scorecardresearch

കോവിഡ് മരണങ്ങൾ തിരിച്ചറിയുക വെല്ലുവിളി, എന്നാൽ വലിയ സംഖ്യകൾ മറച്ചുവയ്ക്കാൻ പ്രയാസം: വിദഗ്ധർ

പല മരണങ്ങളും രേഖപ്പെടുത്തുന്നില്ലെന്ന ഭീതിയും ജനസംഖ്യാശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്

coronavirus, covid 19, covid 19 india toll, coronavirus india cases, coronavirus death data, coronavirus deata toll, coronavirus death data india, indian express malayalam, ie malayalam

ന്യൂഡൽഹി: ഏപ്രിൽ, മേയ് മാസങ്ങളിൽ ഇന്ത്യയിലെ ആകെ മരണങ്ങളുടെ എണ്ണം വർധിച്ചുവെന്നത് വ്യക്തമാണ്, എന്നാൽ 1.69 ലക്ഷം എന്ന ഔദ്യോഗിക കണക്കിനപ്പുറം എത്രമാത്രം കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടുപിടിക്കുക സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും വെല്ലുവിളിയാണ്.

“സംസ്ഥാനം കോവിഡ് മരണമായി ഇതിനകം ഔദ്യോഗികമായി കണക്കാക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ മഹാമാരിയുടെ സമയത്ത് മരണമടഞ്ഞവരിൽ ആരാണ് കോവിഡ് മൂലം മരിച്ചതെന്ന് തിരിച്ചറിയാൻ പ്രായോഗികമായി സാധ്യമല്ല,” സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനുമായ പ്രണബ് സെൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “എന്നിരുന്നാലും, നമുക്ക് ചെയ്യാൻ കഴിയുന്നത്, ലക്ഷണങ്ങളെക്കുറിച്ചുള്ള പഠനവും, അടുത്ത ബന്ധുക്കളിൽ നിന്നുള്ള സർവേകളേയും അടിസ്ഥാനമാക്കി ഒരു മോഡൽ ഉണ്ടാക്കുക എന്നതാണ്,”

അതിനു ഒരുപാട് സമയമെടുക്കും. പോസ്റ്റു മോർട്ടം പരിശോധിച്ചും വീടുകൾ കയറി ഈ സമയത്ത് സർവേകൾ എടുക്കുന്നതും “ഭീമാകാരവും അപ്രായോഗികവുമായ ജോലി” ആയിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എങ്ങനെയാണ് ഇന്ത്യ മരണങ്ങൾ കണക്കാക്കുന്നത്, അത് എങ്ങനെ മെച്ചപ്പെടുന്നുവെന്ന് കണക്കാക്കുമ്പോൾ, അധിക മരണങ്ങൾ എണ്ണപ്പെടാതെ പോകുന്നുവെന്ന അഭിപ്രായമുണ്ടെന്ന് വിദഗ്ധർ പറഞ്ഞു, അത് ചിലപ്പോൾ കോവിഡ് പോലെ തിരിച്ചറിയപ്പെടാതെ പോയേക്കാം.

“മരണങ്ങൾ അങ്ങനെ മറച്ചുവയ്ക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പ്രത്യേകിച്ച് അധിക മരണങ്ങൾ,” നിലവിൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ തലവനും ഇന്ത്യയിലെ മുൻനിര സ്റ്റാറ്റിസ്റ്റീഷ്യനുമായ പാർത്ഥ പി.മജുന്ദർ പറഞ്ഞു. “നിങ്ങൾക്ക് ഈ സംഖ്യകൾ മറച്ചു വയ്ക്കാൻ കഴിയുകയില്ല, പക്ഷേ ആരാണ് കോവിഡ് മൂലം മരിച്ചതെന്ന് തിരിച്ചറിയുകയാണ് വെല്ലുവിളി.”

“സാധാരണ ചില മരണങ്ങൾ മെഡിക്കലി സെർട്ടിഫൈഡ് ആണ്. ഉദാഹരണത്തിന് 2019ൽ, രേഖപ്പെടുത്തിയ 20.17 ശതമാനം മരണങ്ങളും മെഡിക്കലി സെർട്ടിഫൈഡ് ആണ്.” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രജിസ്ട്രാർ ജനറൽ ഓഫീസിലെ ഒരു സ്റ്റാറ്റിസ്റ്റീഷ്യൻ പറഞ്ഞു.

രണ്ടു തരത്തിലാണ് ഇന്ത്യയിൽ മരണങ്ങൾ കണക്കാക്കുന്നത്. സിആർഎസ് (സിവിൽ രജിസ്ട്രേഷൻ സിസ്റ്റം), എസ്ആർഎസ് (സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം) മുഖേനയാണ് അത്. സി‌ആർ‌എസ് ഒരു വർഷത്തിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണമാണ് നൽകുന്നത്, സംസ്ഥാനങ്ങൾ രജിസ്ട്രാർ ജനറലിന് നൽകുന്ന ഈ കണക്ക് ആറ് മാസത്തെ കാലതാമസത്തിലാണ് വരുന്നത്. ഏറ്റവും അവസാനം സിആർഎസ് വന്നത് 2019ലാണ്, അത് 2021 ജൂണിൽ 18 മാസത്തെ കാലതാമസത്തോടെയാണ് പുറത്തിറങ്ങിയത്.

ഒരു വർഷം മരിച്ചവരുടെ എണ്ണം കണക്കാക്കാൻ രജിസ്ട്രാർ ജനറലും സംസ്ഥാനങ്ങളും സംയുക്തമായി നഗര, ഗ്രാമീണ മേഖലകളിൽ നടത്തുന്ന രാജ്യവ്യാപക സർവേയാണ് എസ്ആർഎസ്. അതുകൊണ്ട് തന്നെ എസ്ആർഎസ് സാധാരണയായി സിആർഎസിനേക്കാൾ കൂടുതൽ മരണങ്ങൾ കണക്കാക്കുന്നു, ഇത് മരണം കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ മാതൃകയാണ്. ലഭ്യമാകുന്ന ഏറ്റവും അവസാനത്തെ എസ്ആർഎസ് ഡാറ്റ 2018 ലെയാണ്, 2020 ജൂണിൽ 18 മാസത്തെ കാലതാമസത്തോടെയാണ് പുറത്തിറങ്ങിയത്.

2019ൽ ലഭ്യമായ സിആർഎസ് ഡാറ്റയിൽ കണക്കാക്കപ്പെട്ട 76.41 ലക്ഷം മരണങ്ങൾ എസ്ആർഎസ് കണക്കാക്കിയ 83.01 ലക്ഷം മരണങ്ങളുടെ 92 ശതമാനമാണ്. മരണങ്ങളിലെ ഈ വർധനവ് മരണം രജിസ്റ്റർ ചെയ്യുന്നത് അടുത്ത കാലത്ത് മെച്ചപ്പെട്ടുവെന്നാണ് കാണിക്കുന്നത്.

സി‌ആർ‌എസിന് കീഴിൽ രജിസ്റ്റർ ചെയ്ത മരണങ്ങളുടെ എണ്ണം എസ്‌ആർ‌എസിന് കീഴിൽ ഉള്ളവയുമായി കണക്കാക്കിയാൽ മരണങ്ങളുടെ ശതമാനം 2017 നും 2019 നും ഇടയിൽ 12 ശതമാനം ഉയർന്ന് 92 ശതമാനത്തിൽ എത്തി. ഇത് 2021 വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ വർഷാവർഷം കണക്കാക്കിയ മരണങ്ങളിൽ ശരാശരി വർധനവുമുണ്ട്.

Also read: ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കോവാക്സിന്റ ഫലപ്രാപ്തി: പഠന ഫലം വ്യക്തമാക്കുന്നത്

2018ൽ കണക്കാക്കിയ മരണങ്ങളുടെ എണ്ണം 4.86 ലക്ഷവും 2019ൽ 6.9 ലക്ഷവും വർധിച്ചു. രജിസ്ട്രാർ ജനറൽ നിലവിൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കോവിഡിന്റെ ഒന്നാം തരംഗം ഉയർന്നു നിന്ന ഓഗസ്റ്റ്-നവംബർ ഉൾപ്പടെയുള്ള 2020ലെ എസ്ആർഎസ് ഡാറ്റ എടുക്കുകയാണ്.

മാർച്ച് ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും ലോക്ക്ഡൗണിൽ ആയതിനാൽ, റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്ക് കുറവാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. 2019ൽ 1.54 ലക്ഷത്തിലധികം പേർക്കാണ് അപകടങ്ങളിൽ മരണം സംഭവിച്ചത്.

കോവിഡ് മരണങ്ങൾ പഠിക്കുന്ന നിരവധി ജനസംഖ്യാ ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ഇന്ത്യയിൽ മഹാമാരി മൂലമുള്ള നിലവിലെ മരണസംഖ്യ കണക്കാക്കിയതിനേക്കാൾ 10-14 മടങ്ങ് കൂടുതലാണെന്ന് പറയുന്നു. ന്യൂയോർക്ക് ടൈംസിൽ വന്നതനുസരിച്ച് അത് 13 മടങ്ങിൽ കൂടുതലാണ്.

കഴിഞ്ഞ മാസം വിദഗ്ധർ ഇന്ത്യൻ എക്സ്‌പ്രസുമായി പങ്കുവച്ച വിശകലനത്തിലും മരണം കണക്കാക്കപ്പെടുന്നതിലെ കുറവ് വ്യക്തമാക്കിയിരുന്നു.

ഫാർമസ്യൂട്ടിക്കൽസ് വിദഗ്ദ്ധനായ ഡോ.തുഷാർ ഗോറും മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണറായ വിരാൽ ആചാര്യയും ചേർന്ന് ഹോസ്‌പിറ്റൽ കിടക്കകളുടെ എണ്ണം വച്ചു കണക്കാക്കപ്പെടാത്ത കേസുകൾ മൂന്ന് മടങ്ങു മുതൽ ഒമ്പതു മടങ്ങ് വരെയാണെന്ന് വിലയിരുത്തി. മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യൻ, സെന്റർ ഫോർ ഗ്ലോബൽ ഡവലപ്‌മെന്റിലെ ജസ്റ്റിൻ സാന്ഡേഫർ, കെന്നഡി സ്‌കൂളിലെ അഭിഷേക് ആനന്ദും ചേർന്ന് രണ്ടാം തരംഗത്തിൽ ഇത് 1.4 ദശലക്ഷം (ഏകദേശം 6 മടങ്ങ്) മുതൽ 2.4 ദശലക്ഷം (10 മടങ്ങ്) വരെയാണെന്ന് കണക്കാക്കി.

പല മരണങ്ങളും രേഖപ്പെടുത്തുന്നില്ലെന്ന ഭീതിയും ജനസംഖ്യാശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്. “ഇപ്പോൾ, റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ എണ്ണം കുറഞ്ഞ കണക്കാണെന്നതിന് ധാരാളം തെളിവുകളുണ്ട്. പക്ഷേ, ഒടുവിൽ, കോവിഡ് മൂലമുള്ള മൊത്തം മരണങ്ങളുടെ നല്ല കണക്ക് ഞങ്ങൾക്ക് ലഭിക്കും,” മജുംദർ പറഞ്ഞു

മുമ്പ് കണക്കാക്കിയിട്ടില്ലാത്ത മരണങ്ങൾ ഉൾപ്പെടുത്താനുള്ള ചില ശ്രമങ്ങൾ ഞങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതിനാൽ, മുമ്പ് രേഖകളിൽ കാണാത്ത ചില മരണങ്ങളെങ്കിലും അതിൽ വരും. റിപ്പോർട്ടുചെയ്‌ത മരണങ്ങളുടെയും യഥാർത്ഥ മരണങ്ങളുടെയും വ്യത്യാസം ഒരിക്കലും പൂജ്യമാകില്ല, പക്ഷേ വിടവ് ക്രമേണ ചെറുതായിത്തീരും,” കല്യാണി ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജിനോമിക്‌സിന്റെ സ്ഥാപക ഡയറക്ടർ കൂടിയായ മജുംദർ പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Identifying covid deaths is the challenge but hard to hide large numbers experts