ഓഗസ്റ്റ് 29ന് അർധരാത്രിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ചുഷുല്‍ ഉപമേഖല ശ്രദ്ധാകേന്ദ്രമായിരുന്നു. എവിടെയാണ് ചുഷുല്‍ ഉപമേഖല, ഇരു സൈന്യങ്ങള്‍ക്കും ഈ പ്രദേശം എത്രത്തോളം പ്രധാനമാണ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.
ചുഷുല്‍ ഉപമേഖല
കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തോട് ചേര്‍ന്നാണ് ചുഷുല്‍ ഉപമേഖല സ്ഥിതിചെയ്യുന്നത്. ഉയരമുള്ളതും തകര്‍ന്നുകിടക്കുന്നതുമായ പര്‍വതങ്ങളും തതുങ്, ബ്ലാക്ക് ടോപ്പ്, ഹെല്‍മെറ്റ് ടോപ്പ്, ഗുരുങ് ഹില്‍, മാഗര്‍ ഹില്‍ തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ റെസാങ് ലാ, റെചിന്‍ ലാ, സ്പാന്‍ഗുര്‍ ഗ്യാപ്പ് എന്നീ ചുരങ്ങളും ചുഷുല്‍ താഴ്വരയും ചുഷുല്‍ ഉപമേഖലയുടെ ഭാഗമാണ്.
13,000 അടിയിലധികം ഉയരത്തില്‍, യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി)യ്ക്കു സമീപത്ത് സ്ഥിതിചെയ്യുന്ന ചുഷുല്‍ വാലിയിലെ എയര്‍ സ്ട്രിപ്പ് തന്ത്രപ്രധാനമുള്ളതാണ്. 1962 ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ഈ എയര്‍ സ്ട്രിപ്പ് നിര്‍ണായക പങ്കാണ് വഹിച്ചത്.
ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യും തമ്മിലുള്ള അഞ്ച് അതിര്‍ത്തി കൂടിക്കാഴ്ച പോയിന്റുകളില്‍ ഒന്നാണ് ചുഷുല്‍. ഇവിടെയാണ് രണ്ട് സൈന്യങ്ങളുടെയും പ്രതിനിധികള്‍ പതിവ് ആശയവിനിമയങ്ങള്‍ക്കായി കണ്ടുമുട്ടുന്നത്. ഇരുപക്ഷവും തമ്മില്‍ അടുത്തിടെ ബ്രിഗേഡ് തലത്തിലുള്ള കൂടിക്കാഴ്ചകള്‍ക്കും ഇവിടം വേദിയായിരുന്നു.

ഇന്ത്യയ്ക്കു തന്ത്രപരമായ പ്രാധാന്യം എന്ത്?
സ്ഥലത്തിന്റെയും ഭൂപ്രകൃതിയുടെയും കാരണത്താല്‍ ചുഷുലിനു വളരെയധികം തന്ത്രപരമായ പ്രാധാന്യമുണ്ട്. സൈനിക വിന്യാസത്തിനും സൈന്യത്തിനാവശ്യമായ ആയുധങ്ങളും വസ്തുക്കളും എത്തിക്കുന്ന കേന്ദ്രമാക്കി ചുഷുലിനെ മാറ്റുന്നു. മേഖലയില്‍ രണ്ടു കിലോമീറ്റര്‍ വീതിയുള്ള സമതലങ്ങളുണ്ട്. അവിടെ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രവല്‍കൃത സേനയെ വിന്യസിക്കാന്‍ കഴിയും. എയര്‍സ്ട്രിപ്പും ലേയിലേക്കുള്ള റോഡ് ബന്ധവും ചുഷുലിന്റെ നേട്ടമാണ്.
ഈ ഉപമേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭാഗത്ത് ചുഷുല്‍ ബൗളിലും ചൈനയുടെ ഭാഗത്ത് മോള്‍ഡോ സെക്ടറിലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രാപ്തമാക്കുന്നു. 1962 ലെ യുദ്ധത്തില്‍ ഈ മേഖലയില്‍ ആക്രമണം നടത്താന്‍ ചൈനീസ് സൈന്യം ഉപയോഗിച്ചിരുന്ന ഏകദേശം രണ്ടു കിലോമീറ്റര്‍ വീതിയുള്ള സ്പാന്‍ഗുര്‍ ഇടനാഴി ഇന്ത്യന്‍ സൈന്യത്തിനിപ്പോള്‍ വ്യക്തമായി ദൃശ്യമാണ്.
‘1962: എ വ്യൂ ഫ്രം ദി അദര്‍ സൈഡ് ഓഫ് ദി ഹില്‍’ എന്ന പുസ്തകത്തിന്റെ സഹ-രചയിതാവ് റിട്ട. മേജ ജനറല്‍ ജി.ജി ദ്വിവേദി പറയുന്നത് ഇങ്ങനെ: ”ഈ പ്രദേശം സുരക്ഷിതമാക്കുന്നത് നമുക്ക് സൈനികവും തന്ത്രപരവുമായ നേട്ടങ്ങള്‍ നല്‍കും. ഒരിക്കല്‍ നിങ്ങള്‍ ഈ പ്രദേശം സുരക്ഷിതമാക്കിയാല്‍, നിങ്ങളുടെ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് നിങ്ങള്‍ പൂര്‍ണമായും വിന്യസിക്കപ്പെടുന്നു.”
പാംഗോങ് സോയുടെ വടക്കന്‍ തീരത്ത് ഫിംഗര്‍ നാലിനും ഫിംഗര്‍ എട്ടിനും ഇടയിലുള്ള പ്രദേശങ്ങള്‍ ഇന്ത്യ കൈവശമാക്കിയപ്പോള്‍ ചൈന കൈവരിച്ച നേട്ടത്തെ നിര്വീര്യമാക്കാനായിട്ടുണ്ടെന്നു ജനറല്‍ ദ്വിവേദി പറയുന്നു. ”ചുഷുല്‍ ഉപമേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ നമ്മുടെ മേധാവിത്വം, ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയില്‍ വിലപേശല്‍ നേട്ടം നല്കുന്നു,”അദ്ദേഹം പറഞ്ഞു.
ചൈനയ്ക്ക് ചുഷുല്‍ എത്രത്തോളം പ്രധാനമാണ്?
ലളിതമായി പറഞ്ഞാല്‍, ലേയുടെ പ്രവേശന കവാടമാണ് ചുഷുല്‍. ചൈനീസ് സൈന്യം ചുഷുലിലേക്കു പ്രവേശിക്കുകയാണെങ്കില്‍, ലേ ലക്ഷ്യമാക്കിയുള്ള നീക്കങ്ങള്‍ ഇവിടെനിന്ന് നടത്താന്‍ കഴിയും.
1962 ലെ യുദ്ധത്തില്‍ ചൈന ചുഷല്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നോ?
1962 ഒക്ടോബറില്‍ ചൈനീസ് സൈന്യം ഗല്‍വാന്‍ താഴ്വരയിലടക്കം പ്രാഥമിക ആക്രമണം നടത്തിയശേഷം, ലേയിലേക്കു നേരിട്ട് പ്രവേശനം നേടുന്നതിന് ചുഷുല്‍ വ്യോമതാവളത്തെയും താഴ്വരയെയും ആക്രമിക്കാന്‍ തയാറായി. എന്നാല്‍ ആക്രമണം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, 1962 നവംബറില്‍ 114 ബ്രിഗേഡ് ഈ പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തി. ഈ കമാന്‍ഡിന്റെ കീഴില്‍ രണ്ട് ട്രൂപ്പ് കലാള്‍പ്പടയും പീരങ്കികളുമുണ്ടായിരുന്നു.
ഈ ഓഗസ്റ്റ് 29നു രാത്രിയില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയ ഉയരം കൂടിയ സ്ഥലങ്ങള്‍ 1962 ലും അവര്‍ കൈവശം വച്ചിരുന്നതായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ലുകുങ്, സ്പാന്‍ഗുര്‍ ഗ്യാപ്, ഗുരുങ് ഹില്‍, റെസാങ് ലാ, മാഗര്‍ ഹില്‍, തതുങ്ങ് ഹൈറ്റ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അന്ന് ഈ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയ സൈനിക യൂണിറ്റുകളില്‍ 5 ജാട്ട്, 1 ജാട്ട്, 1/8 ഗൂര്‍ഖ റൈഫിള്‍സ്, 13 കുമയോണ്‍ വിഭാഗങ്ങളാണുള്ളത്. റെസാങ് ലായില്‍ 13 കുമയോണിലെ ചാര്‍ലി കമ്പനിക്ക് മൊത്തം 120 പേരില്‍ 114 സൈനികരെയും നഷ്ടപ്പെട്ടു. കമ്പനി കമാന്‍ഡര്‍ മേജര്‍ ഷൈതാന്‍ സിങ്ങിനെ ധീരതയ്ക്കുള്ള പരം വീര്‍ ചക്ര മരണാനന്തര ബഹുമതിയായി നല്കി ആദരിച്ചു.
ഗുരുങ് ഹില്ലും റെസാങ് ലായും ചൈനക്കാര്‍ കീഴടക്കിയതിനെത്തുടര്‍ന്ന് ബ്രിഗേഡ് സൈന്യത്തെ ഉയരമുള്ള സ്ഥലങ്ങളിലേക്കു മാറ്റി ശത്രുവിനു മികച്ച തിരിച്ചടി നല്കി. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ പ്രതീക്ഷിച്ച കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായില്ല. പ്രാഥമിക ദൗത്യം പൂര്‍ത്തിയാക്കിയ ബ്രിഗേഡിനു 140 സൈനികരെ നഷ്ടമായി. ചൈനയുടെ ഭാഗത്ത് ആയിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടു.
മേഖലയിലെ ഭാവി വെല്ലുവിളികള്‍ എന്തൊക്കെ?
ബ്ലാക്ക് ടോപ്പിലും റെച്ചിന് ലായിലുമായി 800 മുതല്‍ 1,000 വരെ മീറ്റര്‍ വരെ ദൂരത്തിനുള്ളില്‍ ഇരു രാജ്യങ്ങളും സൈനികരെ വിന്യസിക്കുന്നതിനാല്‍ അടിയന്തര വെല്ലുവിളി ഉയരുന്നുണ്ട്.
സൈനിക നീക്കത്തിനാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. ജനറല്‍ ദ്വിവേദി പറയുന്നതുപോലെ, ”വെള്ളവും ഭക്ഷണവും മുകളിലേക്ക് എത്തിക്കാന്‍ നിങ്ങള്‍ക്കു പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. സൈനികര്‍ അത് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ക്കു പോരാട്ട വീര്യം നഷ്ടപ്പെടും.”
ഈ സാഹചര്യത്തില്‍ ചുഷുല്‍ ഗ്രാമവാസികളാണു വളരെയധികം സഹായിക്കുന്നത്. ബ്ലാക്ക് ടോപ്പില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു ഗ്രാമവാസികള്‍ വെള്ളവും അവശ്യവസ്തുക്കളും എത്തിക്കുന്നതായി ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലിലെ വിദ്യാഭ്യാസ എക്സിക്യൂട്ടീവ് കൗണ്‍സിലര്‍ കൊന്ചോക്ക് സ്റ്റാന്‍സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു. 170 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ദുര്‍ബുക് തഹ്സിലിലെ ചുഷുല്‍ ഗ്രാമത്തില്‍ ഭൂരിഭാഗവും ടിബറ്റന്‍ വംശജരാണ്.
വര്‍ഷത്തില്‍ എട്ടു മാസം നീളുന്ന കഠിനമായ ശൈത്യകാലം വലിയ വെല്ലുവിളിയാണ്. പ്രദേശത്ത് കുഴിയെടുക്കാനും ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനും വളരെ പ്രയാസകരമാണ്. താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. പതിവായി മഞ്ഞുവീഴ്ചയുമുണ്ടാകും.
”ശൈത്യകാലത്ത് വലിയ സൈനിക നീക്കങ്ങളൊന്നും സാധ്യമല്ല. പാങ്കോങ് സോ ഉറയുന്നതിനാല്‍ വടക്കും തെക്കും കരകള്‍ക്കിടയിലുള്ള സഞ്ചാരം അസാധ്യമാക്കുന്നു,” ജനറല്‍ ദ്വിവേദി പറഞ്ഞു.
Read in English: Explained: In India-China standoff in Ladakh, why Chushul is critical