സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ന്യൂസ് മീഡിയ, ഓവര്‍-ദി-ടോപ്പ് (ഒ ടി ടി) ഉള്ളടക്ക ദാതാക്കളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം സംബന്ധിച്ച പാര്‍ലമെന്റില്‍ ഉന്നയിച്ച ആശങ്കകളും ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നടപടി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) നിയമങ്ങള്‍ 2021, പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ ഇടനിലക്കാർ (ഇന്റര്‍മീഡിയറീസ്) എന്നൊരു വിഭാഗത്തെ വിഭാവനം ചെയ്യുന്നു. ഇതിന്റെ പരിധി പിന്നീട് പ്രഖ്യാപിക്കും. കൂടാതെ, പരമ്പരാഗത മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ, മാധ്യമ പ്ലാറ്റ്ഫോമുകളും പാലിക്കേണ്ട ഏകീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഈ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലം എന്താണ്?
2018 ലെ സുപ്രീം കോടതി നിരീക്ഷണവും 2019 ലെ സുപ്രീം കോടതി ഉത്തരവും നിയമ-ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ ഉദ്ധരിച്ചു. 2018ലും 2020ലും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് പുറമേ ”ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ സാധാരണ ഉപയോക്താക്കളെ അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തബോധം നല്‍കാൻ പ്രാപ്തരാക്കുക” എന്നതാണു നിയമത്തിന്റെ ഉദ്ദേശമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുന്നതിനായി മൂന്ന് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍, ജനുവരി 26 ന് ചെങ്കോട്ടയില്‍ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടായത്. ചെങ്കോട്ടയിലെ സംഭവങ്ങളെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍നിന്ന് ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനെച്ചൊല്ലി സര്‍ക്കാരും ട്വിറ്ററും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
സോഷ്യല്‍ മീഡിയയ്ക്കായുള്ള പ്രധാന നിര്‍ദേശങ്ങള്‍ എന്തൊക്കെ?
ഉപയോക്തൃ-നിര്‍മിത ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്ന ഇടനിലക്കാര്‍ക്ക് ഒരു ”സുരക്ഷിത ഇടം’, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 79-ാം വകുപ്പ് നല്‍കുന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങളുടെ ബാധ്യതയില്‍ നിന്ന് അവരെ ഒഴിവാക്കുന്നു.
ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ‘സുരക്ഷിത ഇടം’ വ്യവസ്ഥകള്‍ പ്രയോഗിക്കുന്നത് അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന ഇടനിലക്കാരന്‍ പിന്തുടരേണ്ട കൃത്യമായ കരുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
ഉപയോക്താക്കളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ ഒരു സംവിധാനം സ്ഥാപിക്കണമെന്ന് നിര്‍ബന്ധമാക്കുന്നു. അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഈ പ്ലാറ്റ്‌ഫോമുകള്‍ ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്. പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളില്‍ രസീത് നല്‍കുകയും 15 ദിവസത്തിനുള്ളില്‍ അവ പരിഹരിക്കുകയും വേണം.
സോഷ്യല്‍ മീഡിയയില്‍നിന്ന് ഉള്ളടക്കം നീക്കംചെയ്യുന്നത് സംബന്ധിച്ച് നിര്‍ദേശമുണ്ടോ?
ചുരുക്കത്തില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഹോസ്റ്റ് ചെയ്യാന്‍ പാടില്ലാത്ത 10 തരത്തിലുള്ള ഉള്ളടക്കങ്ങളെക്കുറിച്ച് നിയമങ്ങള്‍ പ്രതിപാദിക്കുന്നു.
”ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പരമാധികാരം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, അല്ലെങ്കില്‍ പൊതു ക്രമം എന്നിവക്കെതിരെയുള്ള ഭീഷണി, അല്ലെങ്കില്‍ അറിയാവുന്ന ഏതെങ്കിലും കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്ന അല്ലെങ്കില്‍ ഏതെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് തടയുന്ന അല്ലെങ്കില്‍ ഏതെങ്കിലും വിദേശരാജ്യങ്ങളെ അപമാനിക്കുന്ന ഉള്ളടക്കം” ഇതില്‍ ഉള്‍പ്പെടുന്നു. ”അപകീര്‍ത്തിപ്പെടുത്തുന്ന, അസഭ്യമായ, അശ്ലീലമായ, കുട്ടികളോട് ലൈംഗിക ആകര്‍ഷണം തോന്നുന്നത് സംബന്ധിച്ച, ശാരീരിക സ്വകാര്യത ഉള്‍പ്പെടെ മറ്റൊരാളുടെ സ്വകാര്യതയെ ആക്രമിക്കുന്നത്. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുക, അപകീര്‍ത്തികരമായി, വംശീയമായി അല്ലെങ്കില്‍ വംശീയമായി ആക്ഷേപകരമായ; കള്ളപ്പണം വെളുപ്പിക്കല്‍, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ടതോ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമോ ആയ” എന്നിവയും ഉള്‍പ്പെടുന്നു.
നിരോധിത ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് കോടതിയില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നോ വിവരങ്ങള്‍ ലഭിച്ചാല്‍, അത് 36 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണമെന്ന് നിയമങ്ങള്‍ അനുശാസിക്കുന്നു.
ഇത്തരം കരുതലുകള്‍കൊണ്ട് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
ഒരു പരാതി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനൊപ്പം, ഇന്ത്യയില്‍ താമസിക്കുന്ന ഒരു ചീഫ് കംപ്ലയിന്‍സ് ഓഫീസറെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇനി നിയമിക്കേണ്ടി വരും. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. നിയമ നിര്‍വഹണ ഏജന്‍സികളുമായി ഏകോപനത്തിനായി 24 മണിക്കൂം ലഭ്യമാകുന്ന നോഡല്‍ ഓഫിസറെയും കമ്പനികള്‍ നിയമിക്കേണ്ടി വരും.
കൂടാതെ, പ്ലാറ്റ്ഫോമുകള്‍ പ്രതിമാസ നടപടി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ലഭിച്ച പരാതികളുടെ വിശദാംശങ്ങളും പരാതികളില്‍ സ്വീകരിച്ച നടപടികളും അതുപോലെ തന്നെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ ഇടനിലക്കാരന്‍ നീക്കംചെയ്ത ഉള്ളടക്കങ്ങളുടെ വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്നതാവണം റിപ്പോര്‍ട്ട്.
നിയമങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു വ്യവസ്ഥകൾ മൂന്ന് മാസത്തിനുശേഷം പ്രാബല്യത്തില്‍ വരും.
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കുള്ള പിഴ എന്തൊക്കെയാണ്?
ഒരു ഇടനിലക്കാരന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവരുടെ ‘സുരക്ഷിത ഇടം’ നഷ്ടപ്പെടുത്തും, കൂടാതെ ”ഐടി നിയമത്തിലെ വ്യവസ്ഥകള്‍ക്കും ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകൾക്കും പ്രകാരം’ ശിക്ഷ ബാധകമാണ്.
രേഖകളില്‍ കൃത്രിമം കാണിക്കല്‍, കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്കുള്ള ഹാക്കിങ്, തെറ്റായ ഓണ്‍ലൈന്‍ അവതരണം, രഹസ്യാത്മകത, സ്വകാര്യത എന്നിവയുടെ ലംഘനം, വഞ്ചനാപരമായ ആവശ്യങ്ങള്‍ക്കായി ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍ എന്നിവ ഐടി ആക്ടിന് കീഴിലുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു. രണ്ട് ലക്ഷം രൂപ മുതല്‍ പിഴ ഈടാക്കും. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ മുതല്‍ പിഴയുമാണ് ശിക്ഷ.
ഉദാഹരണത്തിന്, ഏതെങ്കിലും ഒരാള്‍ കമ്പ്യൂട്ടര്‍ ഉറവിടത്തെ മനപൂര്‍വം തകര്‍ക്കുകയോ മറയ്ക്കുകയോ നശിപ്പിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയുമാണു ശിക്ഷ.
ഐടി നിയമത്തിലെ 66 വകുപ്പ് പ്രകാരം, ഉടമസ്ഥന്റെയോ കമ്പ്യൂട്ടറിന്റെയോ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിന്റെയോ ചുമതലയുള്ള മറ്റേതെങ്കിലും വ്യക്തിയുടേയോ അനുമതിയില്ലാതെ, മേല്‍പറഞ്ഞ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍, മുന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കുകയോ അല്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ഒടുക്കുകയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വേണ്ടി വരും.
”ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ പെരുമാറ്റം” കൈമാറുന്നവരെ തടവിലാക്കാനും പിഴ ചുമത്താനും 67 എ വകുപ്പില്‍ വ്യവസ്ഥയുണ്ട്. ആദ്യ സന്ദര്‍ഭത്തില്‍, അത്തരം വ്യക്തികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും, രണ്ടാമത്തെ സന്ദര്‍ഭത്തില്‍, ഏഴ് വര്‍ഷം വരെ തടവും ലഭിക്കും.
പരമാധികാരം അല്ലെങ്കില്‍ അഖണ്ഡത, പ്രതിരോധം, രാജ്യ സുരക്ഷ അല്ലെങ്കില്‍ പൊതു ക്രമം എന്നിവ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഇടനിലക്കാരുടെ എക്‌സിക്യൂട്ടീവുകള്‍ക്ക് ഐടി നിയമത്തിലെ 69 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം.
ഇന്റര്‍നെറ്റിലെ ഡേറ്റ സ്വകാര്യതയെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമായുമുള്ള നിലവിലുള്ള നിയമം എന്താണ്?
സ്വകാര്യതയെ നിര്‍വചിക്കുന്ന രണ്ടായിരത്തിലെ ഐടി നിയമത്തിനു കീഴില്‍ പ്രത്യേക വ്യവസ്ഥകളോ സ്വകാര്യതയുമായി ബന്ധപ്പെട്ട ഏതെങ്കിലും ശിക്ഷാനടപടികളോ ഇല്ലെങ്കിലും ഡേറ്റ നിയമ ലംഘനങ്ങളുടെയും സ്വകാര്യതയുടെയും പ്രത്യേക കേസുകള്‍ നിയമത്തിലെ ചില വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ഉദാഹരണത്തിന്, ഉപയോക്താക്കളുടെ ഡേറ്റ പരിരക്ഷിക്കാന്‍ ന്യായമായതും മികച്ചതുമായ സുരക്ഷയും സുരക്ഷാ ഘടകങ്ങളും ഉപയോഗിക്കുന്നതില്‍ ഒരു ഇടനിലക്കാരന്‍ അശ്രദ്ധനാണെങ്കില്‍ നഷ്ടപരിഹാരത്തിനായി 43 എ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. കമ്പനികള്‍ ”ന്യായമായ സുരക്ഷാ രീതികളും നടപടിക്രമങ്ങളും” ഉപയോഗിക്കണമെന്ന് ഈ വകുപ്പ് പറയുന്നുണ്ടെങ്കിലും, വളരെ വ്യക്തമായ രീതിയില്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല, മാത്രമല്ല അവ വിവിധ രീതികളില്‍ വ്യാഖ്യാനിക്കാനും കഴിയും.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തന്റെ ജോലിയുടെ ഭാഗമായി ലഭിക്കുന്ന പിന്നീട് ആർക്കെങ്കിലും ചോര്‍ത്തിക്കൊടുത്താൽ ഐടി നിയമത്തിലെ 72-ാം വകുപ്പ് പ്രകാരം തടവും പിഴയും ലഭിക്കും.
ഒരു സേവന ദാതാവ്, സേവനം നല്‍കുന്നതിനിടയിലോ അല്ലെങ്കില്‍ കരാര്‍ കാലയളവിലോ, ഉപയോക്താവിനെക്കുറിച്ച് അറിയാതെ തന്നെ അവരുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ ശിക്ഷയ്ക്ക് 72 എ വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
ഒ ടി ടി സേവനങ്ങള്‍ക്കുള്ള നിയമങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
ഒ ടി ടി സേവന ദാതാക്കളായ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് മുതലായവയ്ക്ക് പ്രായത്തിന് അനുസൃതമായി, ഉള്ളടക്കത്തിന്റെ സ്വയം വര്‍ഗീകരണം അഞ്ച് വിഭാഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും അനുയോജ്യമായ ഓണ്‍ലൈന്‍ ക്യൂറേറ്റഡ് ഉള്ളടക്കത്തെ ”യു” എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ഏഴു വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായതും ഏഴു വയസിനു താഴെയുള്ളവര്‍ക്കു രക്ഷാകര്‍തൃ മാര്‍ഗനിര്‍ദേശത്തോടെ കാണാവുന്നതുമായ ഉള്ളടക്കത്തെ ”യു/എ 7+” റേറ്റിങ്ങായി തരം തിരിക്കും.
13 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് അനുയോജ്യമായതും 13 വയസിനു താഴെയുള്ളവര്‍ക്കു രക്ഷാകര്‍തൃ മാര്‍ഗനിര്‍ദേശത്തോടെ കാണാവുന്നതുമായ ഉള്ളടക്കം ”യു/എ 13+” റേറ്റിങ്ങായി തരംതിരിക്കും. 16 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് അനുയോജ്യമായതും 16 വയസിന് താഴെയുള്ളവര്‍ക്കു രക്ഷാകര്‍തൃ മാര്‍ഗനിര്‍ദ്ദേശത്തോടെ കാണാവുന്നതുമായ ഉള്ളടക്കം ”യു/ എ 16+” റേറ്റിങ്ങായും തരംതിരിക്കും.
മുതിര്‍ന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ ക്യൂറേറ്റഡ് ഉള്ളടക്കത്തെ ”എ” റേറ്റിങ് എന്ന് തരംതിരിക്കും. യു/എ 13+ അല്ലെങ്കില്‍ ഉയര്‍ന്നത് എന്ന് തരംതിരിക്കുന്ന ഉള്ളടക്കത്തിനായി രക്ഷാകര്‍തൃ പൂട്ടുകള്‍ നടപ്പാക്കുന്നതിന് പ്ലാറ്റ്‌ഫോമുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ”എ” എന്ന് തരംതിരിക്കുന്ന ഉള്ളടക്കത്തിനായി വിശ്വസനീയമായ പ്രായ പരിശോധനാ സംവിധാനങ്ങളും നിർബന്ധമാണ്.