുമാനം’ എടുത്തതായാണു കമ്പനി അറിയിച്ചിരിക്കുന്നത്.
ഉല്‍പ്പന്നം സുരക്ഷിതമാണെന്നായിരുന്നു വര്‍ഷങ്ങളായി കമ്പനി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് ഉല്‍പ്പന്നത്തിന്റെ വില്‍പ്പന നിര്‍ത്തുന്നതായി പ്രഖ്യാപിച്ച ദിവസവും കമ്പനി ആവര്‍ത്തിച്ചു. ”ഞങ്ങളുടെ കോസ്മെറ്റിക് ടാല്‍ക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള നിലപാട് മാറ്റമില്ലാതെ തുടരുന്നു,” ജെ ആന്‍ഡ് ജെ പ്രസ്താവനയില്‍ പറഞ്ഞു.
പതിറ്റാണ്ടുകളായുള്ള മെഡിക്കല്‍ വിദഗ്ധരുടെ സ്വതന്ത്ര ശാസ്ത്രീയ വിശകലനം ഉദ്ധരിച്ച കമ്പനി ടാല്‍ക്ക് അടിസ്ഥാനമാക്കിയുള്ള ജോണ്‍സണ്‍സ് ബേബി പൗഡര്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും കാന്‍സറിന് കാരണമാകില്ലെന്നും അവകാശപ്പെട്ടു.
എന്താണ് ടാല്‍ക്ക്?
ഏറ്റവും മൃദുവായ ധാതുവാണ് ടാല്‍ക്. ഭൂഗര്‍ഭ നിക്ഷേപങ്ങളില്‍നിന്നാണ് ഇതു ഖനനം ചെയ്തെടുക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) പ്രകാരം ഇത് കൂടാതെ ബേബി പൗഡര്‍, ലിപ്സ്റ്റിക്, ഐഷാഡോ, ഫൗണ്ടേഷന് എന്നിവ പോലെയുള്ള വിവിധ സൗന്ദര്യവര്‍ധക, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങളില്‍ ഇത് ഉപയോഗിക്കുന്നു.
പൊടിയായി മാറ്റുമ്പോള്‍ ഇതിന് ഈര്‍പ്പം ആഗിരണം ചെയ്യാനും ഘര്‍ഷണം കുറയ്ക്കാനും കഴിയും. ഇത് ചര്‍മത്തെ വരണ്ടതാക്കുന്നു. തിണര്‍പ്പ് തടയാന്‍ സഹായിക്കുകയും മേക്കപ്പ് വരണ്ടതാക്കുന്നതില്നിന്നും തടയുകയും ഒരു ഉല്‍പ്പന്നത്തിന്റെ ഭാവവും ഘടനയും മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇത് കാന്‍സറിനു കാരണമാകുമോ?
പ്രകൃതിദത്തമായ സിലിക്കേറ്റ് ധാതുക്കളുടെ മറ്റൊരു ഗ്രൂപ്പിന്റെ പേരായ ആസ്ബറ്റോസ്, ടാല്ക്കു നിക്ഷേപങ്ങള്‍ക്കു സമീപം കാണാവുന്നതാണ്. ‘ആസ്ബറ്റോസ് ടാല്‍ക്കുമായി കലരാന്‍ സാധ്യതയുണ്ട്,’എന്നാണ് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ) പറയുന്നത്. നിര്‍മിതികളിലും ഉല്പ്പന്നനിര്മാണങ്ങളിലും ഉപയോഗിക്കുന്ന ആസ്ബറ്റോസ് ശ്വാസകോശ, അണ്ഡാശയ, മെസോതെലിയോമ കാന്‍സറുകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുമെന്നാണു കരുതപ്പെടുന്നത്.
ആസ്ബറ്റോസ് കലര്‍ന്ന ടാല്‍ക്ക് കാന്‍സറിനു കാരണമാകുമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ആസ്ബറ്റോസ് രഹിത ടാല്‍ക്കും ദോഷകരമാണോയെന്നു വ്യക്തമല്ല.
ടാല്‍ക്കം പൗഡര്‍ ജനനേന്ദ്രിയ സ്ഥലത്തോ സാനിറ്ററി നാപ്കിനുകളിലോ പ്രയോഗിക്കുന്നത് അണ്ഡാശയ കാന്‍സറിന് കാരണമാകുമെന്ന് 1960-കള്‍ മുതല്‍ അഭിപ്രായമുണ്ട്. അതേസമയം, ‘അത്തരമൊരു ബന്ധം, അല്ലെങ്കില്‍ അത്തരമൊരു ബന്ധമുണ്ടെങ്കില്‍ എന്ത് അപകടസാധ്യത ഘടകങ്ങള്‍ ഉണ്ടാവമെന്നു പഠനങ്ങള്‍ പൂര്‍ണമായി തെളിയിച്ചിട്ടില്ല,’എന്നാണ് എഫ് ഡി എ പറയുന്നത്.
ഇനി ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെങ്കിലും കുഞ്ഞുങ്ങളില്‍ ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കരുതെന്നാണു ശിശുരോഗ വിദഗ്ധര്‍ മാതാപിതാക്കളെ പതിറ്റാണ്ടുകളായി ഉപദേശിക്കുന്നത്. ടാല്‍ക്ക് ശ്വസിക്കുന്നതു ശ്വാസംമുട്ടല്‍, അണുബാധ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കുന്നു.
ജോണ്സണ് ആന്‍ഡ് ജോണ്സണ് എതിരായ കേസുകള്‍
ഡയപ്പര്‍ ഉപയോഗം മൂലമുള്ള തിണര്‍പ്പ് കുറയ്ക്കാനായി 1894-ല്‍ കമ്പനി ബേബി പൗഡര്‍ വില്ക്കാന് തുടങ്ങിയത്. തുടര്‍ന്ന് അതിന്റെ സിഗ്നേച്ചര്‍ സുഗന്ധം ലോകമെമ്പാടും വ്യാപിച്ചു.
1990-കളുടെ അവസാനം മുതല്‍, ജെ ആന്‍ഡ് ജെ അതിന്റെ ബേബി പൗഡറിലെ ആസ്ബറ്റോസ് സാന്നിധ്യത്തിന്റെ പേരില്‍ എണ്ണമറ്റ വ്യവഹാരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ കമ്പനി സ്ഥിരമായി നിരസിക്കുകയായിരുന്നു.
വിഷസാന്നിധ്യമുള്ള ടാല്‍ക്കിന്റെ ഉപയോഗം തനിക്കും കുഞ്ഞിനും വിവിധ അവയവങ്ങളിലെ കോശങ്ങളെ ബാധിക്കുന്ന മെസോതെലിയോമ എന്ന അര്‍ബുദത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി ഡാര്ലിന് കോക്കറാണ് ആദ്യമായി കേസുകൊടുത്തത്. വിചാരണയില്‍ ടാല്‍ക് ടെസ്റ്റ് ഫലങ്ങളും അഭ്യര്‍ത്ഥിച്ച ആന്തരിക കമ്പനി രേഖകളും വെളിപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ജെ ആന്‍ഡ് ജെയ്ക്ക് കഴിഞ്ഞു. കേസ് ഉപേക്ഷിക്കാന്‍ കോക്കര്‍ നിര്‍ബന്ധിതമായെന്നും 2018 മുതലുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനുശേഷം, കമ്പനിക്കെതിരെ പതിനായിരക്കണക്കിനു കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തതുപോലെ യുഎസില്‍ മാത്രം 40,300-ലധികം കേസുകള്‍ കമ്പനി നേരിടുന്നു. ഇതുവരെ 3.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ടിട്ടുണ്ട്.
ജെ ആന്‍ഡ് ജെ ടാല്‍ക്ക് ഉല്‍പ്പന്നങ്ങളില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്നും അണ്ഡാശയ അര്‍ബുദത്തിനു കാരണമായെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് 2018-ല്‍ മിസോറി കോടതിയിലെ ഒരു ജൂറി 22 സ്ത്രീകള്‍ക്കായി 4.7 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് വിധിച്ചു. ഒരു സ്റ്റേറ്റ് അപ്പീല്‍ കോടതി രണ്ട് സ്ത്രീകളെ കേസില്‍നിന്ന് ഒഴിവാക്കുകയും നഷ്ടപരിഹാരം രണ്ട് ബില്യണ്‍ ഡോളറായി കുറയ്ക്കുകയും ചെയ്തു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടും സുപ്രീം കോടതി വിധി റദ്ദാക്കിയില്ല.
തങ്ങളുടെ ടാല്‍ക് ഉല്‍പ്പന്നങ്ങളില്‍ ചിലപ്പോള്‍ ചെറിയ അളവില്‍ ആസ്ബറ്റോസ് കലരുന്നതായി 1970-കളുടെ തുടക്കം മുതല്‍ ജെ ആന്‍ഡ് ജെയ്ക്ക് അറിയാമായിരുന്നുവെന്നു 2018-ല്‍ റോയിട്ടേഴ്സും ന്യൂയോര്‍ക്ക് ടൈംസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനിയിലെ എക്സിക്യൂട്ടീവുകള്‍ സര്‍ക്കാര്‍ നിരോധനത്തെയും പൊതു തിരിച്ചടിയെയും കുറിച്ച് ആശങ്കാകുലരാണെന്ന് ആഭ്യന്തര രേഖകള്‍ പരിശോധിച്ച ശേഷം ഏജന്‍സികള്‍ അവകാശപ്പെട്ടു.
അതേസമയം എല്ലാം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. എന്നാല്‍ ഈ അവകാശവാദങ്ങളെ നിരാകരിച്ച ജെ ആന്‍ഡ് ജെ തങ്ങളുടെ ബേബി പൗഡര്‍ ആസ്ബറ്റോസ് രഹിതമാണെന്ന് പതിവ് പരിശോധനകള്‍ തെളിയിച്ചിട്ടുണ്ടെന്ന് വാദിച്ചു.