15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് റീ രജിസ്ട്രേഷൻ ലഭിക്കുന്നതിന് ഉടമകൾ വലിയ ഫീസ് നൽകേണ്ടി വരുന്ന തരത്തിലുള്ള മാറ്റത്തിനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം . രാജ്യത്തെ പഴയ വാഹനങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിത്.
വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയുടെ പുതിയ സംവിധാനം ഇന്ത്യ സ്ഥാപിക്കുമെന്നും പരിശോധനയില്‍ പരാജയപ്പെടുന്നവ വീണ്ടും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പഴയ വാഹനങ്ങള്‍ പൊളിക്കലിനായി ഉപേക്ഷിക്കുന്നവര്‍ക്കു പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ വിലയില്‍ അഞ്ച് ശതമാനം കിഴിവ് പരിഗണിക്കാന്‍ സര്‍ക്കാര്‍ വാഹനനിര്‍മാതാക്കളെ സമീപിക്കും. ജിഎസ്ടിയില്‍ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിന്റേജ് കാറുകളെ ഈ നയത്തില്‍ നിന്ന് ഒഴിവാക്കുമെന്നും അവയെ നിയന്ത്രിക്കാൻ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഗഡ്കരി പറഞ്ഞു.
സ്വകാര്യ വാഹനങ്ങൾ പോലുള്ള ഓരോ വാണിജ്യേതര വാഹനത്തിനും 15 വർഷത്തേക്ക് സാധുതയുള്ള ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് ലഭിക്കുക. അതിനുശേഷം, വാഹനം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അതിൽ വിജയിച്ചാൽ വാഹനം മറ്റൊരു അഞ്ച് വർഷത്തേക്ക് വീണ്ടും രജിസ്റ്റർ ചെയ്യപ്പെടും.
Read More: അവയവമാറ്റത്തിനു വിധേയരായവര്‍ക്കു കോവിഡ് -19 വാക്‌സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നു?
ഇപ്പോൾ, ആ റീ-രജിസ്ട്രേഷനായുള്ള ഫീസ് സ്വകാര്യ വാഹനങ്ങൾക്ക് എട്ട് മടങ്ങും വാണിജ്യ വാഹനങ്ങൾക്ക് 20 മടങ്ങും വർദ്ധിപ്പിക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം നിലവിലുള്ള റീ രജിസ്ട്രേഷൻ ഫീസ് കാലഹരണപ്പെട്ടതും പഴയ ഒരു നയം അനുസരിച്ചുള്ളതുമാണ്. പഴയ വാഹനങ്ങളുടെ തുടർച്ചയായ ഉപയോഗം നിരുത്സാഹപ്പെടുത്തുന്ന നയത്തിന് അനുസൃതമാണ് പുതിയ ഫീസ്.
ഒരു വാഹന ഉടമ തന്റെ 15 വയസുള്ള കാർ തുണ്ടം ചെയ്യാൻ കൊടുത്ത് പുതിയൊരെണ്ണം വാങ്ങുന്നത് മറ്റൊരു അഞ്ച് വർഷത്തേക്ക് അവ വീണ്ടും ഉപയോഗിക്കുന്നതിനേക്കാൾ സാമ്പത്തികമായി വിവേകപൂർണമായ തീരുമാനമാക്കി മാറ്റുന്നതിനു വേണ്ടിയാണ് റീ രജിസ്ട്രേഷൻ തുക വർധിപ്പിക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. പുതിയ ചാർജുകൾ 2021 ഒക്ടോബർ മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
വാഹന ഗതാഗത നയത്തിന് അനുസൃതമായ സാഹചര്യം സൃഷ്ടിക്കുന്നതിനനുസൃതമായാണ് പുതിയ ഫീസുകൾ നിർണയിക്കുന്നതെന്നാണ് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച പ്രഖ്യാപിച്ചത്.
Read More: എന്താണ് വാക്സിൻ പാസ്പോർട്ട്? സമീപ ഭാവിയിൽ അവ അനിവാര്യമായി വരുമോ?
സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങൾ പോലുള്ള അനുബന്ധ സ്ഥാപനങ്ങളുടെ വാഹനങ്ങളുമാണ് രാജ്യത്ത് നിർബന്ധിത തുണ്ടം ചെയ്യലിനായി ആദ്യം വിധേയമാവുക. ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 15 വർഷം പഴക്കമുള്ള വാഹനങ്ങൾ തുണ്ടം ചെയ്യലിനായി രേഖപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ വാഹനങ്ങളിൽ യാത്രക്കാരുടെ മികച്ച സുരക്ഷ, മികച്ച ഇന്ധനക്ഷമത, വാതക പുറം തള്ളൽ കുറയ്ക്കാനുള്ള സംവിധാനം എന്നിവയ്ക്ക് പ്രാധാന്യമുണ്ടാവുമെന്ന് സർക്കാർ പറയുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്ററുകൾ വരും.പഴയ വാഹനങ്ങൾക്ക് വീണ്ടും രജിസ്ട്രേഷൻ വേണമെങ്കിൽ നിർബന്ധമായും അത്തരം കേന്ദ്രങ്ങളിൽ പരീക്ഷിക്കേണ്ടി വരും. രണ്ടുതവണ പരിശോധനയിൽ പരാജയപ്പെട്ടാൽ വാഹനം തുണ്ടംചെയ്യാൻ നൽകേണ്ടി വരും.
തുണ്ടംചെയ്യാൻ നയത്തിന്റെ നേരിട്ടുള്ള പരിണതഫലമായി വാഹന നിർമാണത്തിന് ഉത്തേജനം ലഭിക്കുമെന്നാണ് വ്യവസായ വിദഗ്ധർ പറയുന്നത്.
പുതുക്കിയ റീ-രജിസ്ട്രേഷൻ ഫീസ്
പഴയ ബൈക്കുകളുടെ റീ-രജിസ്ട്രേഷനായുള്ള പരിശോധനയ്ക്ക് ഫീസ് നിലവിൽ 300 രൂപയാണ് ഈടാക്കുന്നത്. പുതിയ ഫീസ് പ്രകരാം അത് 1,000 രൂപയായി ഉയരും. സാധാരണ കാറുകൾക്കും ജീപ്പുകൾക്കും നിലവിലെ 500 രൂപയിൽ നിന്ന് 5,000 രൂപയായി ഫീസ് ഉയരും. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇത് 40,000 രൂപയായി വർധിക്കും. നിലവിൽ 5,000 രൂപയാണ് ഇറക്കുമതി വാഹനങ്ങൾക്ക് ഈടാക്കുന്നത്.
പഴയ വാണിജ്യ വാഹനങ്ങൾക്ക് നൽകേണ്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസ് 1,500 രൂപയിൽ നിന്ന് ഏകദേശേം 12,500 രൂപയായി ഉയരും.