ഇന്ത്യക്കാര്‍ക്കു വന്‍തോതില്‍ ആണ്‍മക്കളോടുള്ള താല്‍പ്പര്യത്തിനു വീണ്ടും അടിവരയിടുകയാണ് പുതിയ ദേശീയ കുടുംബ ആരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്-5) റിപ്പോര്‍ട്ട്. ഇതിന് ഒരേയൊരു അപവാദം മേഘാലയയിലെ സ്ത്രീകള്‍ മാത്രമാണ്. അവരില്‍ ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുടെ എണ്ണം പ്രബലമാണ്. 2019-21 കാലഘട്ടത്തെ ഉള്‍ക്കൊള്ളുന്നതാണ് എന്‍എഫ്എച്ച്എസ്-5.
സര്‍വേ പറയുന്നത് ഇങ്ങനെ
- പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കളെ ആഗ്രഹിക്കുന്ന വിവാഹിതരുടെ (പ്രായം 15-49) എണ്ണം ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിന്റെ പല മടങ്ങാണ്
- ഒരു മകനെങ്കിലുമുള്ള വിവാഹിതന്, നിലവിലുള്ള കുട്ടികളില്‍ മകനില്ലാത്ത മറ്റൊരു വിവാഹിതനെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികള്‍ ആഗ്രഹിക്കുന്നത് കുറവാണ്
- ഈ മുന്‍ഗണനകള്‍ ഉണ്ടായിരുന്നിട്ടും, കുടുംബത്തില്‍ ഒരു മകളെങ്കിലും വേണമെന്നു കരുതുന്നവരാണ് മിക്ക ഇന്ത്യക്കാരും
ഉത്തമ കുടുംബം
പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കളെ ആഗ്രഹിക്കുന്ന വിവാഹിതരായ പുരുഷന്മാരുടെ എണ്ണം (16 ശതമാനം) ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിന്റെ നാലിരട്ടിയാണ് (നാല് ശതമാനം). സ്ത്രീകള്‍ക്കിടയില്‍, മുന്‍ഗണന രണ്ടാമത്തേതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ്. ഇത് യഥാക്രമം പതിനഞ്ചും മൂന്നും ശതമാനമാണ്.

അതായത്, പ്രതികരിച്ചവരില്‍ ഭൂരിഭാഗവും കുറഞ്ഞത് ഒരു മകനെയും ഒരു മകളെയും ആഗ്രഹിക്കുന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും അഞ്ചില്‍ നാലു പേര്‍ക്ക് (81 ശതമാനം) കുറഞ്ഞത് ഒരു മകനെയെങ്കിലും വേണം. നാലില്‍ മൂന്ന് പുരുഷന്മാര് (76 ശതമാനം) കുറഞ്ഞത് ഒരു മകളെയെങ്കിലും ആഗ്രഹിക്കുമ്പോള്‍ സ്ത്രീകളില്‍ അതിന്റെ അനുപാതം 79 ശതമാനമാണ്.
സ്ത്രീകളും പുരുഷന്മാരും ശരാശരി 2.1 കുട്ടികള്‍ (1.0 -ആണ്മക്കള്, 0.9- പെണ്മക്കള്, 0.2-ഇരു ലിംഗത്തിലുമുള്ള കുട്ടികള്‍) വേണമെന്ന് ആഗ്രഹിക്കുന്നു. എന്‍എഫ്എച്ച്സ്-5 സൂചിപ്പിക്കുന്നത്, ഇത് നിലവിലെ മൊത്തം നിരക്കിന് ഏതാണ്ട് തുല്യമാണെന്നാണ്. എന്‍എഫ്എച്ച്സ്-4 (2015-16) ല്‍, ഉത്തമ കുടുംബ വലിപ്പം 2.2 ആയിരുന്നു.
സംസ്ഥാനങ്ങളിലെ ട്രെന്‍ഡ്
സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിശോധിക്കുമ്പോള്‍ മിസോറാം (37 ശതമാനം), ലക്ഷദ്വീപ് (34 ശതമാനം), മണിപ്പൂര്‍ (33 ശതമാനം), ബീഹാറിലെ സ്ത്രീകള്‍ (31 ശതമാനം) എന്നിവിടങ്ങളില്‍ പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കള്ക്കാണ് മുന്‍ഗണന നല്‍കുന്നത്.
ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ബീഹാറിലെ സ്ത്രീകള്‍ക്കിടയിലുള്ള വ്യത്യാസം ഏറ്റവും പ്രകടമാണ്. കൂടുതല്‍ ആണ്മക്കളെ ആഗ്രഹിക്കുന്നവെരുടെ എണ്ണം (31 ശതമാനം) കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്നവരുടെ (രണ്ട് ശതമാനം) 16 മടങ്ങ് ആണ്.
എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ പെണ്മക്കളേക്കാള് ആണ്മക്കളെ ആഗ്രഹിക്കുന്നവരുടെ അനുപാതത്തേക്കാള്‍ ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ഇഷ്ടപ്പെടുന്നവരുടെ അനുപാതം കൂടുതലുള്ള ഒരേയൊരു വിഭാഗമാണ് മേഘാലയ സ്ത്രീകള്‍. പ്രബലമായ ഗോത്രങ്ങള്‍ മാതൃ പാരമ്പര്യ സമ്പ്രദായം പിന്തുടരുന്ന മേഘാലയയില്‍ 21 ശതമാനം സ്ത്രീകള്‍ക്കു കൂടുതല്‍ പെണ്മക്കളെ വേണം.
ആണ്മക്കളേക്കാള് കൂടുതല്‍ പെണ്മക്കളെ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ ഏറ്റവും ഉയര്‍ന്ന അനുപാതവും (11 ശതമാനം) മേഘാലയയിലാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ, മേഘാലയയിലും കൂടുതല്‍ ആളുകള്‍ (18 ശതമാനം) പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കളെ ആഗ്രഹിക്കുന്നു.

‘ഞങ്ങള്‍ ഒരു മാതൃാധിപത്യ സമൂഹമാണ്,’ എന്നതായിരിക്കാം മേഘാലയ സ്ത്രീകള്‍ക്ക് പെണ്മക്കളോടുള്ള ആമുഖ്യത്തിന്റെ വ്യക്തമായ വിശദീകരണമെന്നു ഷില്ലോങ് ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തക ആഞ്ചല രംഗദ് പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്തെ പുരുഷന്മാര് പെണ്മക്കളേക്കാള് കൂടുതല്‍ ആണ്മക്കളെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്? ”അവരുടെ വീക്ഷണത്തില്‍, പ്രാധാന്യമുള്ള കാര്യങ്ങള്‍ എല്ലാം പുരുഷന്മാരെക്കുറിച്ചാണ്. അവരും വളരെ പുരുഷാധിപത്യ ബോധമുള്ളവരാണ്. വാസ്തവത്തില്‍, സ്ത്രീക്കു പ്രാധാന്യമുള്ള സമൂഹമായതിനാല്‍ ഞങ്ങള്െ പിന്നോട്ടുപോകുന്നുവെന്നു കരുതുന്ന ഒരു വിഭാഗം പുരുഷന്മാരുണ്ട്,” അവര്‍ പറഞ്ഞു.
അതേസമയം, സര്‍വേയുടെ സാമ്പിളുകളുടെ എണ്ണം, ഉള്‍പ്പെട്ട ജില്ലകളുടെ എണ്ണം, പ്രതികരിച്ചവരുടെ വിദ്യാഭ്യാസ നിലവാരം എന്നിവയെക്കുറിച്ച് ദി ഷില്ലോങ് ടൈംസിന്റെ എഡിറ്റര്‍ പട്രീഷ്യ മുഖിം ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ”ഗ്രാമീണ മേഘാലയയിലെ ഭൂരിഭാഗം സ്ത്രീകളും അവരുടെ കുടുംബത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഖാസികള്‍ സ്വകാര്യതയില്‍ വിശ്വസിക്കുന്നു. പ്രേരണയോ മറ്റുള്ളവര്‍ പറഞ്ഞുകൊടുക്കുകയില്ലാതെ അവര്‍ സാധാരണയായി സ്വമേധയാ ഉത്തരം നല്‍കില്ല,” അവര്‍ പറഞ്ഞു.
എന്‍എഫ്എച്ച്എസ്-5 മേഘാലയയെ ‘മാതൃാധിപത്യ സമൂഹം’ എന്നാണ് സൂചിപ്പിക്കുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ”സ്ത്രീകള്‍ക്കു പരമ്പരാഗത പദവികള്‍ വഹിക്കാന്‍ അനുവാദമില്ലാത്ത ലിംഗവിവേചനം വെളിപ്പെടുത്തുന്ന മാതൃാധിപത്യ സമൂഹമാണ് മേഘാലയയെന്നാണ് ലിംഗസമത്വത്തെയും സമത്വത്തെയും കുറിച്ചുള്ള ആഴത്തിലുള്ള പഠനം വ്യക്തമാക്കുന്നത്. അമ്മയുടേതില്നിന്നുള്ള വംശപരമ്പര മാത്രം. സ്ത്രീകള്‍ വംശത്തിന്റെ ശാശ്വതവാദികളാണ്. ഒരു സ്ത്രീയെ ഭര്‍ത്താവ് അല്ലെങ്കില്‍ പങ്കാളി ഉപേക്ഷിക്കുമ്പോള്‍ കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തം അവളുടേത് മാത്രമാണെന്നു കൂടിയാണ് ഇതിനര്‍ത്ഥം. അതിനാല്‍ മേഘാലയ സമൂഹത്തെ മാതൃാധിപത്യമെന്ന് നിര്‍വചിക്കുന്നത് സര്‍വേ തന്നെ തെറ്റാണെന്ന് അര്‍ത്ഥമാക്കാം,”അവര്‍ പറഞ്ഞു.
മൂന്നാമത്തെ കുട്ടി വേണോ, വേണ്ടയോ?
കുട്ടികളുള്ള വിവാഹിതരോട് കൂടുതല്‍ കുട്ടികള്‍ വേണോയെന്നു സര്‍വേ ചോദിച്ചു. ഇതിനകം കുട്ടികളുണ്ടായിട്ടും ആണ്മക്കളില്ലാത്തവരെ അപേക്ഷിച്ച് ഇതിനകം ഒരു മകനുണ്ടായവര് മറ്റൊരു കുട്ടിയെ ആഗ്രഹിക്കുന്നതിനുള്ള സാധ്യത കുറവാണ്.

ഉദാഹരണത്തിന്, രണ്ട് കുട്ടികളില്‍ കുറഞ്ഞത് ഒരു മകനെങ്കിലുമുള്ള പത്തില്‍ ഒന്‍പതു പേരും തങ്ങള്‍ക്ക് മൂന്നാമതൊരു കുട്ടിയെ വേണ്ടെന്ന് പറഞ്ഞു. നേരെ മറിച്ച്, രണ്ട് കുട്ടികളുള്ളതും എന്നാല്‍ ആണ്മക്കളില്ലാത്തതുമായ ആളുകളില്‍, തങ്ങള്‍ക്കു കൂടുതല്‍ കുട്ടികളൊന്നും വേണ്ടെന്ന് പറഞ്ഞതു മൂന്നില്‍ രണ്ടു പേര് മാത്രമാണ്.
ഒന്നോ മൂന്നോ നാലോ അതിലധികമോ കുട്ടികളുള്ള വിവാഹിതരായ സ്ത്രീകളിലും പുരുഷന്മാരിലുടനീളമുള്ള പ്രവണത രണ്ടും മൂന്നും പട്ടിക വ്യക്തമാക്കുന്നു.