/indian-express-malayalam/media/media_files/uploads/2020/10/explained-fi-1.jpg)
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ആശങ്ക ജനങ്ങള്‍ ഉദാസീനരാവുകയും വരാനിരിക്കുന്ന ഉത്സവ സീസണില്‍ മുന്‍കരുതല്‍ എടുക്കാതിരിക്കുകയും ചെയ്താല്‍ ഒരു മാസത്തിനിടെയുണ്ടായ നേട്ടങ്ങള്‍ പാഴാവുമെന്നതാണ്.
67,000 ല്‍ താഴെ പോസിറ്റീവ് കേസുകളാണ് ഞായറാഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 23നു ശേഷമുള്ള, തിങ്കളാഴ്ചയല്ലാത്ത ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. അതേസമയം, ഞായറാഴ്ച രോഗമുക്തരായത് എഴുപത്തി ഒന്നായിരത്തിലേറെ പേരാണ്.
രോഗമുക്തരുടെ എണ്ണം പുതിയ കേസുകളേക്കാള്‍ കൂടുന്നത് തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ്. കഴിഞ്ഞ 24 ദിവസങ്ങളില്‍ പത്തൊന്‍പതിലും ഇതു സംഭവിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 10.17 ലക്ഷത്തില്‍നിന്ന് 8.62 ലക്ഷമായി കുറഞ്ഞു. രോഗികളുടെ കുറയുന്നത് കോവിഡ് അതിന്റെ അവസാനത്തോടടുക്കുന്നുവെന്ന് കരുതുന്നതിലേക്ക് ആളുകളെ നയിക്കുമെന്ന ആശങ്ക വര്‍ധിച്ചുവരികയാണ്.
Also Read: മഞ്ഞുകാലത്ത് കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ
''രോഗികളുടെ എണ്ണം കുറയുന്നത് ആളുകള്‍ കാണുകയാണ്. കണക്ക് ഏതു സമയവും ഏതു ദിവസവും ഉയരാമെന്നത് പലരും മനസിലാക്കുന്നില്ല. വൈറസ് വ്യാപനം ഇല്ലാതായിട്ടില്ല. വാസ്തവത്തില്‍, സംഖ്യ വീണ്ടും ഉയരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, നമ്മുടെ ജാഗ്രത കുറയ്ക്കുകയോ വിശ്രമിക്കുകയോ ചെയ്യേണ്ട സമയമല്ലിത്,'' കേന്ദ്ര ശാസ്ത്ര സാങ്കേതിക സെക്രട്ടറി അശുതോഷ് ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
''ഉത്സവകാലം പ്രത്യേകിച്ച് നിര്‍ണായകമാണ്. രോഗബാധിതരുടെ കുറയുന്ന സാഹചര്യത്തില്‍ ആളുകള്‍ എല്ലാ വര്‍ഷത്തെയും പോലെ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പ്രലോഭിപ്പിക്കപ്പെടാം. പക്ഷേ, ജനക്കൂട്ടമാണ് വൈറസ് ബാധയുടെ ഏറ്റവും ഗുരുതരമായ ഉറവിടം. മുന്‍ സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, കേരളത്തില്‍ എന്താണു സംഭവിക്കുന്നതു നോക്കുക. രോഗികളുടെ എണ്ണത്തിലെ നിലവിലെ കുതിച്ചുചാട്ടത്തിന്റെ ഉത്ഭവം ഒരുപക്ഷേ ഓണത്തില്‍ കണ്ടെത്താനാവും. മറുവശത്ത്, വലിയ കുതിപ്പില്ലാതെ അടുത്ത രണ്ടു മാസങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ പ്രതീക്ഷയുണ്ട്, ''ശര്‍മ പറഞ്ഞു.
