scorecardresearch

ഇന്ത്യയിലേക്കുള്ള പണമയക്കൽ: ഗൾഫ് രാജ്യങ്ങളെ പിന്തള്ളി യു എസ്, കാനഡ പ്രവാസികൾ

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാറി വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് പണം അയക്കുന്ന രീതിയിൽ ഗണ്യമായ മാറ്റമുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്, എന്തെല്ലാം വെല്ലുവിളികളാണ് ഇത് മുന്നോട്ട് വെക്കുന്നത്? എസ് ഇരുദയ രാജൻ, അജയ് പി കാരുവള്ളിയും എഴുതുന്നു

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മാറി വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് പണം അയക്കുന്ന രീതിയിൽ ഗണ്യമായ മാറ്റമുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്, എന്തെല്ലാം വെല്ലുവിളികളാണ് ഇത് മുന്നോട്ട് വെക്കുന്നത്? എസ് ഇരുദയ രാജൻ, അജയ് പി കാരുവള്ളിയും എഴുതുന്നു

author-image
WebDesk
New Update
Gulf Explained

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) ഏറ്റവും പുതിയ പണമയക്കൽ (റെമിറ്റൻസ്) സർവേയിലെ കണ്ടെത്തലുകൾ ഇന്ത്യയുടെ റെമിറ്റൻസ് സ്രോതസ്സുകളിൽ ഗണ്യമായ മാറ്റം കാണിക്കുന്നു.

Advertisment

വിദേശ രാജ്യങ്ങളിൽ നിന്നു ഇന്ത്യയ്ക്ക് ലഭ്യമാകുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിൽ, കഴിഞ്ഞ വർഷം (2023-24) മൊത്തം പണമയയ്ക്കലിന്റെ പകുതിയിലധികവും അഡ്വാൻസ്ഡ് ഇക്കണോമികൾ (AEs) എന്നറിയപ്പെടുന്ന വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ നിന്നായിരുന്നു-പ്രത്യേകിച്ച് അമേരിക്ക (യുണൈറ്റഡ് സ്റ്റേറ്റ്സ്), യു കെ (യുണൈറ്റഡ് കിങ്ഡം), സിംഗപ്പൂർ, കാനഡ, ഓസ്‌ട്രേലിയ -  പരമ്പരാഗതമായി ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിന്റെ ഏറ്റവും വലിയ പങ്ക് സംഭാവന ചെയ്തിരുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജി സി സി)  രാജ്യങ്ങളെക്കാൾ കൂടുതലായിരുന്നു ഈ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ.

ഈ മാറ്റം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പണമയയ്ക്കൽ രാജ്യത്തിന്റെ വികസനത്തിനായി കൂടുതൽ പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്ക് സഹായകമാകും. എന്നാൽ വിദേശ കുടിയേറ്റത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികൾ, ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ, വിദേശത്ത് ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളിലുള്ള മാറ്റത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളും ഈ കണക്കുകൾ  ഉയർത്തുന്നു.

ഗൾഫിൽ നിന്നുള്ള പണം

ചരിത്രപരമായി, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ ആറ് ജിസിസി രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണം അയച്ചിരുന്നത്, കാരണം ആ രാജ്യങ്ങളിലായിരുന്നു കൂടുതൽ  ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്നത്.

Advertisment

ഗൾഫിൽ നിന്നു ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ കുറയുന്നതിന് ഒന്നിലധികം ഘടകങ്ങൾ കാരണമായി.

കോവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം വ്യാപകമായ തൊഴിൽ നഷ്ടങ്ങൾക്കും ശമ്പള വെട്ടിക്കുറവിനും കാരണമായി, ഇത് പണമയയ്ക്കലിനായി  കൈവശം ലഭിക്കുന്ന വരുമാനം അഥവാ ഡിസ്പോസിബിൾ ഇൻകം (നികുതികൾ സുരക്ഷാ ഫീസുകൾ തുടങ്ങിയവ ഈടാക്കിയ ശേഷം ലഭിക്കുന്ന ശമ്പളം) കുറയുന്നതിന് കാരണമായി.

കൂടാതെ, വിദേശ തൊഴിലാളികളേക്കാൾ പ്രാദേശിക തൊഴിലാളികൾക്ക്  മുൻഗണന നൽകുന്ന സൗദി ദേശസാൽക്കരണ പദ്ധതി അല്ലെങ്കിൽ നിതാഖത്ത്, “സൗദിവൽക്കരണം” എന്നൊക്കെ അറിയപ്പെടുന്ന നയസമീപനം ഭരണകൂടം സ്വീകരിച്ചത്  ഇന്ത്യൻ തൊഴിലാളികൾക്കുള്ള അവസരങ്ങൾ ഗണ്യമായി കുറയുന്നതിന് കാരണമായി.

