മഹാരാഷ്ട്രയിലും പഞ്ചാബിലും സംഭവിച്ചതിന് സമാനമായി ഇപ്പോൾ മറ്റ് പല സംസ്ഥാനങ്ങളിലേക്കും കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിലെ പുതിയ വർദ്ധനവ് വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ രണ്ട് ദിവസമായി 300 ലധികം കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി 15ന് ശേഷം ഇത് ആദ്യമായാണ് ഡൽഹിയിൽ ഈ അവസ്ഥ വരുന്നത്. ഡൽഹിയിൽ രോഗബാധ ഏറ്റവും ഉയർന്ന സമയത്ത് പ്രതിദിനം 8,000ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നതിനാൽ പ്രതിദിനം 300 കോവിഡ് കേസുകൾ എന്ന കണക്ക് ആശങ്കാകരമായി തോന്നാൻ സാധ്യതയില്ല. ഇത് ചിലപ്പോൾ ഒരു പുതിയ തരംഗത്തിന്റെ തുടക്കമായിരിക്കാം.

ഗുജറാത്തിൽ, രോഗവ്യാപനം വർദ്ധിച്ചുവരുന്ന പ്രവണത ഇപ്പോൾ മൂന്നാഴ്ചയായി കാര്യമായി തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 500 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ജനുവരി 17ന് ശേഷം ഇത് ആദ്യമായാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധകളുടെ എണ്ണം പുതുവർഷത്തിൽ ക്രമാനുഗതമായി കുഞ്ഞിരുന്നു, ഫെബ്രുവരി 8 ന് 232 പേർ എന്ന നിലയിൽ എത്തി. എന്നാൽ അതിനുശേഷം അത് വീണ്ടും ഉയരാൻ തുടങ്ങി, ആ പ്രവണത ഇപ്പോളും തുടരുകയാണ്.

ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും സമാനമായ വർദ്ധനവ് കാണപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മഹാരാഷ്ട്രയോട് താരതമ്യം ചെയ്യുമ്പോൾ ഈ സംസ്ഥാനങ്ങളിലെ രോഗ വ്യാപന തോത് വളരെ കുറവ് തന്നെയാണ്. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചാബിൽ പോലും ഈ സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് രോഗം ബാധിക്കുന്നവരുടെ നിരക്ക്. എന്നാൽ വളർച്ചാ കർവുകൾ തീർച്ചയായും ഉയരുന്നു.

വാസ്തവത്തിൽ, ഈ സംസ്ഥാനങ്ങളെല്ലാം ( ഡൽഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്) കഴിഞ്ഞ ആഴ്ചകളിൽ സമാനമായ വളർച്ചാ ക്രമങ്ങളാണ് കാഴ്ചവച്ചത്. ഫെബ്രുവരി ആദ്യ വാരം വരെ ഈ സംസ്ഥാനങ്ങൾ ക്രമാനുഗതമായ ഇടിവ് കാണിച്ചു, അതിനുശേഷം ഒരു മാറ്റം സംഭവിച്ചു. ഇത് ദേശീയ തലത്തിലുള്ള വ്യാപനത്തിന്റെ പാതയിൽ നിന്നും വളരെ വ്യത്യസ്തമല്ല. ഫെബ്രുവരിയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും ആഴ്ചകളിൽ ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ കർവ് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു, അതിനുശേഷം അത് ഉയരാനു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തൊട്ടാകെ 18,000ലധികം പ്രതിദിന കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ശനിയാഴ്ച 18,711 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ജനുവരി ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.19,079 കോവിഡ് കേസുകളായിരുന്നു ജനുവരി ഒന്നിന് സ്ഥിരീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളിലെ ഉയർച്ച വളരെ ആശ്ചര്യകരമല്ല. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല, ആളുകൾ സ്വതന്ത്രമായി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നുമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും, മഹാരാഷ്ട്രയിൽ നിന്ന് വരുന്ന യാത്രക്കാരെ നിർബന്ധിതമായി അണുബാധാ പരിശോധനയ്ക്ക് വിധേയരാക്കുന്നില്ല. ഈ മറ്റ് സംസ്ഥാനങ്ങളിൽ കാണുന്നത് മഹാരാഷ്ട്രയിലെ വർദ്ധിച്ചുവരുന്ന കോവിഡ് രോഗബാധയുടെ നേരിട്ടുള്ള പ്രതിഫലനമായിരിക്കാം.

Read More: കോവാക്‌സിന് 81 ശതമാനം ഫലപ്രാപ്‌തി; രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് ഇത് അർത്ഥമാക്കുന്നതെന്ത്?

തീർച്ചയായും, മഹാരാഷ്ട്രയിലെ വീണ്ടുമുണ്ടായ വർധന വളരെ വ്യക്തമായി വിശദീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ കേസുകളുടെ വർദ്ധനവിന് കാരണമായ കാരണങ്ങളും ആ സംസ്ഥാനത്തിന് മാത്രം ബാധകമായതായിരിക്കും. ആളുകൾ മുഖംമൂടി ഉപയോഗിക്കാതിരിക്കുകയോ ശാരീരിക അകലം പാലിക്കാനുള്ള മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്യുന്നതും, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പും, മുംബൈയിൽ ലോക്കൽ ട്രെയിനുകൾ വീണ്ടും ആരംഭിച്ചതുമടക്കമുള്ള കാരണങ്ങൾ ഇവയുടെ കൂട്ടത്തിൽ പറയാം. എന്നിട്ടും, ബീഹാറിലോ ഉത്തർപ്രദേശിലോ, അല്ലെങ്കിൽ വലിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, ദിവസേന വൻ റാലികൾക്ക് സാക്ഷ്യം വഹിക്കുന്ന പശ്ചിമ ബംഗാളിലോ, അസമിലോ ഈ സംഖ്യ വർധിച്ചിട്ടില്ല.

Read More: കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

ഒക്ടോബർ പകുതിക്ക് ശേഷം മഹാരാഷ്ട്രയിൽ പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സംഖ്യ ക്രമാനുഗതമായി കുറയുകയും ഇടക്ക് 2,000ൽ താഴെ മാത്രം പ്രതിദിന രോഗബാധകൾ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രണ്ട് നഗരങ്ങളായ മുംബൈ പൂനെ എന്നിവിടങ്ങളിൽ ദൈനംദിന രോഗബാധഝകളുടെ എണ്ണം 500 ൽ താഴെ മാത്രം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പൂനെയിൽ 2000ന് അടുത്ത് പ്രതിദിന രോഗബാധകൾ രേഖപ്പെടുത്താൻ തുടങ്ങി. ശനിയാഴ്ച ജില്ലയിൽ 1,925 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരുവിനെ മറികടന്ന് പൂനെ ഇതിനകം രണ്ടാം സ്ഥാനത്തെത്തി. പൂനെയിൽ ഇതുവരെ 4.2 ലക്ഷത്തോളം അണുബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6.4 ലക്ഷത്തിൽ കൂടുതൽ രോഗബാധകൾ രേഖപ്പെടുത്തിയ ഡൽഹി മാത്രമാണ് പൂനെയ്ക്ക് മുന്നിലുള്ളത്.

ആപേക്ഷികമായി പറഞ്ഞാൽ, പഞ്ചാബിൽ വീണ്ടും രോഗം വ്യാപിക്കുന്നതിന്റെ തോത് മഹാരാഷ്ട്രയിൽ ഉള്ളതിനേക്കാൾ വലുതാണ്, എന്നിരുന്നാലും എണ്ണത്തിൽ വളരെ കുറവാണ്. ജനുവരി മധ്യത്തിൽ ഒരു ദിവസം 150 ൽ താഴെ കേസുകൾ പഞ്ചാബിൽ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ദിവസേനയുള്ള എണ്ണം ആയിരത്തിലധികം വരും. ശനിയാഴ്ച 1,159 കേസുകൾ കണ്ടെത്തി, ഇത് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണ്.

ഈ പുതിയ തരംഗത്തിലെ ഒരു പ്രത്യേകത വരയാണ് മരണസംഖ്യയിൽ വ്യക്തമായ വർധനയുണ്ടായിട്ടില്ല എന്നതാണ്, കുറഞ്ഞത് ഇതുവരേയ്ക്കെങ്കിലും. കേസുകൾ ഉയരാൻ തുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തിനുശേഷവും മരണങ്ങളിൽ പ്രകടമായ വർദ്ധനവ് കാണുന്നില്ല. ജനുവരി അവസാന വാരം മുതൽ ഈ സംഖ്യ രണ്ട് അക്കങ്ങളിലോ മൂന്നക്കത്തിൽ താഴെയോ ആണ്. എല്ലാ ദിവസവും, 18- 20 സംസ്ഥാനങ്ങളിൽ നിന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നുണ്ട്. ശനിയാഴ്ച രാജ്യത്തുടനീളം 100 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ അണുബാധകളിൽ ഭൂരിഭാഗവും മൃദുവായ സ്വഭാവമുള്ളതായിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. എന്നാൽ മരണങ്ങളുടെ വർദ്ധനവിനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാൻ ഇനിയും സമയം ആയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook