ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനു വ്യാപാരത്തിലൂടെ തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ ശ്രമം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഇന്ത്യ ‘ചൈനയെ പാഠം പഠിപ്പിക്കണം’ എന്ന ആശയം തെരുവുകളില്‍ മുഴങ്ങുകയാണ്.
ടിവി പോലുള്ള പ്രവര്‍ത്തനക്ഷമമായ ചൈനീസ് ഉപകരണങ്ങള്‍ തകര്‍ക്കുന്ന ഇന്ത്യക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണം വില്‍ക്കുന്നത് (അവ ഇന്ത്യൻ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച്, ഇന്ത്യക്കാരായ പാചകക്കാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ തയാറാക്കിയതാണെങ്കിൽ പോലും) നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ ആവശ്യപ്പെട്ടു.
തങ്ങളുടെ സൈനികരുടെ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കു തോന്നുന്ന പ്രകോപനം ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയുമെങ്കിലും അതിര്‍ത്തിയോ പ്രതിരോധ തര്‍ക്കമോ കച്ചവടവുമായി കൂട്ടിക്കലർത്തുന്നത് തെറ്റായ നീക്കമാണ്. ഇതിനു നിരവധി കാരണങ്ങളുണ്ട്.
1. വ്യാപാരക്കമ്മിയെന്നത് മോശമല്ല
വ്യാപാരം നിരോധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വ്യാപാരക്കമ്മിയുണ്ടാവുകയെന്നത് മോശം കാര്യമാണെന്ന സങ്കല്‍പ്പം. വസ്തുത തികച്ചും വ്യത്യസ്തമാണ്. വ്യാപാരക്കമ്മി/മിച്ചം എന്നത് കേവലം കണക്കളിലെ അഭ്യാസങ്ങള്‍ മാത്രമാണ്. ഒരു രാജ്യത്തിനെതിരായ വ്യാപാരക്കമ്മി ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ദുര്‍ബലമാക്കുകയോ വഷളാക്കുകയോ ചെയ്യില്ല.
ഉദാഹരണത്തിന്, ഇന്ത്യ വ്യാപാരത്തിലേര്പ്പെട്ടവയില് ഉന്നത സ്ഥാനത്തുള്ള 25 രാജ്യങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ യുഎസ്, യുകെ, നെതര്‍ലാന്‍ഡ്സ് എന്നിവയുമായി വ്യാപാര മിച്ചമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ മൂന്ന് രാജ്യങ്ങളുടേതിനേക്കാളും ശക്തമോ മികച്ചതോ ആണെന്ന് ഇതിനര്‍ഥമില്ല.
അതുപോലെ, ചൈന ഉള്‍പ്പെടെയുള്ള മറ്റ് 22 രാജ്യങ്ങളുമായി (അവയുടെ വലുപ്പവും ഭൂമിശാസ്ത്രപരമായ സ്ഥാനവും പരിഗണിക്കാതെ) ഇന്ത്യയ്ക്ക് വ്യാപാര കമ്മി ഉണ്ട്. ഈ പട്ടികയില്‍ ഫ്രാന്‍സ്, ജര്‍മനി, നൈജീരിയ, ദക്ഷിണാഫ്രിക്ക, യുഎഇ, ഖത്തര്‍, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയവ ഉള്‍പ്പെടുന്നു.
അതിനാല്‍, വ്യാപാരക്കമ്മിയുണ്ടെന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദക്ഷിണാഫ്രിക്കയേക്കാള്‍ മോശമാണെന്ന് അര്‍ഥമാക്കുന്നില്ല. ചൈനയുമായുള്ള വ്യാപാരക്കമ്മി എന്നതിനര്‍ഥം ഇന്ത്യയില്‍നിന്ന് ചൈന വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ നാം വാങ്ങുന്നുവെന്നാണ്. അത് മോശമായ കാര്യമല്ല.
എന്തുകൊണ്ട്? ഇന്ത്യന്‍ ഉപഭോക്താക്കള്‍ വ്യക്തിപരമായും സ്വമേധയായും എടുത്തതാണ് ഏത് ഉൽപ്പന്നം വാങ്ങണമെന്ന തീരുമാനം. ഇത് വ്യക്തമാക്കുന്നത് ജാപ്പനീസ്, ഫ്രഞ്ച് അല്ലെങ്കില്‍ ഇന്ത്യന്‍ ഉൽപ്പന്നം വാങ്ങുന്നതിനേക്കാള്‍ മെച്ചപ്പെട്ടതാണ് ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള തീരുമാനമെന്നാണ്.
