നാവികസേനയുടെ രണ്ടാമത്തെ പി-8 ഐ വിമാന സ്‌ക്വാഡ്രണ്‍ ‘ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ (ഐഎന്‍എഎസ്) 316’ കമ്മിഷന്‍ ചെയ്തിരിക്കുകയാണ്. ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍ മാര്‍ച്ച് 29 നാണു പുതിയ സ്‌ക്വാഡ്രണ്‍ കമ്മിഷന്‍ ചെയ്തത്.
പുതിയ സ്‌ക്വാഡ്രണിന് ‘കോണ്‍ഡോര്‍സ്’ എന്ന പേര് എന്തുകൊണ്ട്?
കരയിലെ ഏറ്റവും വലിയ പക്ഷികളില്‍ ഒന്നായ കോണ്‍ഡോറില്‍നിന്നാണ് ഐഎന്‍എഎസ് 316 സ്‌ക്വാഡ്രണിന്റെ പേര് കടമെടുത്തിരിക്കുന്നത്. കടലിന്റെ വിശാലമായ നീല വിസ്തൃതിയില്‍ തിരയുന്ന കോണ്‍ഡറിനെ ചിത്രീകരിക്കുന്നതാണ് ഐഎന്‍എഎസ് 316 സ്‌ക്വാഡ്രണിന്റെ ചിഹ്നം. ‘കോണ്‍ഡോറുകള്‍’ മികച്ച ഗ്രഹണശക്തി, ശക്തവും മൂര്‍ച്ചയുള്ളതുമായ നഖങ്ങള്‍, വിമാനത്തെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ ചിറകുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്.
പുതിയ സ്‌ക്വാഡ്രണില്‍ ഏത് വിമാനം?
ബോയിങ്ങിന്റെ പി -8 ഐ വിമാനങ്ങളാണ് ഐഎന്‍എഎസ് 316 സ്‌ക്വാഡ്രണിന്റെ ഭാഗമാകുക. വ്യത്യസ്ത കടമകള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ലോങ് റേഞ്ച് മാരിടൈം റെക്കണൈസന്‍സ് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ (എല്‍ആര്‍എംആര്‍ എഎസ്ഡബ്ല്യു) വിമാനമാണിത്. ആകാശത്തുനിന്നു കപ്പലുകളിലേക്കു തൊടുക്കാവുന്ന മിസൈലുകളും ടോര്‍പ്പിഡോകളും ഈ വിമാനങ്ങളില്‍ സജ്ജീകരിക്കാനാകും.
സമുദ്ര നിരീക്ഷണത്തിനും ആക്രമണത്തിനുമുള്ള ശക്തമായ പ്ലാറ്റ്ഫോമായ പി-8ഐ ഇലക്ട്രോണിക് യുദ്ധ ദൗത്യങ്ങള്‍, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, ആയുധ പ്ലാറ്റ്ഫോമുകളിലേക്കു ലക്ഷ്യം സംബന്ധിച്ച വിവരങ്ങള്‍ നല്‍കല്‍ എന്നിവ ഉദ്ദേശിച്ചുള്ളതാണ്. കര, വ്യോമസേനകള്‍ക്കു സമയബന്ധിതമായി നിരീക്ഷണ വിവരങ്ങള്‍ കൈമാറല്‍ എന്നിവ ലക്ഷ്യമിടുന്ന പ്ലാറ്റ്‌ഫോം കൂടിയാണിത്.
ഓപ്ഷന്‍ ക്ലോസ് കരാറിനു കീഴില്‍ വാങ്ങിയ നാല് പുതിയ പി-8ഐ വിമാനങ്ങള്‍ക്കായുള്ള സ്‌ക്വാഡ്രണാണു പ്രത്യേകമായി കമ്മിഷന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ശത്രു കപ്പലുകളും അന്തര്‍വാഹിനികളും ഉള്‍പ്പെടെ ഏതു ഭീഷണിയും കണ്ടെത്താനും നശിപ്പിക്കാനും ലക്ഷ്യമിടുന്നതാണിത്. ഈ വിമാനങ്ങള്‍ 2021 ഡിസംബര്‍ 30 മുതല്‍ ഗോവയിലെ ഐഎന്‍എസ് ഹന്‍സയില്‍നിന്ന് പ്രവര്‍ത്തിക്കുന്നു.
പി-8ഐയുടെ മറ്റേത് സ്‌ക്വാഡ്രണാണ് പ്രവര്‍ത്തിക്കുന്നത്?
നാവികസേനയുടെ ആദ്യ പി-8ഐ സ്‌ക്വാഡ്രണ്‍ ഐഎന്‍എസ്എഎസ് 312 ആണ്. ‘ആല്‍ബട്രോസ്’ പേരിലാണ് ഇൗ സ്‌ക്വാഡ്രണ്‍ അറിയപ്പെടുന്നത്. 2016 ലാണ് പി-8ഐ വിമാനങ്ങള്‍ ഈ സ്‌ക്വാഡ്രണില്‍ ഉള്‍പ്പെടുത്തിയത്. തമിഴ്നാട്ടിലെ ആരക്കോണത്തുള്ള ഐഎന്‍എസ് രാജാലിയാണ് ഐഎന്‍എസ്എഎസ് 312ന്റെ ആസ്ഥാനം.
2013ലാണ് പി-8ഐ വിമാനം നാവികസേനയ്ക്ക് ആദ്യമായി ലഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ 2014-ല്‍ കാണാതായ മലേഷ്യന്‍ വിമാനമായ എംഎച്ച് 370നു വേണ്ടിയുള്ള തിരച്ചിലില്‍ പി-8ഐ പങ്കെടുത്തിരുന്നു.
പി-8ഐ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത് എപ്പോള്‍?
2009-ലാണ ബോയിങ്ങുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചത്. എട്ടു വിമാനങ്ങള്‍ വാങ്ങാനായിരുന്നു ഈ കരാര്‍. തുടര്‍ന്ന് നാലെണ്ണത്തിനു കൂടി ഓര്‍ഡര്‍ ചെയ്തു. ഹാര്‍പൂണ്‍ മിസൈലുകള്‍ ഘടിപ്പിച്ച പി-8ഐ വിമാനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിശാലമായ പ്രദേശത്തുടനീളം ദൗത്യങ്ങള്‍ നടത്താനും സ്വാധീനത്തിലുള്ള കടലുകളില്‍ ഫലപ്രദമായ പരിശോധന നടത്താനും ഇന്ത്യന്‍ നാവികസേനയെ പര്യാപ്തമാക്കുന്നു. കഴിയും. പി-8ഐ വിമാനം കരയില്‍ നിരീക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. ചൈനയുമായുള്ള തര്‍ക്കത്തിനിടെ ലഡാക്കിലും ഇന്ത്യ-പാക് അതിര്‍ത്തിയിലും ഈ വിമാനം ഉപയോഗിച്ചിരുന്നു.
നാവികസേനയ്ക്ക് മറ്റേതെങ്കിലും ദീര്‍ഘദൂര നിരീക്ഷണ വിമാന സ്‌ക്വാഡ്രണുകള്‍ ഉണ്ടോ?
ഐഎന്‍എഎസ് 315 എന്ന ഐഎല്‍ 38 സ്‌ക്വാഡ്രണ്‍ നാവികസേനയ്ക്കുണ്ട്. ‘ദി വിങ്ഡ് സ്റ്റാലിയന്‍സ്’ എന്ന പേരിലുള്ള ഈ സ്‌ക്വാഡ്രണ്‍ ഗോവയിലാണ് പ്രവര്‍ത്തിക്കുന്നത്.
Also Read: വെള്ളക്കരം, ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും; ഇന്ന് നിലവിൽ വരുന്ന മറ്റ് പ്രധാന മാറ്റങ്ങള്‍