scorecardresearch

ഇന്ത്യൻ വിദ്യാർഥികൾക്ക് സന്തോഷവാർത്ത; രാജ്യത്തെ ബിരുദങ്ങൾ ഇനി​ ഓസ്ട്രേലിയയിൽ അംഗീകരിക്കും

ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പുതിയ സ്‌കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്

India-Australia, education, recognise, Deakin University, Australia-India education qualification recognition mechanism, Maitri

ഗുജറാത്തിലെ രണ്ടു ദിവസത്തെ പര്യടനത്തിനിടെ ബുധനാഴ്ച, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ‘ഓസ്ട്രേലിയ- ഇന്ത്യ എഡ്യൂക്കേഷൻ ക്വോളിഫിക്കേഷൻ റെകഗ്നിഷൻ മെക്കാനിസം’ (ഓസ്‌ട്രേലിയ-ഇന്ത്യ വിദ്യാഭ്യാസയോഗ്യത അംഗീകാര സംവിധാനം) പ്രഖ്യാപിച്ചു. ഇന്ത്യയിൽ കാമ്പസ് ആരംഭിക്കുന്ന ആദ്യ വിദേശ സർവകാലാശാല ഗീലോങ്ങിന്റെ ഡീക്കൻ സർവകലാശാലയെന്ന് പ്രഖ്യാപിച്ച അൽബനീസ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാല് വർഷം വരെ ഓസ്‌ട്രേലിയയിൽ പഠിക്കാനായി ‘മൈത്രി’ സ്‌കോളർഷിപ്പും അവതരിപ്പിച്ചു.

‘സെലിബ്രേറ്റിങ്ങ് ഇന്ത്യ-ഓസ്ട്രേലിയ എഡ്യുക്കേഷൻ റിലേഷൻഷിപ്പ്’ എന്ന പേരിൽ അഹമ്മദാബാദിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത അൽബനീസ് പുതിയ പ്രഖ്യാപനങ്ങൾ, മറ്റു ഏത് രാജ്യവുമായും ഇന്ത്യയ്ക്കുള്ളതിൽവച്ച് ഏറ്റവും സമഗ്രമായ ക്രമീകരണമാണെന്ന് പറഞ്ഞു.

പ്രതിനിധി സംഘത്തിനൊപ്പം അഹമ്മദാബാദിലെത്തിയ അൽബനീസ് സബർമതി ആശ്രമം സന്ദർശിച്ചു. രാജ്ഭവനിൽ ഗവർണർ ആചാര്യ ദേവവ്രത്തിനും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനുമൊപ്പം അദ്ദേഹം ഹോളി ആഘോഷിച്ചു. ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയ അൽബനീസ് കാണികളെ അഭിവാദനം ചെയ്തു. അതിനുശേഷം ഇരുവരും ക്രിക്കറ്റ് കളിക്കാരെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

എന്താണ് ‘ഓസ്‌ട്രേലിയ-ഇന്ത്യ വിദ്യാഭ്യാസയോഗ്യത അംഗീകാര സംവിധാനം’?

പുതിയ സംവിധാനത്തിൽ ഓസ്‌ട്രേലിയയിൽ നേടിയ ബിരുദങ്ങൾ ഇനി ഇന്ത്യയിൽ അംഗീകരിക്കപ്പെടും, തിരിച്ച് ഇന്ത്യയിൽ നേടിയ ബിരുദങ്ങൾ ഓസ്‌ട്രേലിയയിലും അംഗീകരിക്കപ്പെടും. ” പുതിയ സംവിധാനം പ്രകാരം ഓസ്‌ട്രേലിയയിൽ പഠിക്കുന്ന അല്ലെങ്കിൽ പഠിച്ചിട്ടുള്ള ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾ കഷ്ടപ്പെട്ട് നേടിയ ബിരുദം സ്വന്തം രാജ്യത്ത് അംഗീകരിക്കപ്പെടും,” പ്രധാനമന്ത്രി അൽബാനീസ് പറഞ്ഞു. “നിങ്ങൾ ഓസ്‌ട്രേലിയയിലെ എട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളിൽ ഉൾപ്പെടുന്നവരാണെങ്കിൽ, നിങ്ങൾ ഇന്ത്യയിൽ നേടിയ വിദ്യാഭ്യാസ യോഗ്യത ഓസ്‌ട്രേലിയയിൽ അംഗീകരിക്കപ്പെടുമെന്നത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും,” ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി ജെയ്സൺ ക്ലെയർ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടത്തിയ സന്ദർശനത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി ചേർന്ന് പുതിയ സംവിധാനത്തിൽ അന്തിമ തീരുമാനമെടുത്തിരുന്നു. “യുഎസ് പോലുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഇത്തരത്തിൽ കരാറുകളുണ്ട്. ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ഇന്ത്യയിൽ നടത്താനാകുന്ന കോഴ്‌സുകൾ, വോളോങ്കോങ് സർവകലാശാല സ്ഥാപിക്കുന്നത് പോലെയുള്ള കാമ്പസ്, കൂടാതെ ഓൺലൈൻ കോഴ്‌സുകളും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് യുഎസുമായുള്ള കരാറിനേക്കാൾ ഇതിനെ വ്യത്യസ്തമാക്കുന്നത്,” ക്ലെയർ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഈ കരാർ രാജ്യത്ത്നിന്നു വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നതും അവിടെനിന്നു ബിരുദം നേടി തിരിച്ച് വരുന്നതും എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ പദ്ധതി പ്രൊഫഷണൽ യോഗ്യതകൾക്ക് ബാധകമല്ല. എഞ്ചിനീയറിംഗ്, മെഡിസിൻ, നിയമ ബിരുദധാരികളുടെ പ്രൊഫഷണൽ രജിസ്ട്രേഷൻ എന്നിവ ഈ കരാറിന്റെ പരിധിക്ക് പുറത്താണ്.

ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ

ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ സ്ഥാപിക്കുന്ന, ഗീലോങ്ങിന്റെ ഡീക്കൻ യൂണിവേഴ്‌സിറ്റിയാണ് ഇന്ത്യയിൽ ഓഫ്‌ഷോർ കാമ്പസ് ആരംഭിക്കുന്ന ആദ്യ വിദേശ സർവകലാശാലയെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇതിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് (മാർച്ച് ഒന്ന്) ഇന്ത്യൻ എക്സ്പ്രസാണ്. ഡീക്കൻ യൂണിവേഴ്‌സിറ്റിയുടെ പുതിയ ഓഫ്‌ഷോർ കാമ്പസിലെ പ്രവർത്തനങ്ങൾ അടുത്ത വർഷം ചില ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തോടെ ആരംഭിച്ചേക്കാം. സൈബർ സെക്യൂരിറ്റി, ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യാൻ ക്യാമ്പസ് സജ്ജമാണെന്ന് പ്രധാനമന്ത്രി അൽബനീസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച 300ൽ ഇടംപിടിച്ച രണ്ട് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഇന്ത്യയിൽ സ്വതന്ത്ര ഓഫ്‌ഷോർ കാമ്പസുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചതായി ഫെബ്രുവരി 27ന് ഇന്ത്യൻ എക്‌സ്പ്രസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഡീക്കൻ സർവകലാശാലയ്ക്ക് പുറമേ രാജ്യത്ത് കാമ്പസ് സ്ഥാപിക്കാൻ​ താൽപര്യമുള്ള മറ്റൊരു സർവകലാശാലയാണ് വോളോങ്കോങ്ങെന്ന് പ്രധാനമന്ത്രി അൽബനീസ് പറഞ്ഞു. “തീർച്ചയായും, ഓസ്‌ട്രേലിയയിൽ വരാനും താമസിക്കാനും ഞങ്ങൾ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യും. എന്നാൽ എല്ലാവർക്കും മറ്റൊരു രാജ്യത്ത് പഠിക്കാനുള്ള മാർഗമോ സാമ്പത്തികകഴിവോ ഉണ്ടാകില്ല. ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ എത്താതെതന്നെ ഓസ്‌ട്രേലിയൻ വിദ്യാഭ്യാസം നേടാനാകും,” അൽബനീസ് പറഞ്ഞു.

“ഇത് ഇരു രാജ്യങ്ങൾക്കും സുപ്രധാനമായ അവസരമാണ്, ഓസ്‌ട്രേലിയ-ഇന്ത്യ വിദ്യാഭ്യാസ മേഖലയിൽ ആദ്യം സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാജ്യത്തിനകത്ത് വ്യവസായത്തിന്റെ നൈപുണ്യമുള്ള തൊഴിലാളി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലോകോത്തര ബിരുദാനന്തര വിദ്യാഭ്യാസം നൽകാൻ ബ്രാഞ്ച് കാമ്പസ് ലക്ഷ്യമിടുന്നു,” ഡീകിൻ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റും (ഗ്ലോബൽ അലയൻസസ്) സിഇഒയും (ദക്ഷിണേഷ്യ) രവ്‌നീത് പവ്ഹ പറഞ്ഞു.

1990കൾ മുതൽ വിവിധ സർക്കാരുകൾ ഇന്ത്യയിൽ വിദേശ സർവകലാശാലകളുടെ പ്രവേശനത്തിനായി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഡീക്കന്റെ പ്രവേശനവും വരാനിരിക്കുന്ന വോളോങ്കോങ്ങിന്റെ പ്രവേശനവും ഇത് സാധ്യമാക്കി. ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിൻടെക്, സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകൾ ഗിഫ്റ്റ് സിറ്റിയിൽ പുതിയതായി സ്ഥാപിക്കുന്ന ലോകോത്തര വിദേശ സർവകലാശാലകളിലും സ്ഥാപനങ്ങളിലും നിന്നു ലഭ്യമാക്കുമെന്ന് കഴിഞ്ഞ വർഷത്തെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

2007ലാണ് ഗിഫ്റ്റ് സിറ്റി എന്ന സങ്കൽപം ആദ്യമായി വന്നത്. ഗാന്ധിനഗറിൽ 887 ഏക്കറിൽ ഗിഫ്റ്റ് സിറ്റി വ്യാപിച്ചുകിടക്കുന്നു. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററും (ഐഎഫ്എസ്സി) പ്രത്യേക ആഭ്യന്തര താരിഫ് ഏരിയയും (ഡിടിഎ) മൾട്ടി-സർവീസ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എസ്ഇസെഡ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്താണ് പുതിയ ‘മൈത്രി’ സ്കോളർഷിപ്പ്?

ഓസ്‌ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പുതിയ സ്‌കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ‘മൈത്രി’ സ്‌കോളർഷിപ്പുകൾ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാല് വർഷത്തേക്ക് സാമ്പത്തിക സഹായം നൽകും. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമുദായികവുമായ ബന്ധങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുന്ന മൈത്രി (സൗഹൃദം) പരിപാടിയുടെ ഭാഗമാണ് സ്‌കോളർഷിപ്പുകൾ,” പ്രധാനമന്ത്രി അൽബനീസ് പറഞ്ഞു.

2022 ഫെബ്രുവരി 14ന് ഓസ്‌ട്രേലിയൻ മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയിലാണ് ‘ മൈത്രി’ സ്‌കോളർഷിപ്പിനെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. “11.2 മില്യൺ ഡോളറിന്റെ മൈത്രി സ്കോളർഷിപ്പ് പ്രോഗ്രാം ഓസ്‌ട്രേലിയൻ സർവകലാശാലകളിൽ പഠിക്കാൻ ഉന്നത വിജയം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം, ആരോഗ്യം എന്നിവയിൽ ആഗോളതലത്തിൽ പ്രശസ്തമായ അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളെ ഇതിലൂടെ ശ്രദ്ധയിൽ കൊണ്ടുവരാനാകും,” പ്രസ്താവനയിൽ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Indian educational degrees to be recognised in australia