അടിസ്ഥാനപരമായി, ഇന്ത്യന്‍ ഉപഭോക്താക്കളും ചൈനീസ് ഉല്‍പ്പാദകരും വ്യാപാരത്തിലൂടെ നേട്ടമുണ്ടാക്കിയതായി ഇത് കാണിക്കുന്നു. വ്യാപാരത്തില്‍നിന്ന് നേട്ടമുണ്ടാക്കുന്ന പ്രക്രിയയാണിത്. കച്ചവടമില്ലാത്തതിനേക്കാള് മികച്ച സ്ഥിതിയിലാണ് ഇരുവിഭാഗവും.
എല്ലാ രാജ്യങ്ങളിലും നിരന്തരമായ വ്യാപാരക്കമ്മിയുണ്ടാകുന്നത് തീര്‍ച്ചയായും രണ്ട് പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു.
ഒന്ന്, ഇറക്കുമതി ‘വാങ്ങാന്‍’ ഒരു രാജ്യത്തിന് വിദേശനാണ്യ കരുതല്‍ ഉണ്ടോ? ഇന്ത്യക്കിന്ന് 500 ബില്യണ്‍ ഡോളറിലധികം വിദേശനാണ്യ ശേഖരമുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ഇറക്കുമതിക്ക് ഇത് മതിയാകും. രണ്ടാമതായി, സ്വന്തം ജനതയുടെ ആവശ്യങ്ങള്‍ക്കായി ഏറ്റവും കാര്യക്ഷമമായി ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യ പ്രാപ്തമല്ലെന്നും ഇത് കാണിക്കുന്നു.
Also Read: രാജ്യത്തിന്റെ ഭൂപരിധിയിലേക്ക് ചൈന കടന്നു കയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി
ഒരു തലത്തില്‍, ഒരു രാജ്യവും സ്വയംപര്യാപ്തമല്ല. അതിനാലാണ് വ്യാപാരം എന്ന അതിശയകരമായ ആശയം. അത്, രാജ്യങ്ങളെ ഏറ്റവും കാര്യക്ഷമമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ വൈദഗ്ധ്യം നേടാനും അവ കയറ്റുമതി ചെയ്യാനും മറ്റു ചില രാജ്യങ്ങളെ കൂടുതല്‍ കാര്യക്ഷമമായി ഇറക്കുമതി ചെയ്യാനും അനുവദിക്കുന്നു.
അതിനാല്‍, നിരന്തരമായ വ്യാപാരക്കമ്മി ആഭ്യന്തര സര്‍ക്കാരിന് (ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ സര്‍ക്കാരിന്) നയങ്ങള്‍ നടപ്പാക്കുന്നതിനും മത്സരാധിഷ്ഠിത സാഹചര്യം ഉയര്‍ത്തുന്ന അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും യോഗ്യമാണെങ്കിലും, അത് വ്യാപാരത്തില്‍നിന്ന് മാറാന്‍ ആളുകളെ നിര്‍ബന്ധിക്കുകയോ അകറ്റുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുകയും ഉപഭോക്തൃ ആനുകൂല്യങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും.
2. പാവപ്പെട്ട ഉപഭോക്താക്കളെ കുടുതല്‍ ബാധിക്കും
വ്യാപാര നിരോധനം മിക്കപ്പോഴും ഏറ്റവും പാവപ്പെട്ട ഉപഭോക്താക്കളെയാണ് കൂടുതല്‍ ബാധിക്കുക. കാരണം അവര്‍ വിലയുടെ കാര്യത്തില്‍ ഏറ്റവും പെട്ടെന്ന് വ്യാകുലപ്പെടുന്നവരാണ്. ഉദാഹരണത്തിന്, ചൈനീസ് എസികള്‍ക്ക് പകരം ജാപ്പനീസ് എസികളോ അല്ലെങ്കില്‍ കാര്യക്ഷമത കുറഞ്ഞ ഇന്ത്യന്‍ ഉല്‍പ്പന്നമോ ആണെന്നു വയ്ക്കുക. വില കൂടിയ ഉത്പന്നം വാങ്ങിക്കൊണ്ട് സമ്പന്നരായ ഇന്ത്യക്കാര്‍ക്ക് ഈ വിലക്കിനെ അതിജീവിക്കാം. എന്നാല്‍ എസി വാങ്ങാന്‍ കഴിയുന്ന നിരവധി ദരിദ്രര്‍ക്കു മുന്നിലെ സാധ്യത, ഒന്നുകില്‍ വില കൂടുതലായതിനാല്‍ വാങ്ങല്‍ ഉപേക്ഷിക്കുക അല്ലെങ്കില്‍ കാര്യക്ഷമത കുറഞ്ഞ ഇന്ത്യന്‍ ഉല്‍പ്പന്നം വാങ്ങുന്നതിലൂടെ കഷ്ടപ്പെടുക എന്നതാണ്.
