scorecardresearch

യുഎഇയിലെ ഐപിഎല്‍; ബിസിസിഐ ലാഭിക്കുന്നത് 3000 കോടി രൂപ

ഐപിഎല്ലില്‍ നിന്നുള്ള വരുമാനമാണ് ബിസിസിഐ അടിസ്ഥാന സൗകര്യങ്ങളുടേയും ആഭ്യന്തര ക്രിക്കറ്റിന്റേയും വളര്‍ച്ചയ്ക്കായി ചെലവഴിക്കുന്നത്‌

ipl 2020, ഐപിഎല്‍ 2020, ipl 2020 uae, bcci seeks permission for ipl in uae, ഐപിഎല്‍ 2020 യുഎഇ, indian premier league coronavirus, യുഎഇയില്‍ ഐപിഎല്‍ നടത്തുന്നതിന് ബിസിസിഐ അനുവാദം തേടി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊറോണ വൈറസ്, ipl teams, ഐപിഎല്‍ ടീം, ipl news, ഐപിഎല്‍ വാര്‍ത്തകള്‍,ipl latest news, sports news, indian express sports news, indian express explained, indian express explained sports

ഐസിസി ടി20 ലോകകപ്പ് നീട്ടിവച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) നടത്താന്‍ അവസരം ഒരുങ്ങി. അനുമതികള്‍ക്ക് വിധേയമായി ഐപിഎല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) നടക്കും. ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി യുഎഇയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. വേദികളില്‍ കുറച്ച് കാണികളെ അനുവദിക്കാനുള്ള സാധ്യതയുമുണ്ട്.

എന്നാണ് ഐപിഎല്‍ നടക്കുന്നത്?

ഐപിഎല്‍ യുഎഇയില്‍ നടത്തുന്നതിനുള്ള അനുവാദം ബിസിസിഐ ഇന്ത്യാ ഗവണ്‍മെന്റിനോട് ചോദിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബോര്‍ഡ് ടൂര്‍ണമെന്റിന്റെ തിയതി പ്രഖ്യാപിക്കും. ടൂര്‍ണമെന്റിലെ മത്സര ക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ഉടന്‍ നടക്കും. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഈ യോഗത്തില്‍ തീരുമാനമാകും.

Read Also: ധോണിയുടെ തിരിച്ചുവരവില്‍ പ്രായമൊരു ഘടകം, പരാജയപ്പെട്ടാല്‍ വാതില്‍ അടയും: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഡീന്‍ ജോണ്‍സ്‌

ടി20 ലോകകപ്പ് മാറ്റിവച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ പകുതി മുതല്‍ നവംബര്‍ തുടക്കം വരെയുള്ള കാലയളവാണ് ഐപിഎല്‍ നടത്താന്‍ ബിസിസിഐയ്ക്ക് ലഭിച്ചത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8 വരെ ഐപിഎല്‍ നടക്കുമെന്ന് ബോര്‍ഡ് ടീമുകളോട് അനൗദ്യോഗികമായി അറിയിച്ചുവെന്ന് ഒരു ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ആകുമോ നടക്കുന്നത്?

സ്‌റ്റേഡിയങ്ങളില്‍ കുറച്ച് ജനക്കൂട്ടത്തെ അനുവദിക്കുന്നതിനെ കുറിച്ച് പ്രാദേശിക ഭരണകൂടം ചിന്തിക്കുന്നുവെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അംഗ സംഖ്യയുടെ 50 ശതമാനം വരെ അനുവദിക്കാനാണ് ആലോചിക്കുന്നത്.

ഐപിഎല്‍ ആരംഭിക്കുമ്പോഴേക്കും യുഎഇയില്‍ സാഹചര്യം മെച്ചപ്പെടുമെന്നാണ് ബിസിസിഐ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം യുഎഇില്‍ 58,562 പേര്‍ക്ക് കോവിഡ്-19 ബാധിച്ചു. 343 പേര്‍ മരിക്കുകയും ചെയ്തു. എമിറേറ്റ്‌സില്‍ രോഗം ഭേദമായവരുടെ എണ്ണം വളരെ കൂടുതലാണ്. 51,628 പേര്‍ക്ക് രോഗം ഭേദമായി. സെപ്തംബറോടെ ദുബായില്‍ പ്രാദേശിക കായിക മത്സരങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഐപിഎല്ലിന് മുമ്പ് ദുബായ് യൂറോപ്യന്‍ ടൂര്‍ ഗോള്‍ഫ് ഫൈനലിന് വേദിയാകുന്നുമുണ്ട്. അതിനാല്‍, ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ കാണികളെ അനുവദിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

Read Also: ‘രണ്ട് പിഴവുകളല്ല, ഏഴ് പിഴവുകൾ’: സിഡ്നി ടെസ്റ്റിലെ ബക്ക്നറുടെ അമ്പയറിങ്ങിനെ വിമർശിച്ച് പത്താൻ

ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ വേദികളാണ് ടൂര്‍ണമെന്റിനായി പരിഗണിക്കുന്നത്. ഈ സ്്‌റ്റേഡിയങ്ങളില്‍ പരിശോധന ആരംഭിച്ചുവെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അറിയിച്ചു. 20-30 ശതമാനം കാണികളെ അനുവദിച്ചാല്‍ തന്നെ എല്ലാ വേദികളിലും സാനിറ്റൈസേഷന്‍ ടണലുകളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിച്ചുള്ള അവശ്യ സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.

മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് യുഎഇയിലേക്ക് പറക്കാന്‍ സാധിക്കുമോ?

കോവിഡ്-19 പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ പോകാന്‍ സാധിക്കും. ഉദാഹരണമായി, മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നതെങ്കില്‍ യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറുകള്‍ക്കുള്ളിലോ അവിടെ എത്തിയശേഷമോ പിസിആര്‍ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മാത്രം 14 ദിവസത്തെ ക്വാറന്റൈനില്‍ അയക്കും. പക്ഷേ, വിദേശ ആരാധകരെ അനുവദിക്കുകയാണെങ്കില്‍ അവര്‍ ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കണമെന്ന് ഒരു ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മധ്യേഷ്യയില്‍ യുഎഇയില്‍ മാത്രമാണ് അന്താരാഷ്ട്ര വിമാനങ്ങള്‍ പതിവായി പറക്കുന്നത്.

അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തിയാല്‍ ഫ്രാഞ്ചൈസികള്‍ക്ക് നഷ്ടമുണ്ടാകുമോ?

ടിക്കറ്റ് വരുമാനത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടാകും. ഓരോ ടീമുകള്‍ക്കും അത് വ്യത്യസ്തമാണ്. ഉദാഹരണമായി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഹോം മത്സരങ്ങളില്‍ കൂടുതല്‍ വരുമാനം ലഭിക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ 67,000 കാണികളെയാണ് പ്രവേശിപ്പിക്കാന്‍ കഴിയുക. ചെറിയ സ്റ്റേഡിയങ്ങളുള്ള ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം കുറയും. സാധാരണ എട്ടു ടീമുകള്‍ക്കുമായി ഗേറ്റ് വഴിയുള്ള വരുമാനം 250 കോടി രൂപയാണ് ലഭിക്കുന്നത്. അടച്ചിട്ട മൈതാനങ്ങളില്‍ മത്സരം നടത്തിയാല്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും 15 മുതല്‍ 20 കോടി രൂപ വരെ നഷ്ടമുണ്ടാകും.

ഐപിഎല്ലിനുവേണ്ടി ഫ്രാഞ്ചൈസികള്‍ തയ്യാറെടുപ്പ് തുടങ്ങിയോ?

ആരംഭിച്ചു കഴിഞ്ഞു. യുഎഇയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിന് അന്വേഷണം തുടങ്ങിയെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) അധികൃതര്‍ പറഞ്ഞു. സ്‌പോണ്‍സര്‍മാരുമായുള്ള ചര്‍ച്ചകള്‍ പല ഫ്രാഞ്ചൈസികളും ആരംഭിച്ചു കഴിഞ്ഞു.

ടൂര്‍ണമെന്റിന് മുമ്പ് എല്ലാ ടീമുകള്‍ക്കും ഒരു ക്യാമ്പുണ്ടാകും. പക്ഷേ, എന്ന് ക്യാമ്പ് നടത്തുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. തങ്ങളുടെ വിദേശ കളിക്കാര്‍ക്കുള്ള വിസ ഇതുവരെ വിദേശ കാര്യ മന്ത്രാലയം അനുവദിച്ചിട്ടില്ലെന്ന് ഒരു ഫ്രാഞ്ചൈസി അധികൃതര്‍ പറഞ്ഞു.

ഈ മാസം അവസാനത്തോടെയോ ഓഗസ്റ്റ് തുടക്കത്തിലോ ഇന്ത്യാക്കാരായ കളിക്കാരെ ദുബായിലേക്ക് അയക്കാനാണ് സിഎസ്‌കെ പദ്ധതിയിടുന്നത്. ഡല്‍ഹി ക്യാപിറ്റലിനും ദുബായിലാണ് ക്യാമ്പ്.

ചില ഫ്രാഞ്ചൈസികള്‍ ഇന്ത്യന്‍ കളിക്കാര്‍ക്കുവേണ്ടി ഗ്രാമങ്ങളില്‍ ക്യാമ്പ് നടത്താന്‍ പദ്ധതി ഇടുന്നു. വിദേശ കളിക്കാര്‍ നേരിട്ട് ദുബായിലെത്തും. എന്നാല്‍ എന്ന് അവര്‍ എത്തിച്ചേരുമെന്നതും ഇപ്പോള്‍ വ്യക്തമല്ല.

ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

ഫ്രാഞ്ചൈസികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം നഷ്ടമാകുമോ?

ടിവി, ഡിജിറ്റല്‍ സ്ട്രീമിങ് വഴിയാണ് ആധുനിക കാല കായിക ഇനങ്ങളുടെ വാണിജ്യ വിജയം വരുന്നത്. അതിനാല്‍, ബിസിസിഐയുടേയും മത്സരം സംപ്രേക്ഷണം ചെയ്യുന്ന ചാനലിന്റേയും കണ്ണില്‍ ഒഴിഞ്ഞ സ്‌റ്റേഡിയം ഒരു പ്രശ്‌നമല്ല. അത് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും ബാധകമാണ്.

ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ മധ്യത്തിലായതിനാല്‍ എല്ലാവിധ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനവും 10 മുതല്‍ 15 ശതമാനം വരെ ഇടിയുമെന്ന് ഒരു ഫ്രാഞ്ചൈസി ഉടമ പറയുന്നു. എല്ലാ ഫ്രാഞ്ചൈസികള്‍ക്കുമായി 450 മുതല്‍ 500 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് അനുമാനം.

അപ്പോള്‍ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ലാഭകരം ആകില്ലേ?

അവരുടെ വരുമാനത്തെ ബാധിക്കും. പക്ഷേ, ഇന്നത്തെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഐപിഎല്‍ സീസണ്‍ പുനരാരംഭിക്കുന്നത്. വിദേശത്ത് ടൂര്‍ണമെന്റ് നടത്തുന്നതിനാല്‍ ചെലവുകള്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിക്കും.

ടീമുകളുടെ ബയോ സെക്യൂരിറ്റി ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ബിസിസിഐ ഏറ്റെടുക്കുമോ അതോ ടീമുകള്‍ തന്നെ വഹിക്കേണ്ടി വരുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. സ്‌പോണ്‍സര്‍ഷിപ്പ്, ഗേറ്റ് വരുമാന നഷ്ടങ്ങള്‍ ബിസിസിഐ നികത്തുമോയെന്നും ഉറപ്പായിട്ടില്ല.

Read Also: അവരെ ആദരിക്കണം; രാജ്യത്തിന് വേണ്ടി ദീർഘകാലം കളിച്ച താരങ്ങളോട് ബഹുമാനം വേണമെന്ന് യുവരാജ്

ഐപിഎല്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വരുമാനവുമില്ല, ഒരു ഫ്രാഞ്ചൈസി ഉദ്യോഗസ്ഥന്‍ പറയുന്നു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ 250 കോടി രൂപ വീതം ഓരോ ഫ്രാഞ്ചൈസികള്‍ക്കും നഷ്ടമാകും.

ബിസിസിഐയ്ക്ക് ഐപിഎല്‍ എത്രമാത്രം പ്രധാനമാണ്?

ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐയ്ക്ക് 2,000 കോടി രൂപയിലധികം വരുമാന നഷ്ടമുണ്ടാക്കും. മത്സരം സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ 3,270 കോടി രൂപ പ്രതിവര്‍ഷം ബിസിസിഐയ്ക്ക് നല്‍കുന്നുണ്ട്. ആ തുക 50 50 നിരക്കില്‍ ഫ്രാഞ്ചൈസികളുമായി പങ്കുവയ്ക്കും. അതിനാല്‍, ബിസിസിഐയ്ക്ക് സംപ്രേക്ഷണത്തില്‍ നിന്നും ലഭിക്കേണ്ട 1,500 കോടി രൂപ നഷ്ടമാകും.

ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ 439 കോടി രൂപ ഓരോ വര്‍ഷവും ബിസിസിഐയ്ക്ക് നല്‍കുന്നുണ്ട്. ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളിയായ ഡ്രീം11 161 കോടി രൂപയും നല്‍കുന്നുണ്ട്. അതും ബോര്‍ഡിന് ലഭിക്കില്ല.

ഈ വരുമാന വഴികളെല്ലാം കണക്കിലെടുത്താല്‍ ഐപിഎല്‍ നടന്നില്ലെങ്കില്‍ ബിസിസിഐയ്ക്ക് ഉണ്ടാകുന്ന നഷ്ടം 3,000 കോടി രൂപയുടേതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനം ബിസിസിഐ അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 26 ശതമാനം കളിക്കാര്‍ക്കും ലഭിക്കുന്നു. അതിനാല്‍, ഐപിഎല്ലില്‍ നിന്നുള്ള വരുമാനമാണ് ബോര്‍ഡിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ആഭ്യന്തര ക്രിക്കറ്റിനെ വളര്‍ത്താനും ഉപയോഗിക്കാന്‍ ലഭിക്കുന്നത്.

Read in English: Explained: How UAE will save BCCI millions of dollars

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How uae will save bcci millions of dollars

Best of Express