India-UAE Flight News: ലോകത്താകെ കോവിഡ് -19 വാക്സിനേഷൻ യജ്ഞങ്ങൾ കൂടുതൽ വ്യാപകമായതോടെ ചില വ്യവസ്ഥകൾക്കനുസരിച്ച് രാജ്യങ്ങൾ പുറത്തുനിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ ഒടുവിൽ സ്പെയിനും യുഎഇയും ഇന്ത്യയിൽ നിന്നുള്ള, ചില വിഭാഗത്തിലുള്ള യാത്രക്കാരെ അവരുടെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിച്ചിട്ടുണ്ട്.
India-UAE-Travel: യുഎഇയിലേക്കുള്ള യാത്ര
ഇന്ത്യയിൽ നിന്നും മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ വിലക്ക് യുഎഇ ആഗസ്റ്റ് 5 മുതൽ പിൻവലിച്ചു. എന്നിരുന്നാലും, ഈ ഇളവ് സാധുവായ താമസ വിസയുള്ള യാത്രക്കാർക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. യാത്രയ്ക്ക് കുറഞ്ഞത് 14 ദിവസം മുമ്പ് അവസാന ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരായിരിക്കണം യാത്രക്കാർ എന്ന നിബന്ധനയും യുഎഇ മുന്നോട്ട് വയ്ക്കുന്നു.
Read More: India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി
ഇതുകൂടാതെ, യുഎഇ മറ്റ് സ്ഥലങ്ങളിലേക്കുള്ള നിയന്ത്രണങ്ങളും നീക്കി. എന്നിരുന്നാലും, പുതിയ യാത്രക്കാർക്കായുള്ള ചട്ടങ്ങളിലും നടപടിക്രമങ്ങളിലും ഇനിയും അന്തിമ തീരുമാനത്തിലെത്താനുണ്ടെന്നതിനാൽ ഇവ നടപ്പാക്കുന്നതിൽ ഇനിയും കാലതാമസമുണ്ടാവാൻ സാധ്യതയുള്ളതായി വിമാനക്കമ്പനികൾ കരുതുന്നു.
ഇതിന്റെ പ്രാധാന്യം എന്താണ്?
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കും യുഎഇ വഴി യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും പുതിയ തീരുമാനം ആശ്വാസമാണ്. യുകെയിലു, യുഎസിലും പഠിക്കുന്ന ഇന്ത്യൻ വിദ്യർത്ഥികളെയും ഈ നിയന്ത്രണങ്ങൾ ബാധിച്ചിരുന്നു.
സ്പെയിൻ എന്താണ് ചെയ്തത്?
യാത്രയ്ക്ക് 14 ദിവസമെങ്കിലും മുൻപ് പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള വിനോദസഞ്ചാരികളെ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്പെയിൻ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയോ യൂറോപ്യൻ മെഡിസിൻ ഏജൻസിയോ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് കുത്തിവയ്പ്പ് നടത്തിയ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സ്പെയിൻ അധികൃതർ അറിയിച്ചു. ഇതിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് ഉൾപ്പെടുന്നുണ്ട്. എന്നാൽ അതിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.
മറ്റ് രാജ്യങ്ങളിലെ അവസ്ഥ
ഇന്ത്യയിൽ കേന്ദ്ര സർക്കാർ പതിവ് അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും, നിരവധി രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ വിമാന സർവീസുകൾ നടത്തുന്നു. എന്നാ ഏപ്രിലിൽ ഇന്ത്യയിൽ കോവിഡ് -19 ന്റെ രണ്ടാം തരംഗമുണ്ടായ ശേൽം പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.
Read More: India UAE Flight News: യുഎഇ യാത്രാനുമതിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
ഉദാഹരണത്തിന്, മെയ് മാസത്തിൽ, യുഎസ് ഇന്ത്യയിൽ നിന്നുള്ള സ്വന്തം പൗരന്മാർ ഒഴികെയുള്ള യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പിന്നീട് വിദ്യാർത്ഥി വിസ ഉള്ളവർക്ക് യാത്രയിൽ ഇളവ് വരുത്തി.
കഴിഞ്ഞ മാസം, ജർമ്മനി ഇന്ത്യയെ “ഉയർന്ന കോവിഡ് ബാധിത മേഖല,” എന്ന വിഭാഗത്തിലേക്ക് തരംതിരിച്ചിരുന്നു. നേരത്തെ “വൈറസ് വകഭേദ പ്രദേശം” എന്ന കൂടുതൽ നിയന്ത്രണങ്ങളുള്ള പ്രദേശത്തായിരുന്നു ഇന്ത്യ. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് ജർമനി നീക്കിയിരുന്നു.