scorecardresearch

വിടവാങ്ങി ഐ എന്‍ എസ് സിന്ധുധ്വജ്; ഇന്ത്യൻ അന്തര്‍വാഹിനി വ്യൂഹത്തിന്റെ സ്ഥിതിയെന്ത്?

പ്രോജക്റ്റ് 75 ഐ പ്രകാരം ആറ് ആക്രമണ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കേണ്ടതായിരുന്നു. എന്നാൽ ഒന്നു പോലും പ്രാവർത്തികമായിട്ടില്ല

Indian Navy, INS Sindhudhwaj, Kilo Class diesel electric submarine

കിലോ ക്ലാസ് ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുധ്വജ് ഡീകമ്മിഷന്‍ ചെയ്തതോടെ ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ വ്യൂഹം കൂടുതല്‍ ശോഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പല്‍ വ്യൂഹത്തിന്റെ നിലവിലെ അവസ്ഥ എന്താണ്, അത് അയല്‍രാജ്യങ്ങളുടെ നാവികസേനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതു സ്ഥതിയിലാണ് എന്നിവ പരിശോധിക്കാം.

കിലോ ക്ലാസ് അന്തര്‍വാഹിനിയുടെ ആയുസ് എത്രയാണ്?

ഐ എന്‍ എസ് സിന്ധുധ്വജ് 35 വര്‍ഷമായി ഇന്ത്യന്‍ നാവികസേനയെ സേവിച്ചുവരികയായിരുന്നു. 1987-ല്‍ സോവിയറ്റ് യൂണിയനില്‍നിന്നു വാങ്ങിയ അന്തര്‍വാഹിനിയാണ് ഐ എന്‍ എസ് സിന്ധുധ്വജായി കമ്മിഷന്‍ ചെയ്തത്. ഇന്ത്യന്‍ നാവികസേന പത്ത് കിലോ ക്ലാസ് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികള്‍ വാങ്ങിയ കരാര്‍ പ്രകാരമുള്ളതായിരുന്നു ഈ ഇടപാട്.

കിലോ ക്ലാസ് അന്തര്‍വാഹിനികള്‍ക്കു 30 വര്‍ഷമാണ് ആയുസെങ്കിലും പുനര്‍നിര്‍മിക്കുന്നതോടെ പത്ത് വര്‍ഷം കൂടി സേവനത്തില്‍ തുടരാൻ യോഗ്യത നേടും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് റഷ്യയിലെ ഒരു നാവികസേനാ ഷിപ്പ് യാര്‍ഡില്‍ ഇന്ത്യന്‍ സേനയുടെ മൂന്ന് കിലോ ക്ലാസ് അന്തര്‍വാഹിനികളെങ്കിലും പുനര്‍നിര്‍മിച്ചിരുന്നു.

ഒരു അന്തര്‍വാഹിനിയുടെ ആയുസ് പൂര്‍ത്തിയാക്കി പുനര്‍നിര്‍മിച്ച ശേഷവും കടലില്‍ ഇറക്കാന്‍ യോഗ്യമാണോയെന്ന് തീരുമാനിക്കുന്നതു ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. കപ്പലുടലിന്റെ (ഹള്‍) ശക്തിയും പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണിയുടെ അവസ്ഥയുമാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഇന്ത്യയ്ക്ക് ഇപ്പോള്‍ എത്ര അന്തര്‍വാഹിനികളുണ്ട്?

ഒരു ആണവോര്‍ജ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയും ഏഴ് കിലോ ക്ലാസ് അന്തര്‍വാഹിനികളും ഉള്‍പ്പെടെ 16 അന്തര്‍വാഹിനികളാണ് നാവികസേനയില്‍ നിലവില്‍ സേവനത്തിലുള്ളത്. സേവനകാലാവധി അവസാനിക്കാനിരിക്കുന്നതിനാല്‍ എല്ലാ കിലോ ക്ലാസ് അന്തര്‍വാഹിനികളും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡീകമ്മിഷന്‍ ചെയ്യപ്പെടും.

ഏഴ് കിലോ ക്ലാസ് അന്തര്‍വാഹിനികള്‍ക്കു പുറമെ, ജര്‍മനിയില്‍ നിര്‍മിച്ച നാല് ശിശുമാര്‍ ക്ലാസ് മുങ്ങിക്കപ്പലുകളും ഫ്രാന്‍സില്‍ നിര്‍മിച്ച സ്‌കോര്‍പീന്‍ അല്ലെങ്കില്‍ കാല്‍വാരി ക്ലാസ് മുങ്ങിക്കപ്പലുകളുമാണ് ഇന്ത്യയ്ക്കുള്ളത്.

ഐ എന്‍ എസ് ശിശുമാര്‍, ഐ എന്‍ എസ് ശങ്കുഷ്, ഐ എന്‍ എസ് ശല്‍കി, ഐ എന്‍ എസ് ശങ്കുല്‍ എന്നിവയാണു ശിശുമാര്‍ ക്ലാസ് അന്തര്‍വാഹിനികള്‍. ഐ എന്‍ എസ് കല്‍വാരി, ഐ എന്‍ എസ് ഖണ്ഡേരി, ഐ എന്‍ എസ് കരഞ്ജ്, ഐ എന്‍ എസ് വേല എന്നിവായണു സ്‌കോര്‍പീന്‍ അല്ലെങ്കില്‍ കല്‍വാരി ക്ലാസ് അന്തര്‍വാഹിനികള്‍.

2023 ഓടെ രണ്ട് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ കൂടി കമ്മിഷന്‍ ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നാവികസേനയ്ക്ക് ഒരു അരിഹന്ത് ക്ലാസ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുമുണ്ട്. നിര്‍മാണത്തിലുള്ള, ഇതേ ക്ലാസിലുള്ള മറ്റൊരു അന്തര്‍വാഹിനിയായ ഐ എന്‍ എസ് അരിഘട്ട് എപ്പോള്‍ പൂര്‍ത്തിയാകുമെന്നു വ്യക്തമായിട്ടില്ല.

പുതിയ അന്തര്‍വാഹിനികള്‍ വരുമോ?

പ്രോജക്റ്റ് 75 ഐ പ്രകാരം ആറ് ആക്രമണ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കേണ്ടതായിരുന്നു. ഇതിനു 2020 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും യോഗ്യരായ നിര്‍മാതാക്കള്‍ മുന്നോട്ടുവരാത്തതിനാല്‍ പദ്ധതിയില്‍ ഒന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല. 40,000 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച നിര്‍ദേശത്തോട് പ്രതികരിക്കാനുള്ള സമയം ഈ വര്‍ഷം അവസാനം വരെയായി സര്‍ക്കാര്‍ നീട്ടിയതായാണു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചൈനയ്ക്കും പാകിസ്താനും എത്ര അന്തര്‍വാഹിനികളുണ്ട്?

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ കണക്കനുസരിച്ച് ചൈനയ്ക്ക് ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആറ് ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികളും ആണവോര്‍ജത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആറ് ആക്രമണ അന്തര്‍വാഹിനികളും ഡീസലില്‍ പ്രവര്‍ത്തിക്കുന്ന 46 ആക്രമണ അന്തര്‍വാഹിനികളുമുണ്ട്. ഈ ദശകത്തില്‍ 60-70 അന്തര്‍വാഹിനികളുടെ പ്രവര്‍ത്തന ശേഷി ചൈനീസ് നാവികസേന കൈവരിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

പാകിസ്ഥാന്‍ നാവികസേനയ്ക്കു മൂന്ന് അഗോസ്റ്റ 90 ബി എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ അന്തര്‍വാഹിനികളും രണ്ട് ഡീസല്‍-ഇലക്ട്രിക് അഗോസ്റ്റ 70 ക്ലാസ് അന്തര്‍വാഹിനികളുമുണ്ട്. ഇവയെല്ലാം എല്ലാം ഫ്രാന്‍സില്‍നിന്നുള്ളവയാണ്. ഇറ്റലിയില്‍ നിര്‍മിച്ച മൂന്ന് മിഡ്ജെറ്റ് ക്ലാസ് അന്തര്‍വാഹിനികളും പാക്കിസ്ഥാനുണ്ട്.

എട്ട് ഹാംഗര്‍ ക്ലാസ് അന്തര്‍വാഹിനികള്‍ വാങ്ങാനായി പാകിസ്ഥാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്. ഇവയില്‍ നാലെണ്ണം ചൈനയില്‍ നിര്‍മിക്കുമ്പോള്‍ ശേഷിക്കുന്നവ കറാച്ചി ഷിപ്പ്യാര്‍ഡ് ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്ക്സിലാണു നിര്‍മിക്കുന്നത്. ഇവയില്‍ ആദ്യത്തേത് 2023ലും അവസാനത്തേത് 2028ലും പാക്കിസ്ഥാന്‍ നാവികസേനയ്ക്കു ലഭിക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Indian navy submarine fleet decommission ins sindhudhwaj