എല്ലാ നികുതിദായകര്‍ക്കും ഒരൊറ്റ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം നിര്‍ദേശിച്ചിരിക്കുകയാണു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ബന്ധപ്പെട്ട എല്ലാവര്ക്കും ഡിസംബര്‍ 15 വരെ ഇന്‍പുട്ടുകള്‍ നല്കാവുന്ന കരട് ഫോം സിബിഡിടി പുറത്തിറക്കി.
നിലവില്‍ എത്ര തരം ഐടിആര്‍ ഫോമുകള്‍ ഉണ്ട്?
നിലവില്‍ വിവിധ നികുതിദായക വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഏഴ് തരം ഐടിആര്‍ ഫോമുകളാണുള്ളത്. അവ ഇപ്രകാരമാണ്:
- ‘സഹജ്’ എന്ന് വിളിക്കുന്ന ഐടിആര്‍ ഫോം 1. ചെറുകിട, ഇടത്തരം നികുതിദായകര്‍ക്കുള്ളതാണ് ഇത്. ശമ്പളം, ഒരു വീട്/ മറ്റ് സ്രോതസുകള്‍ (പലിശ മുതലായവ) എന്നിവയില്‍നിന്നുള്ള 50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കു സഹജ് ഫോമുകള്‍ ഫയല്‍ ചെയ്യാം
- റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍നിന്നു വരുമാനം നേടുന്നവര്‍ ഐടിആര്‍-2 ആണു ഫയല്‍ ചെയ്യേണ്ടത്
- ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷനില്‍നിന്നുള്ള ലാഭമെന്ന നിലയില്‍ വരുമാനമുള്ളവരെ ഉദ്ദേശിച്ചുള്ളതാണ് ഐടിആര്‍-3
- ഐടിആര്‍-4 (സുഗം) എന്നത് ഐടിആര്‍-1 (സഹജ്) പോലെയുള്ള ഒരു ലളിതമായ ഫോമാണ്. വ്യക്തികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്കും (എച്ച്യു എഫ്) ബിസിനസില്‍നിന്നും പ്രൊഫഷനില്‍നിന്നും 50 ലക്ഷം രൂപ വരെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കും ഫയല്‍ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണിത്
- ഐടിആര്‍-5 ഉം ആറും യഥാക്രമം നിയന്ത്രിത ബാധ്യത പങ്കാളിത്ത(എല്‍എല്‍പി)ത്തിനും ബിസിനസുകള്ക്കുമുള്ളതാണ്
- ട്രസ്റ്റുകളും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമാണ് ഐടിആര്‍-7 ഫയല്‍ ചെയ്യുന്നത്
നിര്‍ദേശിച്ച മാറ്റം എന്താണ് ?
പുതിയ നിര്‍ദേശമനുസരിച്ച് ട്രസ്റ്റുകളും ലാഭേച്ഛയില്ലാത്ത സംഘടനകളും (ഐടിആര്‍-7) ഒഴികെയുള്ള എല്ലാ നികുതിദായകര്‍ക്കും ഒരു പൊതു ഐടിആര്‍ ഫോം ഉപയോഗിക്കാനാകും. അതില്‍ വിിച്വല് ഡിജിറ്റല്‍ ആസ്തികളില്‍നിന്നുള്ള വരുമാനം വെളിപ്പെടുത്തുന്നതിനുള്ള പ്രത്യേക ഹെഡും ഉള്‍പ്പെടുന്നു.
”ഐടിആര്‍-7 ഒഴികെയുള്ള എല്ലാ റിട്ടേണുകളും ലയിപ്പിച്ചുകൊണ്ട് ഒരു പൊതു ഐടിആര്‍ അവതരിപ്പിക്കാന്‍ നിര്‍ദിഷ്ട കരട് ഐടിആര്‍ നിര്‍ദേശിക്കുന്നു,” സിബിഡിടി പറഞ്ഞു.
മിക്ക വ്യക്തിഗത നികുതിദായകരും ഉപയോഗിക്കുന്ന ഐടിആര്‍-1 (സഹജ്), ഐടിആര്‍-4 (സുഗം) എന്നിവ പിന്‍വലിക്കപ്പെടുമോ?
ഇല്ല. ”നിലവിലെ ഐടിആര്‍-1, ഐടിആര്‍-4 എന്നിവ തുടരും. അത്തരം നികുതിദായകര്ക്കുനിലവിലുള്ള ഫോമിലോ (ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4) അല്ലെങ്കില്‍ നിര്‍ദിഷ്ട പൊതു ഐടിആറിലോ അവരുടെ സൗകര്യത്തിനനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള ഓപ്ഷന് നല്‍കും,”സിബിഡിടി വ്യക്തമാക്കി.
പഴയ ഐടിആര്‍-1, ഐടിആര്‍-4 എന്നിവയ്ക്കൊപ്പം പുതിയ ഐടിആര്‍ ഫോം ലഭ്യമാകുമെന്നും എന്നാല്‍ ഐടിആര്‍-2, ഐടിആര്‍-3, ഐടിആര്‍-5, ഐടിആര്‍-6 എന്നിവ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്കു പഴയ ഫോമുകള്‍ ഫയല്‍ ചെയ്യാനുള്ള ഓപ്ഷന് ലഭിക്കില്ലെന്നും നംഗിയ ആന്ഡേഴ്സണ് എല്‍എല്‍പിയുടെ പാര്‍ട്ണര്‍ സന്ദീപ് ജുന്‍ജുന്‍വാല പറഞ്ഞു.
മാറ്റത്തിന്റെ കാര്യമമെന്ത്?
”രാജ്യാന്തരതലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ക്കനുസരിച്ച് റിട്ടേണ്‍ ഫയലിങ് സംവിധാനത്തെ പുനരവലോകനം ചെയ്യുന്നതാണു നിര്‍ദിഷ്ട കരട് ഐടിആറെന്നാണു സിബിഡിടി പറയുന്നത്. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കാനും വ്യക്തികളും ബിസിനസ് ഇതര നികുതിദായകരും ഫയല്‍ ചെയ്യാനെടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാനും കരട് ഫോം ലക്ഷ്യമിടുന്നു.
”നികുതിദായകര്‍ അവര്‍ക്കു ബാധകമല്ലാത്ത ഷെഡ്യൂളുകള്‍ കാണേണ്ടതില്ല. മികച്ച ക്രമീകരണം, ലോജിക്കല്‍ ഫ്ളോ, പ്രീ-ഫില്ലിങ്ങിന്റെ വര്‍ധിച്ച ലക്ഷ്യം എന്നിവ ഉപയോഗിച്ച് ഉപയോക്തൃ-സൗഹൃദ രീതിയില്‍ ഷെഡ്യൂളുകളുടെ മികച്ച രൂപകല്‍പ്പനയാണ് ഇത് ഉദ്ദേശിക്കുന്നത്. നികുതിദായകരുടെ മേലുള്ള സമ്മര്‍ദം ഭാരം കുറയ്ക്കുന്നതിന്, ഐടിആറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ഡേറ്റയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിനു ലഭ്യമായ മൂന്നാം കക്ഷി ഡാറ്റയുടെ ശരിയായ അനുരഞ്ജനവും ഇതു സുഗമമാക്കും,”സിബിഡിടി പറഞ്ഞു.
നിര്‍ദിഷ്ട ഐടിആര്‍ ഫോം നികുതിദായകര്‍ക്ക് അവര്‍ ഉത്തരം നല്കിയ ചില ചോദ്യങ്ങളെ അടിസ്ഥാനമാക്കി, ബാധകമായ ഷെഡ്യൂളുകളോടെ ഇഷ്ടാനുസൃതമാക്കും. പൊതുവായ ഐടിആര്‍ ഫോം വിജ്ഞാപനം ചെയ്താല്‍ നികുതിദായകരില്‍നിന്ന് ലഭിക്കുന്ന ഇന്‍പുട്ടുകള്‍ കണക്കിലെടുത്ത്, ആദായനികുതി വകുപ്പ് ഓണ്‍ലൈന്‍ യൂട്ടിലിറ്റി പുറപ്പെടുവിക്കും. അത്തരമൊരു യൂട്ടിലിറ്റിയില്‍, ബാധകമായ ചോദ്യങ്ങളും ഷെഡ്യൂളുകളും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ഇഷ്ടാനുസൃത ഐടിആര്‍ നികുതിദായകനു ലഭ്യമാകുമെന്നു സിബിഡിടി പറഞ്ഞു.