ന്യൂഡൽഹി: തവാങ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോൾ, ഗൽവാൻ സംഘർഷത്തിനുശേഷം ചൈനയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുത്തനെ ഉയർന്നതായി ഔദ്യോഗിക വ്യാപാര കണക്കുകൾ.
രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി
യുഎസ് കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ചൈന. 2021-22 ൽ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 115.83 ബില്യൺ ഡോളറായിരുന്നു. ഇത് ഇന്ത്യയുടെ മൊത്തം ചരക്ക് വ്യാപാരമായ 1,035 ബില്യൺ ഡോളറിന്റെ 11.19 ശതമാനമായിരുന്നു. യുഎസ് ഒരുപടി മുന്നിലായിരുന്നു 11.54 ശതമാനം (119.48 ബില്യൺ ഡോളർ).
20 വർഷം മുമ്പ് വരെ ചൈന 10-ാം സ്ഥാനത്തോ (2001-12) അതിനു താഴെയോ (2000-01ൽ 12-ാം സ്ഥാനത്തും 1999-00-ൽ 16-ാം സ്ഥാനത്തും 1998-99-ൽ 18-ാം സ്ഥാനത്തും) ആയിരുന്നു. 2002-03 മുതൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം വളർന്നു. 2011-12 ൽ ഇന്ത്യയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയായി ചൈന മാറി.
അടുത്ത വർഷം ചൈനയെ മറികടന്ന് യുഎഇ മുന്നിലെത്തി. എന്നാൽ, ചൈന തിരിച്ചുവരികയും 2013-14ൽ ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയാകുകയും 2017-18 വരെ അതേ സ്ഥാനത്ത് തുടരുകയും ചെയ്തു. അടുത്ത രണ്ട് വർഷത്തേക്ക് (2018-19, 2019-20) യുഎസായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ 2020-21ൽ ചൈന വീണ്ടും ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയായി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനയും യുഎസുമാണ് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികൾ. യുഎസിനൊപ്പം, 2021-22 കാലയളവിൽ ഇന്ത്യക്ക് 32.85 ബില്യൺ ഡോളർ വ്യാപാര മിച്ചം ഉണ്ടായിരുന്നു. ചൈനയുമായി, 73.31 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായിരുന്നു, ഇത് ഏതൊരു രാജ്യത്തിനും ഏറ്റവും ഉയർന്നതാണ്. വാസ്തവത്തിൽ, 2021-2022 കാലയളവിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി മുൻവർഷത്തെക്കാൾ (44.02 ബില്യൺ ഡോളർ) ഇരട്ടിയായിരുന്നു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കായിരുന്നു.
2021-22 കാലയളവിൽ യുഎസിനും ചൈനയ്ക്കും പുറമെ ഇന്ത്യയുടെ മികച്ച 10 വ്യാപാര പങ്കാളികളിൽ യുഎഇ, സൗദി അറേബ്യ, ഇറാഖ്, സിംഗപ്പൂർ, ഹോങ്കോങ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ എട്ട് രാജ്യങ്ങളും പ്രദേശങ്ങളും ഉൾപ്പെടുന്നു.
വ്യാപാര കമ്മിയിൽ കുത്തനെ വർധനവ്
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ 21 വർഷത്തിനിടെ 1 ബില്യൺ ഡോളറിൽ നിന്ന് 73 ബില്യൺ ഡോളറായി ഉയർന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കുതിച്ചുയർന്നതായി ഡാറ്റ കാണിക്കുന്നു-2001-02 ൽ 2 ബില്യൺ ഡോളറിൽ നിന്ന് 2021-20 ൽ 94.57 ബില്യൺ ഡോളറായി. ഈ കാലയളവിൽ, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഒച്ചിന്റെ വേഗതയിലാണ് വർധിച്ചത്-ഏകദേശം 1 ബില്യൺ ഡോളറിൽ നിന്ന് 21 ബില്യൺ ഡോളറായി. ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം കാരണം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2001-02 ൽ ഏകദേശം 1 ബില്യൺ ഡോളറിൽ നിന്ന് 73 ബില്യൺ ഡോളറായി ഉയർന്നു.
വരും വർഷങ്ങളിൽ ഇത് വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ (2022-23) ആദ്യ ഏഴ് മാസങ്ങളിൽ (ഏപ്രിൽ-ഒക്ടോബർ) ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 51 ബില്യൺ ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ കണക്കിനേക്കാൾ (37 ബില്യൺ ഡോളർ) 39 ശതമാനം കൂടുതലാണിത്. 2021-22 കാലയളവിൽ ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മിയുടെ (191 ബില്യൺ ഡോളർ) മൂന്നിലൊന്ന് ചൈന മാത്രമാണ്.
ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇറക്കുമതി കുത്തനെ ഉയർന്നു
കഴിഞ്ഞ ഏതാനും വർഷങ്ങളായി അയൽരാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിലെ വർധനവാണ് ചൈനയുമായുള്ള വ്യാപാരത്തിലെ സമീപകാല കുതിപ്പിന് കാരണമെന്ന് വ്യാപാര ഡാറ്റയുടെ വിശകലനം കാണിക്കുന്നു. 2020 ജൂണിൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ചൈനയിൽ നിന്നുള്ള ഇറക്കുമതി 3.32 ബില്യൺ ഡോളറിലെത്തി. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇറക്കുമതി വർധിച്ചു. അടുത്ത മാസം (ജൂലൈ 2020) 5.58 ബില്യൻ ഡോളറിലെത്തി. അതിനുശേഷം, ഇത് ഉയർന്നുകൊണ്ടിരുന്നു. ഈ വർഷം ജൂലൈയിൽ 10.24 ബില്യൺ ഡോളറിലെത്തി.
