ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ സംഘര്‍മുണ്ടായതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് 24 മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. ഈ സംഭവത്തെ കുറിച്ച് നമുക്ക് അറിയാവുന്നത് എന്താണ്.

സാഹചര്യം ഗുരുതരമാണോ?

അതേ, സംശയം വേണ്ട.

1962-ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്കില്‍ സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. അതല്ലാതെ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവമുണ്ടാകുന്നത് 1975-ല്‍ അരുണാചല്‍ പ്രദേശില്‍ അസം റൈഫില്‍സിന്റെ പട്രോളിങ്ങിനു നേരെ ചൈന നടത്തിയ ആക്രമണത്തിലാണ്. എന്നാല്‍, യഥാര്‍ത്ഥ സൈനിക നടപടി അവസാനമായി നടന്നത് 1967-ല്‍ സിക്കിമിലെ നാഥുലയിലാണ്. അന്ന് 88 ഇന്ത്യന്‍ സൈനികരും 300-ല്‍ അധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

ഇതെല്ലാം സംഭവിച്ചത് 1993-ന് മുമ്പാണ്. ആ വര്‍ഷം മുതലാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് വിവിധ കരാറുകള്‍ ഒപ്പിട്ട് തുടങ്ങിയത്.

Read Also: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: അവസാന വെടിവയ്പ് 1967ല്‍, നാഥു ലയില്‍ സംഭവിച്ചത് എന്ത്?

അതിലുപരി, ഒറ്റ ദിവസം കൊണ്ട് ഒരു കമാന്‍ഡിങ് ഓഫീസര്‍ അടക്കം കുറഞ്ഞത് 20 പേരുടെ ജീവനാണ് ഗല്‍വാനില്‍ നഷ്ടമായത്. 2016-ല്‍ ഉറി ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിയന്ത്രണ രേഖയ്ക്കപ്പുറത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു.

ഇരുപക്ഷവും ഒരു റൗണ്ട് വെടിപോലുമുതിര്‍ത്തില്ല. അതൊരു നല്ല വശമല്ലേ?

യഥാര്‍ത്ഥത്തില്‍ അല്ല.

ഒരു വെടിയുണ്ട പോലും ചെലവഴിക്കാതെ ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടുവെങ്കില്‍ വെടിവയ്പ്പിനേക്കാള്‍ ക്രൂരമായ രീതിയിലാകും ഈ മരണങ്ങള്‍ നടന്നിട്ടുള്ളത്.

വെടിക്കോപ്പുകളും റോക്കറ്റും മിസൈലും യുദ്ധ വിമാനങ്ങളും ഉപയോഗിക്കുന്ന തരത്തിലേക്ക് സംഘര്‍ഷം വളര്‍ന്നില്ലെങ്കിലും ഇരുപക്ഷവും തമ്മിലെ കൈയ്യാങ്കളിയില്‍ ഒതുങ്ങി. നാഥുലയില്‍ പോലും വെടിക്കോപ്പുകളും യുദ്ധ വിമാനങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ഇരുപക്ഷത്തേയും സൈനികര്‍ തമ്മില്‍ കൈയ്യാങ്കളി ഉണ്ടായിരുന്നു.

അപ്പോള്‍, എന്താണ് ഗല്‍വാനില്‍ തിങ്കളാഴ്ച്ച സംഭവിച്ചത്?

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഈ മേഖലയില്‍ സമ്മര്‍ദ്ദം നിലനിന്നിരുന്നു. നിയന്ത്രണ രേഖയുടെ ഇരുവശത്തും ധാരാളം സൈനികരേയും സൈനികോപകരണങ്ങളേയും വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ഗല്‍വാന്‍ താഴ് വര ഒരു തര്‍ക്ക പ്രദേശമായിരുന്നില്ല. അവിടേക്കാണ് നിയന്ത്രണ രേഖ മുറിച്ച് കടന്ന് ഇന്ത്യയുടെ പ്രദേശത്തേക്ക് ചൈനയുടെ സൈന്യം കയറിയത്. ജൂണ്‍ ആറിന് കോര്‍പ്‌സ് കമാന്റേഴ്‌സ് തലത്തില്‍ ഒരു യോഗം നടിരുന്നു. പ്രാദേശിക സൈനിക നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ഒഴിയാന്‍ പരസ്പരം സമ്മതിച്ചു.

അതിന്റെ ഭാഗമായി, നിയന്ത്രണ രേഖയ്ക്കിടയില്‍ ഷൈയോക്ക്, ഗല്‍വാന്‍ നദികള്‍ക്കിടയില്‍ ഒരു ബഫര്‍ മേഖല സൃഷ്ടിക്കാനും തീരുമാനമുണ്ടായി. രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കുന്നതിനായിരുന്നു ഇത്. ആദ്യ ഘട്ടമായി ഇരു സൈന്യങ്ങളും ആ ഭാഗത്ത് ഒരു കിലോമീറ്ററോളം വീതം പിന്‍വാങ്ങി.

എങ്കിലും ഈ മേഖലയില്‍ ഒരു ചൈനീസ് ക്യാമ്പ് നിലനില്‍ക്കുന്നത് ഈ പ്രക്രിയക്ക് മേല്‍നോട്ടം വഹിച്ച കേണല്‍ ബി സന്തോഷ് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ആ ക്യാമ്പ് ഒഴിപ്പിക്കാനായി പോയി. അത് കൈയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേും മരണങ്ങളിലേക്കും നയിച്ചു.

ഇന്ത്യന്‍ സൈനികരുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നില്ലേ?

ഇല്ല. കൈവശം ആയുധങ്ങള്‍ സൂക്ഷിക്കാതിരിക്കുകയെന്നത് ഇരുപക്ഷവും അതിര്‍ത്തിയിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ വെടിവയ്പ്പിലേക്ക് നയിക്കാതിരിക്കാന്‍ പിന്തുടരുന്ന ഒരു സമീപനമാണ്.

Read Also: നിങ്ങളുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ല: രാജ്‌നാഥ് സിങ്

1996-ല്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ നിയന്ത്രണ രേഖയിലെ സൈനിക മേഖലകളിലെ വിശ്വാസം വളര്‍ത്തുന്നതിന് ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ആയുധം ഒഴിവാക്കിയത്. അത് പ്രകാരം യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) പരിധിയിലെ സൈനിക ഉപകരണങ്ങള്‍, അഭ്യാസങ്ങള്‍, സ്‌ഫോടനങ്ങള്‍, വിമാനങ്ങള്‍ എന്നിവയുടെ മേല്‍ ധാരാളം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.

വെടിവയ്പ്പുണ്ടായില്ലെങ്കില്‍ സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടു?

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സംജാതമായപ്പോള്‍ തന്നെ ഇരുപക്ഷത്തെ സൈനികരും തമ്മില്‍ കൈയ്യാങ്കളികള്‍ ഉണ്ടാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മെയ് 5-ന് രാത്രിയില്‍ പാന്‍ഗോംങ് സോയില്‍ ഇത്തരത്തിലൊരു വലിയ സംഘര്‍ഷമുണ്ടായി. അതില്‍ 70 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ബാറ്റുകള്‍, വടി, കല്ലുകള്‍ തുടങ്ങിയവയാണ് ഇത്തരം ആക്രണങ്ങളില്‍ ചൈനാക്കാര്‍ ഉപയോഗിക്കുന്നത്.

തിങ്കളാഴ്ച്ച രാത്രിയിലെ സംഘര്‍ഷത്തില്‍ ഇവ ഉപയോഗിച്ചത് കൂടാതെ കനത്ത ഒഴുക്കുള്ള ഗല്‍വാന്‍ നദിയിലേക്ക് സൈനികരെ തള്ളിയിടുകയായിരുന്നുവെന്ന് പറയുന്നു. പരുക്കിന്റെ കൂടെ ഉയര്‍ന്ന പ്രദേശത്തെ കടുത്ത തണുപ്പ് കൂടെ ആയപ്പോഴാണ് മിക്ക മരണങ്ങളും സംഭവിച്ചത്.

