ആദായനികുതി വകുപ്പ് (ഐ ടി) ചൊവ്വാഴ്ച (ഫെബ്രുവരി 14) ദ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ‘സര്‍വേ’ നടത്തി. എന്താണ് ഐ ടി ‘സര്‍വേ’, ‘റെയ്ഡി’ൽ നിന്ന് അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഏത് നിയമപ്രകാരമാണ് ഈ ‘സര്‍വേ’ നടത്തുന്നത്?
മറഞ്ഞിരിക്കുന്ന വിവരങ്ങൾ (Hidden Information) ശേഖരിക്കുന്നതിന് ‘സര്‍വേകൾ’ നടത്താൻ ഐ ടി വകുപ്പിന് അധികാരം നൽകുന്ന സെക്ഷൻ 133A പോലുള്ള, 1961-ലെ ഐ-ടി ആക്ടിന്‍റെ വിവിധ വകുപ്പുകൾക്ക് കീഴിലാണ് ബിബിസിയുടെ ഓഫീസുകളിലെ സര്‍വ്വേകൾ നടക്കുന്നത്. 1964-ൽ നടത്തിയ ഒരു ഭേദഗതിയിലൂടെയാണ് സര്‍വ്വേകൾക്കുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയത്.
സെക്ഷൻ 133A പ്രകാരം ഒരു അംഗീകൃത ഉദ്യോഗസ്ഥന് അവരുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും ബിസിനസ്സ് അല്ലെങ്കിൽ തൊഴിൽ അല്ലെങ്കിൽ ചാരിറ്റബിൾ പ്രവർത്തനങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. അവരുടെ അക്കൗണ്ട് ബുക്കുകൾ അല്ലെങ്കിൽ മറ്റ് രേഖകൾ, പണം, സ്റ്റോക്ക് അല്ലെങ്കിൽ മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവ പരിശോധിക്കാനും ആക്ട് പ്രകാരം അനുവാദമുണ്ട്.
ഒരു ഐ ടി അതോറിറ്റിക്ക്, സർവ്വേ സമയത്ത്, പണം, സ്റ്റോക്ക് അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെ ഒരു ഇൻവെന്ററി ഉണ്ടാക്കാം; ആരുടെയും മൊഴികൾ രേഖപ്പെടുത്താം, അല്ലെങ്കിൽ പുസ്തകങ്ങളിലും രേഖകളിലും തിരിച്ചറിയൽ അടയാളങ്ങൾ സ്ഥാപിക്കുകയോ അവരുടെ എക്സ്ട്രാക്റ്റുകളോ പകർപ്പുകളോ എടുക്കുകയോ ചെയ്യാം.
ഐ-ടി അതോറിറ്റിക്ക് ‘അങ്ങനെ ചെയ്യുന്നതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം ഏതെങ്കിലും അക്കൗണ്ട് ബുക്കുകളോ മറ്റ് രേഖകളോ പിടിച്ചെടുത്ത് സൂക്ഷിക്കാം,’ എന്നുമുണ്ട്.
എന്നിരുന്നാലും, അത്തരം പുസ്തകങ്ങൾ 15 ദിവസത്തിൽ കൂടുതൽ (അവധി ദിവസങ്ങൾ ഒഴികെ) സൂക്ഷിക്കുന്നതിന്, പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ/ചീഫ് കമ്മീഷണർ / പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ/ ഡയറക്ടർ ജനറൽ/ പ്രിൻസിപ്പൽ കമ്മീഷണർ / കമ്മീഷണർ എന്നിവരുൾപ്പെടെയുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍റെ മുൻകൂർ അനുമതി നേടിയിരിക്കണം.
ചരക്കുകൾ ജപ്‌തി ചെയ്യുക പിടിച്ചെടുക്കുന്നതിനോ ഉള്ള വ്യവസ്ഥകൾ (impounding or seizing the goods)2002 ലെ ഫിനാൻസ് ആക്ടിലൂടെയാണ് അവതരിപ്പിച്ചത്.
എന്താണ് ആദായനികുതി ‘സെര്‍ച്ച്’?
ആദായനികുതി നിയമത്തിൽ ‘റെയ്ഡ്’ എന്ന പദം എവിടെയും നിർവ്വചിച്ചിട്ടില്ലെങ്കിലും, ‘സെര്‍ച്ച്’ എന്നത് ‘റെയ്ഡ്’ എന്ന് പരക്കെ വിളിക്കപ്പെടുന്നുണ്ട്. ഐ ടി നിയമത്തിന്‍റെ സെക്ഷൻ 132 പ്രകാരമാണ് ‘സെര്‍ച്ച്’ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.
ഈ വകുപ്പിന് കീഴിൽ, ഐ ടി ഡിപ്പാർട്ട്‌മെന്റിന് പണം, സ്വർണ്ണം തുടങ്ങിയ വെളിപ്പെടുത്താത്ത വരുമാനമോ സ്വത്തോ കൈവശം വച്ചിട്ടുണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന ഏതെങ്കിലും കെട്ടിടത്തിൽ പ്രവേശിച്ച് പരിശോധന നടത്താൻ കഴിയും.
