യുക്രൈനിലുള്ള ഇന്ത്യക്കാരെയും ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും തിരികെയെത്തിക്കുന്നതിനായി ആദ്യ എയർ ഇന്ത്യ വിമാനം ചൊവ്വാഴ്ച രാവിലെ ന്യൂഡൽഹിയിൽ നിന്ന് യുക്രൈനിലേക്ക് പുറപ്പെട്ടു.
ഒഴിപ്പിക്കൽ പദ്ധതികൾ എന്തൊക്കെയാണ്?
ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്ന് വിമാനങ്ങളിൽ ആദ്യത്തേതാണ് ഇന്ന് പറന്നത്, ഈ ആഴ്ച അവസാനം, വ്യാഴം, ശനി ദിവസങ്ങളിൽ രണ്ട് വിമാനങ്ങൾ കൂടി യുക്രൈനിലേക്ക് പോകുന്നുണ്ട്. 256 സീറ്റുകളുള്ള ഡ്രീംലൈനർ ബോയിംഗ് 787 വിമാനമാണ് ചൊവ്വാഴ്ച യുക്രൈനിലേക്ക് പോയത്. വൈകുന്നേരത്തോടെ കീവിലെ ബോറിസ്പിൽ വിമാനത്താവളത്തിൽ വിമാനം എത്തുമെന്നാണ് കരുതുന്നത്. അവിടെ നിന്നായിരിക്കും ഇന്ത്യക്കാരുമായി തിരിക്കുക .

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് ബുക്കിങ് സൗകര്യം ലഭ്യമാണോ?
എയർ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകൾ, ഔദ്യോഗിക വെബ്‌സൈറ്റ്, കോൾ സെന്ററുകൾ, അംഗീകൃത ട്രാവൽ ഏജന്റുമാർ എന്നിവ വഴി ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.
എന്തുകൊണ്ടാണ് ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നത്?
റഷ്യ – യുക്രൈൻ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യം വിടാൻ യുക്രൈനിലെ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോടും വിദ്യാർത്ഥികളോടും ഇന്ത്യക്കാരോടും എംബസി ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കുമുള്ള നിർദ്ദേശങ്ങൾ കീവിലെ ഇന്ത്യൻ എംബസിയിൽ നിന്നാണ് വന്നത്. ഒരു ആഴ്‌ചയ്‌ക്കിടയിലെ രണ്ടാമത്തെ നിർദേശമായിരുന്നു ഇത്, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവമുള്ളതായിരുന്നു ഇത്.
എന്താണ് യുക്രൈനിലെ സാഹചര്യം?
യുക്രൈനിലെ രണ്ടു വിമത മേഖലകളായ ഡൊനെറ്റ്സ്കും ലുഹാൻസ്കും റഷ്യൻ പ്രസിഡന്റ വ്ളാഡിമർ പുട്ടിൻ സ്വതന്ത്ര്യ രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിന്നാലെ സംഘർഷാവസ്ഥ രൂക്ഷമായി മാറിയിരിക്കുകയാണ്.
ഇതേതുടർന്ന്, ഈ മേഖലകളിൽ വ്യാപാരവും നിക്ഷേപവും ഉപരോധിച്ചു കൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഒപ്പുവച്ചു. എല്ലാവരും സംയമനം പാലിക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.