ചൈനയെ മറിക്കടന്ന് ഇന്ത്യയുടെ ജനസംഖ്യ വർധിക്കുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. മാസങ്ങളായി പ്രതീക്ഷിച്ചിരുന്ന വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണമാണ് ബുധനാഴ്ച യുഎൻ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഈ വർഷം പകുതിയോടെ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎൻ പോപ്പുലേഷൻ ഫണ്ട്(യുഎന്‍എഫ്പിഎ) യുടെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ (എസ്ഡബ്ല്യുപി) റിപ്പോര്‍ട്ട് പ്രകാരം, 2023-ന്റെ പകുതിയോടെ ഇന്ത്യയുടെ ജനസംഖ്യ 1,428 ദശലക്ഷമാകും എന്ന് കണക്കാക്കുന്നു. ഇത് ചൈനയുടെ ജനസംഖ്യയായ 1,425 ദശലക്ഷത്തേക്കാൾ നേരിയ തോതിൽ മുന്നിലാണ്.
കഴിഞ്ഞ വർഷം, ഇതേ റിപ്പോർട്ട് 2022ന്റെ മധ്യത്തിൽ ചൈനയുടെ ജനസംഖ്യ 1,448 ദശലക്ഷമായി കണക്കാക്കിയിരുന്നു. ഇത് ഇന്ത്യയുടെ 1,406 ദശലക്ഷത്തേക്കാൾ കൂടുതലാണ്. ഇതോടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നതും ചൈനയുടെ ജനസംഖ്യ കുത്തനെ ഇടിയുന്നതും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ഒരു വർഷത്തിനുള്ളിൽ 23 ദശലക്ഷത്തിന്റെ (2.3 കോടി) കുറവാണ് ഇത് കാണിക്കുന്നത്.
ഇവ ഏകദേശമുള്ള കണക്കുകൾ മാത്രമാണ്. പരോക്ഷമായ രീതികളും ഫെർട്ടിലിറ്റി, മരണനിരക്ക് തുടങ്ങിയ വിവിധ സൂചകങ്ങളും ഉപയോഗിച്ചാണ് ഇതിൽ എത്തിയിരിക്കുന്നത്. എന്നാൽ 1978 മുതൽ എല്ലാ വർഷവും പുറത്തുവരുന്ന യുഎൻഎഫ്പിഎ റിപ്പോർട്ടുകൾ ആഗോള ജനസംഖ്യാ പ്രവണതകളുടെ വിശ്വസനീയമായ സൂചകമായി കണക്കാക്കപ്പെടുന്നുണ്ട്. ഏത് സാഹചര്യത്തിലായാലും കൃത്യമായ ഒരു ദിവസത്തെ ജനസംഖ്യ കണ്ടുപിടിക്കാൻ സാധിക്കില്ല.
ഇന്ത്യയുടെ കണക്കുകളേക്കാൾ വേഗത്തിലുള്ള വളർച്ച
ഓരോ 10 വർഷത്തിലും നടക്കുന്ന സെൻസസിൽ നിന്നാണ് ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും വിശ്വസനീയമായ കണക്കുകൾ വരുന്നത്. അവസാന സെൻസസ് നടന്നത് 2011ലാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം 2021 ലെ സെൻസസ് മാറ്റിവയ്ക്കേണ്ടി വന്നു. ഇതിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 1,210 ദശലക്ഷമാണ് (കൃത്യമായി പറഞ്ഞാൽ 121.08 കോടി, 1,210,854,977). 2020 ജൂലൈയിൽ, സെൻസസ് ഓഫീസ് 2012-2036 വർഷങ്ങളിലെ ജനസംഖ്യാ പ്രവചനങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഇന്ത്യയുടെ നിലവിലെ ജനസംഖ്യയുടെ ഔദ്യോഗിക കണക്കായി തുടരുന്നു.
ഈ പ്രവചനങ്ങൾ അനുസരിച്ച്, 2023ൽ ഇന്ത്യയുടെ ജനസംഖ്യ 1,388 ദശലക്ഷം (ഏകദേശം 139 കോടി) മാത്രമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ കണക്ക് യുഎൻഎഫ്പിഎയുടെ ലോക ജനസംഖ്യാ റിപ്പോർട്ടും മറ്റ് നിരവധി കണക്കുകളും സൂചിപ്പിക്കുന്നതിനേക്കാൾ വളരെ കുറവാണ്.
ഈ പ്രവചനങ്ങൾ അനുസരിച്ച്, 2026 ൽ പോലും ഇന്ത്യയുടെ ജനസംഖ്യ ഈ വർഷത്തിന്റെ മധ്യത്തിൽ യുഎന്‍എഫ്പിഎ കണക്കാക്കിയതിനേക്കാൾ ചെറുതായിരിക്കും. ആയുർദൈർഘ്യത്തിലെ പുരോഗതിയും മരണനിരക്കിലെ കുറവും ഇവ രണ്ടും പോസിറ്റീവ് സൂചകങ്ങളാണ്. ഹ്രസ്വകാലത്തിനിടെ ജനസംഖ്യയിൽ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള വളർച്ചയ്ക്കുള്ള പ്രധാന കാരണം ഇതാകാം.
യുഎൻഎഫ്പിഎ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ നിലവിലെ വേഗതയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ അടുത്ത 75 വർഷത്തിനുള്ളിൽ അത് നിലവിലുള്ളതിന്റെ ഇരട്ടിയായി വളരാം. നിലവിൽ എട്ട് ബില്യണിന് മുകളിലുള്ള ആഗോള ജനസംഖ്യയുടെ കാര്യവും അങ്ങനെതന്നെയാണ്. അതിനു മുൻപ് തന്നെ ഇന്ത്യയുടെയും ആഗോള ലോകജനസംഖ്യയും സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലതാമസം നേരിട്ട് സെൻസസ്
2021ലെ സെൻസസ് നടത്തുന്നതിലുള്ള കാലതാമസം കാരണം നിലവിലെ ജനസംഖ്യയുടെ ആധികാരികമായ വിലയിരുത്തൽ തടസ്സപ്പെട്ടു. മഹാമാരിയുടെ പേരിലാണ് സെൻസസ് അന്ന് മാറ്റിവച്ചത്. എന്നാൽ സാധാരണ നില പുനഃസ്ഥാപിച്ച് ഒരു വർഷത്തിലേറെയായിട്ടും, സെൻസസ് ആരംഭിക്കുന്നതിന്റെ സൂചനകളൊന്നും ലഭ്യമില്ല. 1870 മുതൽ 10 വർഷത്തിലൊരിക്കൽ നടക്കുന്ന സെൻസസ് ഇത്രയും കാലം തടസ്സപ്പെടുന്നത് ആദ്യമാണ്.
2021ലെ സെൻസസ് പദ്ധതികളെക്കുറിച്ച് സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാർലമെന്റിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, സെൻസസ് കൃത്യസമയത്ത് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങൾ കാരണം അത് മാറ്റിവെയ്ക്കേണ്ടി വന്നുവെന്നാണ് മറുപടി ലഭിച്ചത്.
“2021 സെൻസസ് നടത്താൻ ഉദ്ദേശിച്ച്, 2019 മാർച്ച് 28ന് (മഹാമാരി തുടങ്ങുന്നതിന് മുൻപ്) ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. തുടർന്ന്, പൗരത്വ നിയമങ്ങൾക്ക് കീഴിൽ സെൻസസിന്റെ ആദ്യ ഘട്ടത്തോടൊപ്പം ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി 2019 ജൂലൈ 31-ന് ഒരു വിജ്ഞാപനവും ഗസറ്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. അതായത്, ഹൗസ്‌ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും.
എന്നിരുന്നാലും, കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ 2021 ലെ സെൻസസ് നടത്തിപ്പും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ അപ്‌ഡേറ്റും അനുബന്ധ ഫീൽഡ് പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റിവച്ചിരിക്കുന്നു,” ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിലെ ഈ വർഷം ഫെബ്രുവരി ഏഴിന് ലോക്സഭയിലെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ, രജിസ്ട്രാർ ജനറലിന്റെ ഓഫീസ്
സെൻസസിന്റെ ആദ്യപടിയായി അഡ്മിനിസ്ട്രേറ്റീവ് ബോഡറുകൾ ഫ്രീസ് ചെയ്യാനുള്ള സമയപരിധി ഈ വർഷം ജൂൺ 30 വരെ നീട്ടിയിരുന്നു.
ജൂണിന്റെ അവസാനത്തോടെയെങ്കിലും, അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുന്നതിനാൽ സെൻസസ് നടക്കാൻ സാധ്യതയില്ല. സാധാരണ രണ്ടു വർഷമെങ്കിലും എടുത്താണ് സെൻസസ് പൂർത്തിയാക്കുന്നത്.
2021ലെ സെൻസസ് പൂർത്തിയാക്കുന്നതിലെ കാലതാമസം വിവിധ മേഖലകളെ ബാധിച്ചേക്കാം. കൂടാതെ ഇന്ത്യയുടെ വളർച്ചാ സാധ്യതകളെയും ബാധിക്കാം. ആഗോള പങ്കാളികളുടെ നിക്ഷേപത്തിനും വ്യാപാര തീരുമാനങ്ങൾക്കും ഈ സൂചകങ്ങൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ കൃത്യമായ കണക്കുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇത് തീരുമാനങ്ങളുടെ നിലവാരത്തെ ബാധിക്കാം.