India UAE Flight News: പ്രവാസികൾക്ക് ആശ്വാസമായി യുഎയിലേക്കുള്ള യാത്രവിലക്ക് നീങ്ങിയിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വിലക്കാണ് ഈ മാസം നാലിന് യുഎഇ നീക്കിയത്. യുഎഇ റെസിഡൻസി പെർമിറ്റുള്ളവർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ മടങ്ങാനാകും. യുഎഇയിൽനിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും എടുത്തവർക്കാണ് മടങ്ങാനാവുക. വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് യാത്രാനുമതിയ്ക്കായി സമർപ്പിക്കണം. ചില തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വാക്സിൻ എടുക്കാത്തവർക്കും യാത്ര അനുമതിയുണ്ട്.
ആർക്കൊക്കെയാണ് മടങ്ങാനാവുക?
ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് നീങ്ങിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ള, യുഎഇയിൽനിന്ന് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂർത്തിയായവർക്കാണ് യാത്രാനുമതി ലഭിക്കുക. ഇവർ യുഎഇയിൽ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് നൽകണം.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവര്‍, യുഎഇയിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റിയിലും ജോലി ചെയ്യുന്ന അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, യുഎഇയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സകള്‍ സ്വീകരിക്കേണ്ടവര്‍, സര്‍ക്കാര്‍ ഏജന്‍സികളിലോ ഫെഡറല്‍ ഏജന്‍സികളിലോ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്സിന് എടുത്തിട്ടില്ലെങ്കിലും യാത്ര ചെയ്യാം.
വാക്സിൻ എടുക്കാതെ യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളില്‍ നേടിയ പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം കൈയിൽ കരുതണം. ഇതുകൂടാതെ വിമാനത്തില്‍ കയറുന്നതിനു മുന്‍പായി റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എടുക്കുകയും നിര്‍ദേശിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. യുഎഇയില്‍ എത്തിയശേഷം പിസിആര്‍ പരിശോധനയും ക്വാറന്റൈനും നിർബന്ധമാണ്.
അതേസമയം, ഇന്ത്യ അനുമതി നൽകിയിരിക്കുന്ന സ്പുട്നിക്, കോവിഷീൽഡ് വാക്സിനുകൾ ഉൾപ്പടെ എട്ടോളം വാക്സിനുകൾക്ക് യുഎഇ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇവ സ്വീകരിച്ചവർക്ക് ഇപ്പോള്‍ യാത്രാ അനുമതിയുണ്ടോ എന്നതിൽ വ്യക്തതയില്ല.
എങ്ങനെയാണ് യാത്രാ അനുമതിക്ക് അപേക്ഷിക്കുക?
യാത്രാനുമതിയ്ക്കായി ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാർട്മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവയുടെ വെബ്സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ പാസ്പോർട്ട് വിവരങ്ങൾ, വാക്സിൻ വിവരങ്ങൾ, പിസിആർ പരിശോധന ഫലം എന്നിവ നൽകണം.
സ്റ്റെപ് 1: അപേക്ഷകന്റെ വിവരങ്ങൾ പൂരിപ്പിക്കുക
- അപേക്ഷകന്റെ വിവരങ്ങളായ പേര്, ജനന തിയതി, ജനന സ്ഥലം, ലിംഗം, എത്താൻ ഉദ്ദേശിക്കുന്ന തിയതി, സ്ഥലം, പുറപ്പെടുന്ന സ്ഥലം, ഇ-മെയിൽ എന്നിവ രേഖപ്പെടുത്തുക
- നിങ്ങളുടെ ഇ-മെയിലിൽ ഒരു ക്യൂആർ കോഡ് ലഭിക്കും
സ്റ്റെപ് 2: പാസ്പോർട്ട് വിവരങ്ങൾ നൽകുക
- ഏത് പാസ്പോർട്ട്, കാലാവധി തീരുന്ന തിയതി, പാസ്പോർട്ട് എടുത്ത തിയതി, നമ്പർ, പാസ്പോർട്ട് എടുത്ത രാജ്യം
സ്റ്റെപ് 3: യുഎഇയിലെ വിലാസം നൽകുക
- യുഎഇയിലെ മേൽവിലാസം ഫോൺ നമ്പർ സഹിതം നൽകുക
സ്റ്റെപ് 4: കോവിഡ് പരിശോധന നടത്തിയ വിവരങ്ങൾ നൽകുക
- യുഎഇ താമസക്കാർക്ക് തിരഞ്ഞെടുക്കാവുന്ന എട്ട് വാക്സിനുകളുടെ ഒരു പട്ടിക നൽകിയിട്ടുണ്ട്. സ്പുട്നിക്ക്, ജാൻസൻ (ജോൺസൺ ആൻഡ് ജോൺസൺ), മൊഡേണ, നോവാവാക്സ്, ഓക്സ്ഫോർഡ് യൂനി ആസ്ട്രസെനെക്ക, ഫൈസർ ബയോ എൻടെക്, സിനോഫാം, സിനോവാക് (കൊറോണവാക്) എന്നിവയാണ് അതിൽ നൽകിയിരിക്കുന്നത്.
- അപേക്ഷകർ അവരുടെ ആദ്യത്തെയും രണ്ടാമത്തെയും ഡോസുകൾ സ്വീകരിച്ച തിയതികൾ പൂരിപ്പിക്കണം. പിസിആർ ടെസ്റ്റ് തിയതി, ടെസ്റ്റ് ഫലം ലഭിച്ച തീയതി എന്നിവയും സൂചിപ്പിക്കണം.
സ്റ്റെപ്പ് 5: രേഖകൾ അപ്ലോഡ് ചെയ്യുക
- പാസ്പോർട്ട് ഫൊട്ടോ, വ്യക്തിഗത ചിത്രം, പിസിആർ ടെസ്റ്റ് ഫലങ്ങൾ എന്നിവ അപ്ലോഡ് ചെയ്യണം. കോവിഡ് വാക്സിനേഷൻ കാർഡ് ഓപ്ഷണൽ ആണ്.
സ്റ്റെപ്പ് 6: ഡിക്ലറേഷൻ
- യുഎഇ ആരോഗ്യ നിയമങ്ങൾ പൂർണമായി പാലിക്കുന്നുവെന്നും അറ്റാച്ച് ചെയ്ത എല്ലാ രേഖകളും ശരിയാണെന്നും സ്ഥിരീകരിക്കുന്ന ഡിക്ലറേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 7: ‘സെൻഡ്’ കൊടുക്കുക
ടിക്കറ്റ് വിവരങ്ങൾ
അബുദാബി ആസ്ഥാനമായ എത്തിഹാദ് എയര്‍വെയ്സ് ഓഗസ്റ്റ് 18 മുതലുള്ള ടിക്കറ്റുകളാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഇക്കണോമി ക്ലാസിനു 18,19 തിയതികളില്‍ 70,684 രൂപയും 20,21,22 തിയതികളില്‍ 71,860 രൂപയും 25 മുതല്‍ 30 വരെ 51,878 രൂപയുമാണ് നിലവില്‍ വെബ്സൈറ്റില്‍ കാണിക്കുന്ന നിരക്ക്. സെപ്റ്റംബര്‍ അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്ക് കോവിഡിനു മുന്പുളള നിരക്കിൽ എത്തുന്നതായാണു കാണിക്കുന്നത്.
എമിറേറ്റ്സ് ഓഗസ്റ്റ് ഒന്‍പതു മുതലാണു ടിക്കറ്റ് ബുക്കിങ് കാണിക്കുന്നത്. ഒന്‍പത്, 10,11 തിയതികളില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിന് 1,31,120 രൂപയാണു നിലവിലെ നിരക്ക്. 15ന് 92,749 രൂപയും 16നു 89,837 രൂപയിലുമെത്തുന്ന നിരക്ക് 23 മുതല്‍ 25 വരെ വീണ്ടും ഒരു ലക്ഷം കടക്കും. 26നു 61,750 രൂപയിലെത്തി മാസാവസനാത്തോടെ മുപ്പതിനായിരത്തിനു താഴെയായും സെപ്റ്റംബര്‍ 20 മുതല്‍ പതിനായിരത്തിനു താഴെയായും ടിക്കറ്റ് വില കുറയുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് അഞ്ചാം തിയതി മുതൽ യുഎഎയിലേക്ക് യാത്ര ചെയ്യാമെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ ആറ് മുതൽ ബുക്കിങ് കാണിക്കുന്നുണ്ട്. അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യൂ ടിക്കറ്റിന് 27,040 രൂപ മുതലാണ് നിരക്ക് കാണിക്കുന്നത്. മാസാവസാനത്തോടെ കുറഞ്ഞ നിരക്ക് 23,000ത്തിലേക്ക് എത്തുന്നുണ്ട്. എന്നാൽ ആദ്യ ഒരാഴ്ചയിലെ ടിക്കറ്റ് വില്പന പൂർത്തിയായതായാണ് കാണിക്കുന്നത്.
Also read: India UAE Flight News: യുഎഇ യാത്രാവിലക്ക് ഇളവ്: എമിറേറ്റ്സും എത്തിഹാദും ടിക്കറ്റ് ബുക്കിങ് തുടങ്ങി