ഇന്ത്യൻ ബഹിരാകാശ മേഖലയിലെ വിവിധ പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ഐഎസ്പിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഒരു വ്യാവസായിക സംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന ഐഎസ്പിഎയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ), ഭാരതി എയർടെൽ, വൺവെബ്, ടാറ്റ ഗ്രൂപ്പിന്റെ നെൽകോ, എൽആൻഡ് ടി, മാപ്പ് മൈ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ അംഗങ്ങളാണ്
എന്തുകൊണ്ടാണ് ഇത് പ്രാധാന്യമർഹിക്കുന്നത്?
വർഷങ്ങളായി ഇന്ത്യ ബഹിരാകാശ മേഖലയിൽ പുരോഗതി കൈവരിക്കുമ്പോൾ, ഐഎസ്ആർഒ പ്രാഥമികമായി ഈ പുരോഗതിയുടെ കേന്ദ്രമായിരുന്നു. യുഎസിലെ മാതൃകയിൽ, ഇപ്പോൾ ആഗോളവും ആഭ്യന്തരവുമായ നിരവധി സ്വകാര്യമേഖലാ കമ്പനികൾ ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം ബഹിരാകാശ അധിഷ്ഠിത ആശയവിനിമയ ശൃംഖലകളും മുന്നിൽ വരുന്നുണ്ട്.
ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള ആശയവിനിമയ ശൃംഖല എങ്ങനെയാണ് വളരുന്നത്?
ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് നൽകുന്നതിനുള്ള അടുത്ത വലിയ മാർഗം എന്ന നിലയിൽ നിരവധി ഇന്ത്യൻ, അന്തർദേശീയ കമ്പനികൾ സാറ്റലൈറ്റ് അടിസ്ഥാനമാക്കി ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കായി ശ്രമം നടത്തുന്നുണ്ട്. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക്, സുനിൽ ഭാരതി മിത്തലിന്റെ വൺവെബ്, ആമസോണിന്റെ പ്രൊജക്റ്റ് കൈപ്പർ, യുഎസ് സാറ്റലൈറ്റ് നിർമ്മാതാവ് ഹ്യൂസ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവ ഇത്തരം ശ്രമങ്ങൾ നടത്തുന്നു.
ഉദാഹരണത്തിന്, വൺവെബ് അതിന്റെ പ്രാരംഭ ഉപഗ്രഹ കൂട്ടമെന്ന തരത്തിൽ 648 ലോ-എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും ഇതിനകം 322 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു. അലാസ്ക, കാനഡ, യുകെ എന്നിവയുൾപ്പെടെ ആർട്ടിക് മേഖലയിലേക്ക് ഈ വർഷം ഇതിന്റെ സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 അവസാനത്തോടെ, വൺവെബ് ഇന്ത്യയിലും ലോകമെമ്പാടും അതിവേഗത്തിലുള്ളതും കുറഞ്ഞ ലേറ്റൻസിയുള്ളതുമായ കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമാക്കും.
Also Read: വൈദ്യുതി മേഖലയിലെ ‘ഒക്‌ടോബര്‍ പ്രതിസന്ധി’ക്ക് കാരണമെന്ത്? അറിയാം ഇക്കാര്യങ്ങള്‍
കൂടാതെ, സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിനായി സ്റ്റാർലിങ്കും ആമസോണും കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. സ്‌പേസ് എക്‌സിന് 12,000 ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല സൃഷ്ടിക്കാൻ പദ്ധതിയുണ്ട്, അതിൽ 1,300 ഉപഗ്രഹങ്ങളിലധികം ഇതിനകം ആകാശത്തെത്തിയിട്ടുണ്ട്.
സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഭൂതല ശൃംഖലകൾ എത്താത്ത വിദൂര പ്രദേശങ്ങളിലും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലും ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാൻ സാറ്റലൈറ്റ് ഇന്റർനെറ്റ് അത്യാവശ്യമാണെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഇത് വരെ, സാറ്റലൈറ്റ് ആശയവിനിമയങ്ങൾ ചില കാര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. കോർപ്പറേറ്റുകളുടെയും സ്ഥാപനങ്ങളുടെയും അടിയന്തിര ഉപയോഗം, നിർണായക ട്രാൻസ്-കോണ്ടിനെന്റൽ ആശയവിനിമയങ്ങൾ, കണക്റ്റിവിറ്റികളില്ലാത്ത വിദൂര പ്രദേശങ്ങളിലേക്കുള്ള ബന്ധം തുടങ്ങിയവയാണ് ഇവ
ഈ വർഷം ആഗസ്ത് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ മൂന്ന് ലക്ഷം ഉപഭോക്താക്കൾ മാത്രമാണ് ഇപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾക്ക് ഉള്ളത്. യുഎസിൽ ഇത് 45 ലക്ഷവും യൂറോപ്യൻ യൂണിയനിൽ ഇത് 21 ലക്ഷവുമാണ്.
ഉപഗ്രഹ ആശയ വിനിമയ രംഗത്തെ മുന്നേറ്റങ്ങൾ പ്രതീക്ഷകൾക്കൊപ്പം ഒരു ആശങ്കയും മുന്നോട്ട് വയ്ക്കുന്നുണ്ട്. ആശയവിനിമയത്തിനായി കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഭ്രമണ പഥ മേഖല തിങ്ങിനിറയുമോ എന്നതാണ് ഈ ആശങ്ക.