ആദയനികുതി നിയമപ്രകാരം “ഉപകാരപ്രദമോ പ്രസക്തമോ ആയ അക്കൗണ്ട് ബുക്കുകളോ മറ്റു രേഖകളോ ഹാജരാകുന്നതിന് വേണ്ടിയോ ഹാജരാകാതിരിക്കുമ്പോഴോ സമൻസോ നോട്ടീസോ നൽകിയോ നൽകാതെയോ ഐടി വകുപ്പിന് സെർച്ച് നടത്താം.”
ഒരു പരിശോധനയ്ക്കിടെ, ഡപ്യൂട്ടി ഇൻസ്പെക്‌ഷൻ ഡയറക്ടർ, ഇൻസ്‌പെക്റ്റിംഗ് അസിസ്റ്റന്റ് കമ്മീഷണർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഇൻസ്‌പെക്‌ഷൻ അല്ലെങ്കിൽ ആദായനികുതി ഓഫീസർ എന്നിവരുൾപ്പെടെ അംഗീകൃത ഉദ്യോഗസ്ഥർക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
(i) ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ പ്രവേശിച്ച്, അവിടെ സംശയത്തിന് ഇടയാക്കുന്ന അക്കൗണ്ട് ബുക്കുകൾ, മറ്റ് രേഖകൾ, പണം, ആഭരണങ്ങൾ അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മറ്റോ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം.
(ii) വ്യവസ്ഥ (i) പ്രകാരം നൽകിയിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിനായി ഏതെങ്കിലും വാതിൽ, പെട്ടി, ലോക്കർ, സേഫ്, അലമാര എന്നിവയുടെ താക്കോലുകൾ ലഭ്യമല്ലാത്തിടത്ത് പൂട്ട് തുറക്കുക,
(iii) അത്തരത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ ഏതെങ്കിലും അക്കൗണ്ട് ബുക്കുകൾ, മറ്റ് രേഖകൾ, പണം, സ്വർണക്കട്ടി, ആഭരണങ്ങൾ, അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പിടിച്ചെടുക്കുക,
(iv) ഏതെങ്കിലും അക്കൗണ്ട് ബുക്കുകളിലോ മറ്റ് രേഖകളിലോ തിരിച്ചറിയൽ അടയാളങ്ങൾ സ്ഥാപിക്കുക അല്ലെങ്കിൽ അവയിൽ നിന്നുള്ള എക്സ്ട്രാക്റ്റുകളോ പകർപ്പുകളോ ഉണ്ടാക്കുകയോ ചെയ്യുക,
v) അത്തരത്തിലുള്ള ഏതെങ്കിലും പണം, സ്വർണക്കട്ടി, ആഭരണങ്ങൾ, അല്ലെങ്കിൽ മറ്റ് വിലയേറിയ സാധനങ്ങൾ എന്നിവയെക്കുറിച്ച് കുറിപ്പോ ഇൻവെന്ററിയോ ഉണ്ടാക്കുക.
സെർച്ചും സർവേയും തമ്മിലുള്ള വ്യതാസം എന്താണ്?
പൊതുവേ, ആളുകൾ പലപ്പോഴും ഈ രണ്ട് പദങ്ങളും (കൂടാതെ “റെയ്ഡ്”) പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ട്. ഒരു സർവേയേക്കാൾ ഗൗരവമേറിയ നടപടിയാണ് സെർച്ച്. 132-ാം വകുപ്പ് പ്രകാരം സെർച്ച് എന്നതിനെ, അംഗീകൃത ഉദ്യോഗസ്ഥന്റെ അധികാരപരിധിക്കുള്ളിൽ എവിടെയും നടത്താം എന്ന് നിർവചിച്ചിരിക്കുന്നു. 133 എ (1) വകുപ്പ് പ്രകാരം സർവേ, ഉദ്യോഗസ്ഥന് നിയുക്തമായ പ്രദേശത്തിന്റെ പരിധിക്കുള്ളിൽ മാത്രമേ നടത്താൻ കഴിയൂ.
കൂടാതെ, പ്രവൃത്തി ദിവസങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ മാത്രമേ സർവേകൾ നടത്താൻ കഴിയൂ, അതേസമയം സൂര്യോദയത്തിന് ശേഷം ഏത് ദിവസവും ഒരു സെർച്ച് നടത്താനും നടപടിക്രമങ്ങൾ പൂർത്തിയാകുന്നവരെ അത് തുടരുകയും ചെയ്യാം.
അവസാനമായി, ഒരു സർവേയുടെ വ്യാപ്തി പുസ്തകങ്ങളുടെ പരിശോധനയിലും പണം മറ്റു വസ്തുക്കൾ എന്നിവയുടെ പരിശോധിക്കുന്നതിലേക്ക് പരിമിതപ്പെടുത്തിയിരിക്കുമ്പോൾ, സെർച്ചിൽ പോലീസിന്റെ സഹായത്തോടെ വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ ചുരുളഴിയാൻ മുഴുവൻ സ്ഥലവും പരിശോധിക്കാൻ കഴിയും.