അതുപോലെ, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പണം നല്കിക്കഴിഞ്ഞിട്ടുണ്ട്. അവയുടെ വില്‍പ്പന നിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിലൂടെ, ചില്ലറ വില്‍പ്പനക്കാരെ ദോഷകരമായ ബാധിക്കും. വീണ്ടും, അപ്രതീക്ഷിത നഷ്ടങ്ങളെ നേരിടാനുള്ള ആപേക്ഷിക കഴിവില്ലായ്മ കാരണം ചില്ലറ വ്യാപാരികള്‍ക്ക് ഈ തിരിച്ചടി ആനുപാതികമായി കൂടുതലായിരിക്കും.
3. ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്കും കയറ്റുമതിക്കാര്‍ക്കും തിരിച്ചടി
ചൈനയുമായുള്ള വ്യാപാരം പല ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്കും മനോവ്യഥയുണ്ടാക്കുന്നുവെന്ന് ചിലര്‍ വാദിച്ചേക്കാം. ഇത് ശരിയാണ്. എന്നാല്‍ അത്തരം വ്യാപാരം, കാര്യക്ഷമത കൂടിയ ഇന്ത്യന്‍ നിര്‍മാതാക്കളെയും വ്യാപാരത്തെയും സഹായിക്കുമ്പോള്‍ കാര്യക്ഷമത കുറഞ്ഞ ഇന്ത്യന്‍ ഉല്‍പ്പാദകരെ മാത്രമാണ് വേദനിപ്പിക്കുന്നതെന്നതും ശരിയാണ്.
ചൈനീസ് ഇറക്കുമതിയുടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍, ചൈനയില്‍ പൂര്‍ണമായി നിര്‍മിച്ച മികച്ച വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിലെ നിരവധി വ്യാപാരികള്‍ പൂര്‍ണമായി നിര്‍മിക്കാത്ത ചരക്കുകളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നു. അവ ഉപയോഗിച്ച് ആഭ്യന്തര വിപണിയിലേക്കും ആഗോള വിപണിയിലേക്കുമുള്ള ഉല്‍പ്പന്നങ്ങള്‍ (ഇന്ത്യന്‍ ഉല്‍പ്പങ്ങള്‍ എന്ന തരത്തില്‍) നിര്‍മിക്കുന്നു.
Also Read: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: അവസാന വെടിവയ്പ് 1967ല്‍, നാഥു ലയില്‍ സംഭവിച്ചത് എന്ത്?
പൊതുവെയുള്ള വിശ്വാസത്തിനു വിരുദ്ധമായി, ഇലക്ട്രിക്കല്‍ മെഷിനറി, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, രാസവളങ്ങള്‍, ഒപ്റ്റിക്കല്‍, ഫോട്ടോഗ്രാഫിക് അളവ് ഉപകരണങ്ങള്‍, ജൈവ രാസവസ്തുക്കള്‍ എന്നിങ്ങനെ ചൈനയില്‍നിന്നുള്ള ഇറക്കുമതിയുടെ വലിയൊരു ഭാഗം മുഴുവനാക്കാത്ത വസ്തുക്കളുടെ രൂപത്തിലാണ്. അത്തരം ഇറക്കുമതികള്‍ അന്തിമ ചരക്കുകള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അവ ഇന്ത്യയില്‍ വില്ക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നു.
അതിജീവിക്കാന്‍ പാടുപെട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഈ വ്യാപാരങ്ങളെയെല്ലാം ചൈനീസ് നിരോധനം ദോഷകരമായി ബാധിക്കും. അത്, അസംസ്കൃത വസ്തുക്കള്‍ ചേര്‍ത്ത് ചരക്കുകള്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെയും ബാധിക്കും.