സമാനമായ അഭ്യര്‍ഥന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഞായറാഴ്ച നടത്തിയിരുന്നു. ശാരീരിക അകലം പാലിക്കല്‍ തുടരാനും ഉത്സവങ്ങള്‍ ലളിതമായി ആഘോഷിക്കാനുമായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.''നിങ്ങളുടെ വിശ്വാസമോ മതമോ പ്രദര്‍ശിപ്പിക്കാന്‍ ധാരാളം ആളുകള്‍ ഒത്തുചേരേണ്ട ആവശ്യമില്ല. നാം ഇത് ചെയ്യുകയാണെങ്കില്‍ വലിയ പ്രയാസം നേരിടേണ്ടി വരും,''മന്ത്രി പറഞ്ഞു.
ഈ കാരണത്താലാണ് ശാരീരിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍, പ്രത്യേകിച്ച് ഉത്സവ സീസണില്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പൊതു പ്രചാരണം (ജന്‍ ആന്ദോളന്‍) ആരംഭിച്ചത്.
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഫാഷന്‍ വസ്തുവല്ല മാസ്‌കെന്നു ചൂണ്ടിക്കാട്ടിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മൂക്കും വായയും മൂടുന്ന തരത്തില്‍ ശരിയായി ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും അല്ലെങ്കില്‍ ഉത്സവ വേളകളില്‍ പോലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി കഴിയുക എന്നതാണു ജനങ്ങളുടെ മുന്നിലുള്ള തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
Also Read: Covid19: ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ കൊറോണ വൈറസ് 28 ദിവസം നിലനിൽക്കുമെന്ന് പഠനം
പ്രാരംഭ ലോക്ക് ഡൗണിനെത്തുടര്‍ന്ന് വൈറസ് വ്യാപനത്തിനത്തിലുണ്ടായ വേഗതക്കുറവ് കാരണം ഇന്ത്യയ്ക്കിപ്പോള്‍ രോഗബാധിതരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനു മതിയായ ശേഷിയുണ്ടെന്ന് അശുതോഷ് ശര്‍മ പറഞ്ഞു. എന്നാല്‍, പെട്ടെന്ന് രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഈ സാഹചര്യം സമ്മര്‍ദത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുല്‍ കേസുകളുള്ള പത്ത് സംസ്ഥാനങ്ങളില്‍ കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണത്തിലെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തില്‍ കൂടുതലാണ്.
കര്‍ണാടകയിലെ പുതിയ കേസുകളുടെ എണ്ണം അഞ്ചുദിവസത്തിനു ശേഷം ഞായറാഴ്ച പതിനായിരത്തില്‍ താഴെയായി. അതേസമയം, ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍, സജീവ കേസുകള്‍ ഒരു ലക്ഷത്തിലധികമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക.
Also Read: കോവിഡ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു
പുതിയ കേസുകളുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വളര്‍ച്ചയുള്ള സംസ്ഥാനം കേരളമാണ്. 3.3 ശതമാനത്തിലധികമാണ് സംസ്ഥാനത്തെ പ്രതിദിന വളര്‍ച്ചാ നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. അതേസമയം, മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു മിക്ക സംസ്ഥാനങ്ങളിലും സജീവ കേസുകള്‍ കുറഞ്ഞുവരികയാണ്.
മറ്റു ഒന്‍പത് സംസ്ഥാനങ്ങളില്‍ ഇതുവരെയുള്ള രോഗബാധിതരുടെ 10 ശതമാനത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ അനുപാതം വളരെ വലുതാണ്. 1.91 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് ഇപ്പോള്‍ 33 ശതമാനമാണ് സജീവ കേസുകള്‍.
രാജ്യത്ത് 71.2 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8.62 ലക്ഷം പേര്‍ അഥവാ 12 ശതമാനം പേരാണ് ചികിത്സയിലള്ളത്. 1.09 ലക്ഷത്തിലധികം പേര്‍ മരിച്ചു.
Read in IE: India coronavirus numbers explained, Oct 12: Why Govt is worried about a lowering of guard
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us