ഇന്ത്യയിലേക്കുള്ള ആകെ പണമയയ്ക്കലിൽ 2016-17-ൽ   യുഎഇയുടെ പങ്ക് 26.9% ആയിരുന്നത് 2023-24-ൽ 19.2% ആയി കുറഞ്ഞു, സൗദി അറേബ്യയുടെയും കുവൈറ്റിന്റെയും പങ്ക് ഇതേ കാലയളവിൽ യഥാക്രമം 11.6% ൽ നിന്ന് 6.7% ആയും 6.5% ആയും 3.9% ആയും കുറഞ്ഞു (‘ചേഞ്ചിങ് ഡയിനാമിക്സ് ഓഫ് ഇന്ത്യാസ് റെമിറ്റൻസ്  – ഇൻസൈറ്റ്സ് ഫ്രം ദ് സിക്സത് റൗണ്ട് ഓഫ് ഇന്ത്യാസ് റെമിറ്റൻസ് സർവേ, ഗജ്ഭിയേയും മറ്റുള്ളവരും, ആർ‌ബി‌ഐ ബുള്ളറ്റിൻ, മാർച്ച് 2025)

സ്ഥിതിഗതികൾ ഇപ്പോഴും അസ്ഥിരമായി തുടരുന്നു, ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക കാര്യങ്ങൾ സാധാരണ നിലയിലായാൽ ആ മേഖലയിൽ നിന്നു ഇന്ത്യയിലേക്കുള്ള പണമയ്ക്കൽ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.

…കൂടാതെ വികസിത രാജ്യങ്ങൾ

സമീപ വർഷങ്ങളിൽ വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള  പണമയയ്ക്കൽ ക്രമാനുഗതമായി വർദ്ധിച്ചു.


കഴിഞ്ഞ വർഷം (2023-24) ഇന്ത്യയിലേക്കുള്ള ആകെ പണമയയ്ക്കലിന്റെ 27.7% സംഭാവന ചെയ്ത യുഎസ് ആണ് ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്നത്. 2016-17 ൽ യുഎസിൽ നിന്നുള്ള പണമയയ്ക്കൽ ആകെ പണമയച്ചതിന്റെ 22.9% ആയിരുന്നു, 2020-21 ൽ ഇത് 23.4% ആയിരുന്നു.

യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള  പണമയയ്ക്കലിന്റെ പങ്ക് 2016-17 നും 2023-24 നും ഇടയിൽ,  യഥാക്രമം 3% ൽ നിന്ന് 10.8%, 3% ൽ നിന്ന് 3.8%, 5.5% ൽ നിന്ന് 6.6% ആയി വർദ്ധിച്ചു.

ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം കുറവാണെങ്കിലും, ഉയർന്ന വേതനവും (ഉയർന്ന മിനിമം വേതനമുൾപ്പെടെ) യുഎസ് ഡോളറിന്റെ വാങ്ങൽ ശേഷിയും കാരണം അവർ കൂടുതൽ പ്രതിശീർഷ പണമയ്ക്കുന്നു.

കാനഡ, യുകെ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളിലും ഈ രീതി കാണാം, അവിടെ ഇന്ത്യൻ പ്രൊഫഷണലുകൾ ഗൾഫിലെ തങ്ങളുടെ അതേ ജോലി ചെയ്യുന്നവരേക്കാൾ ഗണ്യമായ നിലയിൽ  കൂടുതൽ വരുമാനം നേടുന്നു.

വികസിത സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിൽ , പ്രത്യേകിച്ച്, സയൻസ്, ടെക്നോളജി, എൻജിനിയറിങ്, മാത്തസ് എന്നീ (STEM) മേഖലകൾ, ധനകാര്യം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് ഇന്ത്യയിലേക്കുള്ള പണമയ്ക്കൽ വർദ്ധനവിന് കാരണമായി. ഇന്ത്യ-ജർമ്മനി, ഇന്ത്യ-ഓസ്ട്രിയ, ഇന്ത്യ-നെതർലാൻഡ്‌സ് ഇടനാഴികൾ എന്നിവയെക്കുറിച്ചുള്ള ഞങ്ങളുടെ സമീപകാല ഗവേഷണങ്ങൾ ഈ പ്രവണതയെ ശരിവെക്കുന്നു. ഇതിനെക്കുറിച്ച്  കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്.

 മുന്നോട്ട് പോകുമ്പോഴുള്ള ട്രെൻഡ്

നിലവിലെ ഭരണകൂടത്തിന്റെ നയങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ച് അമേരിക്കയിൽ (യു എസ്) നിന്നുള്ള  പണമയയ്ക്കൽ ഇനിയും വർദ്ധിച്ചേക്കാം.

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾ ഗ്രീൻ കാർഡ് നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയേക്കാം. ആശ്രിത വിസ പദവി നഷ്ടപ്പെട്ട കുട്ടികൾ പ്രായമാകുന്നതിനാൽ നിരവധി കുടുംബങ്ങൾ യു എസിൽ നിന്നും മാറാനുള്ള സാധ്യതയിലാണ്. ജന്മാവകാശ പൗരത്വം അവസാനിപ്പിച്ചുകൊണ്ട് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ഭരണകൂടം യുഎസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

എന്നാൽ, ഈ നയങ്ങൾ പലരെയും ഇന്ത്യയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ നിർബന്ധിതരാക്കും, കാരണം അവർ ഇതിനകം ഇന്ത്യൻ പൗരന്മാരല്ലെങ്കിൽ പൗരത്വത്തിന് അർഹരായിരിക്കും. പണമയ്ക്കൽ കാര്യത്തിൽ, വിദേശത്തേക്ക് പോകുന്നത് ഉറവിടത്തിൽ നിന്ന് പുതിയ ആതിഥേയ രാജ്യത്തേക്ക് വിഭവങ്ങൾ മാറുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്നത് പണമയയ്ക്കലിലൂടെയും മറ്റ് സ്ഥിര ആസ്തികളിലൂടെയും ഗണ്യമായ വിഭവങ്ങൾ ഇന്ത്യയിലേക്ക് തിരികെയെത്തുമെന്നാണ് അർത്ഥമാക്കുന്നത്.

പല ഇന്ത്യൻ കുടിയേറ്റക്കാരും യഥാർത്ഥത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ പോലും, പ്രവചനാതീതമായ ഭാവിയെ മുൻകൂട്ടി കണ്ട്, യുഎസിൽ നിക്ഷേപിക്കുന്നതിനുപകരം ഇന്ത്യയിലേക്ക് കൂടുതൽ പണമയക്കുക എന്ന വഴി  തിരഞ്ഞെടുക്കാൻ അവർ തീരുമാനിച്ചേക്കാം. തൊഴിൽ തേടിയെത്തിയ രാജ്യത്ത് തങ്ങളെ താൽക്കാലിക താമസക്കാരായി കാണുകയും അവിടുത്തെ  നിക്ഷേപങ്ങളേക്കാൾ നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് മുൻഗണന നൽകുകയും ചെയ്ത ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ സ്വഭാവസവിശേഷതയെയാകും  ഇത് പ്രതിഫലിപ്പിക്കുക.

ആഗോളതലത്തിൽ, വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉയർച്ച നിരവധി വികസിത സമ്പദ് വ്യവസ്ഥകളിൽ കുടിയേറ്റ നയങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നയിക്കുന്നു. ഇത് ഇന്ത്യൻ കുടിയേറ്റക്കാർക്ക് സ്ഥിര താമസം ഉറപ്പാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും, കൂടാതെ ആതിഥേയ രാജ്യങ്ങളിലെ നിക്ഷേപങ്ങളിൽ ഏർപ്പെടുന്നതിനുപകരം വലിയ തുകകൾ വീട്ടിലേക്ക് അയച്ചുകൊണ്ട് അവരുടെ സാമ്പത്തിക അപകടസാധ്യതയെ കുറിച്ച് സൂചന നൽകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.

ഇന്ത്യൻ വിദ്യാർത്ഥികളുടെ പങ്ക്

വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതാണ് വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിൽ  നിന്നുള്ള പണമയയ്ക്കലിന്റെ വർദ്ധനവിന് ഒരു പ്രധാന കാരണം.

പഠിക്കുമ്പോൾ, വായ്പ തിരിച്ചടവുകള്‍ക്കായി അവർ പണമയക്കുന്നു. ബിരുദം നേടി ജോലി ലഭിച്ച ശേഷം, അവർക്ക് നാട്ടിലെ കുടുംബങ്ങളിലേക്ക് പണമയച്ചേക്കാം.

എന്നാൽ, ഉയർന്ന വിദ്യാഭ്യാസമുള്ള ബിരുദധാരികൾ സ്ഥിര താമസത്തിന് യോഗ്യത നേടുന്നതിനായി റീട്ടെയിൽ, ഡെലിവറി സേവനങ്ങൾ അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി എന്നിവയിലെ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്ന, മനഃപൂർവ്വമായ നൈപുണ്യ കുറച്ച് കാണിക്കുന്നത് (ഡീ സ്കില്ലിങ്) പോലുള്ള കാര്യങ്ങൾ ചെയ്യുന്ന  ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കേരള മൈഗ്രേഷൻ സർവേകളുടെ ഫലങ്ങൾക്ക് പുറമേ, കാനഡയിലെയും യുകെയിലെയും ഇന്ത്യൻ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഞങ്ങളുടെ ഗവേഷണവും ഇത് സൂചിപ്പിക്കുന്നു.

ഈ സാഹചര്യം അവരുടെ ദീർഘകാല കരിയർ സാധ്യതകളെ കുറയ്ക്കുകയും ഉയർന്ന പണമയയ്ക്കൽ നടത്താനുള്ള അവരുടെ കഴിവിനെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കുടിയേറ്റ നയങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങൾക്ക്  പ്രത്യേകിച്ച് ഈ വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും ഇരയാകുന്നു, ഇത് അവരുടെ വരുമാനത്തെയും പണമയയ്ക്കൽ അളവിനെയും കൂടുതൽ ബാധിച്ചേക്കാം.

പണമയക്കലിന് മുന്നോട്ടുള്ള വഴി

പ്രവാസി പണമയയ്ക്കൽ പരമാവധിയാക്കുന്നതിനും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും, തൊഴിലാളികളെ അയയ്ക്കുന്ന രാജ്യമെന്ന നിലയില്‍ നൈപുണ്യ സമന്വയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വ്യക്തിഗത സ്വാതന്ത്ര്യങ്ങളും തിരഞ്ഞെടുപ്പുകളും മനസ്സിൽ വെച്ചുകൊണ്ട്, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അവരുടെ യോഗ്യതകളുമായി പൊരുത്തപ്പെടുന്ന റോളുകളിൽ നിയമിക്കുന്നതിന് പിന്തുണ നൽകണം, അതേസമയം താഴ്ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ ചൂഷണത്തിനോ നൈപുണികൾ കുറച്ച് കാണിച്ചുള്ള ജോലികൾക്കോ സാധ്യതയില്ലാതെ ഉചിതമായ അവസരങ്ങൾ ലഭ്യമാകണം.

ഈ പ്രശ്നം പരിഹരിക്കുന്നതിലൂടെ ഇന്ത്യൻ കുടിയേറ്റക്കാർക്ക് അവരുടെ കഴിവുകൾ പൂർണ്ണമായി വിനിയോഗിക്കാനും അവരുടെ കഴിവിനനുസരിച്ച് വരുമാനം നേടാനും കഴിയുമെന്ന് ഉറപ്പാക്കാൻ സാധിക്കും.

കുടിയേറ്റം നിയന്ത്രിക്കുന്നതിലും തൊഴിലാളികളെ തൊഴിലില്ലായ്മയിൽ നിന്ന് സംരക്ഷിക്കുന്നതിലും ഉഭയകക്ഷി, ബഹുകക്ഷി മൊബിലിറ്റി കരാറുകൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. അത്തരം കരാറുകൾ സ്ഥാപിക്കുന്നതിന് തൊഴിൽ തേടി പോകുന്ന രാജ്യങ്ങളുമായി മുൻകൈയെടുത്ത് ഇടപഴകുന്നതിലൂടെ, ഇന്ത്യക്ക് തങ്ങളുടെ തൊഴിലാളികൾക്ക് മികച്ച അവസരങ്ങൾ ഉറപ്പാക്കാൻ കഴിയും, അതോടൊപ്പം പണമയയ്ക്കലിന്റെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യാനാകും.


  • പ്രൊഫസർ ഇരുദയ രാജൻ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ്, കേരള (ഐഐഎംഎഡി) യുടെ സ്ഥാപക ചെയർമാനാണ്. അജയ് പി കാരുവള്ളി, ഐഐഎംഎഡിൽ റിസർച്ച് ഫെലോ ആണ്
Gulf Countries Migrants Uae Saudi Arabia Usa Uk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: