scorecardresearch
Latest News

കശ്മീര്‍ വിഭജനം: ഇന്ന്, നാളെ

കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള വിഭജനം പൂര്‍ണമാകാന്‍ ഒരു വര്‍ഷമാണു പുനഃസംഘടനാ നിയമം അനുവദിക്കുന്നത്

കശ്മീര്‍ വിഭജനം: ഇന്ന്, നാളെ

ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചത് ഒക്‌ടോബര്‍ 31ന് ഔദ്യോഗികമായി നിലവില്‍ വന്നിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചിനു പാര്‍ലമെന്റില്‍ കാശ്മീരിന്റെ വിഭജനം പ്രഖ്യാപിച്ചശേഷമാണ് ഈ തിയതി തെരഞ്ഞെടുത്തത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമാണെന്ന പ്രതീകാത്മക പ്രത്യേകതയ്ക്കപ്പുറം രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രവര്‍ത്തനത്തിനു തുടക്കമിട്ട ദിവസം എന്നായിരിക്കും ഒക്‌ടോബര്‍ 31 ഇനി അടയാളപ്പെടുത്തുക. ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം നടപ്പാക്കാന്‍ അടിസ്ഥാന ബ്യൂറോക്രാറ്റിക് ഘടന സ്ഥാപിക്കാനാണ് ഓഗസ്റ്റ് അഞ്ചിനും ഒക്ടോബര്‍ 31 നും ഇടയിലുള്ള കാലയളവ് സംസ്ഥാന ഭരണകൂടവും ആഭ്യന്തര മന്ത്രാലയവും ഉപയോഗിച്ചത്.

ഒക്‌ടോബര്‍ 31ന് സംഭവിച്ചത്

ഇരു കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലഫ്റ്റനന്റ് ഗവര്‍ണമാര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍പാകെ സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗിരിഷ് ചന്ദ്ര മുര്‍മുവിനെ ജമ്മുകശ്മീരിലും ത്രിപുര കേഡറില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണ മാത്തുരിനെ ലഡാക്കിലം ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കഴിഞ്ഞയാഴ്ചയാണു കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

ഇരു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേകം ചീഫ് സെക്രട്ടറിമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സ്വന്തം പോലീസ് മേധാവികമാരെയും പ്രധാന മേല്‍നോട്ട ഉദ്യോഗസ്ഥരെയും ലഭിക്കും. ദില്‍ബാഗ് സിങ് ജമ്മു കശ്മീര്‍ പോലീസ് മേധാവിയായി തുടരുമ്പോള്‍ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ ലഡാക്കില്‍ പോലീസ് തലവനാകും. ഇരുസേനകളും ജമ്മു കശ്മീര്‍ കേഡറായി തുടരുകയും ക്രമേണ കേന്ദ്രഭരണ കേഡറില്‍ ലയിക്കുകയും ചെയ്യും.

കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള വിഭജനം പൂര്‍ണമാകാന്‍ ഒരുവര്‍ഷമാണു പുനസംഘടനാ നിയമം അനുവദിക്കുന്നത്. സംസ്ഥാനങ്ങളുടെ പുനഃ സംഘടനയെന്നതു മന്ദഗതിയിലുള്ള പ്രക്രിയയാണ്. പുനഃസംഘടനയ്ക്കു ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. 2013 ല്‍ ആന്ധ്രാ പ്രദേശ് വിഭജിച്ച് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ഇപ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നിലുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാവി

ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും തസ്തിക നിയമനം നടത്തിക്കഴിഞ്ഞു. ബ്യൂറോക്രാറ്റിക് ഘടനകള്‍ നിലവിലുണ്ടെങ്കിലും സംസ്ഥാന ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഇനിയും വിഭജിച്ചിട്ടില്ല. ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമനത്തിനു മുന്‍ഗണന വ്യക്തമാക്കി അപേക്ഷ നല്‍കാന്‍ എല്ലാ സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പ്രക്രിയ തുടരുകയാണ്. ഇരു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കിടയില്‍ മിനിമം ഷിഫ്റ്റിങ് നടത്തുകയെന്നതാണ് ഇതിന്റെ അടിസ്ഥാന ആശയമെന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

”ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലും ഉദ്യോഗസ്ഥരുടെ മുന്‍ഗണനയ്ക്കനുസരിച്ച് നിയമനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ലഡാക്ക് തെരഞ്ഞെടുത്തവരെ അവിടെയും ജമ്മു കശ്മീരില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരെ അവിടെയും നിയമിക്കാനാണ് ആഗ്രഹിക്കുന്നത്. ലഡാക്കിലെ തസ്തികകള്‍ നികത്താനാവശ്യമായ ഉദ്യോഗസ്ഥര്‍ അവിടെനിന്ന് ഇല്ലായെന്നത് ഒരു പ്രശ്‌നമാണ്. അതിനാല്‍ ജമ്മു കശ്മീരില്‍നിന്നുള്ള കുറച്ച് ഉദ്യോഗസ്ഥര്‍ ലഡാക്കില്‍ പോകേണ്ടിവന്നേക്കാം. ഇക്കാര്യങ്ങള്‍ക്കെല്ലാം രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിനു കുറച്ച് സമയമെടുക്കും,” ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

താഴ്ന്ന തലത്തിലുള്ള എല്ലാ ജീവനക്കാരെയും അതാതു സ്ഥലത്ത് നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്ടോബര്‍ 31 മുതല്‍ യാതൊരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ നിയമങ്ങള്‍ക്ക് എന്തു സംഭവിക്കും?

നിയമനിര്‍മാണ പുനഃസംഘടന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. 153 സംസ്ഥാന നിയമങ്ങള്‍ റദ്ദാക്കി. പുനഃസംഘടന നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെല്ലാം സംസ്ഥാന ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇപ്പോള്‍ ബാധകമാകുന്ന 108 കേന്ദ്ര നിയമങ്ങളില്‍ സംസ്ഥാനത്തിന് അനുയോജ്യമായ ഉള്‍പ്പെടുത്തലുകള്‍ നടത്താവുന്നതാണ്.സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിലും സംസ്ഥാന ഉള്‍പ്പെടുത്തലുകള്‍ നടത്താം.

സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട സംസ്ഥാനത്തെ സംവരണവുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതിയിലൂടെ ചേര്‍ത്തിട്ടുണ്ട്. അതേസമയം, കേന്ദ്രനിയമങ്ങളില്‍നിന്ന് ചില ഉള്‍പ്പെടുത്തലുകള്‍ നടത്താന്‍ കേന്ദ്രം ആഗ്രഹിച്ചേക്കാമെന്ന് മറ്റൊരു സംസ്ഥാന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉള്‍പ്പെടുത്തലുകള്‍ ആവശ്യമായേക്കാവുന്ന നിയമങ്ങള്‍ ഏതൊക്കെ?

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ബാലനീതി നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രധാന തര്‍ക്കം പ്രായപരിധിയുമായി ബന്ധപ്പെട്ടാണ്. 16 വയസിനു മുകളിലുള്ളവരെ മുതിര്‍ന്നവരായി കേന്ദ്രനിയമം കണക്കാക്കുമ്പോള്‍, സംസ്ഥാന നിയമത്തിന്റെ പ്രായപരിധി പതിനെട്ടാണ്. അക്രമത്തിലൂന്നിയ പ്രതിഷേധത്തിന്റെ ഭാഗമാണെന്നു കണ്ടെത്തപ്പെടുന്ന കൗമാരക്കാര്‍ക്കു കശ്മീരിലെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രനിയമം തിരിച്ചടിയാകും. കേന്ദ്രനിയമം പലരുടെയും ഭാവി തകര്‍ക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്ത് നിലിനിന്നിരുന്ന സംവരണ നിയമം ജാതിസംവരണത്തെ അംഗീകരിക്കുന്നില്ല. നിയന്ത്രണരേഖയ്ക്കും രാജ്യാന്തര അതിര്‍ത്തിക്കും സമീപവും പിന്നാക്ക മേഖയിലുമുള്ളവര്‍ക്കുമുള്ള സംവരണമാണു ജമ്മു കശ്മീരിലുണ്ടായിരുന്നത്. സംസ്ഥാന ജനസംഖ്യയില്‍ എട്ടു പട്ടികജാതിക്കാരും 10 പട്ടികവര്‍ഗക്കാരും ഉള്‍പ്പെടുന്നു. ലഡാക്കിലെ ജനസംഖ്യയില്‍ പട്ടികജാതി വിഭാഗക്കാരില്ല. അതേസമയം ഗോത്രവര്‍ഗ ജനസംഖ്യ കൂടുതലാണ്.

ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളും പരിശോധിക്കേപ്പെടേണ്ടതുണ്ട്. ഇരു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വ്യാപാര നിയമങ്ങള്‍ രൂപപ്പെടുത്തേണ്ടതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ട്. കശ്മീരില്‍ ഇപ്പോള്‍ ആര്‍ക്കും ജോലിക്ക് അപേക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. സിവില്‍ സര്‍വീസസ് വികേന്ദ്രീകരണ നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആസ്തികള്‍ എങ്ങനെ പങ്കിടും?

സംസ്ഥാനത്തിന്റെ സ്വത്തുക്കളും ബാധ്യതകളും ഇരുകേന്ദ്രഭരണ പ്രദേശങ്ങളിലായി വിഭജിക്കുന്നതിനായി മുന്‍ പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ ഒന്‍പതിനു കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ ഉപദേശക സമിതി രൂപീകരിച്ചു. സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പുനഃസംഘടനയ്ക്കായി സംസ്ഥാനതലത്തില്‍ പഴ്‌സണല്‍, ധനകാര്യം, ഭരണം എന്നീ വിഭാഗങ്ങളില്‍ മറ്റു മൂന്നു സമിതികളും രൂപീകരിച്ചു. മൂന്നു സമിതികളും പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ശിപാര്‍ശകള്‍ പുറത്തുവന്നിട്ടില്ല. സ്വത്തുക്കള്‍ പങ്കിടുന്നതിനേക്കാള്‍ സങ്കീര്‍ണമായ പ്രവൃത്തിയാണു സാമ്പത്തിക പുനഃസംഘടന.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Jammu and kashmir union territories today article 370 specialstatus