ഭാരത്‌പേ, ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകൾ വഴി അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ അനുവദിക്കുന്ന ഇന്ത്യയുടെ തത്സമയ റീട്ടെയിൽ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ), സിംഗപ്പൂരിലെ പേനൗ എന്ന സമാന സംവിധാനവും തമ്മിൽ സംയോജിപ്പിച്ചിരിക്കുകയാണ്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ മത്സരാധിഷ്ഠിത നിരക്കിൽ അതിവേഗം പണമയയ്ക്കാൻ സാധ്യമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങിന്റെയും സാന്നിധ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ (മാസ്) മാനേജിങ് ഡയറക്ടർ രവി മേനോനും ചേർന്നാണ് ഇരുരാജ്യങ്ങൾക്കിടിയിൽ പുതിയൊരു ബന്ധത്തിനു തുടക്കം കുറിച്ചത്.
എന്താണ് യുപിഐയും പേനൗവും?
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇന്ത്യയുടെ മൊബൈൽ അധിഷ്‌ഠിത ഫാസ്റ്റ് പേയ്‌മെന്റ് സംവിധാനമാണ്. ഇത് ഉപഭോക്താവ് സൃഷ്‌ടിച്ച ഒരു വെർച്വൽ പേയ്‌മെന്റ് അഡ്രസ് (വിപിഎ) ഉപയോഗിച്ച് പെട്ടെന്നുതന്നെ എല്ലാ പണമിടപ്പാടുകളും നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു. പണം അയയ്ക്കുന്നയാൾ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടുന്നതിന്റെ അപകടസാധ്യതയും ഇത് ഇല്ലാതാക്കുന്നു. വ്യക്തിയിൽനിന്നു വ്യക്തിയിലേക്കും (പി2പി), വ്യക്തിയിൽനിന്നു വ്യാപാരിയിലേക്കും (പി2എം) പണമിടപ്പാട് യുപിഐ വഴി നടത്താൻ കഴിയും. പണം അയയ്‌ക്കാനോ സ്വീകരിക്കാനോ ഇത് ഉപയോക്താവിനെ പ്രാപ്‌തമാക്കുന്നു.
സിംഗപ്പൂരിലെ അതിവേഗ പേയ്‌മെന്റ് സംവിധാനമാണ് പേനൗ. ഇത് വ്യക്തികളിൽനിന്നു വ്യക്തികളിലേക്കുള്ള പണം കൈമാറ്റ സേവനം പ്രാപ്തമാക്കുന്നു. സിംഗപ്പൂരിലെ പങ്കാളിത്ത ബാങ്കുകളിലൂടെയും ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങളിലൂടെയും (എൻഎഫ്ഐ) റീട്ടെയിൽ ഉപഭോക്താക്കൾക്കു സേവനം ലഭ്യമാണ്. ഇത് ഉപയോക്താക്കളെ അവരുടെ മൊബൈൽ നമ്പർ, സിംഗപ്പൂർ നാഷണൽ രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡ് (എൻആർഐസി)/വിദേശ ഐഡന്റിഫിക്കേഷൻ നമ്പർ (എഫ്ഐഎൻ) അല്ലെങ്കിൽ വിപിഎ ഉപയോഗിച്ച് സിംഗപ്പൂരിലെ ഒരു ബാങ്കിൽ നിന്നോ ഇ-വാലറ്റ് അക്കൗണ്ടിൽ നിന്നോ മറ്റൊന്നിലേക്കു തൽക്ഷണം പണമയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നു.
യുപിഐ- പേനൗ ലിങ്കേജ് എന്താണ്?
ക്രോസ്-ബോർഡർ റീട്ടെയിൽ പേയ്‌മെന്റുകൾ സാധാരണ ആഭ്യന്തര ഇടപാടുകളേക്കാൾ ചെലവേറിയതാണ്. ഇന്ത്യയ്ക്കും സിംഗപ്പൂരിനുമിടയിലുള്ള ക്രോസ്-ബോർഡർ പണമിടപാടുകളുടെ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണു യുപിഐ-പേനൗ ബന്ധിപ്പിക്കൽ. വേഗത്തിലും ചെലവ് കുറഞ്ഞതും സുതാര്യവുമായ വിദേശ പണമിടപാടുകൾ നടത്തുന്നത് ജി20യുടെ സാമ്പത്തിക ഉൾപ്പെടുത്തൽ മുൻഗണനകളുമായി യോജിക്കുന്നതാണ്.
ഈ വർഷം അംഗത്വ ഘടനയുടെ ഊഴത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ജി20 അധ്യക്ഷനാകുന്നത്. ജി20 അംഗമല്ലെങ്കിലും 2010 മുതൽ 2011 വരെയും 2013 മുതൽ 2023 വരെയും ഉച്ചകോടികളിലും അതുമായി ബന്ധപ്പെട്ട പരിപാടികളിലും പങ്കെടുക്കാൻ സിംഗപ്പൂരിനു ക്ഷണമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, യാത്ര, പണമയയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട വേഗമേറിയതും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഇടപാടുകൾ സുഗമമാക്കുന്നതിനു രണ്ട് ഫാസ്റ്റ് പേയ്‌മെന്റ് സംവിധാനങ്ങളും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2021 സെപ്റ്റംബറിൽ ആരംഭിച്ചതാണ്.
ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് ഇത് എങ്ങനെ പ്രയോജനം ചെയ്യും?
യുപിഐ-പേയ്‌നൗ ബന്ധം, രണ്ട് ഫാസ്റ്റ് പേയ്‌മെന്റ് സിസ്റ്റങ്ങളിലെയും ഉപയോക്താക്കളെ മറ്റു പേയ്‌മെന്റ് സിസ്റ്റത്തിൽ കയറാതെ തന്നെ തൽക്ഷണവും കുറഞ്ഞ ചെലവിലുള്ള ഫണ്ട് കൈമാറ്റം നടത്താൻ സഹായിക്കും. സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളെ, പ്രത്യേകിച്ചു കുടിയേറ്റ തൊഴിലാളികളെയും വിദ്യാർഥികളെയും സിംഗപ്പൂരിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും വേഗത്തിലും കുറഞ്ഞ ചെലവിലും പണം കൈമാറ്റം ചെയ്യാൻ ഇതു സഹായിക്കും. ആർബിഐ റെമിറ്റൻസ് സർവേ, 2021 പ്രകാരം 2020-21ൽ ഇന്ത്യയിലേക്കുള്ള മൊത്തം ഇൻവാർഡ് റെമിറ്റൻസിൽ (ഇന്ത്യയിലേക്കു പണം അയയ്ക്കുന്നതിൽ) സിംഗപ്പൂരിന്റെ വിഹിതം 5.7 ശതമാനമാണ്.