വീണ്ടും ഓര്‍മിക്കാന്‍: വ്യാപാരക്കമ്മിയെന്നത് മോശമല്ല. അവ ഉല്‍പ്പാദകരും കയറ്റുമതിക്കാരും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നു. എന്തുതന്നെയായാലും, ഇന്ത്യക്ക് മിക്ക രാജ്യങ്ങളുമായും വ്യാപാരക്കമ്മി ഉണ്ട്, എന്തുകൊണ്ടാണ് ചൈനയെ മാത്രം ഒറ്റപ്പെടുത്തുന്നത്?
4. ചൈനയ്ക്ക് കേവല നഷ്ടം മാത്രം
നമ്മുടെ സൈനികരെ കൊന്നൊടുക്കിയതിനാല്‍ ചൈനയെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഇപ്പോഴും ചിലര്‍ വാദിച്ചേക്കാം. ഞങ്ങള്‍ വ്യാപാരത്തിലൂടെ ചൈനയെ ശിക്ഷിക്കുമെന്നും അവര്‍ പറയും.
അപ്പോള്‍ ചോദ്യം ഇതാണ്: വ്യാപാര നിരോധനം ചൈനയെ ബാധിക്കുമോ?
സത്യം നേരെ വിപരീതമാണ്. വ്യാപാര നിരോധനം ചൈനയെ ബാധിക്കുന്നതിനേക്കാള്‍ വളരെയധികം ദോഷകമാരമായി ബാധിക്കുക ഇന്ത്യയെയാണ്.
Also Read: ചൈന ആക്രമണകാരിയാകാന്‍ കാരണമെന്താണ്?
വസ്തുതകള്‍ വീണ്ടും നോക്കാം. ഇന്ത്യയുടെ കയറ്റുമതിയുടെ അഞ്ച് ശതമാനത്തിന്റെയും ഇറക്കുമതിയുടെ 14 ശതമാനത്തിന്റെയും സ്ഥാനത്ത് (യുഎസ് ഡോളറിന്റെ മൂല്യത്തില്‍) ചൈനയാണ്. ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ചൈനയുടെ മൊത്തം കയറ്റുമതിയുടെ മൂന്ന് ശതമാനം മാത്രമാണ്. ഏറ്റവും പ്രധാനമായി, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ചൈനയുടെ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെയാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം നിര്‍ത്തിയാല്‍ ചൈനയ്ക്ക് കയറ്റുമതിയുടെ മൂന്നു ശതമാനവും ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെയും മാത്രമേ നഷ്ടപ്പെടൂ. അതേസമയം ഇന്ത്യയ്ക്ക് കയറ്റുമതിയുടെ അഞ്ച് ശതമാനവും ഇറക്കുമതിയുടെ 14 ശതമാനവും നഷ്ടപ്പെടും.
മാത്രമല്ല, ഇന്ത്യന്‍ വാങ്ങല്ശേഷിയില്നിന്ന് ലാഭമുണ്ടാക്കാന്‍ ചൈനയെ അനുവദിക്കരുതെന്ന ധാരണ കര്‍ശനമായി സ്വീകരിക്കുകയാണെങ്കില്‍ ചൈനീസ് ചരക്കുകളും അധ്വാനവും ഉപയോഗിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യക്കാര്‍ വാങ്ങുന്നത് ഒഴിവാക്കണം. അതിനാല്‍, പ്രത്യക്ഷത്തിലുള്ള നിരവധി ചൈനീസ് ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും മറക്കുക. ഇന്ത്യയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍നിന്ന് ചൈന എന്തെങ്കിലും പണം സമ്പാദിക്കുന്നുണ്ടോയെന്നും യൂറോപ്യന്‍ ഗാഡ്ജെറ്റില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ ചൈനയില്‍ നിര്‍മിച്ചതാണോ ആണോ അല്ലയോ എന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ മനസിലാക്കണം.
ആഗോള വ്യാപാരത്തിലും ആഗോള മൂല്യശൃംഖലയിലും മാത്രമല്ല ചൈനയുടെ കേന്ദ്രീകരണം. ഇതുകാരണം നമ്മുടെ വ്യാപാരത്തിലെ ചൈനയുടെ വ്യാപ്ചി കണ്ടെത്തുക ഉദ്യോഗസ്ഥവൃന്ദത്തിനു പോലും അസാധ്യമാണ്.
മൊത്തത്തില്‍, ഇന്ത്യയ്ക്ക് ചൈനയെ മാറ്റിസ്ഥാപിക്കുന്നതിനേക്കാള്‍ എളുപ്പമാണ് ചൈനയ്ക്ക് ഇന്ത്യയ്ക്കു ബദല്‍ കണ്ടെത്തുന്നത്.
