scorecardresearch
Latest News

ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനയാത്രാ ചട്ടങ്ങളിലെ മാറ്റം യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ

ഷെഡ്യൂൾ ചെയ്‌ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി. എന്തുകൊണ്ട്? എപ്പോഴാണ് സാധാരണ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുക?

India flights, India international flights, India at risk countries, India flights resume, Omicron in India, Indian Express, വിമാന സർവീസുകൾ, ഒമിക്രോൺ, Malayalam News, IE Malayalam

ഷെഡ്യൂൾ ചെയ്ത വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് 2022 ജനുവരി 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ചയാണ് അറിയിച്ചത്. 2020 മാർച്ചിൽ ഇന്ത്യയിൽ കൊവിഡ്-19 ആരംഭിച്ചത് മുതലുള്ള നിലവിലുള്ള രീതി ജനുവരി 31 വരെ തുടരും. കൂടാതെ, ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മാറ്റം വരുത്തി. ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്ന് വരുന്ന സഞ്ചാരികൾ അധിക ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും.

എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കപ്പെടുമെന്നാണോ ഇതിനർത്ഥം?

എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കപ്പെടില്ല. ഇപ്പോൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന അന്താരാഷ്‌ട്ര വിമാനങ്ങൾ പ്രത്യേക എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ ഫ്ലൈറ്റുകൾ അവയുടെ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുന്നത് തുടരും. യുഎസ്, സിംഗപ്പൂർ, ഖത്തർ, യുഎഇ, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി 32 രാജ്യങ്ങളുമായി ഇന്ത്യക്ക് എയർ ബബിൾ ക്രമീകരണങ്ങളുണ്ട്. എന്നിരുന്നാലും, ഈ രാജ്യങ്ങളിലേക്കുള്ള യാത്ര അവരുടെ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായിരിക്കും.

എപ്പോഴാണ് സാധാരണ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നത്?

ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പതിവ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് -19 ന്റെ ഒമിക്രോൺ വകഭേദത്തിന്റെ വെളിച്ചത്തിൽ ആ തീരുമാനം പിൻവലിച്ചു.

സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡിജിസിഎ അറിയിച്ചിരുന്നു. ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ തടഞ്ഞുകൊണ്ട് ഘട്ടം ഘട്ടമായ തരത്തിലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ സാധ്യത.

Also Read: കോവിഡ് വാക്സിൻ അധിക ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള വ്യത്യാസം എന്താണ്?

അപകടസാധ്യതയുള്ള രാജ്യങ്ങളുമായി, ഇന്ത്യയ്ക്ക് എയർ ബബിൾ ക്രമീകരണം ഉണ്ടെങ്കിൽ, ഉഭയകക്ഷി കരാറുകളിൽ തീരുമാനിച്ചതുപോലെ 75 ശതമാനം ശേഷിയിൽ വിമാനങ്ങൾ പുനരാരംഭിക്കുമായിരുന്നു. ഇന്ത്യയ്ക്ക് എയർ ബബിൾ ക്രമീകരണം ഇല്ലാത്തതും അപകടസാധ്യതയുള്ളതുമായ രാജ്യങ്ങളുമായി 50 ശതമാനം ശേഷിയിൽ വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ക്രമീകരണം. അപകടസാധ്യതയുള്ള വിഭാഗത്തിന്റെ ഭാഗമല്ലാത്ത ശേഷിക്കുന്ന എല്ലാ രാജ്യങ്ങളുമായും 100 ശതമാനം വിമാനങ്ങളും പുനരാരംഭിക്കാനും അനുമതി നൽകുമായിരുന്നു.

അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലെ മാറ്റങ്ങൾ എന്തൊക്കെയാണ്?

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സിംഗപ്പൂരിനെയും ബംഗ്ലാദേശിനെയും ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. അതായത് ഈ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് ക്വാറന്റൈൻ രഹിതമായി യാത്ര ചെയ്യാൻ അനുവദിക്കും. കൂടാതെ, ഘാനയെയും ടാൻസാനിയയെയും ഈ പട്ടികയിൽ ചേർത്തു. ഇപ്പോൾ ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളുടെ പട്ടികയിൽ യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്നു, കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രായേൽ എന്നിവയും ഉൾപ്പെടുന്നു.

Also Read: എന്താണ് ‘ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്’, ആർക്കൊക്കെ ലഭിക്കും, എന്തുകൊണ്ട്?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: India commercial international flights coronavirus