scorecardresearch
Latest News

കേരളത്തിലെ നാല് ജില്ലകൾ ഉരുൾപൊട്ടൽ സാധ്യത പട്ടികയുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ

2018ൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഇരയായ കേരളത്തിലും തുടർച്ചയായി വൻതോതിലുള്ള മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്

India landslides, landslides in India, landslides, natural calamities, Explained Sci-Tech, Climate change, global warming, Explained Climate, Explained, Current Affairs, ISRO, kerala, landslides, india

കനത്ത മഴ, മണ്ണിടിച്ചിൽ (ഉരുൾപൊട്ടൽ), വെള്ളപ്പൊക്കം എന്നിവ മൂലം 2022ൽ രാജ്യത്ത് 835 പേർക്കു ജീവഹാനി സംഭവിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കു വ്യക്തമാക്കുന്നു. മണ്ണിടിച്ചിൽ,വെള്ളപ്പൊക്കം, കനത്തമഴ എന്നിങ്ങനെ അതിരൂക്ഷമായ വിവിധ കാലാവസ്ഥ പ്രശ്നങ്ങളിലെ ക്രമാനുഗതമായ വർധനവ് പരിഗണിച്ച് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പുതിയ ലാൻഡ്സ്ലൈഡ് അറ്റ്ലസ് (ഉരുൾ പൊട്ടൽ ഭൂപടം) പുറത്തിറക്കി. രാജ്യത്തെ ഉരുൾപൊട്ടാൻ കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്താണ് മണ്ണിടിച്ചിലിന്/ ഉരുൾ പൊട്ടലിന് കാരണമാകുന്നത്?

മണ്ണ്, പാറ, ഭൂമിയുടെ സ്ഥിതി, ചരിവ് എന്നിവയുടെ സാഹചര്യങ്ങളുള്ള മലയോര മേഖലകളിൽ സംഭവിക്കുന്ന പ്രകൃതിദുരന്തമാണ് ഉരുൾപൊട്ടൽ.

മലയോര മേഖലകളിൽ ഭൂസ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റും വന്‍തോതില്‍ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഇത്. കനത്ത മഴ, ഭൂകമ്പം, മഞ്ഞുരുകൽ, വെള്ളപ്പൊക്കം എന്നിവയാണ് സാധാരണയായി ഉരുൾപ്പൊട്ടലിനു ഇടയാക്കുന്ന പ്രകൃതിദത്ത കാരണങ്ങൾ. ഖനനം, കുന്നുകൾ നിരത്തുക, മരം മുറിക്കൽ, വികസനത്തിന്റെ ഭാഗമായി അമിതമായി ഭൂമിയുടെ സ്വാഭാവികത ഇല്ലാതാക്കുക, കന്നുകാലികളുടെ അമിതമായ മേയൽ തുടങ്ങി മനുഷ്യനിർമ്മിതമായ കാരണങ്ങളും മണ്ണിടിച്ചിലിന് കാരണമാകാറുണ്ട്.

India landslides, landslides in India, landslides, natural calamities, Explained Sci-Tech, Climate change, global warming, Explained Climate, Explained, Current Affairs, ISRO, kerala, landslides, india
ഉരുൾപൊട്ടൽ സാധ്യതയുള്ള​ പ്രദേശങ്ങൾ

അടിക്കടി ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകൾ അത്യന്തം അപകടകരമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യർക്കും മൃഗങ്ങൾക്കും ഒരേപോലെ ഭീഷണിയുയർത്തുന്ന ഒന്നുകൂടിയാണ് ഉരുൾപ്പൊട്ടൽ. വസ്തുവകകൾക്കും റോഡുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ വരുത്തുകയും വൈദ്യുതി ലൈനുകളും ആശയവിനിമയത്തിനുള്ള ഉപാധികളും തകർക്കുകയും ചെയ്യുന്നു. പാറകളുടെ ഘടന, ഭൂമിയുടെ പിളർപ്പ്, കുന്നിൻ ചരിവുകൾ, ഡ്രെയിനേജ്, ജിയോമോർഫോളജി, ഭൂവിനിയോഗം, മണ്ണിന്റെ ഘടന, കാലാവസ്ഥ വ്യതിയാനം മൂലം പാറകളിൽ വരുന്ന വ്യത്യാസങ്ങൾ എന്നിവയെല്ലാം മണ്ണിടിച്ചിലിനെ സ്വാധീനിക്കുന്ന ചില പ്രധാന ഘടകങ്ങളാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖല നിശ്ചയിക്കുന്നതിലും ഈ ബാഹ്യഘടകങ്ങൾ നിർണായകമാണ്. ഇന്ത്യയിൽ മഴ മൂലം ഉണ്ടാകുന്ന ഉരുൾപൊട്ടലുകൾ സാധാരണമാണ്.

മണ്ണിടിച്ചിൽ പലവിധം

ഉരുൾപ്പൊട്ടലിന്റെ ആഘാതവും തീവ്രതയും പരിഗണിച്ച് മണ്ണിടിച്ചിലുകളെ പലതായി തരം തിരിച്ചിട്ടുണ്ട്. ഉൾപ്പെട്ടിരിക്കുന്ന വസ്തുക്കൾ (പാറ, പാറക്കല്ലുകൾ , മണ്ണ്, ചെളി), അവയുടെ ചലനപ്രകൃതം (ഇടിഞ്ഞുവീഴുന്നു, സ്ലൈഡ്, റൊട്ടേഷണൽ സ്ലൈഡ് അല്ലെങ്കിൽ ട്രാൻസ്ലേഷണൽ സ്ലൈഡ്), വസ്തുക്കളുടെ ഒഴുക്കിന്റെ രീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വേർതിരിവ്. ഐഎസ്ആർഒയുടെ അറ്റ്ലസിൽ രേഖപ്പെടുത്തിയിരിക്കുന്ന മണ്ണിടിച്ചിൽ പ്രധാനമായും സീസൺ(കാലാവസ്ഥ), ഇവന്റ്(സംഭവം)എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്.

India landslides, landslides in India, landslides, natural calamities, Explained Sci-Tech, Climate change, global warming, Explained Climate, Explained, Current Affairs, ISRO, kerala, landslides, india
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക

1998-2022 കാലഘട്ടത്തിൽ ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ഉണ്ടായ അനിഷ്ട സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐഎസ്ആർഒയുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) രാജ്യത്തെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ ഡാറ്റാബേസ് വികസിപ്പിച്ചെടുത്തത്. ആകാശ ചിത്രങ്ങൾക്ക് പുറമേ, ഇന്ത്യൻ റിമോട്ട് സെൻസിങ് (IRS-1D) PAN + LISS-III, സാറ്റ്-1,2 തുടങ്ങിയ ഉപഗ്രഹങ്ങളുടെയും സഹായത്തോടെ പകർത്തിയ ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ കഴിഞ്ഞ 25 വർഷത്തിനിടയിലുണ്ടായ മണ്ണിടിച്ചിലുകളെ കുറിച്ച് പഠിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. സീസണൽ (2014, 2017 മൺസൂൺ സീസണുകൾ), ഇവന്റ്/ റൂട്ട് ബേസ്ഡ്സ് (2000 – 2017) എന്നിങ്ങനെ രണ്ടായാണ് പാൻ-ഇന്ത്യ ലാൻഡ്‌സ്‌ലൈഡ് ഡാറ്റാബേസ് മണ്ണിടിച്ചിലുകളെ തരംതിരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ മണ്ണിടിച്ചിലിന് എത്രത്തോളം സാധ്യതയുണ്ട്?

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ആദ്യ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇവിടെ മണ്ണിടിച്ചിലിന്റെ ഫലമായി വർഷത്തിൽ 100 ചതുരശ്ര കിലോമീറ്ററിൽ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഹിമാലയവും പശ്ചിമഘട്ടവും വളരെ ദുർബലമായി തുടരുമ്പോൾ തന്നെ രാജ്യത്ത് ഉരുൾപൊട്ടലിനുള്ള ഏറ്റവും വലിയ കാരണം മഴയുടെ വ്യതിയാനമാണ്. മഞ്ഞുമൂടിയ പ്രദേശങ്ങൾ ഒഴികെ, രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഭൂവിസ്തൃതിയുടെ ഏകദേശം 12.6 ശതമാനം (0.42 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശമാണ്. വടക്ക്-പടിഞ്ഞാറൻ ഹിമാലയത്തിൽ 66.5 ശതമാനവും വടക്ക്-കിഴക്കൻ ഹിമാലയത്തിൽ ഏകദേശം 18.8 ശതമാനവും പശ്ചിമഘട്ടത്തിൽ 14.7 ശതമാനവും പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അസം, അരുണാചൽ പ്രദേശ്, സിക്കിം, മേഘാലയ, മിസോറാം, മണിപ്പൂർ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളാണ് (ഏതാണ്ട് 0.18 ചതുരശ്ര കിലോമീറ്റർ) രാജ്യത്തെ ഉരുൾപൊട്ടൽ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയാണ് തൊട്ടുപിറകിൽ, ഏതാണ്ട് 0.14 ദശലക്ഷം ചതുരശ്ര കിലോമീറ്റർ. അതേസമയം മഹാരാഷ്ട്ര, ഗോവ , കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് സാധ്യതാപ്രദേശമായി വരുന്നത്. ആന്ധ്രാപ്രദേശിലെ അരക്കു മേഖലയും കിഴക്കൻ ഘട്ടങ്ങളും (0.01 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) സാധ്യതാലിസ്റ്റിലുണ്ടെങ്കിലും ഇത് താരതമ്യേന ചെറിയ പ്രദേശമാണ്. പശ്ചിമഘട്ടത്തിൽ, ഉരുൾപൊട്ടൽ സാധ്യത കുറവാണെങ്കിലും കേരളത്തിൽ ഇത് പ്രദേശവാസികളുടെ മരണ കാരണമായി മാറിയിട്ടുണ്ട്.

ഉരുൾ പൊട്ടൽ അറ്റ്ലസ് എന്താണ് സൂചിപ്പിക്കുന്നത്?

ഉത്തരാഖണ്ഡ്, കേരളം, ജമ്മു കശ്മീർ, മിസോറാം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് 1998-2022 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 25 വർഷത്തിനിടെ 12,385 ഉരുൾപൊട്ടൽ ദുരന്തങ്ങൾ രേഖപ്പെടുത്തിയ മിസോറാമാണ് ഈ പട്ടികയിൽ മുന്നിൽ . അതിൽതന്നെ 8,926 എണ്ണം 2017ൽ മാത്രം രേഖപ്പെടുത്തിയവയാണ്. അതുപോലെ, ഈ കാലയളവിൽ നാഗാലാൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ 2,132 ഉരുൾപൊട്ടലുകളിൽ 2,071 എണ്ണവും 2017ലെ മൺസൂൺ സീസണിലാണ് സംഭവിച്ചത്. മണിപ്പൂരിലും സമാനമായ അനുഭവങ്ങളാണ് കാണപ്പെട്ടത്. അതിൽ 5,494-ൽ 4,559 ഉരുൾപൊട്ടലും 2017ലെ മഴക്കാലത്തായിരുന്നു. തമിഴ്‌നാട്ടിലെ മൊത്തം 690ൽ 603 ഉരുൾപൊട്ടൽ സംഭവങ്ങളും 2018-ൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.

ഉത്തരാഖണ്ഡ, കേരളം എന്നിവിടങ്ങളിലാണ് ഭീതിജനകമായ സാഹചര്യം രൂപപ്പെട്ടിട്ടുള്ളത് . ജനുവരി മുതൽ ജോഷിമഠിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂമി ഇടിഞ്ഞുതാഴുന്ന സംഭവം ഉത്തരാഖണ്ഡിന്റെ ദുർബലത തുറന്നുകാട്ടിയപ്പോൾ, ഈ ഹിമാലയൻ സംസ്ഥാനം 1998 മുതൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന (11,219) ഉരുൾപൊട്ടലുകൾക്ക് സാക്ഷിയായി. 2000ന് ശേഷം നടന്ന ഉരുൾപൊട്ടലുകൾ പരിശോധിച്ചാൽ ഇതിന്റെ ഭീകരത മനസ്സിലാകും.

വർഷവും ആ വർഷം നടന്ന ഉരുൾപ്പൊട്ടലുകളും യഥാക്രമത്തിൽ : 2003 (32), 2010 (307), 2012 (473), 2013 (6,610), 2017 (1), 2021 (329), 2022 (1).

ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിൽ അരുണാചൽ പ്രദേശ് (16), കേരളം (14), ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ (13 വീതം), ഹിമാചൽ പ്രദേശ്, അസം, മഹാരാഷ്ട്ര (11 വീതം), മിസോറാം (8), നാഗാലാൻഡ് (7) എന്നിങ്ങനെയാണ് കണക്ക്. 2018ൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ഇരയായ കേരളത്തിലും തുടർച്ചയായി വൻതോതിലുള്ള മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2018 (5,191), 2019 (756), 2020 (9), 2021 (29) എന്നിങ്ങനെ പോവുന്നു ആ കണക്ക്.

കേരളത്തിലെ നാല് ജില്ലകളും ഉരുൾപൊട്ടൽ സാധ്യത പട്ടികയുടെ ആദ്യപത്ത് സ്ഥാനങ്ങളിലുണ്ട്. തൃശ്ശൂർ(3), മലപ്പുറം(7), പാലക്കാട്(5), കോഴിക്കോട്(10) എന്നിവയാണത്.

വിശദാംശങ്ങളിൽനിന്നും ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള 147 ജില്ലകളിൽ ഒന്നാമതായി എൻആർഎസ്സി രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മണ്ണിടിച്ചിൽ സാന്ദ്രതയുള്ളതിനാൽ ഇവിടുത്തെ ജനങ്ങൾക്കും വീടുകൾക്കും മണ്ണിടിച്ചിൽ വലിയ ഭീഷണിയുയർത്തുന്നുണ്ട്.

  • ബെംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻസ് കമ്മ്യൂണിക്കേഷൻ ആൻഡ് ഔട്ട്‌റീച്ച് മാനേജരായ അഞ്ജലി മാരാർ തയ്യാറാക്കിയ റിപ്പോർട്ട്

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Isro releases the landslide atlas of india