scorecardresearch

ഇന്ത്യ സാമ്പത്തിക സ്തംഭനാവസ്ഥയുടെ വക്കിലോ?

സാമ്പത്തിക വളര്‍ച്ച അതിവേഗം കുറയുകയും പണപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്റ്റാഗ്ഫ്ലേഷൻ നേരിടുകയാണെന്ന അഭ്യൂഹം ശക്തമാണ്

സാമ്പത്തിക വളര്‍ച്ച അതിവേഗം കുറയുകയും പണപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്റ്റാഗ്ഫ്ലേഷൻ നേരിടുകയാണെന്ന അഭ്യൂഹം ശക്തമാണ്

author-image
WebDesk
New Update
Stagflation, സ്റ്റാഗ്ഫ്‌ളേഷന്‍, Indian economy, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, India GDP rate, ഇന്ത്യയുടെ ജിഡിപി നിരക്ക്, Stagnation, സ്റ്റാഗ്‌നേഷന്‍, Inflation ഇന്‍ഫ്‌ളേഷന്‍, Economic growth സാമ്പത്തിക വളര്‍ച്ച, GDP, ജിഡിപി, GDP growth, ജിഡിപി വളര്‍ച്ച, RBI, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം

സ്റ്റാഗ്ഫ്ലേഷൻ സംബന്ധിച്ച ചോദ്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞയാഴ്ച വിസമ്മതിച്ചിരുന്നു. 'ആ വിവരണം താനും കേട്ടിട്ടുണ്ട്, എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ അഭിപ്രായങ്ങളൊന്നുമില്ല' എന്ന് അവര്‍ പറഞ്ഞതായാണു റിപ്പോര്‍ട്ട്. എന്നാല്‍ സാമ്പത്തിക വളര്‍ച്ച അതിവേഗം കുറയുകയും പണപ്പെരുപ്പം കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ സ്റ്റാഗ്ഫ്ലേഷൻ നേരിടുകയാണെന്ന അഭ്യൂഹം ശക്തമാണ്.

Advertisment

എന്താണ് സ്റ്റാഗ്ഫ്ലേഷൻ ?

ലളിതമായി പറഞ്ഞാല്‍, സാമ്പത്തിക വളര്‍ച്ച നിശ്ചലമാകുന്ന(സ്റ്റാഗ്‌നേഷന്‍)തിനൊപ്പം പണപ്പെരുപ്പം (ഇന്‍ഫ്ലേഷന്‍) വര്‍ധിക്കുന്ന അവസ്ഥയാണു സ്റ്റാഗ്ഫ്ലേഷൻ. ധാരണഗതിയില്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുമ്പോള്‍ പണപ്പെരുപ്പം ഉയരും. ആളുകള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നതിനാലും വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കാന്‍ കഴിവുള്ളതിനാലുമാണിത്. സമ്പദ്‌വ്യവസ്ഥ സ്തംഭിക്കുമ്പോള്‍ പണപ്പെരുപ്പവും കുറയും.

സമ്പദ്‌വ്യവസ്ഥ മുരടിച്ച വളര്‍ച്ചയെയും ഉയര്‍ന്ന പണപ്പെരുപ്പത്തെയും അഭിമുഖീകരിക്കുമ്പോഴാണു സ്റ്റാഗ്ഫ്ലേഷൻ സംഭവിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇരു ധ്രുവങ്ങളിലെയും ഏറ്റവും മോശം അവസ്ഥ. കാരണം സാമ്പത്തിക വളര്‍ച്ച മുടങ്ങുമ്പോള്‍ തൊഴിലില്ലായ്മ വര്‍ധിക്കും. വരുമാനം വേണ്ടത്ര വര്‍ധിക്കില്ല. ഇതുകാരണം വാങ്ങല്‍ ശേഷി കുറയുന്നതിനാല്‍ ആളുകള്‍ ഇരുവശത്തുനിന്നും സമ്മര്‍ദം നേരിടും.

മുന്‍പ് സംഭവിച്ചിട്ടുണ്ടോ?

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് 1965 നവംബറില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിക്കവെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായിരുന്ന ഇയാന്‍ മക്ലിയോഡ് ഇങ്ങനെ പറഞ്ഞു: ''ലോകത്തിലെ ഏറ്റവും മോശം അവസ്ഥ നേരിടുകയാണ് നാം. ഒരു വശത്ത് പണപ്പെരുപ്പം മാത്രമല്ല മറുഭാഗത്ത് സാമ്പത്തിക സ്തംഭനാവസ്ഥയുമുണ്ട്. എന്നാല്‍ ഇതു രണ്ടും ഒരുമിച്ച് വന്നിരിക്കുകയാണ്. നമുക്ക് 'സ്റ്റാഗ്ഫ്ലേഷൻ ' സാഹചര്യമുണ്ട്. ആധുനിക രീതിയില്‍ പറഞ്ഞാല്‍ തീര്‍ച്ചയായും ചരിത്രം സൃഷ്ടിക്കപ്പെടുന്നു.''

Advertisment

1970 കളുടെ തുടക്കത്തിലും മധ്യത്തിലും ഒപെക് (ദി ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്) എണ്ണവിതരണം കുറയ്ക്കാന്‍ തീരുമാനിക്കുകയും ലോകമെമ്പാടും എണ്ണവില കുതിച്ചുയരുകയും ചെയ്തതാണു സ്റ്റാഗ്ഫ്ലേഷന്റെ ഏറ്റവും പ്രസിദ്ധമായ സംഭവം.

