scorecardresearch
Latest News

അപൂര്‍വ രോഗങ്ങളുടെ മരുന്നുകൾ; ഇറക്കുമതി ചെയ്യുന്ന ഇവയെ കസ്റ്റംസ് തീരുവയിൽനിന്നു ഒഴിവാക്കിയതെങ്ങനെ?

കാൻസർ ബാധിതയായ ഇളയ മകളുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്ത മരുന്നിന്റെ തീരുവ ഒഴിവാക്കുന്നതിനായി സമീപിച്ച ദമ്പതികളെക്കുറിച്ച് മാർച്ച് 28ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു

National Policy for Rare Diseases, customs duty, cancer, medicine, Pembrolizumab (Keytruda), tax on life-saving drugs, medicines, Zolgensma, Viltepso

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ. ദേശീയ അപൂർവ രോഗങ്ങൾക്കുള്ള നയം 2021 പ്രകാരം പട്ടികപ്പെടുത്തിയിട്ടുള്ള എല്ലാ അപൂർവ രോഗങ്ങളുടെയും ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന പ്രത്യേക മെഡിക്കൽ ആവശ്യങ്ങൾക്കുള്ള എല്ലാ മരുന്നുകളും ഭക്ഷണവുമാണ് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. വിവിധ തരത്തിലുള്ള കാൻസറിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന പെംബ്രോലിസുമാബ് (കെട്രൂഡ)നെയും അടിസ്ഥാന കസ്റ്റംസ് തീരുവയിൽനിന്ന് സർക്കാർ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

തീരുവയുടെ പ്രശ്നം എന്തായിരുന്നു?

ഒരു മരുന്നിന്റെ കസ്റ്റംസ് തീരുവയിൽ ഇളവ് ആവശ്യപ്പെട്ട് തന്നെ സമീപിച്ച ദമ്പതികളെക്കുറിച്ച് മാർച്ച് 28ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ പറഞ്ഞിരുന്നു. കാൻസർ ബാധിതയായ അവരുടെ ഇളയ മകളുടെ ചികിത്സയ്ക്കായി എത്തിക്കുന്ന മരുന്നായിരുന്നു അത്. അതിന്റെ ഉയർന്ന തീരുവ അവർക്ക് താങ്ങാൻ കഴിയില്ലെന്നും ദമ്പതികൾ പറഞ്ഞിരുന്നു.

“കടം വാങ്ങിയും ക്രൗഡ് ഫണ്ടിങ്ങിലൂടെയും ആവശ്യമായ തുക സ്വരൂപിച്ചെങ്കിലും, മരുന്ന് ഇറക്കുമതി ചെയ്യാൻ ജിഎസ്ടി തുകയായി ഏഴ് ലക്ഷം രൂപയും കൂടി വേണ്ടി വന്നു. അത് അവർക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. സഹായത്തിനായി അവർ എന്നെ സമീപിച്ചപ്പോൾ, മാനുഷിക പരിഗണനയുടെ പേരിൽ അവരുടെ മരുന്ന് ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 15ന് ധനമന്ത്രി നിർമ്മല സീതാരാമന് ഞാൻ കത്തെഴുതിയിരുന്നു. മറുപടി ലഭിക്കാതെ വന്നതോടെ മാർച്ച് 26ന് ദമ്പതികൾ എന്നെ വീണ്ടും സമീപിച്ചു. ചികിത്സയ്ക്കായുള്ള മരുന്ന്, മുംബൈ വിമാനത്താവളത്തി കുടുങ്ങികിടക്കുകയാണെന്നും ജിഎസ്ടി അടയ്ക്കാതെ കസ്റ്റംസ് അത് വിട്ടുതരില്ലെന്നും അവർ പറഞ്ഞു.

ഇത്തവണ ധനമന്ത്രി നിർമ്മല സീതാരാമനെ ഞാൻ നേരിട്ട് വിളിക്കുകയും മരുന്നിന്റെ കാലാവധി കസ്റ്റംസിന്റെ കസ്റ്റഡിയിൽവച്ച് കഴിയാമെന്നും അവിടുന്ന് വിട്ടുകിട്ടുന്ന ആ മരുന്നിലാണ് രോഗിയായ കുഞ്ഞ് ആശ്രയിച്ചിരിക്കുന്നതെന്നും അറിയിച്ചു. ധനമന്ത്രി എന്റെ കത്ത് കാണാതിരുന്നതിനാൽ ഞാൻ അത് വീണ്ടും അയച്ചു കൊടുത്തു. അരമണിക്കൂറിനുള്ളിൽ ധനമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി സെർന്യ ബൂതീയ വിളിച്ച്, ചെയർമാൻ ഓഫ് ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സസ് ആൻഡ് കസ്റ്റ്സിനോട് ധനമന്ത്രി സംസാരിച്ചതായി അറിയിച്ചു.
പത്ത് മിനിറ്റിനുള്ളിൽ ചെയർമാൻ വിവേക് ​​ജോഹ്‌രി കൂടുതൽ ഡോക്യുമെന്റേഷൻ ആവശ്യപ്പെട്ട് എന്നെ വിളിച്ചു. വൈകിട്ട് 7 മണിയോടെ ഇളവ് അനുവദിച്ചു,” തരൂർ മാർച്ച് 28 ന് തന്റ് ട്വിറ്ററിലൂടെ പങ്കുവച്ചതാണ് ഈ വിവരം.

തീരുവയിലെ പുതിയ ഇളവ് എങ്ങനെ പ്രവർത്തിക്കും?

“ഡ്രഗ്സ് അല്ലെങ്കിൽ മരുന്നുകൾക്ക് പകരം, ഡ്രഗ്സ്, മെഡിസിൻസ്, ഫുഡ് ഫോർ സ്പെഷ്യൽ മെഡിക്കൽ പർപ്പസ്സ്( എഫ്എസ്എംപി)” എന്നിവയ്ക്ക് കസ്റ്റംസ് തീരുവയിൽ നിന്നു സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സ്സ് ആൻഡ് കസ്റ്റംസ്(സിബിഐസി) ഇളവ് നൽകുന്നതായി,”മാർച്ച് 30ന് പ്രാബല്യത്തിൽ വന്ന വിജ്ഞാപനത്തിൽ പറയുന്നു.

ഈ ഇളവ് ലഭിക്കുന്നതിനായി, ഇറക്കുമതി ചെയ്യുന്നയാൾ, കേന്ദ്രം അല്ലെങ്കിൽ സംസ്ഥാന ഹെൽത്ത് സർവീസസ് ഡയറക്ടറിൽ നിന്നോ ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസർ/സിവിൽ സർജനിൽ നിന്നോ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“സ്പൈനൽ മസ്കുലർ അട്രോഫി അല്ലെങ്കിൽ ഡുഷെൻ മസ്കുലർ ഡിസ്ട്രോഫി എന്നിവയ്ക്കുള്ള മരുന്നുകൾക്ക് ഇതിനകം ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും, മറ്റ് അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും കസ്റ്റംസ് തീരുവ ഇളവ് ആവശ്യപ്പെട്ട് സർക്കാരിന് നിരവധി നിവേദനം ലഭിക്കുന്നുണ്ട്. ഈ രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും പ്രത്യേക ഭക്ഷണങ്ങളും ചെലവേറിയതും ഇറക്കുമതി ചെയ്യേണ്ടതുമാണ്. പത്ത് കി.ഗ്രാം ഭാരമുള്ള ഒരു കുട്ടിയുടെ അപൂർവ രോഗത്തിനുള്ള ചികിത്സയുടെ ഒരു വർഷത്തെ ചെലവ്, പത്ത് ലക്ഷം മുതൽ ഒരു കോടി രൂപ വരെയാകാം. ഇത് ചിലപ്പോൾ ആജീവനാന്ത ചികിത്സയാകാം, അപ്പോൾ കുട്ടിയുടെ പ്രായവും ഭാരവും കൂടുന്നതിനു അനുസരിച്ച്, ചെലവ് വ്യത്യാസപ്പെട്ടേക്കാം. ഈ ഇളവ് ഗണ്യമായ ചെലവ് കുറയ്ക്കുന്നതിനും രോഗികൾക്ക് ആശ്വാസവും നൽകുന്നതിനും പുതിയ തീരുമാനം കാരണമാകും, ”പ്രസ്താവനയിൽ പറയുന്നു.

ജീവൻ രക്ഷാ മരുന്നുകളുടെ നികുതി എത്രയാണ്?

ഡ്രഗ്സ്/മരുന്നുകൾ എന്നിവയ്ക്കുള്ള അടിസ്ഥാ കസ്റ്റംസ് തീരുവ പത്ത് ശതമാനമാണ്. അതേസമയം ചില വിഭാഗത്തിലുള്ള ജീവൻരക്ഷാ മരുന്നുകൾ/വാക്സിനുകൾ എന്നിവയ്ക്ക് അഞ്ച് ശതമാനമോ അല്ലെങ്കിൽ നികുതി ഇല്ലാതെയും ലഭിക്കും.

2021 സെപ്റ്റംബറിലെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിരവധി ജീവൻ രക്ഷാ മരുന്നുകളുടെ നികുതി നിരക്കുകൾ കുറച്ചിരുന്നു. സ്‌പൈനൽ മസ്‌കുലാർ അട്രോഫി ചികിത്സയിൽ ഉപയോഗിക്കുന്ന ജീവൻരക്ഷാ മരുന്നുകളായ സോൾജെൻസ്‌മ, വിൽടെപ്‌സോ എന്നിവ വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുമ്പോൾ ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്ന് കെട്രൂഡയുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Imported drugs for treating rare diseases now exempt from basic customs duty