India Coronavirus Numbers: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനും രോഗബാധിതരെ കണ്ടെത്തുന്നതിനും നടത്തുന്ന കോവിഡ് ടെസ്റ്റുകളുടെ എണ്ണം ഒരു കോടി പിന്നിട്ടു. വലിയൊരു നാഴികകല്ലെന്ന് അവകാശപ്പെടാമെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ സംഖ്യയാണ്.
ഇപ്പേഴും 85,000ത്തോളം രോഗികൾ ചികിത്സയിലുള്ള വൈറസിന്റെ ഉത്ഭവ രാജ്യം കൂടിയായ ചൈന ഇതുവരെ 90 ദശലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ വേൾഡോമീറ്റർ വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം 38 ദശലക്ഷം ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മറികടന്ന റഷ്യ 21 ദശലക്ഷം ടെസ്റ്റുകൾ നടത്തിയപ്പോൾ യുകെ വരെ ഇന്ത്യയേക്കാൾ അധികം ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
അതേസമയം, ഈ രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ വളരെ നേരത്തെ തന്നെ പരിശോധന ആരംഭിച്ചിരുന്നു. ലോകത്താകമാനം മഹാമാരി പൊട്ടിപുറപ്പെട്ട് ഏകദേശം രണ്ട് മാസത്തിന് ശേഷം മാത്രമാണ് ഇന്ത്യയിൽ കോവിഡിന്റെ ആഘാതം വ്യക്തമായി തുടങ്ങിയത്. മാർച്ച് ആദ്യ ആഴ്ചയിലാണ് ഇന്ത്യയിൽ പരിശോധന ആരംഭിച്ചത്. അന്ന് പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിൽ മാത്രമായിരുന്ന പരിശോധന ഇപ്പോൾ 1,100 ലബോറട്ടറികളില്‍ നടക്കുന്നുണ്ട്. നിലവിൽ പ്രതിദിനം രണ്ട് ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തുന്നത്.
എന്നിരുന്നാലും, ഇന്ത്യയുടെ വലിയ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ പരിശോധനകളുടെ എണ്ണം കുറവാണ്. നിലവിലെ കണക്ക് അനുസരിച്ച് ഒരു ദശലക്ഷം പേരില്‍ 7,400 ൽ താഴെ പരിശോധനകൾ മാത്രമാണ് നടക്കുന്നത്. അമേരിക്കയിൽ ഇത് 1,15,449 പരിശോധനകളും ചൈനയിൽ 62,814 പരിശോധനകളുമാണ്. അതേസമയം, ഇന്ത്യയിൽ ഒരു വ്യക്തിക്ക് തന്നെ ഒന്നിലധികം പരിശോധനകൾ നടത്തുന്നുമുണ്ട്.
Also Read: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നു
ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്ത സാമ്പിളുകളിൽ പകുതിയിലേറെയും തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്നതാണ് മറ്റൊരു വസ്തുത. ആദ്യ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ഒരു മില്യണിലധികം പരിശോധനകൾ നടത്തി.
Also Read: സംസ്ഥാനത്ത് മൂന്ന് പ്രധാന നഗരങ്ങളിലും ആശങ്ക; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍
തിങ്കളാഴ്ച ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം പിന്നിടുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, തിങ്കളാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണ്. 22,250ഓളം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ വലിയ പങ്കുവഹിക്കുന്ന തമിഴ്നാടും മഹാരാഷ്ട്രയും ഇന്നലെ താഴേക്ക് പോയപ്പോൾ ഡൽഹിയിൽ മാത്രം 1379 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിലും ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200ന് താഴേക്ക് എത്തിയ ദിവസമായിരുന്നു. പുതിയതായി 193 പേർക്കാണ് കോരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 167 പേർ രോഗമുക്തിയും നേടി.