‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട സ്ഥാനാര്‍ഥി’ എന്നാണ് ജോ ബൈഡനെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മുന്‍പ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇതുപോലൊരാളോട് തോറ്റാലുള്ള സ്ഥിതി മോശമാണെന്നും ട്രംപ് പരിഹസിച്ചു. എന്നാല്‍ നാലു ദിവസം പിന്നിട്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാവുന്നത് ആ ‘മോശം സ്ഥാനാര്‍ഥി’ വൈറ്റ് ഹൗസിലേക്ക് കടന്നുവരികയാണ്. ഒപ്പം, പെരുമാറ്റത്തിലൂടെയും നിലപാടുകളിലൂടെയും ബൈഡന് അമേരിക്കന്‍ ജനതയുടെയും ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമാവുകയാണ് അദ്ദേഹം.
ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാനൊരുങ്ങുകയാണ് അദ്ദേഹം. തിരഞ്ഞെടുക്കപ്പെടുകയാണങ്കിൽ 46-ാം പ്രസിഡന്റായാണ് എഴുപത്തിയെട്ടുകാരനായ ബൈഡന് ജനുവരിയിൽ സ്ഥാനമേൽക്കുക. എതിരാളിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിജയിച്ചിരുന്നെങ്കില്‍ അദ്ദേഹമാകുമായിരുന്നു ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. 74 വയസാണ് ട്രംപിന്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ സെനറ്റര്‍ എന്ന ബഹുമതിയും ബൈഡന്റെ പേരിലുണ്ട്. 1972 ല്‍ 29-ാം വയസിലാണ് ബൈഡന് ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായ ബൈഡന് 2009 മുതല്‍ 2017 വരെ ബരാക് ഒബാമയുടെ കീഴില്‍ അമേരിക്കയുടെ 47-ാമത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1972 മുതല്‍ 2009 വരെ ഡെലവേറില്നിന്നുള്ള സെനറ്ററായിരുന്നു അദ്ദേഹം. പ്രസിഡന്റായി മത്സരിക്കാന്‍ 1988ലും 2008 ലും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാമനിര്‍ദേശം തേടിയെങ്കിലും വിജയിച്ചില്ല.
വിക്കിൽ തളരാത്ത ബാല്യം
1942 നവംബര്‍ 20നു പെന്‍സില്‍വാനിയ സ്ക്രാന്റണിലെ ഐറിഷ് അമേരിക്കൻ കാത്തലിക് കുടുംബത്തിലായിരുന്നു ജോസഫ് റോബനെറ്റ് ബൈഡന് ജൂനിയര്‍ എന്ന ജോ ബൈഡന്റെ ജനനം. കാതറിന് യൂജീനിയ ഫിന്നെഗന്‍-ജോസഫ് റോബനെറ്റ് ബൈഡന് സീനിയര്‍ ദമ്പതികളാണു മാതാപിതാക്കള്‍. ജോയ്ക്ക് 10 വയസുള്ളപ്പോള്‍ ബൈഡന് കുടുംബം മെച്ചപ്പെട്ട അവസരങ്ങൾക്കായി ഡെലവേറിലെ ക്ലേമോണ്ടിലേക്കു മാറി. നിലവില്‍ ഡെലവേറിലെ തന്നെ വില്‍മിങ്ടണിലാണ് അദ്ദേഹം താമസിക്കുന്നത്. രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹം ഇരു സംസ്ഥാനങ്ങളുമായും അടുത്ത ബന്ധം സൂക്ഷിച്ചു.
ബൈഡന്റ കുട്ടിക്കാലം അത്ര മികച്ചതായിരുന്നില്ല. വിക്കിന്റെ പേരിൽ അദ്ദേഹം സഹപാഠികളാൽ നിരന്തരം പരിഹസിക്കപ്പെട്ടു. ഒരിക്കൽ അധ്യാപികയും പരിഹസിച്ചു. ഈ സമയത്തെല്ലാം അമ്മയായിരുന്നു ബൈഡനിൽ പ്രചോദനം നിറച്ചത്. കണ്ണാടിക്കു മുന്നിൽനിന്ന് ഐറിഷ് കവിതകൾ ചൊല്ലുന്നത് അദ്ദേഹം ശീലമാക്കി. പതിയെ വിക്കിനെ മറികടന്ന അദ്ദേഹം പിൽക്കാലത്ത് മികച്ച പ്രസംഗകനായി. തന്റെ അനുഭവം ചൂണ്ടിക്കാട്ടി പരിശീലനത്തിലൂടെ വിക്കിനെ മറികടക്കാനാവുമെന്ന് ആവർത്തിക്കുന്ന ബൈഡൻ അത്തരം വൈകല്യമുള്ളവർക്ക് ഇപ്പോഴും പ്രോത്സാഹനമാകുന്നു.
ഡെലവേര്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ഇരട്ട മേജര്‍ നേടിയ അദ്ദേഹം 1968 ല്‍ സിറാക്കൂസ് സര്‍വകലാശാലയില്‍നിന്നു നിയമ ബിരുദവും സ്വന്തമാക്കി. മാര്ട്ടിന് ലൂതര്‍ കിങ് ജൂനിയര്‍, ജോണ്‍ എഫ് കെന്നഡി, റോബര്‍ട്ട് കെന്നഡി എന്നിവര്‍ അമേരിക്കയെ മാറ്റിപ്പണിയുന്ന കാലഘട്ടത്തിലായിരുന്നു ജോയുടെ കൗമാരവും കോളജ് വിദ്യാഭ്യാസവും.
നിയമപഠനത്തിനുശേഷം പാര്‍ട്ട് ടൈം പബ്ലിക് ഡിഫെന്‍ഡറായി ജോലി ചെയ്യുന്നതിനിടയില്‍ ബൈഡൻ വില്‍മിങ്ടണിലെ സ്ഥാപനത്തില്‍ നിയമപരിശീലനം ആരംഭിച്ചു. 1970-ല്‍ ഇതേവര്‍ഷം അദ്ദേഹം ന്യൂ കാസില്‍ കൗണ്ടി കൗണ്‍സിലറായി വിജയിച്ചു. 1972 ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പ്രിയപ്പെട്ടവരുടെ വിയോഗം
വ്യക്തിജീവിതത്തില്‍ വളരെയധികം ദുരന്തങ്ങള്‍ നേരിട്ടയാളാണ് ജോ ബൈഡന്. സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട അതേവര്‍ഷം ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ ഭാര്യ നീലിയ ഹണ്ടറെയും ഒരു വയസുള്ള മകള്‍ ക്രിസ്റ്റീന ആമി ബൈഡനെയും അദ്ദേഹത്തിനു നഷ്ടപ്പെട്ടു. മറ്റുമക്കളായ ബ്യൂ ബൈഡനും റോബര്‍ട്ട് ഹണ്ടര്‍ ബൈഡനും പരുക്കേറ്റു. പരുക്കേറ്റ മക്കളുമായാണ് 1973 ജനുവരിയില്‍ അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.
മക്കളുടെ പരിചരണത്തിനായി സെനറ്റര്‍ പദവി രാജിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും ബാഹ്യസമ്മര്ദത്തെത്തുടര്ന്ന് അദ്ദേഹം തുടര്‍ന്നു. മക്കളുടെ പരിചരണത്തിനായി അദ്ദേഹം ദിവസവും ഡെല്വേറിനും വാഷിങ്ടണ്‍ ഡിസിക്കുമിടയില് ട്രെയിനില്‍ ദിവസവും മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു. ഈ ശീലം അദ്ദേഹം 36 വര്‍ഷം തുടര്‍ന്നു.
ഇറാഖ് യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച കരസേനാ ജഡ്ജിയും പിന്നീട് ഡെലവെയര്‍ അറ്റോര്‍ണി ജനറലുമായ മകന് ബ്യൂ ബൈഡന് 2015 ല്‍ മസ്തിഷ്ക അര്‍ബുദത്തെത്തുടര്‍ന്ന് മരിച്ചത് ബൈഡന് വീണ്ടും ആഘാതമായി. ഹണ്ടര്‍ ബൈഡന് വാഷിങ്ടണ്‍ അറ്റോര്‍ണിയും ലോബിയിസ്റ്റുമാണ്.
1975ല്‍ കണ്ടുമുട്ടിയ അധ്യാപിക ജില് ട്രേസി ജേക്കബ്സിനെ ബൈഡന് 1977ല്‍ വിവാഹം ചെയ്തു. ദമ്പതികളുടെ മകളായ ആഷ്ലി ബ്ലേസര്‍ സാമൂഹ്യപ്രവര്‍ത്തകയാണ്.
ഒബാമയുമായി മികച്ച ബന്ധം
അമേരിക്കയുടെ 47-ാമത് വൈസ് പ്രസിഡന്റായിരുന്ന ബൈഡന് പ്രസിഡന്റ് ബരാക് ബരാക് ഒമാബയ്ക്കു മികച്ച പിന്തുണയായിരുന്നു നല്‍കിയത്. അരനൂറ്റാണ്ടിലേറെയായി പൊതുരംഗത്തുള്ള ബൈഡന് ഭരണരംഗത്തും ആവശ്യത്തിലേറെ പരിചയമുണ്ട്. ഇത് പ്രസിഡന്റായിരിക്കെ ഒമാബയുടെ ഭരണപരിചയത്തിലെ താരതമ്യേനയുള്ള അഭാവം നികത്തി. ‘അമേരിക്കയിലെ എക്കാലത്തെയും മികച്ച വൈസ് പ്രസിഡന്റ്’ എന്നാണ് ഒബാമ ബൈഡനെ വിശേഷിപ്പിച്ചത്.
2017 ജനുവരിയില്‍ ഒബാമ ബൈഡനെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി നല്കി ആദരിച്ചു. 2009ല്‍ ഒമാബ ഭരണകൂടത്തിന്റെ കാലത്ത് മഹത്തായ മാന്ദ്യത്തെ ചെറുക്കാന്‍ അടിസ്ഥാന സൗകര്യ ചെലവുകള്‍ ബൈഡന് നിരീക്ഷിച്ചു. സഹോദര തുല്യ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇപ്പോഴത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ പ്രധാന പ്രചാരകന് കൂടിയാണ് ഒബാമ.
ഭരണരംഗത്തെ മികവ്
തന്ത്രപരമായ ആയുധങ്ങള്‍ കുറയ്ക്കുന്നതു സംബന്ധിച്ച് റഷ്യമായുള്ള പുതിയ സ്റ്റാര്‍ട്ട് ഉടമ്പടിക്കുള്ള ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ സംഘത്തിന് അദ്ദേഹം നേതൃത്വം നല്കി. ലിബിയയിലെ സൈനിക ഇടപെടലിനെ പിന്തുണച്ചു, 2011 ല്‍ യുഎസ് സൈനികരെ പിന്‍വലിച്ച ഇറാഖിനെ സംബന്ധിച്ച യുഎസ് നയം രൂപീകരിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു.
12 വര്‍ഷമായി സെനറ്റ് ഫോറിന് റിലേഷന്‍സ് കമ്മിറ്റി ചെയര്മാന് അല്ലെങ്കില്‍ റാങ്കിങ് അംഗം എന്ന നിലയില്‍, യുഎസ് വിദേശനയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കാണു ബൈഡന് വഹിക്കുന്നത്. വര്‍ണവിവേചനം, ഭീകരവാദം, കൂട്ടുക്കുരുതിക്കു ശേഷിയുള്ള ആയുധങ്ങള്‍, ശീതയുദ്ധാനന്തര യൂറോപ്പ്, പശ്ചിമേഷ്യ, തെക്കുപടിഞ്ഞാറ് ഏഷ്യ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിലും നിയമനിര്‍മാണങ്ങളിലും മുന്‍പന്തിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
1991 ലെ ഗള്‍ഫ് യുദ്ധത്തെ എതിര്‍ത്ത അദ്ദേഹം കിഴക്കന്‍ യൂറോപ്പിലേക്ക് നാറ്റോ സഖ്യം വ്യാപിപ്പിക്കുന്നതിനും 1990 കളിലെ യുഗോസ്ലാവ് യുദ്ധങ്ങളിലെ ഇടപെടലിനും പിന്തുണ നല്കി. 2001ലെ അഫ്ഗാന് യുദ്ധത്തെ ബൈഡന് അനുകൂലിച്ചു. 2002 ലെ ഇറാഖ് യുദ്ധത്തിന് അംഗീകാരം നല്കുന്ന പ്രമേയത്തെ പിന്തുണച്ച ബൈഡന് 2007 ല്‍ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തു. വർണവിവേചനത്തിനതിരെ ശക്തമായ നിലപാടെടുത്ത ബൈഡൻ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിലകൊണ്ടു. എല്‍ജിബിടി വിഭാഗങ്ങളുടെ വിവാഹ സമത്വ അവകാശത്തിനുവേണ്ടിയും അദ്ദേഹം ശബ്ദമുയര്‍ത്തി.