ഇതൊന്ന് ആലോചിച്ച് നോക്കൂ: സമാനമായത് സി ജിന്പിങ്ങും ചൈനയിലെ ഭരണകൂടവും ഇന്ത്യയോട് ചെയ്താലോ? എല്ലാ വ്യാപാരവും പെട്ടെന്നു നിരോധിക്കാനും ഏതെങ്കിലും വഴിയിലൂടെ ഇന്ത്യയിലേക്കുള്ള എല്ലാ സ്വകാര്യ നിക്ഷേപങ്ങളെയും വിലക്കാനും അവര്‍ തീരുമാനിച്ചാലോ? തീര്‍ച്ചയായും, ഇന്ത്യ നിലനില്ക്കും. പക്ഷേ പല ഇന്ത്യന്‍ ബിസിനസുകള്‍ക്കുമുള്ള(ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍) ചൈനീസ് ധനസഹായം നഷ്ടപ്പെടുന്നതു സാധാരണക്കാരെ വലിയ തോതില്‍ ബാധിക്കും.
എന്തുകൊണ്ട്? ചെറുത് മുതല്‍ ഇടത്തരം വരെ, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മാറ്റിസ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്. നമ്മളുടെ എല്ലാ ഇറക്കുമതികളും ചൈനയില്‍നിന്ന് ജപ്പാനിലേക്കും ജര്‍മനിയിലേക്കും തിരിച്ചുവിടുന്നത് സങ്കല്‍പ്പിക്കുക. അത് നമ്മുടെ മൊത്തം വ്യാപാര കമ്മി വര്‍ധിപ്പിക്കുകയേയുള്ളൂ. മറുവശത്ത്, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നാങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അതും നമുക്ക് കൂടുതല്‍ ചെലവ് സൃഷ്ടിക്കും, ആന്തരികമായിട്ടാണെങ്കില് പോലും.
5. ഇന്ത്യക്ക് നയവിശ്വാസ്യത നഷ്ടമാവും
ചൈനയുമായുള്ള കരാറുകളില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്ന അഭിപ്രായമുണ്ട്. വികാരവിക്ഷോഭങ്ങള്‍ക്ക് ഇത് ചെറിയ കാലത്തേക്ക് ശമനം നല്‍കുമെങ്കിലും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് വളരെ ദോഷകരമാണ്.
Also Read:ചൈനീസ് കമ്പനിയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദാക്കി റെയിൽവേ
മത്സരാധിഷ്ഠിതത ഉയര്‍ത്തി ആഗോള വ്യാപാരത്തിന്റെ ഉയര്‍ന്ന പങ്ക് നേടാന്‍ ഇന്ത്യ ഉത്സാഹത്തോടെ ശ്രമിക്കണം. ലോക വ്യാപാരത്തില്‍ ഇന്ത്യക്ക് ഇപ്പോള്‍ തുച്ഛമായ പങ്കാണുള്ളത്. കരുതലോടെ പ്രവർത്തിച്ചില്ലെങ്കിൽ ഈ പങ്ക് പോലും ചെറുരാജ്യങ്ങൾ കവർന്നെടുക്കും.
ഉദാഹരണത്തിന്, 2019 നവംബറില്‍, പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍ (ആര്‍സിഇപി) ചേരാന്‍ ഇന്ത്യ വിസമ്മതിച്ചു. വിയറ്റ്നാം ഈ മാസം ആദ്യം യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയനില്‍ മിക്ക വിയറ്റ്നാമീസ് ചരക്കുകളുടെയും ഇറക്കുമതി തീരുവ പൂജ്യമാകുമെന്നതിനാല് യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് അവ താങ്ങാനാവുന്ന തരത്തിലാക്കുന്നു. ഇതുകാരണം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പിടി നഷ്ടപ്പെടുകയാണ്.
നയവിശ്വാസ്യതയും നിശ്ചയദാര്‍ഡ്യവുമാണ് നിക്ഷേപകരെ, പ്രത്യേകിച്ച് വിദേശ നിഷേപകരെ ആകര്‍ഷിക്കുന്നത്. ഒറ്റരാത്രികൊണ്ട് മാറ്റാന്‍ കഴിയുന്നതാണ് നയങ്ങളെങ്കില്, മുന്‍കാല പ്രാബല്യത്തോടെ നികുതി വര്‍ധിപ്പിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ കരാറുകളില്‍നിന്ന് പിന്മാറുകയാണെങ്കില് ഒരു നിക്ഷേപകനും നിക്ഷേപം നടത്തില്ല. അല്ലെങ്കില്‍, അപകടസാധ്യത വര്ധിപ്പിക്കുമെന്നതിനാൽ നിക്ഷേപകര്‍ ഉയര്‍ന്ന ലാഭം ആവശ്യപ്പെടും.
6. തീരുവ ഉയര്‍ത്തല്‍ പരസ്പര നാശത്തിന്
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ച് ഇന്ത്യ തിരിച്ചടി നല്‍കണമെന്നും വാദമുണ്ട്. ചൈനയില്‍നിന്ന് പ്രാഥമിക വസ്തുക്കളും മുഴവനായി നിര്‍മിക്കാത്ത ഉല്‍പ്പന്നങ്ങളും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും അന്തിമ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കൂടിയ തീരുവ പ്രയോഗിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
Also Read: ഇന്ത്യ-ചൈന സംഘർഷം: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുളള പദ്ധതി നിർത്തിവച്ചു
ലോക വ്യാപാര സംഘടനയുടെ നിയമങ്ങളില്‍നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് മാറ്റിവച്ചാല്‍ പോലും ഇത് ഒരു മോശം തന്ത്രമാണ്. ചൈനയ്ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇതേ രീതിയില്‍ പരസ്പരം പ്രതികരിക്കാന്‍ കഴിയും. ആഗോള വ്യാപാരത്തിലും മൂല്യ ശൃംഖലയിലുമുള്ള താരതമ്യേന തുച്ഛമായ സാന്നിധ്യമാണ് ഇവിടെ ഇന്ത്യയ്ക്കു നഷ്ടമാകുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിയമങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ഇന്ത്യയെ മറികടന്ന് വ്യാപാരം നടത്തുന്നത് ലോകത്തിന് താരതമ്യേന എളുപ്പമാണ്.
വാൽക്കഷ്ണം: അതിര്‍ത്തി തര്‍ക്കം വ്യാപാര യുദ്ധമാക്കി മാറ്റുന്നതിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സാധ്യതയില്ലെന്നതാണ് ഒന്നാമതായി മനസിലാക്കേണ്ടത്. രണ്ടാമതായി, ആഗോള വ്യാപാരത്തിലും പരസ്പരം ആപേക്ഷികമായും ഇന്ത്യയുടെയും ചൈനയുടെയും സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഈ വ്യാപാര യുദ്ധം ചൈനയേക്കാള്‍ വളരെയധികം നഷ്ടമുണ്ടാക്കുക ഇന്ത്യയ്ക്കാണ്. മൂന്നാമതായി, ചൈനയുമായുള്ള എല്ലാ വ്യാപാരവും നിരോധിക്കുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും. ഇതിനകം തന്നെ ഏറ്റവും ദുര്‍ബലാവസ്ഥയിലായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ജിഡിപിയുടെ കുത്തനെയുള്ള തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.
2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം മുതല്‍ സംരക്ഷണവാദത്തിന്റെയും ആഗോളവല്‍ക്കരണ വിരുദ്ധ വികാരത്തിന്റെയും തരംഗമുണ്ടെങ്കിലും വ്യാപാരം ആളുകള്‍ക്കു ഗുണകരമാവുന്നുമുണ്ട്.
തീര്‍ച്ചയായും, എല്ലാവരും അല്ല. ഉദാഹരണത്തിന്, കാര്യക്ഷമമല്ലാത്ത എല്ലാ ആഭ്യന്തര വ്യവസായങ്ങളും സാമ്പത്തിക ദേശീയതയുടെ പേരില്‍ ഉയര്‍ന്ന നികുതികളാല്‍ സംരക്ഷിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, മുകളില്‍ വിശദീകരിച്ചതുപോലെ, ഈ സംരക്ഷണം ആഭ്യന്തര ഉപഭോക്താക്കളുടെ ചെലവില്‍ വരും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ നാല് ദശകങ്ങളില്‍ ‘സ്വാശ്രയത്വം’, ‘ഇറക്കുമതിക്കു പകരം’, ‘ആഭ്യന്തര ശിശു വ്യവസായങ്ങളെ സംരക്ഷിക്കല്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ നാം പരീക്ഷിച്ചതാണ്. പക്ഷേ ദയനീയ പരാജയമായിരുന്നു ഫലം.
എഴുത്ത്: ഉദിത് മിശ്ര