ജമ്മുവിലെ നൗസേര മേഖലയിലെ നിയന്ത്രണരേഖയില്‍ ജൂലൈ 10-ന് വെടിവയ്പ്പില്‍ ഗൂര്‍ഖാ റെജിമെന്റിലെ നേപ്പാളുകാരനായ സൈനികനായ ഹല്വീദാര് സംബൂര്‍ ഗുരുങ് (36) കൊല്ലപ്പെട്ടു. ഇന്ത്യയും നേപ്പാളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ന്നിരിക്കെ വന്ന ഈ വാര്‍ത്ത ഇരുരാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇന്ത്യയുടെ ഇതിഹാസതുല്യമായ ഗൂര്‍ഖാ റെജിമെന്റിലെ സൈനികരില്‍ സിംഹഭാഗവും നേപ്പാളില്‍ നിന്നുള്ളവരാണ്. ഈ ബന്ധത്തിന്റെ ആരംഭവും പരിണാമവും എങ്ങനെയാണെന്ന് നോക്കാം.
നേപ്പാളുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധത്തിന്റെ തുടക്കം
ഈ ഹിമാലയന്‍ രാജ്യവുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധത്തിന്റെ വേരുകള്‍ മഹാരാജാ രഞ്ജിത് സിംഗിന്റെ ഭരണത്തോളം നീളുന്നതായി ഇന്ത്യയുടെ മുന്‍ സൈനിക തലവനായ ജനറല്‍ വി പി മാലിക് തന്റെ ഇന്ത്യാസ് മിലിട്ടറി കോണ്‍ഫ്ളിക്ട്സ് ആന്റ് ഡിപ്ലോമസി എന്ന പുസ്തകത്തില്‍ പറയുന്നു. ഒരു അധ്യായം അദ്ദേഹം നേപ്പാളുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കാന്‍ മാറ്റിവച്ചിരിക്കുന്നു. ലാഹോറില്‍ രഞ്ജിത് സിംഗിന്റെ സൈന്യത്തിലേക്ക് നേപ്പാളുകാരെ റിക്രൂട്ട് ചെയ്തിരുന്നു. അവരെ ലഹൂര് അഥവാ ഭാഗ്യത്തിന്റെ സൈനികര്‍ എന്നാണ് വിളിച്ചിരുന്നത്.
1815, ഏപ്രില്‍ 14-ന് ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ നസിരി റെജിമെന്റ് എന്ന പേരില്‍ ഗൂര്‍ഖാ റെജിമെന്റിന്റെ ആദ്യ ബറ്റാലിയന് രൂപീകരിച്ചു. ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തോടൊപ്പം 10 ഗൂര്‍ഖാ റെജിമെന്റുകളാണ് ഉണ്ടായിരുന്നത്.
Read Also: രോഗനിയന്ത്രണം വർഷാവസാനത്തോടെ മാത്രം, സമൂഹവ്യാപനത്തിലേക്ക്: മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ 1947 നവംബറില്‍ ഇന്ത്യയും ബ്രിട്ടണും ഈ റെജിമെന്റുകളായി വിഭജിച്ചെടുത്തു. ബ്രിട്ടണ്-ഇന്ത്യ-നേപ്പാള്‍ ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഒരു ലക്ഷത്തോളം സൈനികരുള്ള ആറ് ഗൂര്‍ഖാ റെജിമെന്റുകള്‍ ഇന്ത്യയിലേക്ക് വന്നു. തുടര്‍ന്ന് ഏഴാം ഗൂര്‍ഖാ റൈഫിള്‍സില്‍ നിന്നും 10-ാം ഗൂര്‍ഖാ റൈഫിള്‍സില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിലേക്ക് മാറ്റാത്ത സൈനികരെ ഉള്‍പ്പെടുത്തി 11 ഗൂര്‍ഖാ റൈഫിള്‍സ് എന്നൊരു റെജിമെന്റ് കൂടെ രൂപീകരിച്ചു.
നേപ്പാള്‍ പൗരന്മാര്ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ സാധിക്കുമോ
ചേരാം. ഏതൊരു നേപ്പാളിക്കും ഇന്ത്യന്‍ സൈന്യത്തില്‍ സൈനികനായും ഓഫീസറായും ചേരാം. ദേശീയ പ്രതിരോദ അക്കാദമി, കംബയിന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ എഴുതി ഇന്ത്യന്‍ സൈന്യത്തിലെ ഓഫീസറായി മാറാം. കാര്‍ഗില്‍ യുദ്ധ സമയത്ത് വീര്‍ ചക്ര പുരസ്കാരം ലഭിച്ച കേണല്‍ ലളിത് റായ് അത്തരമൊരു നേപ്പാളി പൈതൃകമുള്ള ഓഫീസറാണ്.
ഇന്ത്യയിലെ സൈനിക അക്കാദമികളിലും കോളെജുകളിലും നേപ്പാള്‍ ഓഫീസര്‍മാരെ പരിശീലനത്തിന് അയക്കാറുണ്ട്. 35 ബറ്റാലിയനുകളുള്ള ഗൂര്‍ഖാ റെജിമെന്റിലേക്ക് നേപ്പാളില്‍ നിന്നും ധാരാളം പേരെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
ഗൂര്‍ഖാ റെജിമെന്റ് മൂലം ഇരുരാജ്യങ്ങളിലേയും സൈനികരും ഓഫീസര്‍മാരും ശക്തമായ വ്യക്തിബന്ധം പുലര്‍ത്തുന്നതായി 2016-ലെ സര്‍ജിക്കല്‍ സ്ട്രൈക്ക് സമയത്ത് നോര്‍ത്തേണ്‍ ആര്‍മി കമാന്റര്‍ ആയിരുന്ന ലെഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ പറയുന്നു.
Read Also: കാലു കൊണ്ട് തുറക്കാവുന്ന ടാപ്പും ചെമ്പ് പൂശിയ പിടികളുമായി കോവിഡ് അനന്തര ട്രെയിന്‍ കോച്ചുകള്‍
എല്ലാ വര്‍ഷവും നമ്മുടെ ബറ്റാലിയനുകള്‍ നേപ്പാള്‍ സന്ദര്‍ശിക്കാറുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യുവ ഓഫീസര്‍മാര്‍ ഹിമായലത്തിലെ പരമ്പരാഗത റിക്രൂട്ടിങ് മേഖലകളിലൂടെ യാത്ര നടത്തുകയും പ്രദേശവാസികളെ സന്ദര്‍ശിക്കുകയും മുന്‍ സൈനികര്‍ക്കൊപ്പം ഗ്രാമങ്ങളില്‍ താമസിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
ജയ് മഹാ കാളി, ആയോ ഖൂര്ഖാലി എന്ന് യുദ്ധവിളി മുഴക്കുന്നതില്‍ ഓഫീസര്‍മാരും സൈനികരും അങ്ങേയറ്റം അഭിമാനിക്കുന്നുണ്ട്. കൂടാതെ, ഖൂര്ഖാലി ഭാഷ നന്നായി സംസാരിക്കാന്‍ കഴിയുന്നതിലും അവര്‍ അഭിമാനം കൊള്ളുന്നു. സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ മൂന്ന് മാസത്തിനകം ഈ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയാത്ത ഓഫീസര്‍മാരെ മറ്റൊരു റെജിമെന്റിലേക്ക് മാറ്റിയിരുന്നുവെന്ന് ഇന്ത്യന്‍ സമാധാന സേനയുടെ തലവനായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ ദീപിന്ദര്‍ സിംഗ് പറയുന്നു.
ഇന്ത്യന്‍ സൈനികര്‍ക്കുള്ള അതേ അവകാശങ്ങള്‍ നേപ്പാളില്‍ നിന്നുള്ള സൈനികര്‍ക്കും ലഭിക്കുമോ
ലഭിക്കും. സേവനകാലയളവിലും വിരമിച്ചശേഷവും ഇന്ത്യാക്കാരനായ സൈനികന് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ നേപ്പാളിയായ സൈനികനും ലഭിക്കും. മെഡിക്കല്‍ സേവനങ്ങളും ലഭിക്കും. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും മെഡിക്കല്‍ സംഘം പതിവായി നേപ്പാളില്‍ സന്ദര്‍ശനം നടത്താറുണ്ട്.
Read Also: ജലാലിന്റെ കാറിൽ രഹസ്യ അറകൾ; സ്വർണക്കടത്തിന് ഇറങ്ങിയത് കോഴി ഫാം നഷ്ടത്തിലായതോടെ
അടുത്തകാലത്ത് മാത്രം നേപ്പാളി സൈനികര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തിയ ബ്രിട്ടീഷുകാരില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം ഒരിക്കലും നേപ്പാളി സൈനികരോട് വിവേചനം കാണിച്ചിട്ടില്ല. ഇന്ത്യയിലും അവര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭിക്കും. ചെറുകിട ജലസേചന പദ്ധതികളും വൈദ്യുത പദ്ധതികളും അടക്കമുള്ള സേവനങ്ങള്‍ നേപ്പാളിലെ ഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്നുണ്ട്.
ഇന്ത്യന്‍ സൈനിക തലവന്‍ നേപ്പാള്‍ സൈന്യത്തിന്റെ ഓണററി തലവന്‍ ആണോ?
അതേ. 1972-ലാണ് ഇത് തുടങ്ങിയത്. ഗൂര്‍ഖാ റെജിമെന്റില്‍ നിന്നുള്ള ഓഫീസറായ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായെ നേപ്പാള്‍ സൈന്യത്തിന്റെ ഓണററി തലവനാക്കി. അതിനുശേഷം ഇന്നുവരെ ഇന്ത്യന്‍ സൈനിക തലവന്‍ നേപ്പാളിന്റേയും നേപ്പാളിന്റെ സൈനിക തലവന്‍ ഇന്ത്യയുടേയും ഓണററി തലവന്മാരാണ്.
Read in English: India’s military ties with Nepal