scorecardresearch

ഇന്ത്യയുടെ ചെറുധാന്യങ്ങൾ; ഇവ കഴിക്കുന്നത് ഗുണകരമോ?

സാധാരണയായി ഉപയോഗിക്കുന്ന ധാന്യങ്ങളെക്കാൾ പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമാണ് മില്ലറ്റുകൾ

millets, India millets, Millets benefits, millets india political significance, MSP for millets,

കേന്ദ്ര ബജറ്റിൽ ചെറുധാന്യങ്ങളായ ജോവർ (മണിച്ചോളം), ബജ്ര, റാഗി തുടങ്ങിയവയ്ക്ക് അവയുടെ ആരോഗ്യഗുണങ്ങൾ കണക്കിലെടുത്ത് മുൻഗണന നൽകിയിട്ടുണ്ട്. “ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകരും ‘ശ്രീ അന്ന’യുടെ (മില്ലറ്റ്) രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്-ഹൈദരാബാദിനെ രാജ്യാന്തര തലത്തിലെ മികച്ച രീതികളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റും,” ധനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ മില്ലറ്റുകൾ

ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ, പുല്ലുവർഗത്തിൽപ്പെട്ട ധാന്യവിളകളാണ്. 2023 രാജ്യാന്തര മില്ലറ്റ് വർഷമായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം യുഎൻ ജനറൽ അസംബ്ലി രണ്ട് വർഷം മുൻപ് അംഗീകരിച്ചിരുന്നു. വർഷത്തിലുടനീളം വിവിധ കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഈ “പോഷകാഹാരം” പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കും. ജി 20 യോഗങ്ങളിലെ പ്രതിനിധികൾക്ക് കർഷകരെ കണ്ടുമുട്ടാനും, ഇവ രുചിക്കാനും, സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ “മില്ലറ്റ് അനുഭവം” നൽകും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സ്‌കൂളുകൾ, ആശുപത്രികൾ, സർക്കാർ കാന്റീനുകൾ എന്നിവയുടെ ഭക്ഷണ മെനുവിൽ മില്ലറ്റുകൾ ഉൾപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ രൂപീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഎംഎസ്) പോലുള്ള ആശുപത്രികൾ മാർച്ച് മുതൽ മില്ലറ്റ് അധിഷ്ഠിത ഭക്ഷണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ഒരു “മില്ലറ്റ് കാന്റീൻ” സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്.

ഫിറ്റ് ഇന്ത്യ ആപ്പ് വഴി, യുവജനകാര്യ മന്ത്രാലയം പ്രമുഖ കായികതാരങ്ങൾ, പോഷകാഹാര വിദഗ്ധർ, ഡയറ്റീഷ്യൻമാർ എന്നിവരുമായി മില്ലറ്റുകളെക്കുറിച്ച് വെബിനാറുകളും കോൺഫറൻസുകളും നടത്തി. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ആന്ധ്രാപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മില്ലറ്റ് ഫെയർ-കം-എക്സിബിഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വ്യാപാര പ്രദർശനങ്ങളിൽ ഇന്ത്യൻ മില്ലറ്റുകളുടെ വൈവിധ്യം പ്രദർശിപ്പിക്കും.

ഇന്ത്യൻ എംബസികൾ 140 ലധികം രാജ്യങ്ങളിൽ എക്സിബിഷനുകളും സെമിനാറുകളും മില്ലറ്റ് ഉപയോഗിച്ചുള്ള പാചകമത്സരങ്ങളും സംഘടിപ്പിക്കും. പൊതുവിതരണ സമ്പ്രദായത്തിൽ ഈ ധാന്യങ്ങളുടെ സംഭരണം വർധിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി പൊതുവിതരണ പരിപാടികൾ കൂടുതൽ വൈവിധ്യമാർന്ന രീതിയിൽ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

മില്ലറ്റുകളുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

സാധാരണയായി ഉപയോഗിക്കുന്ന ധാന്യങ്ങളെക്കാൾ പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമാണ് മില്ലറ്റുകൾ. അവയ്ക്ക് അരിയെയോ ഗോതമ്പിനെയേക്കാൾ വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. ജലസേചനം കൂടാതെ മഴയുള്ള പ്രദേശങ്ങളിലും ഇവ കൃഷി ചെയ്യാം. പുല്ല് വർഗത്തിൽപ്പെടുന്ന മില്ലറ്റുകൾ വരൾച്ചയിലും അതികഠിനമായ കാലാവസ്ഥയിലും കൂടുതൽ സഹിഷ്ണുത കാണിക്കുന്നു. കൂടാതെ മോശം മണ്ണിലും കുന്നിൻ പ്രദേശങ്ങളിലും ഇവയ്ക്ക് വളരാൻ കഴിയും.

പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താനുള്ള ആരോഗ്യകരമായ ഒരു ഉപാധിയാണ് മില്ലറ്റുകൾ. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ഇന്ത്യയിൽ സാധാരണ ധാന്യങ്ങൾ മാറ്റുന്നത് ഗുണം ചെയ്യും. 2025 ഓടെ രാജ്യത്ത് 69.9 ദശലക്ഷം പ്രമേഹരോഗികൾ ഉണ്ടാകുമെന്നാണ് പ്രവചനം. ചെറുപ്പത്തിൽ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത രാജ്യത്ത് കൂടുതലാണ്.

സംസ്കരിച്ച അരി, ഗോതമ്പ് എന്നിവയെക്കാൾ വളരെ താഴ്ന്ന ഗ്ലൈസെമിക് സൂചികയാണ് ( ഒരു ഭക്ഷ്യവസ്തു കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര ഉയരുന്നു) മില്ലറ്റുകൾക്കുള്ളത്. കുറഞ്ഞ ഗ്ലൈസെമിക് ഡയറ്റ് ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. അത് ഹൃദ്രോഗം അല്ലെങ്കിൽ കാൻസർ സാധ്യത പോലും കുറയ്ക്കുന്നു.

ഗട്ട് മൈക്രോബയോട്ട മെച്ചപ്പെടുത്താൻ അറിയപ്പെടുന്ന നാരുകളുടെ അംശവും മില്ലറ്റുകളിൽ കൂടുതലാണ്. അവ വേഗത്തിൽ സംതൃപ്തി നൽകുകയും ആളുകളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുകയും അതുവഴി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇരുമ്പ്, സിങ്ക് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമായ മില്ലറ്റുകൾ വിളർച്ച കുറയ്ക്കാൻ സഹായിക്കും. 2015-16 ലും 2020-21 ലും ദേശീയ കുടുംബാരോഗ്യ സർവേയുടെ രണ്ട് റൗണ്ടുകൾക്കിടയിൽ 6-9 വയസ് പ്രായമുള്ള കുട്ടികളിൽ വിളർച്ച 58.6 ശതമാനത്തിൽനിന്ന് 67.1 ശതമാനമായി വർധിച്ചു. 15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ ഇത് 53.1ശതമാനത്തിൽനിന്ന് 57 ശതമാനമായും വർധിച്ചു.

മില്ലറ്റിൽ അടങ്ങിയിട്ടുള്ള നിയാസിൻ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിനും എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൂറ്റൻ അലർജിയും ഇറിറ്റബിൾ ബവൽ സിൻഡ്രോമും ഉള്ളവർക്ക് മില്ലറ്റ് അനുയോജ്യമാണ്.

മില്ലറ്റുകൾ അമിതമായി കഴിക്കാൻ കഴിയുമോ?

മില്ലറ്റുകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉണ്ടെങ്കിലും, അവ കുറഞ്ഞ കലോറി ഓപ്ഷനല്ല. മാക്‌സ് ഹെൽത്ത്‌കെയർ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും ഹെഡുമായ ഡോ.അംബ്രിഷ് മിത്തൽ മില്ലറ്റുകളിലും നിയന്ത്രണം പ്രധാനമാണെന്ന് ദി ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതി.

“നിങ്ങൾ അനിയന്ത്രിതമായ അളവിൽ മില്ലറ്റ് കഴിച്ചാൽ, നിങ്ങൾക്ക് പോഷകഗുണങ്ങൾ നഷ്ടപ്പെടും,” ഡോ മിത്തൽ പറഞ്ഞു. കൂടാതെ, അരിയോ ഗോതമ്പോ പോലെ ഈ ധാന്യങ്ങൾ സംസ്കരിക്കരുത്. അങ്ങനെ ചെയ്യുന്നത് അവയുടെ ഗ്ലൈസെമിക് സൂചിക ഉയർത്തുകയും ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Indias millets and why it makes sense to have these grains