2022 മാര്‍ച്ച് മുതല്‍ ദക്ഷിണേഷ്യയിലെ തുടര്‍ച്ചയായ ഉഷ്ണതരംഗം ചരിത്രപരമായ താപനില റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന അസ്വസ്ഥജനകമായ സ്ഥിതി തുടരുകയാണ്. അതേസമയം, 2015ല്‍ ഉണ്ടായതു പോലെയുള്ള മുന്‍കാല ഉഷ്ണ തരംഗങ്ങളിലെ ഉയര്‍ന്ന മരണ നിരക്ക് ഈ റെക്കോര്‍ഡ് താപനിലയ്ക്കൊപ്പം ഉണ്ടായില്ല. എന്തുകൊണ്ടാണ് ആ ഉഷ്ണതരംഗങ്ങള്‍ ഇത്ര മാരകമായത് എന്നത് നമ്മള്‍ ഇതുവരെ പരിഹരിക്കാത്ത പ്രഹേളികയാണ്.
അതി തീവ്ര ചൂട് മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന ശാരീരിക സമ്മര്‍ദം കണക്കിലെടുക്കുമ്പോള്‍ ഹ്യുമിഡിറ്റി (ഈര്‍പ്പം) വളരെ പ്രധാനമാണെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി)യുടെ സമീപകാല റിപ്പോര്‍ട്ട് എആര്‍6 ഊന്നിപ്പറയുന്നു. സാധാരണ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അളക്കുന്ന ‘ഉഷ്ണ ബള്‍ബ്’ താപനിലയ്ക്കു പകരം, ‘ആര്‍ദ്ര ബള്‍ബ് താപനില’ എന്നറിയപ്പെടുന്ന ബദല്‍ സംവിധാനം അതി തീവ്ര ചൂടില്‍ തീവ്രത അളക്കാന്‍ ഉപയോഗിച്ചു. 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ആര്‍ദ്ര ബള്‍ബ് താപനിലയില്‍ തുടര്‍ച്ചയായി നിലകൊള്ളുന്നതു മാരകമാണെന്നും 32 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ആര്‍ദ്ര ബള്‍ബ് താപനില തുടര്‍ച്ചയായി ഏല്‍ക്കുന്നതു തീവ്രമായ ശാരീരിക പ്രവര്‍ത്തനത്തിന് അപകടകരമാണെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.
ഈ പ്രവചനങ്ങള്‍ വളരെ സ്വാഗതാര്‍ഹവും കാലാവസ്ഥാ ശാസ്ത്ര സമൂഹം ദശാബ്ദത്തിലേറെയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലവുമാണ്. ഹ്യുമിഡിറ്റിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ സമൂഹം വളരെക്കാലം ബോധമുള്ളവരായിരുന്നു. അടുത്തിടെ മാധ്യമങ്ങളില്‍ വന്ന നിരവധി ലേഖനങ്ങള്‍ ഇതേക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാന്‍ സഹായിച്ചിട്ടുമുണ്ട്. അതേസമയം, 35 ഡിഗ്രി സെല്‍ഷ്യസ് പരിധിയെക്കുറിച്ചും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങള്‍ വരും വര്‍ഷങ്ങളില്‍ ‘അതിജീവിക്കാന്‍ പറ്റാത്തത്’ ആയി മാറുമോ എന്നതിനെക്കുറിച്ചും ആശങ്ക വര്‍ധിച്ചുവരുന്നുണ്ട്.
ഹ്യുമിഡിറ്റിയും താപനിലയും
ചൂടിന്റെ കാഠിന്യം അളക്കുമ്പോള്‍ ഹ്യുമിഡിറ്റി ഇത്ര നിര്‍ണായക ഘടകമാവുന്നത് എന്തുകൊണ്ടാണ്? ചര്‍മത്തില്‍ ബാഷ്പീകരിക്കപ്പെടുന്ന വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് ശരീരത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചൂട് നഷ്ടപ്പെടുന്നു. ഈ ബാഷ്പീകരണത്തിന്റെ തണുപ്പിക്കല്‍ പ്രഭാവം സ്ഥിരമായ ശരീര താപനില നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഹ്യൂമിഡിറ്റി കൂടുന്നതിനനുസരിച്ച്, വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടില്ല. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ വളരെ സമയമെടുക്കുന്നതുപോലെ. ശരീര താപനില നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍, ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ നമുക്ക് കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുന്നു.
ആര്‍ദ്ര ബള്‍ബ് താപനില സാധാരണയായി ഉഷ്ണ ബള്‍ബ് താപനിലയേക്കാള്‍ കുറവാണ്. വായു വരണ്ടതാകുന്നതോടെ ഇവ തമ്മിലുള്ള വ്യത്യാസം ഗണ്യമായി വര്‍ധിക്കുന്നു. ഒരു നിശ്ചിത ഉഷ്ണ ബള്‍ബ് താപനിലയും ആര്‍ദ്ര ബള്‍ബ് താപനിലയും തമ്മിലുള്ള വ്യത്യാസം ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.
കരയില്‍ 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ആര്‍ദ്ര ബള്‍ബ് താപനിലയിലെത്താന്‍ ആവശ്യമായ ഈര്‍പ്പം നേടുന്നത് വിവിധ കാരണങ്ങളാല്‍ വളരെ ബുദ്ധിമുട്ടാണ്. ഈ ലേഖനം അതിലേക്ക് പോകുന്നില്ല. ഈ സമയത്ത് അത്തരം അവസ്ഥകള്‍ വളരെ അപൂര്‍വമായി മാത്രമേ നിരീക്ഷിക്കപ്പെടുന്നുള്ളൂവെന്ന് എആര്‍6 പറയുന്നത് അതുകൊണ്ടാണ്. പാക്കിസ്ഥാനിലെ സിന്ധില്‍ 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ആര്‍ദ്ര ബള്‍ബ് താപനില നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം അവസ്ഥകള്‍ ഓരോ മൂന്നോ നാലോ വര്‍ഷത്തിലൊരിക്കലാണ് സംഭവിക്കുന്നത്, ഒരുപക്ഷേ ഏതാനും മണിക്കൂറുകള്‍. ‘സുസ്ഥിരമായ എക്‌സ്‌പോഷര്‍’ എന്ന മാനദണ്ഡം പാലിക്കുന്നതില്‍ ഇത് പരാജയപ്പെടുന്നു.
നിലവിലെ കാലാവസ്ഥയില്‍ അത്തരം അവസ്ഥകള്‍ നിരീക്ഷിക്കാത്തതിനാല്‍ ഭാവിയില്‍ ഇത് വളരെ അപൂര്‍വമായിരിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. എന്നിരുന്നാലും, എആര്‍6 നെ തുണയ്ക്കുന്ന ഗവേഷണം സൂചിപ്പിക്കുന്നത്, അതിജീവനത്തിന്റെ പരിധിക്കപ്പുറം ആര്‍ദ്ര ബള്‍ബ് താപനിലയില്‍ തുടര്‍ച്ചയായി എക്‌സ്‌പോഷര്‍ അനുഭവിക്കാന്‍ സാധ്യതയില്ലെന്ന്.
അതിജീവന പരിധികളെയും ആര്‍ദ്ര ബള്‍ബ് താപനിലയെയും ചുറ്റിപ്പറ്റിയുള്ള അമിതമായ പ്രചാരം ശരീരശാസ്ത്രപരവും രാഷ്ട്രീയവുമായ ആഴത്തിലുള്ള പ്രശ്നങ്ങളെ മറയ്ക്കുന്നു. ഒന്നാമതായി, ശരീരത്തിന്റെ കാതലയായ താപനില സ്ഥിരപ്പെടുത്താനുള്ള കഴിവില്ലായ്മയ്ക്ക് ഒന്നിലധികം കാരണങ്ങളുണ്ടാകാം. ഉദാഹരണത്തിന്, ഉയര്‍ന്ന താപനിലയുള്ള കാലഘട്ടങ്ങളില്‍ ഹൃദയത്തിനുണ്ടാകുന്ന കൂടുതല്‍ ആയാസം, നേരത്തെയുള്ള ഹൃദയസംബന്ധമായ അവസ്ഥകളുള്ളവര്‍ക്ക് മാരകമായേക്കാം. വാസ്തവത്തില്‍ ഉഷ്ണതരംഗങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണം ഇതാണ്. നേരത്തെയുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയും മരണകാരണങ്ങളാണ്. അത്തരം അവസ്ഥകള്‍ പരിസ്ഥിതിയിലേക്ക് ഉഷ്ണം കാര്യക്ഷമമായി കൈമാറാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്നു.
നിര്‍ജ്ജലീകരണമാണ് കുറച്ചുകൂടി പ്രകടമായ പ്രശ്‌നം. പല തൊഴിലാളികളും, പ്രത്യേകിച്ച് സ്ത്രീകള്‍, ജോലിസ്ഥലങ്ങളില്‍ ടോയ്ലറ്റുകളുടെ അഭാവം കാരണം ബോധപൂര്‍വം സ്വയം നിര്‍ജ്ജലീകരണം വരുത്തുന്നു. നിര്‍ജ്ജലീകരണം വിയര്‍പ്പ് ഉല്‍പ്പാദനം കുറയുന്നതിന് ഇടയാക്കും, അതിനാല്‍ ഉഷ്ണതരംഗ വേളയില്‍ ചൂട് പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിക്കും.
ആഗോളവും പ്രാദേശികവും
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു രാഷ്ട്രീയ പ്രശ്‌നവും ഇവിടെയുണ്ട്. ആര്‍ദ്ര ബള്‍ബ് താപനില വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തത്തെ പ്രാദേശിക തലത്തില്‍ നിന്ന് അന്തര്‍ദേശീയ തലത്തിലേക്കു മാറ്റുന്നു. ആര്‍ദ്ര ബള്‍ബ് താപനില വര്‍ധിക്കുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉപോല്‍പ്പന്നമാണ്. അതിനാല്‍ നമ്മുടെ ജനസംഖ്യയെ സുരക്ഷിതമായി നിലനിര്‍ത്തുന്നത് സിഒപി26 പോലുള്ള കോണ്‍ഫറന്‍സുകളിലെ പങ്കാളികളുടെ ഉത്തരവാദിത്തമായി മാറുന്നു.
ആര്‍ദ്ര ബള്‍ബ് താപനിലകളെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ആഗോളമാണെങ്കില്‍ താപനില ഉയരാതിരിക്കാന്‍ പ്രാദേശിക തലത്തില്‍ വളരെ കുറച്ച് മാത്രമേ ചെയ്യാനാകൂ. മറുവശത്ത്, ഉഷ്ണതരംഗത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ സൂചിപ്പിക്കുന്നതു മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങള്‍ ഒരുക്കേണ്ടതും പ്രായമായവരെയും ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരെയും സംരക്ഷിക്കേണ്ടതും ജനസംഖ്യയില്‍ പ്രമേഹം കുറയ്ക്കേണ്ടതും പ്രാദേശികമായ ബാധ്യതയാണെന്നാണ്. അത്തരം ശ്രദ്ധ നമ്മുടെ ദേശീയ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും. അതിന്റെ ദുര്‍ബലത കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാവര്‍ക്കും കൂടുതല്‍ വ്യക്തമാണ്.
ചുരുക്കത്തില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള സ്വാഗതാര്‍ഹമായ ചുവടുവയ്പാണ് വര്‍ധിച്ചുവരുന്ന താപനിലയും ഹ്യുമിഡിറ്റിയും സംബന്ധിച്ച സമീപകാല ശ്രദ്ധ. എങ്കിലും, ഉഷ്ണതരംഗങ്ങള്‍ സംബന്ധിച്ച അപകടസാധ്യത വളരെക്കാലമായി നിലനില്‍ക്കുന്ന വ്യവസ്ഥാപരമായ പ്രശ്‌നമാണെന്നും ഹരിതഗൃഹ വാതക ബഹിര്‍ഗമനം വര്‍ദ്ധിപ്പിക്കുന്നതിനെ മാത്രം ആശ്രയിച്ചല്ലെന്നും മനസിലാക്കേണ്ടത് പ്രധാനമാണ്. നമുക്കിടയിലെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെടുന്ന നഗര, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണായക വിടവുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മുന്‍ഗണനകളില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള രാഷ്ട്രം കെട്ടിപ്പടുക്കാന്‍ നമ്മെ സഹായിക്കും.
- പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സ് വകുപ്പിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ജോയ് മെര്‍വിന്‍ മോണ്ടീറോ