scorecardresearch
Latest News

എന്താണ് ഇന്റേണൽ കംപ്ലൈന്റസ് കമ്മിറ്റി ( ഐ സി സി)? അവിടെ ആർക്കൊക്കെ എങ്ങനെ പരാതി നൽകാം?

ക്ക് താൽപ്പര്യമില്ലാത്ത എന്തു തരം ലൈംഗിക നീക്കങ്ങളും ഈ നിയമപ്രകാരം കുറ്റകൃത്യമാണ്

Internal Complaints Committee(ICC) - Women, women harrasment at work place, work place harrasment complaint, posh act

ക്വട്ടേഷൻ നൽകി യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തോടെ  കേരളത്തിലെ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ സജീവ ചർച്ചാ വിഷയമായി. ഇതേ തുടർന്ന് ഈ പ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി കെ. ഹേമയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ 2017 ജൂലൈയിൽ സർക്കാർ നിയോഗിച്ചു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായെങ്കിലും സർക്കാർ ആ റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല. ഈ റിപ്പോർട്ട് പഠിച്ച് വേണ്ടത് ചെയ്യാൻ പുതിയൊരു സമിതിയെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്.  ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പലതും ഉയർന്നു കഴിഞ്ഞു. അതിനിടയിലാണ് ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രമായ ‘1744 വൈറ്റ് ആൾട്ടോ’ എന്ന ചിത്രത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി അഥവാ ഐ സി സി രൂപീകരിച്ചത്. ശ്രദ്ധേയമായ ഈ നടപടി ഇതിനകം തന്നെ വളരെയധികം പ്രശംസയും നേടി.

എന്താണ് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി അഥവാ ഇന്റേണൽ കംപ്ലൈന്റ്സ്  കമ്മിറ്റി ( ഐ സി സി -ICC)?

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരമുള്ള സമിതിയാണ് ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി അഥവാ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി (ഐ സി സി) എന്നറിയപ്പെടുന്നത്.

ഈ നിയമപ്രകാരം രണ്ട് തരത്തിലുള്ള പരാതി പരിഹാര സംവിധാനങ്ങളാണ്  നിലവിലുള്ളത്

  • ഇന്റേണൽ കമ്മിറ്റി
  • ലോക്കൽ കമ്മിറ്റി ( പ്രാദേശിക കമ്മിറ്റി)

ഓഫീസിൽ/ തൊഴിലിടങ്ങൾ അതുമായി ബന്ധപ്പെട്ടോ സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ, ലൈംഗിതിക്രമങ്ങൾക്കുള്ള ശ്രമം എന്നിവയുണ്ടായാൽ പരാതിപെടാനുള്ള കമ്മിറ്റിയാണ് ഇന്റേണൽ കമ്മിറ്റി. ഏതൊരു തൊഴിൽ ഉടമയും രേഖാമൂലമുള്ള ഉത്തരവ് പ്രകാരം ഇന്റേൺൽ കംപ്ലൈന്റ്സ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.

ഈ നിയമപ്രകാരം എവിടെയൊക്കെ കമ്മിറ്റി രൂപീകരിക്കണം?

ഈ നിയമപ്രകാരം പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലായിടത്തും ഐ സി സി രൂപീകരിക്കണം. ജീവനക്കാരെല്ലാം സ്ത്രീകൾ തന്നെയാകണമെന്നില്ല. സ്ഥാപനം പൊതുമേഖലയാണോ സർക്കാർ സ്ഥാപനമാണോ സ്വകാര്യ സ്ഥാപനമാണോ സഹകരണ സ്ഥാപനമാണോ  എന്നുള്ള വ്യത്യാസമൊന്നുമില്ലാതെ എല്ലായിടത്തും ഐ സി സി രൂപീകരിക്കണം.

എന്തെല്ലാമാണ് ഈ നിയമപ്രകാരം കുറ്റകൃത്യമാകുക?

സ്ത്രീക്ക് താൽപ്പര്യമില്ലാത്ത എന്തു തരം ലൈംഗിക നീക്കങ്ങളും ഈ നിയമപ്രകാരം കുറ്റകൃത്യമാണ്. സ്പർശം, നോട്ടം, സംഭാഷണം തുടങ്ങി എന്തും ഇതിലെ പരിധിയിൽ വരും. ചേർന്നു നിൽക്കുക, ലൈംഗികാവശ്യങ്ങൾ ഉന്നയിക്കുക, ലൈംഗിക ചുവയുള്ള തമാശകളോ, ദ്വയാർത്ഥ പ്രയോഗങ്ങളോ ചേഷ്ടകളോ നടത്തുക, അത്തരം ചിത്രങ്ങൾ, ഗ്രാഫിക്സ് എന്നിവ കാണിക്കുക എന്നിവയൊക്കെ ഇതിന്റെ പരിധിയിൽ വരുന്ന ചില കുറ്റകൃത്യങ്ങളാണ്.

കമ്മിറ്റിയിൽ എത്ര അംഗങ്ങളുണ്ടാകണം. അവർ ആരൊക്കെയായിരിക്കണം?

ഈ കമ്മിറ്റിയിൽ കുറഞ്ഞത് നാല് അംഗങ്ങളെങ്കിലും ഉണ്ടാകണം. അതിൽ തൊഴിലിടത്തെ ഏറ്റവും മുതിർന്ന അഥവാ സീനിയർ ആയ വനിതയായിരിക്കണം പ്രിസൈഡിങ് ഓഫീസർ. മൊത്തം അംഗങ്ങളിൽ പകുതിയിൽ കൂടുതൽ പേരും സ്ത്രീകളാകണം. അംഗങ്ങളിൽ ഒരാൾ ഓഫീസിന് പുറത്തു നിന്നുള്ള, സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള വനിതാ സാമൂഹിക പ്രവർത്തകയാകണം എന്നും നിയമത്തിൽ അനുശാസിക്കുന്നുണ്ട്.

Internal Complaints Committee(ICC) - Women, women harrasment at work place, work place harrasment complaint, posh act
ത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലായിടത്തും ഐ സി സി രൂപീകരിക്കണം

പരാതി നൽകേണ്ടത് ആർക്കാണ്?

ഇന്റേണൽ കമ്മിറ്റിയുടെ പ്രിസൈഡിങ് ഓഫീസർക്കാണ് പരാതി നൽകേണ്ടത്. ജോലിയുടെ ഭാഗമായി പോകുന്ന ഓഫീസിലോ, അതോ തൊഴിലിടത്തോ വച്ചാണ്  അതിക്രമം ഉണ്ടാകുന്നതെങ്കിൽ സ്വന്തം ഓഫീസിലെയോ, തൊഴിലിടത്തിലെയോ പ്രിസൈഡിങ് ഓഫീസർക്കോ, എതിർകക്ഷിയുടെ ഓഫീസിലെ അല്ലെങ്കിൽ തൊഴിലിടത്തിലെ പ്രിസൈഡിങ് ഓഫീസർക്കോ പരാതി നൽകാം. ഇതു മാത്രമല്ല, സ്ഥാപനമേധാവികൾക്ക് അല്ലെങ്കിൽ തൊഴിലിടത്തിലെ പ്രധാന ചുമതലക്കാർക്ക് ലഭിക്കുന്ന പരാതികളും ഐ സി സി ക്ക് കൈമാറണം. പൊലീസിൽ പരാതി നൽകാനാണ് സ്ത്രീയുടെ തീരുമാനമെങ്കിൽ അതിന് ആവശ്യമായ പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം ഐ സി സിക്കുണ്ട്.

എങ്ങനെയാണ് പരാതി നൽകേണ്ടത്, അതിന്  സമയപരിധിയുണ്ടോ?

പരാതി നൽകുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകണം. തിയ്യതി വച്ച് നൽകുന്ന പരാതി ആയിരിക്കണം. അതിൽ എതിർകക്ഷി (കക്ഷികളുടെ) പേരും തസ്തികയും എഴുതിയിരിക്കണം. സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ തിയ്യതി, സമയം, സ്ഥലം, സാഹചര്യം എന്നിവ ക്രമമനുസരിച്ച് എഴുതണം. സാക്ഷികളുണ്ടെങ്കിൽ അവരുടെ പേര്, സംഭവം നടന്നയുടനെ ആരെങ്കിലുമായി ഈ വിവരം പങ്കിട്ടിട്ടുണ്ടെങ്കിൽ അവരുടെ പേര് വിവരം,  ഈ അതിക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും കൂടി ഉൾപ്പെടുത്തിയാകണം പരാതി നൽകേണ്ടത്.

പരാതിയിന്മേൽ എത്ര സമയത്തിനുള്ളിൽ തീരുമാനം എടുക്കണം എന്ന് നിബന്ധന ഉണ്ടോ?

ഒരു പരാതി ലഭിച്ചാൽ അത് കിട്ടി 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. പരാതി ശരിയാണെന്ന് തെളിഞ്ഞാൽ പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് പൂർത്തിയാക്കി സ്ഥാപന മേധാവി അല്ലെങ്കിൽ തൊഴിലിടത്തിലെ ബന്ധപ്പെട്ട വ്യക്തിക്കോ നൽകണം.

ഇന്റേണൽ കമ്മിറ്റി ഉണ്ടോ എന്ന് എങ്ങനെ അറിയും?

കമ്മിറ്റി രൂപീകരിച്ചാലുടൻ  അംഗങ്ങളുടെ പേരും ഫോൺ നമ്പരും നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം. കൂടാതെ എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും നിയമം സംബന്ധിച്ച പരിശീലനം നൽകണം.

എന്താണ് ലോക്കൽ കമ്മിറ്റി അഥവാ പ്രാദേശിക കമ്മിറ്റി?

അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും ചെറുകിട സംരംഭകരുടെ തൊഴിലിടങ്ങൾക്കുമായി ഓരോ ജില്ലയിലും ലോക്കൽ കമ്മിറ്റികൾ (പ്രാദേശിക കമ്മിറ്റികൾ) രൂപീകരിക്കണം. ലൈംഗികാതിക്രമരഹതിമായ അന്തരീക്ഷത്തിൽ തൊഴിലെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനായാണ് ഈ കമ്മറ്റി.

ഈ കമ്മിറ്റിയിൽ (പ്രാദേശിക/  ലോക്കൽ) ആർക്കൊക്കെ പരാതി നൽകാം?

പത്തിൽ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക്, ഗാർഹിക തൊഴിലാളികൾക്ക്. 

പ്രാദേശിക / ലോക്കൽ കമ്മിറ്റിയിൽ തൊഴിലുടമയ്ക്ക് എതിരായ പരാതി നൽകാൻ കഴിയുമോ?

തൊഴിലുടമയ്ക്ക് എതിരെയായിട്ടുള്ള പരാതിയും ഈ കമ്മിറ്റിയിൽ  നൽകാം.

തൊഴിലുടമ എന്ന നിർവചനത്തിൽ വരുന്നത്  ആരെയൊക്കെ?

സർക്കാരിന്റെ അല്ലെങ്കിൽ തദ്ദേശഅധികാര സ്ഥാപനത്തിന്റെ ഏതെങ്കിലും വകുപ്പ് (ഡിപ്പാർട്ട്മെന്റ്), ഓർഗനൈസേഷൻ, അണ്ടർടെയ്ക്കിങ്, എസ്റ്റാബ്ലിഷ്മെന്റ്, എന്റർപ്രൈസ്, ഇൻസ്റ്റിറ്റ്യൂഷൻ തുടങ്ങിയവയുടെ ഓഫീസിന്റെയോ ബ്രാഞ്ച്, ശാഖ, യൂണിറ്റ് എന്നിവയുടെ മേധാവായിയോ ഇതിനായി ഔദ്യോഗികമായ ഉത്തരവിലൂടെ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥനോ തൊഴിലുടമ എന്നുള്ള നിർവചനത്തിന് പരിധിയിൽ വരും.

നിയമത്തിലെ ഈ വ്യാഖ്യാനത്തിൽ  ഉൾപ്പെടാത്ത ഏതെങ്കിലും തൊഴിൽ സ്ഥലത്തെ സംബന്ധിച്ച് തൊഴിൽ സ്ഥലത്തിന്റെ നടത്തിപ്പിനും മേൽനോട്ടത്തിനും നിയന്ത്രണത്തിനും ഉത്തരവാദിത്തമുള്ള ആൾ ആണ് തൊഴിലുടമ എന്ന് വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. (ഇതിൽ നടത്തിപ്പ് എന്നതിൽ  അതിന്റെ നയങ്ങളുടെ രൂപീകരണത്തിനും ഭരണത്തിനും ഉത്തരവാദിത്തമുള്ള ഏതെങ്കിലും ആൾ, ബോർഡ് കമ്മിറ്റി എന്നിവ വരുന്നു. ഇതിന് പുറമെ തൊഴിൽ സ്ഥലത്തുള്ള തൊഴിലാളികളുമായി ബന്ധപ്പെട്ട കരാർ ബാധ്യതകൾ നിർവഹിക്കുന്ന ആൾ എന്നും അർത്ഥമുണ്ട്. 

ഗാർഹിക തൊഴിലുമായി ബന്ധപ്പെട്ടാണെങ്കിൽ വീട്ടു ജോലിക്ക്  വെയ്ക്കുകയോ ആ ജോലിയിൽ നിന്ന് പ്രയോജനമുണ്ടാകുകയോ ചെയ്യുന്ന ഒരാളെ വീട്ടുടമ അഥവാ അവിടുത്തെ തൊഴിലുടമ എന്ന് വിവക്ഷിക്കാം. 

തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുന്നത് ആരൊക്കെ?

തുടർച്ചയായോ താൽക്കാലികമായ പ്രത്യേക കാര്യത്തിനായോ ദിവസക്കൂലിക്കായോ ഉള്ള ഏതെങ്കിലും ജോലിക്ക് വേണ്ടി, നേരിട്ടോ ഒരു ഏജന്റ് വഴിയോ, കോൺട്രാക്ടർ (കരാറുകാരൻ)  ഉൾപ്പടെ മുഖ്യതൊഴിലുടമയുടെ അറിവോടെയോ അല്ലാതെയോ കൂലിക്കായോ അല്ലാതെയോ സന്നദ്ധ സേവാനാടിസ്ഥാനത്തിലോ മറ്റുവിധത്തിലോ ജോലി ചെയ്യുന്നതായാലും തൊഴിൽ വ്യവസ്ഥകൾ വ്യക്തമോ വ്യംഗ്യമോ ആയാലും ഒരു തൊഴിൽ സ്ഥലത്ത് ജോലി ചെയ്യുന്ന ഒരാൾ  എന്നർത്ഥമാക്കും. ഇതിൽ ഒരു സഹ തൊഴിലാളിയോ കരാർ തൊഴിലാളിയോ പ്രൊബേഷണറോ ട്രെയിനോ അപ്രന്റിസോ അങ്ങനെയുള്ള മറ്റെന്തെങ്കിലും പേരിൽ വിളിക്കുന്നവരോ ഉൾപ്പെടും. 

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Icc shw for considering complaints of sexual harassment of women employees