ഒരു വശത്ത്, എണ്ണവിലയിലുണ്ടായ വര്‍ധന എണ്ണയെ വളരെയധികം ആശ്രയിക്കുന്ന മിക്ക പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകളുടെയും ഉല്‍പ്പാദനശേഷിയെ നിയന്ത്രിക്കുകയും സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുകയും ചെയ്തു. മറുവശത്ത്, എണ്ണവില കുതിച്ചുചാടുന്നതു പണപ്പെരുപ്പത്തിലേക്കു നയിക്കുകയും ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ചെലവേറിയതാകുകയും ചെയ്തു. ഉദാഹരണത്തിന്, 1974 ല്‍ എണ്ണവില 70 ശതമാനം വര്‍ധിച്ചതിനെത്തുടര്‍ന്ന് യുഎസിലെ പണപ്പെരുപ്പം ഏതാണ്ട് ഇരട്ട അക്കത്തിലെത്തി. കുറഞ്ഞ വളര്‍ച്ച, ഉയര്‍ന്ന തൊഴിലില്ലായ്മ, ഉയര്‍ന്ന വിലനിലവാരം എന്നിവയായിരുന്നു ഇതിന്റെ ഫലം. ഈ അവസ്ഥയാണു സ്റ്റാഗ്ഫ്ലേഷൻ.

എന്തുകൊണ്ടാണ് എല്ലാവരും സ്റ്റാഗ്ഫ്ലേഷനെക്കുറിച്ച് ചോദിക്കുന്നത്?

കഴിഞ്ഞ ആറ് പാദങ്ങളിലായി ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച ഓരോ പാദത്തിലും കുറയുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ) ജിഡിപി വളര്‍ച്ച 4.5 ശതമാനമാണെന്നാണ് ഏറ്റവും പുതിയ ഡേറ്റ വ്യക്തമാക്കുന്നത്. പുതിയ പാദത്തിലും (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ജിഡിപി വളര്‍ച്ച ഇതേനിലയില്‍ തുടരാന്‍ സാധ്യതയുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് ശരാശരി അഞ്ച് ശതമാനമായിരിക്കുമെന്നാണു സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരിക്കുമിത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചില്ലറവ്യാപാര മേഖലയിലെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. ഒക്ടോബറില്‍ പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. നവംബറിലെ പണപ്പെരുപ്പം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.54 ശതമാനമാണ്. സാമ്പത്തിക വര്‍ഷത്തിലെ ശേഷിക്കുന്ന കാലയളവിലെ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ആശ്വാസ നിലവാരമായ നാലു ശതമാനത്തിനു മുകളിലായിരിക്കുമെന്നാണു പ്രതീക്ഷ. ഓരോ പാദത്തിലും വളര്‍ച്ച കുറയുകയും എല്ലാ മാസവും പണപ്പെരുപ്പം ഉയരുകയും ചെയ്യുമ്പോള്‍ സ്റ്റാഗ്ഫ്ലേഷന്റെ മുറുമുറുപ്പുകളുണ്ട്.

ഇന്ത്യ സ്റ്റാഗ്ഫ്ലേഷൻ നേരിടുന്നുണ്ടോ?

ഒറ്റനോട്ടത്തില്‍ അങ്ങനെ കാണപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യ ഇതുവരെ സ്റ്റാഗ്ഫ്ലേഷൻ നേരിടുന്നില്ല. ഇതിനു മൂന്ന് വിശാലമായ കാരണങ്ങളുണ്ട്. ഒന്ന്, മുന്‍പത്തെപ്പോലെ വേഗത്തില്‍ വളരുകയല്ലെന്നതു ശരിയാണെങ്കിലും വളര്‍ച്ച ഇല്ലാതാവുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യ ഇപ്പോഴും അഞ്ച് ശതമാനം വളര്‍ച്ച കൈവരിക്കുന്നു. വരും വര്‍ഷങ്ങളില്‍ അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വര്‍ഷം തോറും നമ്മുടെ ജിഡിപി കേവല സംഖ്യയില്‍ വളരുന്നുണ്ട്. വളര്‍ച്ച ഇല്ലാതാകുന്നില്ല.

രണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില്ലറവ്യാപാര മേഖലയിലെ പണപ്പെരുപ്പം വളരെ ഉയര്‍ന്നതാണെന്നതു ശരിയാണ്. എന്നാല്‍ ഈ കുതിച്ചുചാട്ടത്തിന്റെ കാരണം താല്‍ക്കാലികമാണ്. കാലം തെറ്റിയുണ്ടായ മഴ കൃഷിനാശത്തിനു കാരണമായതിനെത്തുടര്‍ന്നുണ്ടായ വിലക്കയറ്റമാണ് ഇതിനു കാരണം. മെച്ചപ്പെട്ട ഭക്ഷ്യ പരിപാലനമുണ്ടാകുന്നതോടെ ഭക്ഷ്യവിലക്കയറ്റം കുറയുമെന്നാണു പ്രതീക്ഷ. പ്രധാന പണപ്പെരുപ്പം - അതായതു ഭക്ഷണവും ഇന്ധനവും കണക്കിലെടുക്കാതെ പണപ്പെരുപ്പം - ഇപ്പോഴും ഗുണകരമല്ല.

അവസാനമായി, ചില്ലറവ്യാപാര മേഖലയിലെ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യനിരക്കായ നാലു ശതമാനത്തിനുള്ളിലാണ്. ഏതാനും മാസങ്ങളിലെ പെട്ടെന്നുള്ള വര്‍ധന അടുത്ത കുറച്ച് മാസങ്ങളില്‍ സാധാരണഗതിയിലാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യ സ്റ്റാഗ്ഫ്ലേഷനിലാണെന്ന അവകാശവാദങ്ങള്‍ അല്‍പ്പം നേരത്തെയാണ്.

Indian Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: