/indian-express-malayalam/media/media_files/uploads/2020/08/Explained-FI-amp.jpg)
രാജ്യത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നാഴിക്കക്കല്ലായി രോഗനിര്‍ണയ പരിശോധനകളുടെ എണ്ണത്തിലെ വര്‍ധന. പ്രതിദിന പരിശോധനകളുടെ എണ്ണം ഇന്നലെ 10 ലക്ഷം കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍)നിന്നുള്ള വിവരം. ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍ ഇന്ത്യ റഷ്യയെ മറികടന്നു.
കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 3.45 കോടി ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയും അമേരിക്കയും ഇന്ത്യയ്ക്കു ബഹുദൂരം മുന്നിലാണ്. ചൈന 9.04 കോടിയും അമേരിക്ക 7.47 കോടി ടെസ്റ്റുകള്‍ നടത്തിക്കഴിഞ്ഞു.
മാര്‍ച്ച് ആദ്യ വാരത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍, ഓരോ ദിവസവും ഏതാനും നൂറുകണക്കിന് സാമ്പിളുകള്‍ പരീക്ഷിക്കാനുള്ള ശേഷിയാണു രാജ്യത്തിനുണ്ടായിരുന്നത്. പരിശോധനാ കിറ്റുകളുടെ ലഭ്യതക്കുറവിനൊപ്പം പരിശോധന നടത്താന്‍ സര്‍ക്കാര്‍ ലാബുകള്‍ മാത്രമേ സജ്ജമായിരുന്നുള്ളൂ. എന്നാല്‍ നിലവില്‍ രാജ്യത്തൊട്ടാകെയുള്ള 1500 ലധികം ലബോറട്ടറികളില്‍ പരിശോധനാ സൗകര്യമുണ്ട്. ഇവയില്‍ മൂന്നിലൊന്നും സ്വകാര്യമേഖലയിലാണ്.
രോഗനിര്‍ണയ പരിശോധന: നിലവിലെ എണ്ണം പര്യാപ്തമോ?
ദിവസം ഏതാനും നൂറുകണക്കിന് ടെസ്റ്റുകള്‍ എന്ന ഘട്ടത്തില്‍നിന്ന് ദശലക്ഷത്തിലധികം സാമ്പിളുകള്‍ പരീക്ഷിക്കുന്ന നിലയിലേക്ക് ഇന്ത്യ മുന്നേറിയിട്ടുണ്ട്. ജനസംഖ്യയുടെ വലുപ്പവും രാജ്യത്ത് കോവിഡ് പടരുന്നതിന്റെ വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍, ഈ വര്‍ധിച്ച ശേഷി പെര്യാപ്തമാണോ? അല്ലെന്നാണ് ഉത്തരം? വളരെ കുറഞ്ഞ എണ്ണം രോഗബാധിതരെ മാത്രമേ കോവിഡ് പരിശോധനകളിലൂടെ കണ്ടെത്താന്‍ കഴിയുന്നുള്ളൂവെന്നാണു നിരവധി സീറോളജിക്കല്‍ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. അതായത് രോഗം പിടിപെട്ട ഇരുപതില്‍ ഒരാളെ അല്ലെങ്കില്‍ അതില്‍ കുറവ്.
സാമ്പിള്‍ പരിശോധനയില്‍ രണ്ടു മാസമായി തമിഴ്നാടായിരുന്നു രാജ്യത്ത് മുന്‍പന്തിയില്‍ കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് തമിഴ്നാടിനെ മറികടന്നു. ഈ രണ്ട് സംസ്ഥാനങ്ങളും ഇതുവരെ 40 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തി. മഹാരാഷ്ട്ര 35 ലക്ഷം ടെസ്റ്റുകള്‍ നടത്തി.
ഒരു മണിക്കൂറിനുള്ളില്‍ ഫലം അറിയുന്ന ദ്രുത ആന്റിജന്‍ പരിശോധനകളെ ഉത്തര്‍പ്രദേശ് വളരെയധികം ആശ്രയിച്ചിരുന്നു. ഇന്ത്യയുടെ പരിശോധനാ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ആന്റിജന്‍ പരിശോധനകളാണു പ്രധാനമായും സഹായിച്ചത്. അതു ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകള്‍ നടത്താന്‍ സംവിധാനമുള്ള ലബോറട്ടറികളുടെ ഏറ്റവും വലിയ ശൃംഖലയുള്ള തമിഴ്നാടും മഹാരാഷ്ട്രയും ആര്‍ടി-പിസിആര്‍ പരിശോധനകള്‍ വന്‍തോതില്‍ തുടരുകയാണ്.
രാജ്യത്തെ പ്രതിദിന പരിശോധന ശേഷി ഈ മാസത്തിനുള്ളില്‍ തന്നെ ഏതാണ്ട് ഇരട്ടിയായി. മാസത്തിന്റെ തുടക്കത്തില്‍, പ്രതിദിനം അഞ്ച് ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് നടന്നിരുന്നത്.
രാജ്യത്താകെ 70,000 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിനടുത്താണ്. വെള്ളിയാഴ്ചത്തെ മിക്ക പുതിയ കേസുകളും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധിക്കപ്പെടുമായിരുന്നു. ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ പലപ്പോഴും കുറച്ച് ദിവസമെടുക്കും. രോഗികളുടെ എണ്ണത്തിലെ ഇന്നലത്തെ വര്‍ധന കാരണം, പുതിയ കേസുകള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ 70,000 എന്ന പുതിയ ഉയരത്തിനു മുകളിലേക്കു പോകാന്‍ സാധ്യതയുണ്ട്.
മൊത്തം രോഗബാധിതരില്‍ 74.7 ശതമാനം പേര്‍ അതായത് 22 ലക്ഷം പേര്‍ ഇതിനകം സുഖം പ്രാപിച്ചു. രാജ്യത്ത് ഇന്നലെ മാത്രം 945 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 55,794. തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ 14,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 6.57 ലക്ഷം കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 21,000 പേര്‍ മരിച്ചു.
കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിനടുത്താണ്. ഇന്നലെ 1983 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്കം വഴി കോവിഡ് ബാധിച്ചവരുടെ എണ്ണം 1777 ആണ്. ഇവരിൽ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അതേസമയം ചികിത്സയിലായിരുന്ന 1419 പേർ രോഗമുക്തി നേടി. കോവിഡ് മൂലം ഇന്ന് 12 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.