സംഘര്‍ഷത്തില്‍ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു?

ഇന്ത്യന്‍ സൈന്യമോ വിദേശകാര്യ മന്ത്രാലയമോ ഇറക്കിയ ഔദ്യോഗിക പ്രസ്താവനകളില്‍ ചൈനീസ് സൈനികരുടെ മരണത്തിന്റെയോ പരുക്കുകളുടെയോ എണ്ണം പറയുന്നില്ല. ഇരുപക്ഷത്തും ആളപായം ഉണ്ടായി എന്ന് മാത്രമാണ് പറയുന്നത്.

ചൈനീസ് സര്‍ക്കാരോ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോ കൊല്ലപ്പെട്ട സൈനികരുടെ കണക്കുകള്‍ പുറത്ത് പറഞ്ഞിട്ടില്ല.

Read Also: സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല, തക്കതായ മറുപടി കൊടുക്കും: നരേന്ദ്ര മോദി

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ മാത്രമാണ് ചൈനയുടെ പക്ഷത്തെ മരണത്തിന്റെ കണക്ക് പറയുന്നത്. 43 പേര്‍ മരിച്ചുവെന്ന് ആരുടേയും പേര് ഉദ്ധരിക്കാതെ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്ത ചൈനയുടെ റേഡിയോ ട്രാന്‍സ്മിഷന്‍ വിവരങ്ങളില്‍ നിന്നും ലഭിച്ച വിവരമാണ് ഇതെന്ന് പറയുന്നു. മറ്റൊരു റിപ്പോര്‍ട്ട് വന്നത് യുഎസ്‌ന്യൂസ്.കോം-ല്‍ ആണ്. അമേരിക്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഒരു ഓഫീസര്‍ അടക്കം 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്നതായി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവ സ്ഥലത്തെ സംഘര്‍ഷാവസ്ഥ ലഘൂകരിച്ചോ?

ചൊവ്വാഴ്ച്ച ഇരുസൈന്യത്തിന്റേയും മേജര്‍ ജനറല്‍മാര്‍ തമ്മിലെ ഒരു കൂടിക്കാഴ്ച്ച നടന്നു. അതിനെ തുടര്‍ന്ന് സാഹചര്യം നിയന്ത്രണ വിധേയമായി. കൂടാതെ, ഇന്ത്യന്‍ സൈന്യത്തിന് മൃതദേഹങ്ങള്‍ എടുക്കാനും സാധിച്ചു. പരിക്കേറ്റവരെ തിരിച്ചു കൊണ്ടു പോകാന്‍ ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നതിന് ചൈനയ്ക്കും അനുമതി കൊടുത്തു.

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടോ?

ഉണ്ട്. മെയ് മാസം മുതല്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പലയിടത്തും ഇന്ത്യ, ചൈന സൈനികര്‍ തമ്മില്‍ മുഖാമുഖം നില്‍ക്കുന്നതിനാല്‍ സംഘര്‍ഷാവസ്ഥ ഉച്ചസ്ഥായിലാണ്. പുതിയ സംഭവ വികാസങ്ങള്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണമായി. എന്നാല്‍, അതിര്‍ത്തിയില്‍ വേറെ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം?

ജൂണ്‍ ആറിന് കോര്‍പ്‌സ് കമാന്‍ഡര്‍ തലത്തില്‍ നടന്ന യോഗത്തിനുശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരു രാജ്യങ്ങളും സൈനികരെ പിന്‍വലിക്കലും സംഘര്‍ഷ ലഘൂകരണവും സമാധാന പ്രസ്താവനകളും ഇറക്കുന്നുണ്ട്. ജൂണ്‍ 10 മുതല്‍ സൈന്യത്തിന്റെ പല തലങ്ങളിലും യോഗങ്ങള്‍ നടക്കുന്നുണ്ട്. അത് 10 ദിവസത്തോളം തുടരും. ഈ യോഗങ്ങളിലാണ് സംഘര്‍ഷ ലഘൂകരണ പ്രക്രിയയ്ക്ക് അന്തിമ തീരുമാനം ഉണ്ടാകുക.

എന്നാല്‍ ഈ സംഭവത്തെ തുടര്‍ന്ന്, സംഘര്‍ഷ ലഘൂകരണ പ്രക്രിയ പതിയെ ആകാനാണ് സാധ്യത. എത്രയും വേഗമൊരു തീരുമാനം ഉണ്ടാകില്ല. ഗല്‍വാന്‍ താഴ് വരയില്‍ ചൈന അവകാശവാദം വീണ്ടും ഉന്നയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സൈന്യം രണ്ട് തവണ നിയന്ത്രണ രേഖ ലംഘിച്ചുവെന്ന് ചൈനീസ് സൈന്യം കടുത്ത ഭാഷയില്‍ ആരോപിച്ചു കഴിഞ്ഞു.

Read Also: ലഡാക്ക് ഏറ്റുമുട്ടൽ; വിവാദ ട്വീറ്റിന് പിന്നാലെ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്

നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത് ചൈനീസ് സൈന്യം ഗല്‍വാന്‍ മേഖലയില്‍ നിയന്ത്രണ രേഖ ലംഘിച്ചുവെന്ന് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും പറയുന്നു. ഈ വാദ പ്രതിവാദങ്ങളും സൈനികരുടെ മരണം പൊതുമനസ്സില്‍ സൃഷ്ടിച്ച മുറിവും കാരണം സമാധാന തീരുമാനങ്ങളെടുക്കാനുള്ള പ്രക്രിയയെ പരീക്ഷണ വിധേയമാക്കും.

വരുംനാളുകളില്‍ സാഹചര്യം മോശമാകുമോ?

രണ്ട് രാജ്യങ്ങളും സൈനിക, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍ വലിയൊരു സംഘര്‍ഷം അടുത്ത കാലത്ത് ഉണ്ടാകാന്‍ സാധ്യതയില്ല.

പക്ഷേ, സംഘര്‍ഷങ്ങള്‍ക്ക് അതിന്റേതായൊരു പാതയുണ്ട്. ഏറ്റവും നല്ല തീരുമാനങ്ങളേയും അവ അട്ടിമറിച്ചേക്കാം. ഒരു സൈനിക സംഘര്‍ഷം ഉണ്ടായാല്‍ ചിലപ്പോള്‍ ഒരു മേഖലയില്‍ ഒതുങ്ങാം. മറ്റു ചിലപ്പോള്‍ ഒരു സെക്ടറിലോ അതിര്‍ത്തി മുഴുവനുമായോ വ്യാപിക്കാം. എങ്കിലും മറ്റൊരു പ്രകോപനവും പ്രതിസന്ധിയും ഇല്ലെങ്കില്‍ രണ്ടുപക്ഷത്തിനും സമാധാനപരമായി എല്ലാം പരിഹരിക്കാന്‍ സാധിക്കും.

എന്തെങ്കിലുമൊരു സംഭവം ഉണ്ടായാല്‍ കുറച്ചു പേരെ അതിര്‍ത്തിയിലേക്ക് അയക്കുന്നതിനായി സര്‍ക്കാരിന് സൈന്യത്തെ പൂര്‍ണ സജ്ജമാക്കി നിര്‍ത്തും.

സമാന്തരമായി, പ്രതിസന്ധി പരിഹരിക്കുന്നതിന് നയതന്ത്ര വഴികള്‍ തേടുകയും ചെയ്യും. അതേസമയം, ചൈനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന സമര്‍ദ്ദം ഉണ്ടാകാതെ നോക്കുകയും വേണം. ചൈനയ്‌ക്കെതിരെയുള്ള ഏതൊരു നീക്കത്തിന്റേയും ഗതി തീരുമാനിക്കുന്നത് ആ തന്ത്രത്തിന്റെ നടപ്പിലാക്കലിലാണ്.

Read in English: Galwan faceoff: How serious is the situation, and what happens next?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook