ഈ ആഴ്ച ആദ്യം, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യൻ നിർമ്മിത നാല് ചുമ സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സിറപ്പുകൾ കുട്ടികളിലെ ഗുരുതരമായ വൃക്ക തകരാറുകൾക്ക് കാരണമാകുന്നതായും പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയിൽ 66 മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്നും പറഞ്ഞു.
പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ നാലു സിറപ്പുകൾ ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ആണ് നിർമ്മിച്ചത്.
ഗാംബിയയിൽ സംഭവിച്ചത് എന്ത്?
5 മാസം മുതൽ 4 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ വൃക്ക തകരാറുമായി ബന്ധപ്പെട്ട കേസുകളുടെ പെട്ടെന്നുള്ള വർധനവിനെക്കുറിച്ച് ജൂലൈ അവസാനം രാജ്യത്തെ എപ്പിഡെമിയോളജി ആൻഡ് ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിരുന്നു. ഓഗസ്റ്റിൽ, 32 കേസുകളും 28 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പറഞ്ഞു.
സെപ്റ്റംബറിൽ പനി, ചുമ, ജലദോഷം എന്നിവയ്ക്ക് ഉപയോഗിക്കുന്ന നാല് സിറപ്പുകളെക്കുറിച്ച് ഗാംബിയ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തു. ഈ സിറപ്പുകളിൽ അസ്വീകാര്യമായ അളവില്‍ ഡൈത്തിലീന്‍ ഗ്ലൈക്കോളിന്റെയും എഥിലീന്‍ ഗ്ലൈക്കോളിന്റെയും സാന്നിധ്യം സാമ്പിളുകളുടെ ലബോറട്ടറി വിശകലനം സ്ഥിരീകരിച്ചതായി ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബർ 5 ന് ഈ സിറപ്പുകൾ രാജ്യവ്യാപകമായി ഗാംബിയ നിരോധിച്ചു.
ഡൈത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?
ഡൈത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ വിഷാംശമുണ്ടാക്കുന്നു. ഇതു വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, മരണത്തിലേക്കു നയിച്ചേക്കാവുന്ന ഗുരുതരമായ വൃക്ക തകരാറുകള്‍ എന്നിവയ്ക്കു കാരണമായേക്കാം.
നിങ്ങൾ ആശങ്കപ്പെടേണ്ടതുണ്ടോ?
ഇല്ല. ഗാംബിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മാത്രമാണ് ഹരിയാന ആസ്ഥാനമായുള്ള കമ്പനി ഈ നാല് മരുന്നുകളും നിർമ്മിക്കുന്നത്. ”ഈ മരുന്നുകൾക്ക് ഇന്ത്യയിൽ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ലൈസൻസ് ഇല്ല. ഈ നാല് മരുന്നുകളും രാജ്യത്ത് വിൽക്കുന്നില്ല,” കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പർച്ചേസ് ഓർഡർ ലഭിച്ചതിന് ശേഷം കയറ്റുമതിക്കായി മരുന്നുകൾ നിർമ്മിക്കാൻ കമ്പനി പ്രത്യേക അനുമതി വാങ്ങിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്തുകൊണ്ടാണ് സിറപ്പുകൾ ഇന്ത്യയിൽ വിൽക്കാത്തത്?
സിറപ്പുകൾ ഇന്ത്യ ഘട്ടം ഘട്ടമായി ഒഴിവാക്കിയതായി 2020 ലെ ജമ്മു കശ്മീർ മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായ ഒരു ഡ്രഗ് റെഗുലേറ്ററി വിദഗ്ധൻ പറഞ്ഞു,
സിറപ്പിലെ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രഡിയന്റ് (എപിഐ) പൂർണ്ണമായും ലായകത്തിൽ കലർത്തിയിരിക്കുന്നു. ”അതുകൊണ്ടാണ് സിറപ്പ് കുപ്പികളുടെ ലേബലുകളിൽ, ‘ഉപയോഗത്തിന് മുമ്പ് നന്നായി കുലുക്കുക’ എന്ന് എഴുതിയിട്ടുള്ളത്. അല്ലെങ്കിൽ എപിഐ താഴെയായി അടിഞ്ഞു കിടക്കും,” വിദഗ്ധൻ പറഞ്ഞു.
നാല് സിറപ്പുകളിൽ അടങ്ങിയിരിക്കുന്ന പാരസെറ്റമോൾ പോലുള്ള എപിഐകളും മറ്റുള്ളവയും വെള്ളത്തിൽ ലയിക്കുന്നതല്ല. അതിനാൽ പ്രൊപിലീൻ ഗ്ലൈക്കോൾ പോലുള്ള ഒരു അടിസ്ഥാന ലായകമാണ് വേണ്ടത്. ടടപ്രൊപിലീൻ ഗ്ലൈക്കോൾ രണ്ട് ഇനങ്ങളിൽ ലഭ്യമാണ് – ഒന്ന് വ്യാവസായിക ഉപയോഗത്തിനും മറ്റൊന്ന് ഫാർമസ്യൂട്ടിക്കൽ ഉപയോഗത്തിനും. ചെലവ് ലാഭിക്കുന്നതിന്, ചില കമ്പനികൾ വ്യാവസായിക പ്രൊപിലീൻ ഗ്ലൈക്കോൾ ഉപയോഗിക്കുന്നു. അതിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിരിക്കാം,” വിദഗ്ധൻ പറഞ്ഞു.
ഇന്ത്യൻ അധികാരികൾ എന്താണ് ചെയ്യുന്നത്?
സെപ്റ്റംബർ 29 ന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനുശേഷം ഇന്ത്യയുടെ അപെക്സ് റെഗുലേറ്ററി ബോഡി, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ), സംസ്ഥാന അധികാരികളുമായി ചേർന്ന് അന്വേഷണം ആരംഭിക്കുകയും അതേ ബാച്ച് സിറപ്പുകളിൽ നിന്നുള്ള സാമ്പിളുകൾ ഛണ്ഡീഗഡ് ആസ്ഥാനമായുള്ള ലാബിൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. സാമ്പിളുകളിൽ ഉയർന്ന അളവിൽ രാസപദാർത്ഥങ്ങൾ കണ്ടെത്തിയാൽ, കമ്പനിക്കെതിരെ നടപടിയെടുക്കും. മരുന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതും അതിൽ ഉൾപ്പെട്ടേക്കാമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മരുന്നുകൾ വിപണിയിൽ ഇറക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടത് ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഫാർമസ്യൂട്ടിക്കൽ വിദഗ്ധൻ സി.എം.ഗുൽഹാത്തി പറഞ്ഞു.
ഗാംബിയയിലെ മരണത്തിലേക്ക് നയിച്ചത് സിറപ്പുകളാണെന്ന സ്ഥിരീകരിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് കൈമാറാൻ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.