ചൈനയിൽ നിന്നുള്ള ശരാശരി പ്രതിമാസ ഇറക്കുമതി 2020-21 ൽ 5.43 ബില്യൺ ഡോളറിൽ നിന്ന് 2021-22 ൽ 7.88 ബില്യൺ ഡോളറായി ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ (ഏപ്രിൽ-ഒക്ടോബർ) ഇത് 8.61 ബില്യൺ ഡോളറിലെത്തി. കോവിഡിന് മുമ്പുള്ള കാലഘട്ടത്തിൽ, 2019-20 കാലയളവിൽ ശരാശരി പ്രതിമാസ ഇറക്കുമതി 5.43 ബില്യൺ ഡോളറായിരുന്നു. 2020 ജൂണിന് ശേഷം ആദ്യമായി, 2022 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ നേരിയ കുറവുണ്ടായി. ഒരു വർഷം മുമ്പ് ഇത് 8.69 ബില്യൺ ഡോളറുണ്ടായിരുന്നതിൽ നിന്ന് 7.85 ബില്യൺ ഡോളറായി കുറഞ്ഞു.
ചൈനയിൽനിന്ന് ഇന്ത്യ വാങ്ങുന്നത് എന്തൊക്കെ?
2021-22 കാലയളവിൽ, ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ (613.05 ബില്യൺ ഡോളർ) 15.42 ശതമാനം (94.57 ബില്യൺ ഡോളർ) ചൈനയിൽ നിന്നാണ്. ഇന്ത്യ വാങ്ങിയ മുൻനിര ഉൽപ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു: വൈദ്യുത യന്ത്രങ്ങളും ഉപകരണങ്ങളും അവയുടെ ഭാഗങ്ങളും; ശബ്ദ റെക്കോർഡറുകളും റീപ്രൊഡ്യൂസേഴ്സും, ടെലിവിഷൻ ഇമേജും ശബ്ദ റെക്കോർഡറുകളും, റീപ്രൊഡ്യൂസേഴ്സും ഭാഗങ്ങളും; ആണവ റിയാക്ടറുകൾ, ബോയിലറുകൾ, യന്ത്രസാമഗ്രികൾ, മെക്കാനിക്കൽ ഉപകരണങ്ങളും അവയുടെ ഭാഗങ്ങളും; ജൈവ രാസവസ്തുക്കൾ; പ്ലാസ്റ്റിക്, പ്ലാസ്റ്റിക് വസ്തുക്കൾ; രാസവളങ്ങളും.
2021-22ൽചൈനയിൽനിന്നും ഇന്ത്യ ഇറക്കുമതി ചെയ്ത പ്രധാന ഉൽപ്പന്നം 5.34 ബില്യൺ ഡോളർ മൂല്യമുള്ള പേഴ്‌സണൽ കമ്പ്യൂട്ടറാണെന്ന് (ലാപ്‌ടോപ്പ്, പാംടോപ്പ് മുതലായവ) ഇറക്കുമതിയുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് നോക്കുമ്പോൾ മനസിലാക്കാം. ‘മോണോലിത്തിക്ക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ-ഡിജിറ്റൽ’ (4 ബില്യൺ ഡോളർ), ലിഥിയം അയോൺ (1.1 ബില്യൺ ഡോളർ), സോളാർ സെല്ലുകൾ (3 ബില്യൺ ഡോളർ), യൂറിയ (1.4 ബില്യൺ ഡോളർ) എന്നിവയാണ് പിന്നിലുള്ളത്.
പെട്രോളിയം ക്രൂഡ്, കോക്കിങ് കൽക്കരി, എൽഎൻജി, വജ്രം, ബദാം, ടർബോ-ജെറ്റുകൾ മുതലായവയാണ് യുഎസിൽനിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയിൽനിന്നും ചൈന വാങ്ങുന്നത് എന്തൊക്കെ?
2021-22ൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21.25 ബില്യൺ ഡോളറായിരുന്നു, ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ (422 ബില്യൺ ഡോളർ) 5 ശതമാനമായിരുന്നു. ഇന്ത്യയിൽനിന്നും ചൈന വാങ്ങുന്ന പ്രധാന ഉൽപ്പന്നങ്ങൾ ഇവയാണ്: അയിരുകൾ, സ്ലാഗ്, ചാരം ($2.5 ബില്യൺ); ഓർഗാനിക് കെമിക്കൽസ് (2.38 ബില്യൺ ഡോളർ), ധാതു ഇന്ധനങ്ങൾ, ധാതു എണ്ണകൾ, ബിറ്റുമിനസ് പദാർത്ഥങ്ങൾ, ധാതു വാക്സുകൾ (1.87 ബില്യൺ ഡോളർ); ഇരുമ്പ്, ഉരുക്ക് (1.4 ബില്യൺ ഡോളർ); അലൂമിനിയം, പരുത്തി (1.25 ബില്യൺ ഡോളർ). 2021-22 കാലയളവിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ കയറ്റുമതി ഇനമാണ് ലൈറ്റ് നാഫ്ത (1.37 ബില്യൺ ഡോളർ).
വജ്രങ്ങൾ, വജ്രം പതിച്ച സ്വർണ്ണാഭരണങ്ങൾ, വനാമി ചെമ്മീൻ, ടർബോ-ജെറ്റുകൾ എന്നിവ ഇന്ത്യയിൽ നിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്ന പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നു.