കുളങ്ങൾ, ടാങ്കുകൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവയുടെ സമഗ്രമായ ഡാറ്റാബേസോടെ ഇന്ത്യയിലെ ജലസ്രോതസ്സുകളുടെ ആദ്യത്തെ സെൻസസ് റിപ്പോർട്ട് ജൽ ശക്തി മന്ത്രാലയം പുറത്തുവിട്ടു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2.4 ദശലക്ഷത്തിലധികം ജലാശയങ്ങൾ കണക്കാക്കി നടത്തിയ സെൻസസ് 2018-19ലാണ് നടത്തിയത്.
“ജലസേചനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി വെള്ളം സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന എല്ലാ വശങ്ങളിലും അടച്ചുകെട്ടിയ പ്രകൃതിദത്ത, മനുഷ്യനിർമിത യൂണിറ്റുകളെയും ജലസ്രോതസ്സായി കണക്കാക്കുന്നു. ഉദാഹരണത്തിന് വ്യാവസായിക, മത്സ്യകൃഷി, ഗാർഹിക/പാനീയം, വിനോദം എന്നിവ. ജലസ്രോതസ്സുകൾ സാധാരണയായി ടാങ്ക്, റിസർവോയറുകൾ, കുളങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നവയാണ്,” ആദ്യ സെൻസസ് റിപ്പോർട്ടിൽ പറയുന്നു.
ജലാശയങ്ങളുടെ എണ്ണമനുസരിച്ചുള്ള പട്ടികയിൽ ബംഗാളാണ് ഒന്നാമത്. ഇതിൽ 89 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. കുളങ്ങളാണ് ഏറ്റവുമധികം. കുളങ്ങൾ, തടാകങ്ങൾ അടക്കം കെട്ടിനിർത്തിയ ജലാശയങ്ങൾ മാത്രമാണ് സെൻസസിൽ പരിഗണിച്ചിരിക്കുന്നത്. നദികൾ, കനാലുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ട് പ്രകാരം, രാജ്യത്തുടനീളം ഏറ്റവും കൂടുതൽ (3.55 ലക്ഷം) ജലാശയങ്ങളുള്ള ജില്ലയായി പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയെ തിരഞ്ഞെടുത്തു. ജില്ലയ്ക്ക് തൊട്ടുപിന്നിൽ ആന്ധ്രാപ്രദേശിലെ അനന്തപൂർ (50,537), പശ്ചിമ ബംഗാളിലെ ഹൗറ (37,301) എന്നിവയാണ്.
സെൻസസിൽ എല്ലാ തരം ജലാംശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടോ?
ഏഴ് പ്രത്യേക തരം ജലസ്രോതസ്സുകളെ ഇവയിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്.
1) സമുദ്രങ്ങളും തടാകങ്ങളും;
2) നദികൾ, തോടുകൾ, നീരുറവകൾ, വെള്ളച്ചാട്ടങ്ങൾ, കനാലുകൾ തുടങ്ങി സ്വതന്ത്രമായി ഒഴുകുന്ന, ജലത്തിന്റെ അതിരുകളില്ലാത്ത സംഭരണം;
3) നീന്തൽ കുളങ്ങൾ;
4) ഒരു കുടുംബം അവരുടെ പ്രത്യേക ആവശ്യത്തിനായി സൃഷ്ടിച്ച വാട്ടർ ടാങ്കുകൾ;
5) അസംസ്കൃത വസ്തുവിന്റെ ജല ഉപഭോഗത്തിനായി ഫാക്ടറി ഉടമ നിർമ്മിച്ച വാട്ടർ ടാങ്ക്;
6) ഖനനം, ഇഷ്ടിക ചൂളകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുഴിച്ച് സൃഷ്ടിച്ച താൽക്കാലിക ജലസ്രോതസ്സുകൾ,
7) കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച തുറന്ന ജലസംഭരണികൾ
ജലസ്രോതസ്സുകളുടെ കണക്കെടുപ്പിന്റെ ആവശ്യം എന്തായിരുന്നു?
ജലാശയങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, പുനരുദ്ധാരണം (ആർആർആർ) പദ്ധതി പ്രകാരം കേന്ദ്രസഹായം ലഭിക്കുന്ന ജലാശയങ്ങളുടെ ഒരു ഡാറ്റാബേസ് കേന്ദ്രം നേരത്തെ സൂക്ഷിച്ചിരുന്നു.
2016 ൽ പാർലമെന്റിന്റെ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ജലാശയങ്ങളുടെ പ്രത്യേക സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ആറാമത്തെ മൈനർ ഇറിഗേഷൻ (എംഐ) സെൻസസിനൊപ്പം 2018-19 ലെ ജലാശയങ്ങളുടെ ആദ്യ സെൻസസ് സർക്കാർ കമ്മീഷൻ ചെയ്യുകയും ചെയ്തു. “അവരുടെ വലിപ്പം, അവസ്ഥ, കയ്യേറ്റങ്ങളുടെ സ്ഥിതി, ഉപയോഗം, സംഭരണ ശേഷി, സംഭരണത്തിന്റെ സ്ഥിതി തുടങ്ങിയ വിവരങ്ങളുടെ ശേഖരമാണ് ലക്ഷ്യം.
എങ്ങനെയാണ് സെൻസസ് വിവരങ്ങൾ ശേഖരിച്ചത്?
റിപ്പോർട്ട് അനുസരിച്ച്, “പരമ്പരാഗത മെത്തഡോളജി, അതായത്, പേപ്പർ അടിസ്ഥാനമാക്കിയുള്ള ഷെഡ്യൂളുകൾ അനുസരിച്ചാണ് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സെൻസസ് എടുത്തത്. ഗ്രാമ ഷെഡ്യൂൾ, നഗര ഷെഡ്യൂൾ, ജലസ്രോതസിന്റെ ഷെഡ്യൂൾ എന്നിവ ക്യാൻവാസ് ചെയ്തു. കൂടാതെ ഒരു സ്മാർട്ഫോൺ ഉപയോഗിച്ച്, ജലാശയങ്ങളുടെ രേഖാംശം, ഫോട്ടോ എന്നിവ പകർത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ജലസ്രോതസ്സുകളുടെ കൈയേറ്റത്തെക്കുറിച്ച് സെൻസസിൽ പറയുന്നതെന്ത്?
കണക്കെടുത്ത ജലാശയങ്ങളിൽ 1.6 ശതമാനത്തിൽ, അതായാത് 24,24,540-ൽ 38,496 എണ്ണം കയ്യേറിയതായി സെൻസസ് കണ്ടെത്തി. ഇതിൽ 95 ശതമാനവും ഗ്രാമപ്രദേശങ്ങളിലായിരുന്നു. ഏതാണ്ട് 63 ശതമാനം കയ്യേറ്റം നടന്ന ജലാശയങ്ങളിലും, ജലസ്രോതസ്സിന്റെ നാലിലൊന്നിൽ താഴെ മാത്രമേ കയ്യേറ്റം നടന്നിട്ടുള്ളൂ. ഏകദേശം 12% ജലസ്രോതസ്സുകളിൽ മുക്കാൽ ഭാഗവും കൈയേറിയിരുന്നു.
ഉത്തർപ്രദേശിൽ ഏതാണ്ട് 40% (15,301) ജലസ്രോതസ്സുകൾ കയ്യേറ്റം ചെയ്യപ്പെട്ടു. തൊട്ടുപിന്നാലെ തമിഴ്‌നാട് (8,366), ആന്ധ്രാപ്രദേശ് (3,920). പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്ന് ഒരു കൈയേറ്റവും റിപ്പോർട്ട് ചെയ്തിട്ടില്ല.