കോവിഡ് വാക്സിനേഷൻ നടപടികൾ ലോകത്താകെ പുരോഗമിക്കുമ്പോൾ നിയന്ത്രണങ്ങളോട് കൂടിയാണെങ്കിലും കൂടുതൽ ലോക രാജ്യങ്ങൾ യാത്രക്കാർക്ക് അനുമതി നൽകുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച് യുഎസിലേക്കോ കാനഡയിലേക്കോ തായ്‌ലൻഡിലേക്കോ യാത്ര ചെയ്യുമ്പോൾ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്നേക്കാം. എന്നിരുന്നാലും, യുകെയിലേക്ക് പറക്കുന്ന ഇന്ത്യക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാണ്. പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കുപോലും യുകെയിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ ക്വാറന്റൈന് വിധേയരാവേണ്ടി വരും.
വാക്സിനേഷൻ രേഖകളും കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ വിദേശികളെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുമെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ വിശാലമായ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഏത് വിസ ഉള്ളവർക്കാണ് അല്ലെങ്കിൽ ഏതൊക്കെ വാക്സിനുകൾ പരിഗണിക്കും തുടങ്ങിയ നിരവധി പ്രധാന വശങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമല്ല.
ജനുവരിയിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ യുഎസ് പൂർണമായി നിരോധിച്ചിരുന്നു. പിന്നീട് യുഎസ് സർക്കാർ സെമസ്റ്റർ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ രാജ്യത്തേക്ക് വരാൻ അനുവദിച്ചു.
ഏതാനും മാസം മുൻപാണ് ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും കാനഡ വിലക്കിയത്. യാത്രക്ക് മുൻപ് നടത്തിയ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയ യാത്രക്കാർക്കും വിമാനമിറങ്ങിയ ശേഷമുള്ള കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്നായിരുന്നു നടപടി.
എന്നാൽ ചൊവ്വാഴ്ച മുതൽ, കാനഡയ്ക്കും ഇന്ത്യയ്ക്കുമിടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകളുടെ പ്രവർത്തനം അനുവദിച്ചു. ഒപ്പം കാനഡയിലേക്ക് സ്റ്റോപ്പ്ഓവർ ഫ്ലൈറ്റ് എടുക്കുമ്പോൾ ഇന്ത്യൻ യാത്രക്കാർക്ക് വിധേയമാക്കേണ്ട മൂന്നാം രാജ്യ ആർടി-പിസിആർ ആവശ്യകതയിലും ഇളവ് വരുത്തി.
Read More From Explained: ഓൺലൈൻ ഭക്ഷണ വിതരണത്തിന് ജിഎസ്‌ടി; പുതിയ തീരുമാനം ബാധിക്കുന്നതെങ്ങനെ?
കൂടാതെ, തായ്‌ലൻഡിലേക്ക് വരാൻ വിവിധ പെർമിറ്റുകളുള്ള തായ് ഇതര പൗരന്മാർക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ന്യൂ ഡൽഹിയിലെ തായ്‌ലൻഡ് എംബസി തിങ്കളാഴ്ച പ്രഖ്യാപിച്ചു. സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ് , റെസിഡൻസി പെർമിറ്റ് മുതലായവ ഇവയിൽ ഉൾപ്പെടുന്നു. എന്നാൽ മെഡിക്കൽ വിസയോ ടൂറിസ്റ്റ് വിസയോ ഇതിൽ ഉൾപ്പെടുന്നില്ല.
യുകെയിലെ നിയമങ്ങൾ എന്തൊക്കെയാണ്?
