1949 മുതല്‍, എല്ലാ വര്‍ഷവും ജനുവരി 15നു കരസേനാ ദിനമായി ആചരിച്ചുവരികയാണ് രാജ്യം. പിന്നീട് ഫീല്‍ഡ് മാര്‍ഷലായി മാറിയ കെ എം കരിയപ്പ, ജനറല്‍ എഫ് ആര്‍ റോയ് ബുച്ചറില്‍നിന്ന് ഇന്ത്യന്‍ കരസേനയുടെ ആദ്യ ഇന്ത്യന്‍ കമാന്‍ഡര്‍-ഇന്‍-ചീഫായി ചുമതലയേറ്റെടുത്ത ദിവസത്തിന്റെ ഓര്‍മയ്ക്കായാണ് ഇത്.
ഇത്തവണത്തെ ആഘോഷങ്ങള്‍ക്കു മറ്റൊരു പ്രത്യേകതയുണ്ട്. സൈന്യത്തിന്റെ പുതിയ കോംബാറ്റ് യൂണിഫോം അനാച്ഛാദനം ചെയ്തിരിക്കുന്നു. കരസേനയിലെ 12 ലക്ഷത്തോളം വരുന്ന സൈനികര്‍ക്കു ഘട്ടം ഘട്ടമായി പുതിയ യൂണിഫോം ലഭ്യമാക്കും.
എന്താണ് സൈനിക യൂണിഫോമിന്റെ പ്രാധാന്യം?
ഏതൊരു സൈനിക ശക്തിയെയും തിരിച്ചറിയുന്നതിനുള്ള ഏറ്റവും വ്യതിരിക്തമായ പ്രത്യേകതകളില്‍ ഒന്നാണ് യൂണിഫോം. സൈനികരെ സിവിലിയന്മാരില്‍നിന്നു മാത്രമല്ല, വ്യത്യസ്ത സൈന്യങ്ങളില്‍നിന്നും യൂണിഫോം വേര്‍തിരിക്കുന്നു. യൂണിഫോം സൈനികര്‍ക്കിടയില്‍ ഐക്യവും അനുരൂപതയും അച്ചടക്കവും ഉണ്ടാക്കുന്നു.
കരസേനാ ദിനത്തില്‍ എലൈറ്റ് പാരച്യൂട്ട് റെജിമെന്റിലെ സൈനികരുടെ മാര്‍ച്ചോടെയാണ് പുതിയ യൂണിഫോം പുറത്തിറക്കിയത്.
പുതിയ യൂണിഫോം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
2008 മുതലുള്ള യൂണിഫോമാണ് കരസേനയില്‍ ഇതുവരെയുണ്ടായിരുന്നത്. ശത്രുവില്‍നിന്ന് മറഞ്ഞിരിക്കാന്‍ കഴിയുന്ന പാറ്റേണിനൊപ്പം രൂപകല്‍പ്പന, മെറ്റീരിയലിന്റെ മാറ്റം എന്നിവയാണ് പുതിയ യൂണിഫോമിനെ വ്യത്യസ്തമാക്കുന്നത്.
നേരത്തെ ഉപയോഗിച്ചിരുന്ന ഒലിവ് പച്ച, മണ്‍ നിറങ്ങളുടെ സംയോജനം ശത്രുവില്‍നിന്ന് മറഞ്ഞിരിക്കാന്‍ കഴിയുന്ന പുതിയ പാറ്റേണില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പാറ്റേണ്‍ ഡിജിറ്റലാണ്. മരുഭൂമികള്‍ മുതല്‍ ഉയര്‍ന്ന പ്രദേശങ്ങള്‍, കാടുകള്‍, സമതലങ്ങള്‍ വരെയുള്ള വിവിധ ഭൂപ്രകൃതിയിലെ സൈനികരുടെ പല തരത്തിലുള്ള പ്രവര്‍ത്തന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പുതിയ യൂണിഫോമിന് ഉപയോഗിക്കുന്ന തുണി എങ്ങനെ വ്യത്യസ്തമാകുന്നു?
തുണിത്തരമാണ് യൂണിഫോമിലെ മറ്റൊരു പ്രധാന മാറ്റം. പുതിയ യൂണിഫോമിന് ഉപയോഗിക്കുന്ന തുണി അതിനെ ഭാരം കുറഞ്ഞതും ഉറപ്പുള്ളതും കൂടുതല്‍ ശ്വസിക്കാന്‍ കഴിയുന്നതും വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യവുമാക്കുന്നു.
70 കോട്ടണും 30 ശതമാനം പോളിസ്റ്ററും അടങ്ങിയതാണ് പുതിയ തുണിത്തരം. ഇത് വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു. ഈര്‍പ്പമുള്ളതും ചൂടുള്ളതുമായ സാഹചര്യങ്ങളില്‍ ധരിക്കാന്‍ കൂടുതല്‍ സൗകര്യപ്രദവുമാണ്.
ഇത് സൈനികരുടെ ക്ഷേമം കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്തതും ഫലപ്രദവുമായി മറഞ്ഞിരിക്കാന്‍ സഹായിക്കുന്നതുമായ പുതിയ തലമുറാ കോംബാറ്റ് യൂണിഫോമാണ്. പുതിയ തുണിത്തരം നിലവിലുള്ള യൂണിഫോമിനേക്കാള്‍ 15 ശതമാനം ഭാരം കുറഞ്ഞതാണ്. 23 ശതമാനം അധിക ബലമുള്ളതിനാല്‍ കീറിപ്പോകുന്നതില്‍നിന്ന് കൂടുതല്‍ സംരക്ഷണം ലഭിക്കുകയും ചെയ്യും.
കൂടുതല്‍ സമയം ഉപയോഗിക്കാന്‍ കഴിയുന്ന യൂണിഫോം ധരിക്കാന്‍ സുഖപ്രദമാണ്. ഫീല്‍ഡ് സാഹചര്യങ്ങളില്‍ ധരിക്കുന്നയാളുടെ ഉപയോഗത്തിനായുള്ള സൂക്ഷ്മമായ സവിശേഷതകള്‍ യൂണിഫോമിന്റെ പ്രത്യേകതയാണ്.
യൂണിഫോമിന്റെ ഘടകങ്ങളും സ്റ്റൈലും
പുതിയ യൂണിഫോം പഴയതില്‍നിന്ന് വ്യത്യസ്തമായി, കോംബാറ്റ് ടി-ഷര്‍ട്ടും അതിനു മുകളില്‍ ഷര്‍ട്ടും ഉള്‍പ്പെടുന്നതാണ്. കൂടാതെ, പഴയ യൂണിഫോമില്‍നിന്ന് വ്യത്യസ്തമായി, ഷര്‍ട്ട് ഇന്‍സര്‍ട്ട്് ചെയ്യുന്നതല്ല.
‘ജാക്കറ്റ്’ എന്നു വിളിക്കാവുന്ന ഷര്‍ട്ടില്‍ ആംഗുലാര്‍ ടോപ്പ് പോക്കറ്റുകള്‍, ലംബമായി തുറക്കാവുന്ന ലോവര്‍ പോക്കറ്റുകള്‍, പിന്നില്‍ നൈഫ് പ്ലീറ്റുകള്‍, ഇടത് സ്ലീവില്‍ ഒരു പോക്കറ്റ്, ഇടത് കൈത്തണ്ടയില്‍ ഒരു പേന ഹോള്‍ഡര്‍, മെച്ചപ്പെട്ട നിലവാരമുള്ള ബട്ടണുകള്‍ എന്നിവയുണ്ട്.
ഇലാസ്റ്റിക്, ബട്ടണുകള്‍ എന്നിവ ഉപയോഗിച്ച് ക്രമീകരിക്കാവുന്നതും അരഭാഗത്ത് ഇരട്ടപ്പാളിയുള്ളതുമാണ് ട്രൗസറുകള്‍.
തൊപ്പികള്‍ ചുറ്റളവ് ക്രമീകരിക്കാവുന്നതായിരിക്കും. കൂടാതെ കരസേനാ ചിഹ്നം മുമ്പത്തേതിനേക്കാള്‍ മികച്ച നിലവാരമുള്ളതുമായിരിക്കും.
സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെയും ട്രൂപ്പുകളുടെയും പ്രത്യേക ആവശ്യകതകള്‍ കണക്കിലെടുത്താണ് യൂണിഫോമിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിച്ചെടുത്തത്.
ആരാണ് പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തത്?
പുതിയ യൂണിഫോമിന്റെ രൂപകല്‍പ്പന നിലവിലെ കരസേനാ മേധാവി ജനറല്‍ നരവാനെയാണ് അന്തിമമാക്കിയത്. 2020 ജനുവരിയില്‍ അദ്ദേഹം ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് രൂപകല്‍പ്പന പ്രക്രിയ ആരംഭിച്ചത്. കുറച്ച് ഡിസൈനുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് കമാന്‍ഡര്‍മാര്‍ കൂട്ടായി തീരുമാനത്തിലെത്തുകയായിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ (എന്‍ഐഎഫ്ടി) 12 പേരുടെ സംഘമാണ് യൂണിഫോം രൂപകല്പന ചെയ്തത്. ഏഴ് പ്രൊഫസര്‍മാരും മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് പൂര്‍വ വിദ്യാര്‍ത്ഥികളുമാണ് സംഘത്തില്‍. കംഫര്‍ട്ട് (സുഖപ്രദം), ക്ലൈമറ്റ് (കാലാവസ്ഥ) കാമോഫ്‌ളേജ് (മറഞ്ഞിരിക്കാനുള്ള കഴിവ്) കോണ്‍ഫിഡാലിറ്റി (രഹസ്യാത്മകത) എന്നീ നാല് ‘സി’കള്‍ കേന്ദ്രീകരിച്ച് സൈന്യവുമായി കൂടിയാലോചിച്ചായിരുന്നു രൂപകല്‍പ്പന.
എന്‍ഐഎഫ്ടി കരസേനയ്ക്കായി പത്യേകം ക്യൂറേറ്റ് ചെയ്ത അഞ്ച് എണ്ണത്തില്‍നിന്നാണ് ഇപ്പോഴത്തെ തുണിത്തരം തിരഞ്ഞെടുത്തത്. പ്രത്യേകം രൂപകല്പന ചെയ്ത 17 ഓപ്ഷനുകളില്‍നിന്നാണ്് അന്തിമ പാറ്റേണ്‍ തിരഞ്ഞെടുത്തത്.
രാജ്യത്തുടനീളമുള്ള വിപണികളില്‍ യൂണിഫോം ലഭ്യമാകുമോ?
പുതിയ യൂണിഫോം മാറ്റത്തിലേക്കു നയിച്ചത് സൈന്യത്തിന്റെ നിലവിലെ കോംബാറ്റ് പാറ്റേണ്‍ തുണിയുടെ എളുപ്പത്തിലുള്ള ലഭ്യതയാണ്. പട്ടാളക്കാര്‍ക്കു നിലവില്‍ ഉപയോഗിക്കുന്ന തുണി എളപ്പത്തില്‍ ലഭിക്കുകയും യൂണിഫോം തുന്നുകയും ചെയ്യാം.
എന്നാല്‍, ക്രമരഹിതമായ വ്യാപനം നിയന്ത്രിക്കുന്നതിനു പുതിയ യൂണിഫോം ഒരു ഡസനിലധികം പ്രീ-സ്റ്റിച്ചഡ് സ്റ്റാന്‍ഡേര്‍ഡ് സൈസുകളില്‍ ലഭ്യമാക്കും. സവിശേഷമായ സ്വഭാവം നിലനിര്‍ത്തുന്നതിനു യൂണിഫോമുകള്‍ ബാര്‍കോഡും ക്യുആര്‍ കോഡും ചെയ്യുകയും ചെയ്യും. മാത്രമല്ല ഓര്‍ഡനന്‍സ് ശൃംഖലകള്‍ വഴിയോ സൈനിക കാന്റീനുകളിലൂടെയോ മാത്രമേ ലഭ്യമാകൂ.
യൂണിഫോം നിര്‍മിക്കാന്‍ സ്വകാര്യ, പൊതു കമ്പനികള്‍ക്കു സൈന്യം ടെന്‍ഡര്‍ നല്‍കും. യൂണിഫോം ഘട്ടം ഘട്ടമായാണു സൈനികര്‍ക്കു നല്‍കുക.
കരസേനയുടെ എല്ലാ യൂണിഫോമും മാറുന്നുണ്ടോ?
ഇല്ല. യുദ്ധമേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന യൂണിഫോം മാത്രമേ മാറ്റിയിട്ടുള്ളൂ. ഒലിവ് പച്ചകള്‍ ഉള്‍പ്പെടെ നിരവധി യൂണിഫോമുകള്‍ സൈന്യത്തിനുണ്ട്. സെറിമോണിയല്‍ ചടങ്ങുകള്‍ക്കും സമാധാനപ്രദേശങ്ങളിലെ പോസ്റ്റിങ്ങുകളിലും ഈ യൂണിഫോമുകളാണ് കരസേന ഉപയോഗിക്കുന്നത്.