പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച (മാർച്ച് 28) ആണ് ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ചത്. 16 പ്രതിപക്ഷ എംഎൽഎമാർ പിന്തുണച്ചതോടെ സ്പീക്കർ അംഗീകരിച്ച പ്രമേയത്തിന്മേൽ വീണ്ടും സഭ ചേരുന്ന മാർച്ച് 31ന് ചർച്ച ആരംഭിക്കും.
പ്രമേയം അവതരിപ്പിച്ചതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷവും ഏഴ് ദിവസത്തിന് മുൻപും വോട്ടെടുപ്പ് നടത്തണമെന്നാണ് നിയമം. സ്പീക്കർ നിയമസഭ നേരത്തെ വിളിച്ചുചേർക്കാത്തത് ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ഇപ്പോൾ ആ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്, ക്രിക്കറ്റ് താരത്തിൽ നിന്ന് പ്രധാനമന്ത്രിയായി മാറിയ ഇമ്രാൻ ഖാൻ തന്റെ അവസാന പന്ത് വരെ കളിയ്ക്കാൻ ഉറച്ചു തന്നെയാണ്.
പ്രധാനമന്ത്രി എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്?
സഖ്യകക്ഷികളുമായി അവസാന നിമിഷം ഒരു കരാറിൽ എത്താമെന്ന പ്രതീക്ഷയിലാണ് ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ സർക്കാരിലെ ചിലർ തന്നെ 2023ന് മുൻപ് അടുത്ത തിരഞ്ഞടുപ്പ് നടത്താൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതും ഏറെ അനിശ്ചിതത്വത്തിലാണ്.
തിങ്കളാഴ്‌ച വരെ, അദ്ദേഹത്തിന് കാര്യമായ പദ്ധതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു, പക്ഷേ ഇപ്പോൾ അദ്ദേഹം പുതിയ സാധ്യതകൾ തേടി വിവിധ രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്.
പിടിഐ സഖ്യത്തിൽ നിന്ന് അനുഭാവികൾ അനുദിനം ചോരുന്നുണ്ട്. ദേശീയ അസംബ്ലിയിൽ 342 അംഗങ്ങളും ഇമ്രാന്റെ ഭരണസഖ്യത്തിൽ 179 അംഗങ്ങളുമാണുള്ളത്. എന്നാൽ, പാർലമെന്റിൽ ഒരു അംഗം മാത്രമുള്ള ബലൂചിസ്ഥാൻ ആസ്ഥാനമായുള്ള ജംഹൂരി വതൻ പാർട്ടി സഖ്യത്തിൽ നിന്ന് പിന്മാറിയതോടെ ഞായറാഴ്ച ഇത് 178 ആയി കുറഞ്ഞു.
അപ്പോൾ അവിശ്വാസ വോട്ടിനെ അതിജീവിക്കാൻ വേണ്ട ആളെണ്ണം അദ്ദേഹത്തിനുണ്ടോ?
ഇമ്രാനും പിടിഐ നേതാക്കളും മറ്റ് മൂന്ന് സഖ്യകക്ഷികളായ പിഎംഎൽ-ക്യു, ബലൂചിസ്ഥാൻ അവാമി പാർട്ടി (ബിഎപി), മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ എന്നിങ്ങനെ 17 എംഎൻഎ കക്ഷികളോടും അവിശ്വാസ പ്രമേയത്തിനോട് എതിർപ്പ് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിരുന്നു . എന്നാൽ മൂന്ന് പാർട്ടികളും തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന.
തിങ്കളാഴ്ച വൈകുന്നേരം, പ്രമേയം അവതരിപ്പിച്ചതിന് ശേഷം, ഇമ്രാൻ ഖാൻ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിസ്ഥാനം പിഎംഎൽ-ക്യുവിന് വാഗ്ദാനം ചെയ്തിരുന്നു. ഒട്ടുംതന്നെ ജനപ്രീതിയില്ലാത്ത ഉസ്മാൻ ബുസ്ദാർ, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മുഷറഫിന്റെ ഭരണകാലത്തുണ്ടായിരുന്ന പിഎംഎൽ(ക്യു) തലവൻ ചൗധരി പെർവൈസ് ഇലാഹിക്ക് വഴിയൊരുക്കുകയായിരുന്നു.
മറുവശത്ത്, പാർലമെന്റിൽ ഒരു അംഗം മാത്രമുള്ള ബിഎപിയും ഭരണസഖ്യത്തിൽ നിന്ന് പിന്മാറി. ഇമ്രാൻ പാർട്ടിക്ക് നൽകിയ സിന്ധ് ഗവർണർ സ്ഥാനം എംക്യുഎം ആലോചിക്കുന്നുണ്ട്.
എന്നാൽ ഇമ്രാന് തന്റെ നേതൃത്വത്തിനെതിരെ മത്സരിക്കുകയും തനിക്കെതിരെ വോട്ട് ചെയ്യാൻ സാധ്യതയുള്ളതുമായ പിടിഐക്കുള്ളിലെ ഒരു ഡസനിനും രണ്ട് ഡസനും ഇടയിലുള്ള അംഗങ്ങളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഈ നേതാക്കളിൽ പലരും ദക്ഷിണ പഞ്ചാബിൽ നിന്നുള്ളവരാണ്, അവരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി തോന്നുന്നു, അതേ മേഖലയിൽ നിന്നുള്ള ശ്രദ്ധേയനായ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ദക്ഷിണ പഞ്ചാബിന് ഒരു പ്രത്യേക പ്രവിശ്യ സൃഷ്ടിക്കുന്നതിനുള്ള ബിൽ സമർപ്പിച്ചിരുന്നു.
പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് വേർതിരിച്ച് ഇത്തരമൊരു പ്രവിശ്യ സൃഷ്ടിക്കുക എന്നത് ദീർഘകാലമായുള്ള പ്രാദേശിക ആവശ്യമാണ്, എന്നാൽ പഞ്ചാബി ആധിപത്യമുള്ള രാഷ്ട്രീയ-സുരക്ഷാ പ്രമുഖർ ഇത് ഒരിക്കലും ഗൗരവമായി ചർച്ച ചെയ്തിട്ടില്ല, കാരണം അത് അവരുടെ സ്ഥാനത്തെ ബാധിക്കുമെന്നുള്ളത് കൊണ്ടാണ്.
ഈ ശ്രമങ്ങൾക്കെല്ലാം സൈന്യത്തിന്റെ നിർണായക പിന്തുണ ആവശ്യമാണ്. 2018ൽ ഇമ്രാൻ ഖാനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൈന്യവും ഐഎസ്‌ഐയും അദ്ദേഹത്തെ ആ സ്ഥാനത്ത് വേണ്ടെന്ന സൂചന നൽകി കഴിഞ്ഞു.
പാകിസ്ഥാനെതിരെ പ്രവർത്തിച്ചുവെന്ന് ഇമ്രാൻ ആരോപിക്കുന്ന “ലണ്ടനിലെ വ്യക്തി” ആരാണ്?
ഞായറാഴ്ച, പ്രതിപക്ഷത്തിനെതിരെ ശക്തിപ്രകടനമെന്ന നിലയിൽ ദേശീയ അസംബ്ലിക്ക് സമീപമുള്ള ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഒരു വലിയ റാലി നടത്തി. ഖുർആനിൽ നിന്നുള്ള വരികൾ കടമെടുത്ത് റാലിയെ അദ്ദേഹം അംർ ബിൽ മർഊഫ് (നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നത്) എന്ന് വിളിച്ചു . ഇമ്രാന്റെയും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിന്റെയും ധാരാളം അനുയായികൾ റാലിയിൽ പങ്കെടുത്തതായി ഡോൺ റിപ്പോർട്ട് ചെയ്തു.
അധികാരത്തിൽ നിലനിൽക്കാൻ പോരാടിയിട്ടുളള പഴയ പല ദക്ഷിണേഷ്യൻ നേതാക്കളെയും പോലെ, ഇമ്രാൻ പ്രതിപക്ഷ പിഎംഎൽ (എൻ) നേതാവ് നവാസ് ഷെരീഫിനെതിരെയും ആഞ്ഞടിച്ചു, “ലണ്ടനിൽ ഇരിക്കുന്ന ഒരാൾ” ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിച്ചു. പാക്കിസ്ഥാന്റെ താൽപ്പര്യങ്ങൾ രാജ്യതാൽപ്പര്യങ്ങൾ, എന്നിവയ്ക്ക് വിരുദ്ധമായി പാക്കിസ്ഥാന്റെ വിദേശനയത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“പാകിസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ശ്രമങ്ങൾ നടക്കുന്നു. നമ്മുടെ ആളുകൾക്ക് അതറിയാം. എന്നാൽ ചിലർ ഞങ്ങൾക്കെതിരെ പണം ഉപയോഗിക്കുന്നു. ഏതൊക്കെ സ്ഥലങ്ങളിൽ നിന്നാണ് ഞങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. രേഖാമൂലം ഞങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ദേശീയ താൽപ്പര്യത്തിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
“പാകിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള ഒരു കേസ്” താൻ അവതരിപ്പിക്കുകയാണെന്നും വിദേശ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ ജനങ്ങളുമായി പങ്കിടുമെന്നും ഇമ്രാൻ പറഞ്ഞു. ഗൂഢാലോചനയെന്ന് ആരോപിക്കുന്നതിന്റെ അനിഷേധ്യമായ തെളിവുകൾ കത്തുകളുടെ രൂപത്തിൽ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
“ലണ്ടനിൽ ഇരിക്കുന്നയാൾ ആരുമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും പാകിസ്ഥാനിൽ ഉള്ളവർ ആരുടെ നിർദ്ദേശങ്ങളാണ് പിന്തുടരുന്നതെന്നും രാഷ്ട്രം അറിയാൻ ആഗ്രഹിക്കുന്നു? ഞങ്ങളുടെ പക്കലുള്ള തെളിവ് ഞാൻ വെളിപ്പെടുത്തുകയാണ്. എനിക്ക് കൂടുതൽ വിശദമായി സംസാരിക്കാൻ കഴിയില്ല, കാരണം എനിക്ക് എന്റെ രാജ്യത്തിന്റെ താൽപ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. എന്റെ രാജ്യത്തിന് ഹാനികരമായ ഒന്നിനെയും കുറിച്ച് എനിക്ക് സംസാരിക്കാനാവില്ല. അതെനിക്ക് നിങ്ങളോട് പറയാമായിരുന്നു. ഞാൻ ആരെയും ഭയപ്പെടുന്നില്ല, പക്ഷേ പാകിസ്ഥാന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളിൽ ഞാൻ ശ്രദ്ധിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
ഇമ്രാന് ഇനി വേറെ വഴിയുണ്ടോ?
അദ്ദേഹത്തിന്റെ ചില മന്ത്രിമാർ ഉപദേശിക്കുന്നതുപോലെ സർക്കാർ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താം. അദ്ദേഹം ഇത് ഏറെക്കുറെ ആലോചിച്ചതായാണ് തോന്നുന്നത്. ഞായറാഴ്ച നടത്തിയ റാലി ഏതാണ്ട് ഒരു തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയായിരുന്നു .
ജനാധിപത്യത്തിന് വേണ്ടി ഒരു രാഷ്ട്രീയ രക്തസാക്ഷിയായി പോരാടാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അദ്ദേഹത്തിന് നഷ്ടപ്പെട്ട പിന്തുണ ചിലപ്പോൾ തിരികെ നേടാൻ കഴിഞ്ഞേക്കും. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തോടെയല്ലാതെ പ്രവചിക്കാൻ കഴിയില്ല.