ന്യൂഡൽഹി: വാർഷിക വിവര കൈമാറ്റത്തിന്റെ ഭാഗമായി രാജ്യത്തെ വ്യക്തികളുടെയും സംഘടനകളുടെയും സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ നാലാമത്തെ പട്ടിക ഇന്ത്യയ്ക്ക് ലഭിച്ചു. 101 രാജ്യങ്ങളുമായി ഏകദേശം 34 ലക്ഷം സാമ്പത്തിക അക്കൗണ്ടുകളുടെ വിവരങ്ങളാണ് സ്വിറ്റ്സർലൻഡ് പങ്കിട്ടത്.
എന്താണ് ഇതിലെ വിവരങ്ങൾ, അവയുടെ പ്രാധാന്യം, അടുത്ത് സംഭവിക്കുന്നത് എന്താണ്?
ഇന്ത്യ സ്വിറ്റ്സർലൻഡിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം
2018 ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (AEOI) കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ നാലാമത്തെ പട്ടിക ഇന്ത്യയ്ക്ക് കൈമാറിയത്. 2019 ലാണ് ആദ്യ പട്ടിക നൽകിയത്.
സുതാര്യത കൊണ്ടുവരാനും കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രിക്കാനുമുള്ള ശ്രമത്തിൽ, സ്വിസ് ഫെഡറൽ ഓഫീസ് ഇത്തവണ വിശദമായ അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടുണ്ട്. തുർക്കി, പെറു, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ആദ്യമായി ഇത്തവണത്തെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡാറ്റയുടെ അളവ്, സ്വഭാവം എന്താണ്?
2019-ൽ, AEOI വഴി ആദ്യ ബാച്ച് ബാങ്കിങ് വിവരങ്ങൾ ലഭിക്കുന്നതിന് മുമ്പ്, ഡാറ്റ സ്വീകരിക്കുന്ന 73 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. അക്കൗണ്ട് ഉടമകളുടെ സൂചനയും നൽകിയിരുന്നു.
പേര്, വിലാസം, താമസിക്കുന്ന രാജ്യം, ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ, ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ, അക്കൗണ്ട് ബാലൻസ്, മൂലധന വിവരങ്ങൾ ഇത്തവണ ഉൾപ്പെടുന്നതായി ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇത് കൈമാറുന്ന ഡാറ്റയുടെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നു.
ഇത്തരത്തിലുള്ള ബാങ്കിങ് വിവരങ്ങൾ കൈമാറുന്നതിനുള്ള മാർഗനിർദേശങ്ങൾ
പാരീസ് ആസ്ഥാനമായുള്ള രാജ്യാന്തര സംഘടനയായ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (OECD) ആണ് AEOI-യുടെ മാർഗനിർദേശങ്ങളും പാരാമീറ്ററുകളും സജ്ജീകരിച്ചിരിക്കുന്നത്. ഇത്തവണ കൈമാറിയ വിവരങ്ങൾ നികുതി സംബന്ധിച്ച ആവശ്യങ്ങൾക്ക് മാത്രമാണ്. ഈ വിവരങ്ങൾ ഇന്ത്യയിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) യുടെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യാം.
ഒഇസിഡിയുടെ മാർഗനിർദേശങ്ങൾ പ്രകാരം, ഫണ്ടുകൾ എത്രയാണെന്നോ അക്കൗണ്ട് ഉടമകളുടെ പേരുകളുടെയോ വിശദാംശങ്ങളൊന്നും പരസ്യപ്പെടുത്തേണ്ടതില്ല.
ഇന്ത്യയുടെ AEOI നെറ്റ്വർക്കിന്റെ വ്യാപ്തി എന്താണ്?
ഇന്ത്യ നിലവിൽ 78 രാജ്യങ്ങളുമായി സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ബാങ്കിങ് വിവരങ്ങൾ പങ്കിടുന്നു, കൂടാതെ 107 രാജ്യങ്ങളിൽ നിന്ന് അവ സ്വീകരിക്കുന്നു. ഏറ്റവും വലിയ ഡാറ്റ പങ്കിടുന്ന രാജ്യം സ്വിറ്റ്സർലൻഡ് ആണ്.
100 രാജ്യങ്ങളിൽ നിന്നും വലിയ അളവിലുള്ള എഫ്ഐ ഡാറ്റ ലഭിക്കുന്നതു കാരണം, കഴിഞ്ഞ വർഷം CBDT അതിന്റെ 14 അന്വേഷണ വിഭാഗങ്ങളിലായി ഫോറിൻ അസറ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളുടെ (എഫ്എഐയു) ഒരു ശൃംഖല സ്ഥാപിച്ചു. AEOI വഴി ഇന്ത്യയിലേക്ക് ഈ വിവരങ്ങൾ സുരക്ഷിതമായ രീതിയിൽ കൈമാറുന്നു.
FAIU-കളാണ് FI ഡാറ്റയുടെ തുടരന്വേഷണം നടത്തുന്നത്. നികുതിദായകൻ നികുതി റിട്ടേണുകളിൽ വിദേശ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് അന്വേഷിക്കും.