ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. തെലങ്കാനയിൽ രോഗികളുടെ എണ്ണത്തിൽ ചെറിയൊരു കുറവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോഴും കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ തന്നെയാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്.
ശനിയാഴ്ച ആന്ധ്രപ്രദേശിൽ രോഗികളുടെ എണ്ണത്തിൽ അപ്രതീക്ഷിത കുതിപ്പാണുണ്ടായത്. ഒറ്റദിവസം 4000ത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ, തമിഴ്നാട്ടിലും കർണാടകയിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കൃത്യമായ വളർച്ച വ്യക്തമാണ്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ഏഴമത്തെ സംസ്ഥാനമായും ആന്ധ്രപ്രദേശ് മാറി. 44000ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
Also Read: തദ്ദേശീയ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി, ആദ്യം നല്‍കിയത് ഇരുപതോളം പേര്‍ക്ക്
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഇതുവരെ 165714 പേർക്കാണ് തമിഴ്നാട്ടിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ വളർച്ച നിരക്കിൽ സംസ്ഥാനത്ത് ഇടിവ് സംഭവിച്ചെങ്കിലും അയൽ സംസ്ഥാനങ്ങളായ കർണാടക, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ രോഗികളുടെ വളർച്ച നിരക്ക് വർധിക്കുകയാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 7.3 ശതമാനമാണ് വളർച്ചാ നിരക്ക്. കേരളത്തിലിത് 6.6 ശതമാനവും. തെലങ്കാന നാല് ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്നാട്ടിൽ മൂന്ന് ശതമാനം മാത്രമാണ് വളർച്ച നിരക്ക്.
Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്‌ടർമാരടക്കം 18 പേർക്ക് കോവിഡ്; അതീവ ജാഗ്രത വേണം
കേരളത്തില്‍ ഇന്നലെ പുതിയതായി 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 364 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. വിദേശത്തുനിന്ന് വന്ന 116 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 90 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 19 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡിഎസ്ഇ, ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 60 ശതമാനം പേർക്കും രോഗലക്ഷണങ്ങളില്ലാ എന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ കോവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് നീങ്ങിയതിന് പിന്നാലെ തലസ്ഥാന ജില്ലയിൽ രണ്ടിടത്ത് സമൂഹവ്യാപനവും സ്ഥിരീകരിച്ചു. പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളിലാണ് സമൂഹവ്യാപനവും സ്ഥിരീകരിച്ചത്.