കോവിഡിനെ എങ്ങനെ നേരിടും?
ബൈഡന്റെ പ്രധാന പരിഗണനകളിലൊന്നാണ് ആരോഗ്യപരിചരണം. അദ്ദേഹം വൈസ് പ്രസിഡന്റായിരിക്കെയാണ് ഒബാമ ഭരണകൂടം അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് പാസാക്കിയത്. കൊറോണ വൈറസിനെ നേരിടുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാണിക്കുന്ന അലംഭാവത്തിനെതിരെ കടുത്ത വിമര്‍ശമാണു ബൈഡന് ഉയര്‍ത്തിയത്. കോവിഡ് പരിശോധന വ്യാപകവും സൗജന്യവുമാക്കണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. വാക്സിനുവേണ്ടി രോഗികള്‍ക്കു മറ്റു ചെലവുകളുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം ഇനി എങ്ങനെ?
ഇന്ത്യയുമായുള്ള ബന്ധത്തില്‍ പല കാര്യങ്ങളിലും ഡൊണാള്‍ഡ് ട്രംപില്‍നിന്നും വ്യത്യസ്ത നിലപാടുള്ളയാളാണ് ബൈഡന്. പ്രതിരോധം, തന്ത്രപരവും സുരക്ഷാപരവുമായ ബന്ധങ്ങള്‍ എന്നീ മേഖലകളില്‍ രണ്ടായിരം മുതല്‍ യുഎസ് സ്വീകരിച്ചുപോരുന്ന നയം ബൈഡനും തുടരാനാണു സാധ്യത. അതേസമയം, ചൈനയോടുള്ള സമീപനത്തെക്കുറിച്ച് ഡമോക്രാറ്റിക്കുകള്ക്കിടയിലെ ഭിന്നത ഇന്ത്യയെ ബാധിക്കാനിടയുണ്ട്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, ഭൂരിപക്ഷവാദം, കശ്മീര്‍ എന്നീ വിഷയങ്ങളും ബൈഡന് ഭരണകൂടം ഉന്നയിക്കാനുള്ള സാധ്യതയുണ്ട്.
പാക്കിസ്ഥാന്റെ സുഹൃത്ത്
അതേസമയം, പാക്കിസ്ഥാന് ഭരണകൂടത്തിന് ആശ്വാസം നല്കുന്ന വാര്‍ത്തയാകും ജോ ബൈഡന്റെ വിജയം. പ്രത്യേകിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി പാക്കിസ്ഥാന് അത്ര നല്ല ബന്ധത്തിലല്ലാത്ത സാഹചര്യത്തില്‍. തങ്ങളുടെ സുഹൃത്തായാണ് ബൈഡനെ എക്കാലവും പാക്കിസ്ഥാന് കാണുന്നത്. 2008ല്‍ ബൈഡനെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ ‘ഹിലാല്‍ ഇ പാകിസ്ഥാന്’ നല്കി ആദരിച്ചിരുന്നു. ബൈഡന് അമേരിക്കന്‍ പ്രസിഡന്റാവുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പഴയകാലം തിരിച്ചുവരുമെന്നാണ് പാക് നിരീക്ഷകരുടെ വിലയിരുത്തല്‍.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook