കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ ശരീരത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒരു രോഗാണുനാശിനി തളിച്ചിരുന്നു. അവരെ രോഗാണുമുക്തരാക്കുകയാണ് ലക്ഷ്യമിട്ടതെന്ന് കരുതുന്നു. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലും ഡല്‍ഹിയില്‍ തൊഴിലാളികളുടെ സാധനങ്ങളിലുമാണ് രോഗാണുനാശിനി തളിച്ചത്.

ഇവരുടെമേല്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയാണ് തളിച്ചത്. ഒരു ബ്ലീച്ചിങ് ഏജന്റായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സോഡിയം ഹൈപ്പോക്ലോറൈറ്റ്. സ്വിമ്മിങ് പൂളുകള്‍ രോഗാണുമുക്തമാക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളും മറ്റു പ്രതലങ്ങളും രോഗണുമുക്തമാക്കാന്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ഈ രാസവസ്തു ഉപയോഗിച്ചിരുന്നു.

ഈ രാസവസ്തു സുരക്ഷിതമാണോ?

സാധാരണ ഉപയോഗിക്കുന്ന ബ്ലീച്ചിങ് വസ്തു എന്ന നിലയില്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് വ്യത്യസ്തമായ ശുചീകരണ, രോഗാണുനാശിനി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് പുറത്ത് വിടുന്ന ക്ലോറിനാണ് രോഗാണുനാശിനി. ഉപയോഗിക്കുന്നതിന്റെ കാരണത്തിന് അനുസരിച്ച് ഈ രാസവസ്തുവിന്റെ തീവ്രതയില്‍ വ്യത്യാസം വരും. വലിയതോതിലെ ക്ലോറിന്‍ അപകടകാരിയാണ്. സാധാരണ വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ 2-10 ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനിയാണ് ഉപയോഗിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന മുറിവും മറ്റും വൃത്തിയാക്കി കെട്ടുന്നതിന് 0.25-0.5 ശതമാനം തീവ്രതയുള്ള ലായനി ഉപയോഗിക്കും. കൈ കഴുകുന്നതിന് ഇതിലും തീവ്രത കുറഞ്ഞ (0.05 ശതമാനം) ലായനിയാണ് ഉപയോഗിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ തളിക്കാന്‍ ഉപയോഗിച്ച ലായനിയുടെ തീവ്രത എത്രയുണ്ടാകും?

കുടിയേറ്റ തൊഴിലാളികളുടെ വസ്തുക്കളില്‍ തളിക്കുന്നതിന് ഒരു ശതമാനം തീവ്രതയുള്ള ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ചുവെന്നാണ് ഡല്‍ഹിയിലെ അധികൃതര്‍ പറയുന്നത്. കെട്ടിടങ്ങളിലും വാഹനങ്ങളിലും ഉപയോഗിച്ചതിന്റെ തീവ്രതയില്‍ വ്യക്തതയില്ല.

ഒരു ശതമാനം തീവ്രതയുള്ള ലായനിക്ക് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കാന്‍ കഴിയും. ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ശ്വാസകോശത്തില്‍ ഗുരുതരമായ പരുക്കേല്‍പ്പിക്കും. സോഡിയം ഹൈപ്പോക്ലോറൈറ്റിന് ദ്രവിപ്പിക്കുന്ന സ്വഭാവമുണ്ട്. കഠിനമായ പ്രതലങ്ങളെ ശുചീകരിക്കുന്നതിനാണ് ഉപയോഗിക്കുക. ഇതിനെ മനുഷ്യരുടെ മേല്‍ പ്രയോഗിക്കാന്‍ നിർദേശമില്ല, പ്രത്യേകിച്ച് തളിക്കാനോ കുളിക്കാനോ. 0.05 ശതമാനം തീവ്രതയുള്ള ലായനി പോലും കണ്ണുകള്‍ക്ക് ഹാനികരമാണ്.

ഇത് ചൊറിച്ചിലിനും പൊള്ളലിനും കാരണമാകുമെന്നും മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നതിന് അനുമതിയില്ലെന്നും ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കീടനാശിനി ഓഫീസറായ രാജന്‍ നരിന്‍ഗ്രേക്കര്‍ പറയുന്നു.

ഈ രാസവസ്തു ഒരിക്കലും മനുഷ്യരുടെ മേല്‍ ഇപ്രകാരം ഉപയോഗിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറയുന്നു. സ്വിമ്മിങ് പൂളുകളില്‍ സോഡിയം ഹൈപ്പോക്ലോറൈറ്റിന്റെ അളവ് വളരെ കുറവാണ്. അതിനാല്‍ ത്വക്കിന് ഹാനികരമല്ല.

പൂനെയില്‍ കെട്ടിടങ്ങളിലാണ് ഈ രാസവസ്തു തളിച്ചത്. ഇതുപോലും കെട്ടിടത്തിനുള്ളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് ഹാനികരമാണെന്ന് സാംക്രമിക രോഗങ്ങള്‍ തടയാനുള്ള സാങ്കേതിക കമ്മിറ്റി ചെയര്‍മാനായ സുഭാഷ് ശലുങ്കെ പറയുന്നു. ഈ രോഗാണുനാശിനി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോവിഡ്-19-നെ നശിപ്പിക്കാന്‍ ഈ രാസവസ്തുവിനാകുമോ?

2-10 ശതമാനം വരെ തീവ്രതയുള്ള വീട്ടിലുണ്ടാക്കിയ ബ്ലീച്ചിങ് മിശ്രിതം ഉപയോഗിച്ച് കഠിനമായ പ്രതലങ്ങളും മറ്റും ശുചീകരിക്കുന്നത് മൂലം കോവിഡ്-19-ന്റെ സാന്നിധ്യം ഇല്ലാതാക്കാമെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ രോഗ നിയന്ത്രണ കേന്ദ്രവും പറയുന്നു. ഫ്‌ളൂ, ആഹാരത്തിലൂടെ പകരുന്ന രോഗങ്ങളും മറ്റും ഇല്ലാതാക്കാനും ഇതിലൂടെ കഴിയുമെന്ന് മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒരു ടൂട്ടോറിയലില്‍ പറയുന്നു. ഈ ഉല്‍പന്നമോ ലായനിയോ ഉപയോഗിക്കുമ്പോള്‍ കൈയുറകള്‍ ധരിക്കണമെന്നും വായുപ്രവാഹമുള്ള സ്ഥലങ്ങള്‍ മാത്രമേ ശുചീകരിക്കാവൂവെന്നും ഈ ടൂട്ടോറിയല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook