Bank Strike Date: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ പൊതുമേഖലാ ബാങ്കുകളിലെയും പഴയ തലമുറ സ്വകാര്യ ബാങ്കുകളിലെയും 10 ലക്ഷത്തോളം ജീവനക്കാർ മാർച്ച് 15, 16 തീയതികളിൽ പണിമുടക്കുകയാണ്.
എന്തുകൊണ്ടാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്?
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുമെന്ന് ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. 1.75 ലക്ഷം കോടി രൂപ ഇതിലൂടെ കേന്ദ്രസർക്കാരിലേക്ക് എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഐഡിബിഐ ബാങ്കിനുപുറമെ, 2021-22 വർഷത്തിൽ രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെയും സ്വകാര്യവൽക്കരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ മാർച്ച് 15, 16 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കണമെന്ന് ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആവശ്യപ്പെട്ടു.
ബാങ്കിങ് സേവനങ്ങളെ ബാധിക്കുമോ?
മാർച്ച് 15, 16 തീയതികളിൽ പണിമുടക്കിന് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ, അതായത് മാർച്ച് 13 രണ്ടാം ശനിയാഴ്ചയ്ക്കും മാർച്ച് 14 ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. ചുരുക്കത്തിൽ, ബാങ്കുകൾ ഈ നാല് ദിവസം പ്രവർത്തിക്കില്ല. എന്നിരുന്നാലും, ഈ നാല് ദിവസങ്ങളിൽ എടിഎമ്മുകൾ പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
ചെക്ക് ക്ലിയറൻസുകൾ, പുതിയ അക്കൗണ്ടുകൾ തുറക്കൽ, ഡിമാൻഡ് ഡ്രാഫ്റ്റുകളുടെ വിതരണം, വായ്പാ പ്രോസസിങ് എന്നിവ മാർച്ച് 17 വരെ തടസപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എല്ലാ ശാഖകളിലും ഓഫീസുകളിലും ബാങ്ക് സാധാരണ പ്രവർത്തനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാലും പണിമുടക്ക് ബാധിക്കാമെന്നും എസ്ബിഐ വ്യക്തമാക്കി.
സ്വകാര്യ ബാങ്ക് ജീവനക്കാരും പണിമുടക്കിലാണോ?
പുതുതലമുറ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ബാങ്കിങ് സേവനങ്ങളുടെ മൂന്നിലൊന്ന് മാത്രമാണ് അവയിലൂടെ നടക്കുന്നത്.
സർക്കാരും യൂണിയനും തമ്മിൽ എന്തെങ്കിലും ചർച്ച നടന്നിട്ടുണ്ടോ?
അഡീഷണൽ ചീഫ് ലേബർ കമ്മീഷണർ എസ്‌സി ജോഷിയുടെ അധ്യക്ഷതയിൽ മാർച്ച് 4, 9, 10 തീയതികളിൽ സർക്കാരും യൂണിയനുകളും തമ്മിൽ അനുരഞ്ജന ചർച്ചകൾ നടത്തിയതായി ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) അറിയിച്ചു. “ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ സമ്മതിച്ചാൽ പണിമുടക്കുമായി മുന്നോട്ട് പോവുന്ന കാര്യത്തിൽ പുനഃപരിശോധന നടത്താൻ യൂണിയനുകൾക്കു വേണ്ടി ഞങ്ങൾ വാഗ്‌ദാനം ചെയ്തു. എന്നാൽ ധനകാര്യ മന്ത്രാലയ പ്രതിനിധിക്ക് അത്തരം പ്രതിബദ്ധത ഉറപ്പ് നൽകാൻ കഴിഞ്ഞില്ല. അനുരഞ്ജന യോഗം ഒരു നല്ല ഫലവും നൽകിയില്ല. അതിനാൽ മാർച്ച് 15, 16 തീയതികളിൽ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു,” എബിഇഎ വ്യക്തമാക്കി.