രാജ്യാന്തര യാത്രയ്ക്കുള്ള ‘ആമ്പർ’ പട്ടിക ഒഴിവാക്കിക്കൊണ്ട് യുകെ നിയമങ്ങൾ മാറ്റി. ഇന്ത്യ ആമ്പർ ലിസ്റ്റിലായിരുന്നു ഉൾപ്പെട്ടിരുന്നത്. യുകെയിലേക്ക് യാത്രചെയ്യുന്നവർ യാത്രക്ക് മുൻപുള്ള 10 ദിവസത്തിനിടെ ആമ്പർ പട്ടികയിലുള്ള രാജ്യങ്ങളിലൊന്നിലുണ്ടായിരുന്നെങ്കിൽ യാത്രക്ക് മൂന്ന് ദിവസം മുൻപ് കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു യാത്രാ നിയന്ത്രണങ്ങളിൽ പറഞ്ഞിരുന്നത്. ഒപ്പം യുകെയിലെത്തി രണ്ടാം ദിവസം ഒരു ടെസ്റ്റ് നടത്താനും വ്യവസ്ഥയുണ്ടായിരുന്നു.
ഒരു ‘അംഗീകൃത’ വാക്സിൻ മുഴുവനായും സ്വീകരിച്ച യാത്രക്കാർക്ക് പോലും ഈ ടെസ്റ്റുകൾ നിർബന്ധമായിരുന്നു. എന്നാൽ കുത്തിവയ്പ് പൂർത്തിയാക്കാത്തതോ സ്വീകരിക്കാത്തതോ ആയ യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിബന്ധനയിൽ നിന്ന് കുത്തിവയ്പ് പൂർത്തീകരിച്ചവർക്ക് ഇളവുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റങ്ങൾ പ്രകാരം ഈ ഇളവ് ഇല്ലാതാവുകയാണ്.
Read More From Explained: ഭക്ഷ്യയോഗ്യമായ സസ്യങ്ങളിൽ നിന്ന് വാക്സിൻ; പ്രതീക്ഷയേകി പുതിയ പരീക്ഷണം
ഒക്ടോബർ നാല് മുതൽ, യുകെ ആമ്പർ ലിസ്റ്റ് ഒഴിവാക്കുകയും ‘റെഡ്’ ലിസ്റ്റ് രാജ്യങ്ങളും മറ്റ് രാജ്യങ്ങളും എന്ന രീതിയിലേക്ക് തരംതിരിക്കുകയും ചെയ്യും. അത് പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയിൽ പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കിലും ഇന്ത്യൻ യാത്രക്കാർ നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടിവരും. ഇന്ത്യയിലെ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ യുകെയുടെ അംഗീകൃത വാക്സിൻ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാലാണ് ഇത്.
മറ്റ് ഏത് രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത്?
യുഎഇ, ജർമ്മനി, സ്പെയിൻ, മാലിദ്വീപ്, തുർക്കി, തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ 2020 ന്റെ മുന്നോടിയായി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഭരണകൂടം ഇന്ത്യൻ പൗരന്മാർക്ക് ഉൾപ്പെടെ ടൂറിസ്റ്റ് വിസകൾ നൽകാൻ തുടങ്ങി.
തുർക്കിയിലെത്തുന്ന ഇന്ത്യൻ യാത്രക്കാർ വാക്സിൻ മുഴുവനായി സ്വീകരിച്ചവരാണെങ്കിൽ അവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ലെന്ന് ന്യൂഡൽഹിയിലെ ടർക്കിഷ് എംബസി ഈ മാസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം, ജർമ്മനി ഇന്ത്യയെ “ഉയർന്ന (കോവിഡ്) രോഗബാധിത പ്രദേശങ്ങൾ” എന്ന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള “വൈറസ് വേരിയന്റ് ഏരിയ”കളുടെ പട്ടികയിൽ നിന്നായിരുന്നു താരതമ്യേന നിയന്ത്രണം കുറഞ്ഞ വിഭാഗത്തിലേക്ക് ഇന്ത്യയെ മാറ്റിയത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് നീക്കി. ഇന്ത്യയിൽ നിന്ന് പൂർണമായും വാക്സിനേഷൻ ലഭിച്ച സഞ്ചാരികൾക്ക് സ്പെയിനും പ്രവേശനം അനുവദിക്കുന്നുണ്ട്.