അഡ്‌ലെയ്ഡിൽ നിന്ന് മെൽബണിലേക്ക് എത്തുമ്പോൾ ഇന്ത്യയ്ക്ക് പറയാൻ നഷ്ടങ്ങളുടെയും തിരിച്ചടികളുടെയും കണക്കുകൾ മാത്രമായിരുന്നു ബാക്കി. 36 റൺസിന് എല്ലാരും പുറത്തായി ആദ്യ ടെസ്റ്റ് ആതിഥേയർക്ക് മുന്നിൽ അടിയറവ് വയ്ക്കുമ്പോൾ ഇന്ത്യയുടെ കരുത്ത് ചോദ്യം ചെയ്യപ്പെട്ടു. പെറ്റേണിറ്റി ലീവിൽ നായകൻ കോഹ്‌ലി നാട്ടിലേക്ക് മടങ്ങുകയും പരുക്ക് മൂലം പേസർ മുഹമ്മദ് ഷമി ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതോടെ തിരിച്ചുവരവും ആശങ്കയിലായി. ഇതിനിടയിലാണ് ഉമേഷ് യാദവിനും പരുക്ക് പറ്റുന്നത്.

ഇതിന് മുമ്പൊരിക്കലും ഇത്തരത്തിൽ പ്രതിസന്ധികൾ വിദേശ പര്യടനങ്ങളിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയായിട്ടില്ല. എന്നാൽ ക്രിക്കറ്റ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കൊച്ചേട്ടനെന്ന നായകൻ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ മെൽബണിൽ വിജയം സ്വന്തമാക്കിയിരിക്കുന്നു. എട്ട് വിക്കറ്റിന്റെ വലിയ മാർജിനിലുള്ള വിജയം വരും മത്സരങ്ങളിലും ടീമിന് പ്രതീക്ഷ നൽകുന്നതാണ്.

ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിനാണ് അഡ്‌ലെയ്ഡിൽ ഇന്ത്യ പുറത്തായത്. വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ മെൽബണിൽ രണ്ടാം ദിവസം ഉമേഷ് യാദവും പരുക്കേറ്റ് പിന്മാറിയതോടെ ഇന്ത്യൻ സ്ക്വാഡിൽ ഫിറ്റ് ബോളർമാരുടെ എണ്ണം നാലായി കുറഞ്ഞു.

മുമ്പ് വെസ്റ്റ് ഇൻഡീസിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം പല വിജയങ്ങളും ഇന്ത്യ നേടിയിട്ടുണ്ട്. അവയെല്ലാം ഒരു പരിധിവരെ ഇന്ത്യയ്ക്ക് ആധിപത്യമുണ്ടായിരുന്ന മത്സരങ്ങളാണ്. എന്നാൽ ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നിരവധി വെല്ലുവിളികൾ സന്ദർശകർക്കുണ്ടായിരുന്നു, സമ്മർദ്ദവും. സാധ്യതകളെല്ലാം ഓസ്ട്രേലിയയ്ക്ക് അനുകൂലമായിരുന്നു. എന്നിട്ടും രഹാനെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നായകനെന്ന നിലയിൽ രഹാനെ ബൗളിങ് ചേഞ്ച് മുതൽ ഫീൽഡിങ് മാറ്റം വരെ നായകൻ രഹാനെ മുന്നിൽ നിന്ന് ടീമിനെ മികച്ച രീതിയിൽ നിയന്ത്രിക്കുന്ന കാഴ്ച മെൽബൺ ടെസ്റ്റിനെ കൂടുതൽ മനോഹരമാക്കി. ബാറ്റിങ്ങിലും സെഞ്ചുറിയടക്കം ടീമിലെ നിർണായക സാനിധ്യമായതും രഹാനെയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook