കോവിഡ് മഹാമാരിക്കു മുന്‍പുള്ള സാഹചര്യത്തിലേക്കു പറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമയാന മേഖല. ഇന്ത്യയില്‍നിന്നും ഇങ്ങോട്ടുമുള്ള ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ 27-ന് പുനരാരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം പുതിയവ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് വിവിധ വിദേശ വിമാനക്കമ്പനികള്‍.
പുതുതായി ഏതൊക്കെ റൂട്ടുകള്‍?
ഡല്‍ഹി-ഹെല്‍സിങ്കി റൂട്ടില്‍ പറക്കുന്ന നടത്തുന്ന ഫിന്‍എയര്‍, മുംബൈയ്ക്കും ഹെല്സിങ്കിക്കുമിടയില് ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ കൂടി ആരംഭിക്കും.
ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ ഏപ്രില്‍ 29 മുതല്‍ ആഴ്ചയില്‍ മൂന്നു തവണ ചെന്നൈയ്ക്കും ഫ്രാങ്ക്ഫര്ട്ടിനുമിടയില് നേരിട്ടുള്ള ഫ്ളൈറ്റുകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വിസുകള്‍ വര്‍ധിപ്പിക്കുമെന്ന് ഡച്ച് എയര്‍ലൈനായ കെഎല്‍എം അറിയിച്ചു. ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് കെഎല്‍എം വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുന്നത്.
പോളണ്ടിലെ ലോട്ട് പോളിഷ് എയര്‍ലൈന്‍സ് മാര്‍ച്ച് 29 മുതല്‍ ഡല്‍ഹി-വാര്‍സോ സെക്ടറില്‍ സര്‍വിസ് പുനരാരംഭിക്കും. മേയ് 31 മുതല്‍ വാര്‍സോയില്‍നിന്ന് മുംബൈയിലേക്കു പുതിയ യാത്രാ വിമാന സര്‍വിസുകള്‍ ആരംഭിക്കും.
മലേഷ്യന്‍ എയര്‍ലൈന്‍സ് ക്വാലാലംപൂരില്‍നിന്ന് ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നിരവധി ഇന്ത്യന്‍ നഗരങ്ങളിലേക്ക് മാര്‍ച്ച് 27 മുതല്‍ പ്രതിവാരം 25 വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കും.
എന്തുകൊണ്ടാണ് വിമാനക്കമ്പനികള്‍ ഈ സേവനങ്ങള്‍ പ്രഖ്യാപിക്കുന്നത്?
2020 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇടക്കാലത്ത്, എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരം വിദേശ രാജ്യങ്ങളിലേക്കും ഇങ്ങോട്ടുമുള്ള സര്‍വിസ് സാധ്യമാക്കിയിരുന്നു. എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിമാനക്കമ്പനികള്‍ക്കു നിശ്ചിത സര്‍വിസുകള്‍ മാത്രമേ നടത്താന്‍ കഴിയൂ.
എന്നാല്‍, ഷെഡ്യൂള്‍ ചെയ്ത സര്‍വിസുകള്‍ പുനരാരംഭിക്കുന്നതോടെ വിമാനക്കമ്പനികള്‍ക്ക്, അവയുടെ മാതൃരാജ്യവും ഇന്ത്യയും തമ്മില്‍ ചര്‍ച്ച ചെയ്ത യഥാര്‍ത്ഥ എയര്‍ സര്‍വീസ് കരാറുകള്‍ക്ക് അനുസൃതമായുള്ള ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.
സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് എന്ത് മാറ്റം സൃഷ്ടിക്കും?
കോവിഡ് മഹാമാരിക്കു മുന്‍പ് ഇന്ത്യയില്‍നിന്ന് ഓരോ ആഴ്ചയും മൊത്തം 4,700 അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് എയര്‍ ബബിള്‍ കരാറുകള്‍ പ്രകാരം പ്രതിവാര സര്‍വിസുകളുടെ എണ്ണം രണ്ടായിരമായി പരിമിതപ്പെട്ടു. ഇത് രാജ്യാന്തര റൂട്ടുകളിലെ യാത്രാ നിരക്കിനെ ബാധിച്ചു.
വേനല്‍ അവധിക്കാലത്തിനു മുന്നോടിയായി വിമാനക്കമ്പനികള്‍ ശേഷി കൂട്ടുന്നതിനാല്‍, ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് യാത്രാനിരക്കുകളുടെ കാര്യത്തില്‍ കുറച്ച് ആശ്വാസം നല്‍കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്.
Also Read: പൊള്ളുന്ന പാചകവാതക വില; കാരണമെന്ത്?