ന്യൂഡൽഹി: ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന രണ്ട് സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും ഗുജറാത്തും. ഇപ്പോഴും കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എന്നത് ആശ്വാസകരമായ വാർത്തയാണ്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും പുതിയ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏപ്രിൽ മാസത്തിൽ 20 ശതമാനത്തോളമായിരുന്നു ഗുജറാത്തിൽ കോവിഡ് കേസുകളുടെ വളർച്ച. മേയ് മാസത്തിന്റെ തുടക്കത്തിൽ 5000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് ഇപ്പോൾ 19617 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മേയ് മാസത്തിന്റെ തുടക്കത്തിൽ ഗുജറാത്തിന് പിന്നിലായിരുന്ന തമിഴ്നാട്ടിലും ഡൽഹിയിലും വലിയ വർധനവാണ് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായത്. ഡൽഹിയിൽ 3738ൽ നിന്ന് 27654ലേക്കും തമിഴ്നാട്ടിൽ 2526ൽ നിന്ന് 30152ലേക്കും രോഗികളുടെ എണ്ണമുയർന്നു.
20 ശതമാനത്തിൽ നിന്ന് 2.6 ശതമാനത്തിലേക്കാണ് ഗുജറാത്തിൽ രോഗത്തിന്റെ വളർച്ച നിരക്ക് കുറഞ്ഞത്. ഇന്ത്യയിലാകെ നിലവിൽ വളർച്ച നിരക്ക് 4.33 ശതമാനമാണ്. രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ ഗുജറാത്തിന് വേണ്ടി വരുന്നത് 27 ദിവസമാണ്. ദേശീയ കണക്കെടുത്താൽ ഇത് 16.61 ദിവസമാണ്.
മെയ് മാസത്തിൽ സംസ്ഥാനത്ത് 300 മുതൽ 400 കേസുകൾ വരെയാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്. രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്ത് ഇപ്പോൾ 400നും 500നും ഇടയിൽ മാത്രമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് കേരളത്തിൽ പുതിയതായി 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.